സ്വന്തം മകനെയോ മകളെയോ ചൂണ്ടിക്കാട്ടി, എന്റെ കുട്ടിയെക്കൊണ്ട് ഞങ്ങള്‍ ഒരു പണിയും എടുപ്പിക്കാറില്ല എന്നുള്ള, ചില മാതാപിതാക്കളുടെ അഭിമാനത്തോടെയുള്ള പ്രസ്താവന പലയിടത്തുനിന്നായി കേട്ടിട്ടില്ലേ… മക്കള്‍ മാതാപിതാക്കളെ വീട്ടുജോലികളില്‍ സഹായിക്കുന്നതും സ്വയം ചെയ്യുന്നതും അവരുടെ മാനസിക-ശാരീരിക ആരോഗ്യത്തിന് ഗുണകരമാവുകയാണ് ചെയ്യുക.
ഗുണങ്ങള്‍
. വീട്ടുജോലികള്‍ കുട്ടികളും മാതാപിതാക്കളും മറ്റു സഹോദരങ്ങളും തമ്മിലുള്ള ബന്ധത്തെ സുദൃഢമാക്കുന്നു.
. അധ്വാനിച്ചു ഭക്ഷണം കഴിക്കുക എന്ന ബോധ്യം കുട്ടികളില്‍ കുരുന്നിലേ ജനിപ്പിക്കുന്നു.
. കുട്ടികള്‍ അകപ്പെടാന്‍ സാധ്യതയുള്ള അനാവശ്യമായ അടിമത്തങ്ങളില്‍ നിന്നും ദുശ്ശീലങ്ങളില്‍നിന്നും സ്വയം രക്ഷ നേടുന്നു
. അതിജീവനത്തിന്റെ പാഠങ്ങള്‍ കുട്ടികള്‍ പഠിക്കുന്നു
. പക്വതയോടെ കാര്യങ്ങള്‍ ചെയ്യാന്‍ കുട്ടികള്‍ പ്രാപ്തരാകുന്നു
. അവരുടെ ശാരീരിക മാനസികാരോഗ്യം പരിരക്ഷിക്കപ്പെടുന്നു
. ശ്രദ്ധ, നിരീക്ഷണ പാടവം, ക്ഷമ, പഠനക്ഷമത, ഓര്‍മശക്തി, സല്‍സ്വഭാവം എന്നിവ പരിപോഷിപ്പിക്കപ്പെടുന്നു
. അച്ചടക്കം, നേതൃപാടവം, സമയബോധം, ഒരുമ, ലക്ഷ്യബോധം തുടങ്ങിയ മൂല്യങ്ങള്‍ ഉണര്‍ത്തുന്നു
എന്തുകൊണ്ട് മാറിനില്ക്കുന്നു
. മാതാപിതാക്കള്‍ അനുവദിക്കാതിരിക്കുക
. വീട്ടുജോലിക്കാരെ പൂര്‍ണമായും ജോലികള്‍ ഏല്പിക്കുന്നതിനാല് അഭിമാനക്കുറവുള്ള ഒന്നാണ് വീട്ടുജോലി എന്ന ധാരണ
. പഠനത്തിനു നല്കുന്ന അമിത പ്രാധാന്യം
. മൊബൈല്‍ ഫോണ്‍ അഡിക്ഷന്
. മുതിര്‍ന്നവരുടെ അമിതമായ ശകാരം
. മാനസിക പ്രശ്നങ്ങള്‍
. കുടുംബാംഗങ്ങള്‍ക്കിടയിലെ വെറുപ്പ്, പക
. കുട്ടികളുടെ എല്ലാക്കാര്യങ്ങളും മാതാപിതാക്കള്‍ ഏറ്റെടുത്തു ചെയ്യുന്ന സ്ഥിതിവിശേഷം
. ശാരീരികാരോഗ്യക്കുറവ്
. വല്ലപ്പോഴും ഹോസ്റ്റലില്‍ നിന്നു വീട്ടില്‍ വരുന്ന കുട്ടി ഒന്നും ചെയ്യേണ്ട എന്ന സമീപനം
എങ്ങനെ പരിശീലിപ്പിക്കാം
സാമ്പത്തികസ്ഥിതി ഒരു മാനദണ്ഡമാക്കാതെ മാതാപിതാക്കള്‍ കുട്ടികളും വീട്ടുജോലികള്‍ ചെയ്യുന്ന ഒരു സംസ്കാരം വളര്‍ത്തിയെടുക്കണം. വീട്ടില്‍ ജോലിക്കാര്‍ ഉണ്ടെങ്കിലും കുടുംബാംഗങ്ങള്‍ക്കുള്ള ജോലികള്‍ അവര്‍ തന്നെ ചെയ്യണം. കുട്ടികള്‍ക്ക് അവരുടെ പഠനസമയം കഴിഞ്ഞ് ഇത്തരം ജോലികള്‍ വീതിച്ചു നല്‍കുക.
ഇത്തരത്തില്‍ കുട്ടികള്‍ കാര്യങ്ങള്‍ നിര്‍വഹിക്കപ്പെടുമ്പോള്‍ പ്രോത്സാഹന നടപടികള്‍ മുതിര്‍ന്നവര്‍ സ്വീകരിക്കുകയുമാകാം.
. നല്ല വാക്കുകള്‍ പറയുക
. അഭിനന്ദിക്കുക
. കുട്ടികള്‍ക്ക് ആകര്‍ഷകമായ പ്രതിഫലമോ പാരിതോഷികങ്ങളോ നല്‍കുക
. ഏല്പിച്ച വീട്ടുജോലികള്‍ ചെയ്യാതിരുന്നാല്‍ അവര്‍ക്കിഷ്ടമുള്ള ചില കാര്യങ്ങള്‍ നിഷേധിക്കുക
. വീട്ടുജോലികള്‍ ചെയ്യുന്നതിന്റെ ഗുണങ്ങള്‍ ചര്‍ച്ച ചെയ്യുക
. വീട്ടുജോലികള്‍ ചെയ്യുന്നത് വീട്ടില്‍ താമസിക്കുന്ന ഏവരുടെയും കടമയാണ് എന്ന ബോധ്യം വളര്‍ത്തുക
ഈയാരു സമീപനത്തിലൂടെ വീട്ടുജോലികള്‍ ചെയ്യാനുള്ള കുട്ടികളുടെ ബോധമില്ലായ്മ, മിഥ്യാബോധം, എതിര്‍പ്പ്, അവജ്ഞ എന്നീ പ്രശ്നങ്ങള്‍ പരിഹരിക്കാം. സഹവര്‍ത്തിത്വത്തോടെ ഒരുമിച്ചു പ്രവര്‍ത്തിക്കാനും കടമകള്‍ പരസ്പരം സഹകരിച്ചു നിറവേറ്റാനും കുട്ടികളെ കൂടി പ്രാപ്തരാക്കണം. മൂന്നു വയസ്സു മുതല്‍ തന്നെ കുട്ടിയെ ഘട്ടം ഘട്ടമായി ഇതു പരിശീലിപ്പിക്കാം.