LoginRegister

ഞാന്‍ വീട്ടിലെ വേലക്കാരിയാണോ?

മന്‍സൂര്‍ ഒതായി

Feed Back


അശ്വതി രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്. പഠനത്തില്‍ മാത്രമല്ല, കലാമത്സരങ്ങളിലും ശാസ്ത്രമേളയിലുമെല്ലാം കഴിവു തെളിയിച്ച, സ്‌കൂളിലെ സ്റ്റാറാണവള്‍. അധ്യാപകര്‍ക്കും കൂട്ടുകാര്‍ക്കുമെല്ലാം പ്രിയങ്കരി. പ്ലസ്ടു നല്ല മാര്‍ക്കോടെ പാസായപ്പോള്‍ വീടിനടുത്തുള്ള ഏതെങ്കിലും നല്ല കോളജില്‍ മകളെ ചേര്‍ക്കണമെന്നായിരുന്നു മാതാപിതാക്കളുടെ മോഹം. എന്നാല്‍ കൂട്ടുകാരോടൊപ്പം കേന്ദ്ര സര്‍വകലാശാലയില്‍ പഠിക്കാനായി അവള്‍ക്കു ഡല്‍ഹിയില്‍ പോവണമെന്നായി. സര്‍ക്കാര്‍ ജീവനക്കാരായ മാതാപിതാക്കള്‍ മകളുടെ ആഗ്രഹത്തിന് എതിരു നിന്നതുമില്ല. ഒന്നാം വര്‍ഷത്തെ പഠനം ഓണ്‍ലൈന്‍-ഓഫ്‌ലൈനായി നല്ല രീതിയില്‍ പൂര്‍ത്തീകരിച്ചു. രണ്ടാം സെമസ്റ്റര്‍ ഹോസ്റ്റലില്‍ താമസിച്ചാണ് പഠിച്ചത്. പരീക്ഷ കഴിഞ്ഞ് അവധിക്കാലത്ത് വീട്ടില്‍ എത്തിയപ്പോഴാണ് അവളും അമ്മയുമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായത്.
മകള്‍ക്ക് ധാരാളം പഠിക്കാനുള്ളതുകൊണ്ട് അമ്മ വീട്ടുജോലികള്‍ ചെയ്യാനൊന്നും മകളെ വിളിക്കാറില്ല. പത്താം ക്ലാസിലും പ്ലസ്ടുവിനുമൊക്കെ പഠിക്കുമ്പോള്‍ ട്യൂഷനും കൂടിയുള്ളതിനാല്‍ അവളുടെ കാര്യങ്ങളെല്ലാം അമ്മയാണ് നോക്കിയിരുന്നത്. പഠനം, വായന എന്നു പറഞ്ഞ് ഇപ്പോള്‍ ഒരു ജോലിയും ചെയ്യാത്ത അവസ്ഥയാണ്. രാത്രി ധാരാളം സമയം മൊബൈല്‍ ഫോണില്‍ ചെലവഴിക്കും. വൈകി ഉറങ്ങുന്നതിനാല്‍ രാവിലെ ഒമ്പതു മണിയെങ്കിലുമാവാതെ എഴുന്നേല്‍ക്കില്ല. കഴിഞ്ഞ ദിവസം വീട് വൃത്തിയാക്കാന്‍ അമ്മ ആവശ്യപ്പെട്ടപ്പോഴുള്ള അവളുടെ പ്രതികരണം അമ്മയെ വളരെ വേദനിപ്പിച്ചു. വീട് വൃത്തിയാക്കാന്‍ ആദ്യം ആവശ്യപ്പെട്ടപ്പോള്‍ കേള്‍ക്കാത്ത ഭാവം നടിച്ചു. വീണ്ടും നിര്‍ബന്ധിച്ചപ്പോള്‍ ദേഷ്യത്തോടെ അവള്‍ അമ്മയോട് ചോദിച്ചു: ”ഞാനെന്താ, ഈ വീട്ടിലെ സെര്‍വെന്റാണോ?” അശ്വതിയുടെ ഈ പ്രതികരണം അമ്മയെ ചൊടിപ്പിക്കുകയും അതിന്റെ പേരില്‍ വഴക്കുണ്ടാവുകയും ചെയ്തു. ഭക്ഷണം കഴിക്കാതിരുന്നും മൗനം പാലിച്ചും അശ്വതിയും പ്രതിഷേധിച്ചു. വീട്ടിലെ സമാധാനാന്തരീക്ഷം നഷ്ടമായപ്പോഴാണ് കൗണ്‍സലിങിനെത്തിയത്.
ന്യൂജന്‍ കുട്ടികളെക്കുറിച്ച് പറയുന്നത്, അവര്‍ വളരെ ‘ഫോക്കസ്ഡാ’ണെന്നാണ്. അതായത് അവരുടെ ലക്ഷ്യങ്ങളിലും ആവശ്യങ്ങളിലും വളരെയേറെ ശ്രദ്ധ കേന്ദ്രീകരിക്കുന്നവര്‍. അതേസമയം സാമൂഹികവും കുടുംബപരവുമായ കാര്യത്തില്‍ താല്‍പര്യം കാണിക്കാത്തവരും. കോവിഡ് കാലം വന്നപ്പോള്‍ ആളുകള്‍ക്ക് പൊതുവേ അലസതയും നിസ്സംഗതയും വര്‍ധിച്ചിട്ടുണ്ട്. ഇത് കുട്ടികളില്‍ വളരെ കൂടുതലാണ്. കോവിഡ് കാലത്ത് സാമൂഹികമായ ഇടപെടലുകള്‍ കുറഞ്ഞുപോയതിനാല്‍ കുട്ടികള്‍ക്ക് കിട്ടേണ്ട സാമൂഹികമായ ഗുണങ്ങള്‍ നഷ്ടമായിട്ടുണ്ട്. അതിനാല്‍ ഒറ്റയ്ക്കിരിക്കാനും സ്വന്തമായ ലോകങ്ങളില്‍ മുഴുകാനും ഇന്നു കൂടുതല്‍ കുട്ടികളും ഇഷ്ടപ്പെടുന്നു. മൊബൈല്‍ ഫോണിലെ ത്രസിപ്പിക്കുന്ന വീഡിയോകളും ഗെയിമുകളും കണ്ടിരുന്ന് പല കുട്ടികള്‍ക്കും സാധാരണ ജീവിതം നഷ്ടമായിട്ടുണ്ട്. പുതുതലമുറയ്ക്ക് സാമൂഹികമായ പിന്‍വലിയല്‍ വളരെ കൂടുതലാണ്.
പാരന്റിങില്‍ സംഭവിക്കുന്ന പിഴവാണ് മറ്റൊരു കാര്യം. മക്കളെ ഒട്ടും പ്രയാസം അറിയിക്കാതെ അവര്‍ ചോദിക്കുന്നതെല്ലാം വാരിക്കോരി കൊടുക്കുന്നു ചിലര്‍. നമ്മളോ കഷ്ടപ്പെട്ടു, ഇനി നമ്മളുടെ കുട്ടികളും കഷ്ടപ്പെടരുത് എന്ന തെറ്റായ ധാരണയാണ് പല മാതാപിതാക്കളെയും ഇങ്ങനെ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. മക്കളുടെ ഇഷ്ടവും സ്‌നേഹവും കിട്ടാനായി അവര്‍ പറയുന്നതെല്ലാം വാങ്ങിക്കൊടുക്കുകയും, അവരുടെ ഏത് വാശിയും അംഗീകരിക്കുകയും ചെയ്യുന്ന ദുര്‍ബല രക്ഷാകര്‍തൃത്വം വളരെ അപകടകരമാണ്. കുട്ടികള്‍ക്ക് അമിത സ്‌നേഹവും അമിത സംരക്ഷണവും നല്‍കി അവരെ ഒന്നിനും കൊള്ളാത്തവരാക്കി മാറ്റാനേ ഈ ശൈലി ഉപകരിക്കൂ. ജീവിതത്തില്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനും ആത്മവിശ്വാസത്തോടെ പ്രശ്‌നങ്ങളെ നേരിടാനും ഇത്തരക്കാര്‍ക്ക് സാധിക്കില്ല. സ്വാര്‍ഥരും ക്ഷമയില്ലാത്തവരും അത്യാഗ്രഹികളുമായി മാറും ഈ രീതിയില്‍ വളര്‍ത്തപ്പെടുന്ന കുട്ടികള്‍.

ഉത്തരവാദിത്തം ഏറ്റെടുക്കലും സ്വന്തത്തിനും മറ്റുള്ളവര്‍ക്കും വേണ്ടി അധ്വാനിക്കുന്നതും അഭിമാനകരമായ സംഗതിയാണെന്ന് കുട്ടികള്‍ മനസ്സിലാക്കണം. പഠനത്തോടൊപ്പം തന്നെ വീട്ടിലെ ചെറിയ ചെറിയ ജോലികള്‍ക്ക് അവരെ പ്രാപ്തരാക്കണം. ജോലി ചെയ്യുമ്പോള്‍ കിട്ടുന്ന മാനസികമായ ആനന്ദം അനുഭവിക്കാന്‍ അവര്‍ക്ക് അവസരം നല്‍കണം. വ്യക്തിശുചിത്വം പാലിക്കുക, സ്വന്തം മുറിയും പഠനമേശയും വൃത്തിയാക്കുക, തുണികള്‍ മടക്കിവെക്കുക, ഫര്‍ണിച്ചറുകള്‍ വൃത്തിയായും ഭംഗിയായും ഒരുക്കുക തുടങ്ങിയവയെല്ലാം ചെയ്യട്ടെ. വസ്ത്രം അലക്കാനും പാചകം ചെയ്യാനും പരിസരം വൃത്തിയാക്കാനും അടുക്കളത്തോട്ടം നിര്‍മിക്കാനുമെല്ലാം ആവശ്യമായ പരിശീലനം നല്‍കണം.
രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടത്
. കുട്ടികള്‍ ചെയ്യുന്ന ജോലികളില്‍ അപാകതയുണ്ടാവാമെങ്കിലും അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
. ജോലിയുടെ പൂര്‍ണതയിലല്ല കാര്യം, സന്നദ്ധതയിലാണ്. അതിനെ പ്രാധാന്യപൂര്‍വം പരിഗണിക്കുക.
. കഴിവുകളും താല്‍പര്യങ്ങളും പ്രോത്സാഹിപ്പിക്കുക. വിമര്‍ശനവും കുറ്റപ്പെടുത്തലും ഒഴിവാക്കാന്‍ ശ്രമിക്കുക.
. പണത്തിന്റെ പ്രാധാന്യവും മൂല്യവും പഠിപ്പിക്കുക. പണം ദുര്‍വ്യയം ചെയ്യുന്നത് നിരുത്സാഹപ്പെടുത്തുക.
മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കുന്നതില്‍ മുമ്പത്തേക്കാള്‍ ഏറെ താല്‍പര്യം കാണിക്കുന്നവരാണ് ഇന്നത്തെ രക്ഷിതാക്കള്‍. എന്നാല്‍ ഉന്നത കലാലയങ്ങളില്‍ നിന്ന് പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികളില്‍ വിദ്യാഭ്യാസത്തിന്റെ മൂല്യം നഷ്ടപ്പെടുന്ന ദുരവസ്ഥയാണ് കാണുന്നത്. സ്‌നേഹം, കരുണ, വാത്സല്യം, സഹാനുഭൂതി, സഹകരണ മനോഭാവം, കര്‍ത്തവ്യബോധം, പ്രതിപക്ഷ ബഹുമാനം തുടങ്ങിയ ഗുണങ്ങള്‍ വളരാനും പരിപോഷിപ്പിക്കാനുമല്ലേ വിദ്യാഭ്യാസം ഉപകരിക്കേണ്ടത്. മാതാപിതാക്കളും കുടുംബങ്ങളും സമൂഹവും നാടും ഒന്നും തന്നെ ആവശ്യമില്ലാത്ത കുറേ ബുദ്ധിരാക്ഷസന്മാരുണ്ടായിട്ട് എന്ത് പ്രയോജനം!
ജീവിതത്തിലെ അന്ധകാരങ്ങളെ, നെഗറ്റീവ് ചിന്തകളെ തടയിടാനുള്ള ആയുധമായാണ് എല്ലാ മതസംഹിതകളും അറിവിനെ അവതരിപ്പിക്കുന്നത്. ജ്ഞാനമുള്ളവന്റെ ജീവിതത്തിലും പെരുമാറ്റത്തിലും അതിന്റെ പ്രതിഫലനമുണ്ടാവണം. അറിവുള്ളവനും ഇല്ലാത്തവനും ഒരുപോലെയല്ല പെരുമാറുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടത്. വിവേകപൂര്‍വം പ്രവര്‍ത്തിക്കുന്നവരാണ് യഥാര്‍ഥ ബുദ്ധിമാന്മാര്‍. അറിവിന്റെ അടയാളം സ്വഭാവത്തിലും കര്‍മത്തിലും ഉണ്ടാവേണ്ടതിനെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ സൂചന നല്‍കുന്നു: ”പറയുക: അറിവുള്ളവരും അറിവില്ലാത്തവരും സമമാകുമോ? ബുദ്ധിമാന്മാര്‍ മാത്രമേ ആലോചിച്ച് മനസ്സിലാക്കുകയുള്ളൂ” (ഖുര്‍ആന്‍ 39:9). .

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top