ബഡായി
സസ്യശ്യാമള കോമളം എന്നാണ് കേരളീയ പ്രകൃതിയെപ്പറ്റി നമ്മുടെ ബഡായി. എന്നിട്ടെന്ത്? ചരിത്രാതീത കാലം മുതല്‍ ഉണ്ണാനുള്ള അരി പുറത്തു നിന്നു വരണം. അരി മാത്രമല്ല പച്ചക്കറിയും മറ്റ് അനുബന്ധങ്ങളും ഉണ്ണാനുള്ള വാഴയില പോലും!
വിലാപം
44 നദികളുണ്ട് നമുക്ക് എന്നതാണ് മറ്റൊരു അഭിമാനം. എന്നാലോ? ഒരു വെയില്‍ തെളിഞ്ഞാല്‍ വരള്‍ച്ച എന്ന വിലാപം. ഒരു മഴ പെയ്താല്‍ പ്രളയം!
വൃത്തി
എപ്പോഴും കുളിച്ചു വൃത്തിയായി നടക്കുന്നവന്‍ എന്നതാണ് മലയാളിക്ക് അവനവനെപ്പറ്റിയുള്ള അഭിമാനം. വീട്ടിലാണെങ്കിലും ‘ഭയങ്കര’ വൃത്തി. കുളിക്കില്ല എന്നതാണ് അയല്‍നാട്ടുകാരെപ്പറ്റിയുള്ള പരാതി. ധാരാളം വെള്ളമുള്ളതുകൊണ്ടും പ്രത്യേകിച്ചു പണിയൊന്നുമെടുത്തു ശീലമില്ലാത്തതുകൊണ്ടും മലയാളി സദാ കുളിച്ചു സുന്ദരനായി നടക്കുന്നു. സ്വന്തം വീട്ടിലെ ചപ്പും ചവറും വാരി റോഡിലിടുന്നതില്‍ നമ്മുടെ ശുചിത്വബോധം അവസാനിക്കുന്നു.
ഐശ്വര്യം
വീടും പറമ്പും അടിച്ചുവാരി വൃത്തിയാക്കിയിട്ടിരുന്നാല്‍ ‘നല്ല ഐശ്വര്യമുണ്ടെ’ന്ന് നാം പറയും. ഐശ്വര്യം എന്നാല്‍ ഈശ്വരന്റെ ഭാവം. മാലിന്യമില്ലാത്തിടത്തേ അതുണ്ടാവൂ, മണ്ണിലായാലും മനസ്സിലായാലും.
മനോമാലിന്യം
അറവുമാലിന്യത്തേക്കാള്‍ ദുര്‍ഗന്ധമുള്ള മനസ്സിനകത്തെ മാലിന്യമാണ് നമ്മുടെ പ്രശ്‌നം. അഴിമതി, കൈക്കൂലി, വര്‍ഗീയത, അന്യമതദ്വേഷം, പരപുച്ഛം, ഇവയ്ക്കു പുറമേ അന്യന്റെ കാര്യത്തില്‍ ആവശ്യമില്ലാതെ കടന്നുകയറാനുള്ള ആസക്തി- ഇതൊക്കെയാണ് മലയാളിയുടെ വിശ്വവിഖ്യാതമായ തരക്കേടുകള്‍.
നമുക്ക് നാമേ… …
ആരെങ്കിലും വരും എന്ന പ്രതീക്ഷ കൊള്ളാം. പക്ഷേ, നമ്മുടെ രക്ഷയ്ക്കു നാമേയുള്ളൂ എന്ന വിവേകം നല്ലതാണ്. നമ്മുടെ റോഡുകളും നദികളും കടല്‍ത്തീരവും വൃത്തിയാക്കിയിട്ടാല്‍ മതി നാട് രക്ഷപ്പെടാന്‍.
തയ്യാറാക്കിയത്:
പ്രശോഭ് സാകല്യം