LoginRegister

സമീഹ അമീറ / ചിത്രീകരണം: റിഞ്ജു വെള്ളില

Feed Back


ഈ മുറ്റത്ത് ഇങ്ങനെ നിന്നിട്ട് വര്‍ഷങ്ങളേറെ കഴിഞ്ഞു. ഇന്നിവിടെ നില്‍ക്കുമ്പോള്‍, ഓര്‍മകളുടെ പല ഗന്ധങ്ങള്‍ തലച്ചോറിലേക്ക് ഇരച്ചുകയറുന്നുണ്ട്. അതിന്റെ വകഭേദങ്ങളില്‍ ഏറ്റവും പ്രിയമുള്ളത് മുപ്പതു ദിവസത്തെ വ്രതമെടുപ്പിനു ശേഷം വരുന്ന ചെറിയ പെരുന്നാള്‍ തന്നെയാണ്. പുത്തനുടുപ്പിന്റെ മങ്ങാത്ത പുതുമണമുണ്ട് ഇന്നുമതിന്.
ഫിത്വ്ര്‍ സകാത്തിനു വേണ്ടി സഞ്ചിയും പിടിച്ച് കൂട്ടംകൂട്ടമായി വരുന്ന ആളുകളെ പിരിക്കാന്‍ സകാത്തിന്റെ അളവിലധികം അരി എടുക്കേണ്ടിവരുമായിരുന്നു എന്റെ ഉമ്മക്ക്. പള്ളിയില്‍ നിന്നുയരുന്ന തക്ബീര്‍ ആലാപനത്തിന് ഇന്നത്തേക്കാളേറെ മാധുര്യം തോന്നിയിരുന്നു. കൈയില്‍ അണിഞ്ഞ മൈലാഞ്ചി, അമ്മിക്കല്ലിന്റെ പ്രഹരമേറ്റ തീരാപ്പക, ദിവസങ്ങളോളം കൈയില്‍ ചുവപ്പായിത്തന്നെ കിടന്നു.
മാസം കണ്ടതറിഞ്ഞാല്‍ ഉമ്മ അയല്‍പക്കത്തേക്ക് നീട്ടിവിളിക്കും:
”ശങ്കരാ ഇവിടെ വാ, മാസം കണ്ടൂത്രേ, എറച്ചിക്ക് പോണ്ടേ?”
കേട്ടയുടനെ ശങ്കരേട്ടന്‍ സൈക്കിളുമെടുത്തു വരും.
”എത്ര കിലോ വേണം?”
ആണ്‍മക്കളില്ലാത്ത എന്റെ ഉമ്മാക്ക് ശങ്കരേട്ടന്‍ പിറക്കാതെപോയ മകനാണ്. കൊണ്ടുവരുന്ന ഇറച്ചി ചെറുകഷണങ്ങളാക്കി മുറിക്കുന്നതിനിടക്ക് ‘ഇതു മുഴുവനും നെയ്യാണ്’ എന്ന് പരിഭവം പറയുന്നുണ്ടാവും.
പെരുന്നാളിന്റെ പുലര്‍വെട്ടത്തിന് ഇന്നത്തേക്കാളേറെ തെളിച്ചമുണ്ടായിരുന്നു.
നെയ്‌ച്ചോറും ഇറച്ചിയും വെച്ചതിനുശേഷം, കുളിയും കഴിഞ്ഞ് അയല്‍പക്കത്തേക്ക് ഒരു വിളിയുണ്ട് ഉമ്മാക്ക്.
”സാരതേ… കല്യാണ്യേ… എല്ലാരോടും വരാന്‍ പറ യ്യ്…”
അത് കേട്ടാലുള്ള ആരവം കാതിലിപ്പോഴും മുഴങ്ങുന്നുണ്ട്.
ആരുടെയൊക്കെയോ പറമ്പില്‍ നിന്ന് കിട്ടുന്ന കപ്പയും വാഴക്കയും പുഴമീനും കൊയ്ത്തിന് കൂലിയായി കിട്ടുന്ന നെല്ലു കുത്തിവെച്ച കഞ്ഞിയും കൊണ്ടാണ് അവര്‍ വിശപ്പടക്കിയിരുന്നത്.

”ചെറീമ്മേ… ഇവിടെ പഴങ്കഞ്ഞിണ്ടോ” എന്ന ചോദ്യം ഇപ്പോഴും പ്രതിധ്വനിക്കുന്നുണ്ടിവിടം. ഉണക്കമീന്‍ ചുട്ടതും പറങ്കിമുളകും കടിച്ചു പഴങ്കഞ്ഞി കുടിക്കുന്നത് കാണുമ്പോള്‍ അതിനു വല്ലാത്ത രുചിയുണ്ടെന്ന് തോന്നും. അതിന് വയറ്റിലെരിവിന്റെ നോവാണ് രുചിയെന്ന് കണ്ടുനില്‍ക്കുന്ന ഏതൊരു ജീവിക്കും അറിയാമായിരുന്നു…
അവര്‍ക്കു കഞ്ഞിക്കുകൂടി അധികം അരി ഇടുമായിരുന്ന ഉമ്മ ഞങ്ങള്‍ക്ക് ചോറു തന്ന് അവരോടൊപ്പം കഞ്ഞി കുടിക്കുന്നത് പലപ്പോഴും ഞാന്‍ കണ്ടിട്ടുണ്ട്. ”നിങ്ങളെന്തിനാ കഞ്ഞി കുടിക്ക്ണുമ്മാ” എന്ന ചോദ്യത്തിന്, ”അയലോക്കക്കാര് പട്ടിണി കിടക്കുമ്പോള്‍ വയറു നിറച്ച് അന്നം കഴിക്കുന്നോന്‍ എന്നില്‍ പെട്ടവനല്ലെന്ന് നബി തങ്ങള്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഉമ്മാന്റെ ചങ്കീക്കൂടി ഈ ചോറ് എറങ്ങില്ല മക്കളേ…” എന്ന വിശാലമായ മറുപടി പറയും.
വിശപ്പിന്റെ രുചി നന്നായറിയുന്ന അവര്‍ക്കു മുന്നില്‍, നെയ്‌ച്ചോറും ഇറച്ചിയും നിരത്തും ഉമ്മ. ബഹളമയമാകുമായിരുന്നു അന്ന് വീട്. ഉമ്മയുടെ നിര്‍വൃതി മുഖം പറയും. അന്ന് അവര്‍ക്കും ഞങ്ങള്‍ക്കും ഒരുപോലെ പെരുന്നാളായിരുന്നു.
എന്തു വന്നാലും ‘ചെറീമേ…’ന്നു വിളിച്ച് സന്തോഷവും പരിഭവവും പങ്കുവെക്കുമ്പോള്‍ ഞങ്ങളുടെ മാത്രം ഉമ്മയല്ല, ഇതവരുടെ കൂടി ഉമ്മയാണെന്ന് ഞങ്ങളും തിരിച്ചറിഞ്ഞിരുന്നു.
”പടച്ചോനേ, ഇഞ്ഞത്തെ പെരുന്നാളിനും നല്ലോണം നെയ്‌ച്ചോറുണ്ടാക്കി തരാന്‍ ഞങ്ങടെ ചെറീമക്ക് കയ്യില്‍ കൊടുക്കണേ, എന്നും ഞങ്ങടെ കൂടെണ്ടാവണേ…”
പടച്ചോനെ കാണിച്ചുകൊടുത്ത ഉമ്മാക്ക് വേണ്ടി, ഉള്ളില്‍ കൊണ്ടുള്ള അവരുടെ പ്രാര്‍ഥനക്ക് വല്ലാത്തൊരു ഭാവമായിരുന്നു. അതില്‍ പടച്ചോന്‍ കൊളുത്തിട്ടിട്ടുമുണ്ട്… അതുകൊണ്ടാണല്ലോ, കാലം ഒരുപാട് കഴിഞ്ഞ്, എല്ലാവരും പുരോഗതിയുടെ ടെറസിനു മുകളിലേക്ക് കയറിയിട്ടും അപ്പനെയും ഭാര്യമാരെയും പടച്ചോന്‍ തിരിച്ചുവിളിച്ചെങ്കിലും പതിനാല് മക്കളും അവരുടെ മക്കളും മരുമക്കളുമൊക്കെ ഇന്നും ഉമ്മയെ കാണാന്‍ ഓടിവരുന്നത്…
ഇന്നിപ്പോള്‍, ഇടിഞ്ഞുപൊളിയാറായ ഈ തറവാടുവീടിനു മുന്നില്‍ നില്‍ക്കുമ്പോള്‍ ധ്യാനസാന്ദ്രമായ വല്ലാത്തൊരു നിശ്ശബ്ദതയും ശാന്തതയും അനുഭവപ്പെടുന്നു. അയല്‍പക്കത്തേക്ക് നോക്കുമ്പോള്‍ അവിടെ ആകെ കാടു പിടിച്ചിരിക്കുന്നു. അപ്പന്റെ കുടില്‍ നിന്നിരുന്ന ഭാഗത്ത് പൊളിഞ്ഞ തറ, ആരവങ്ങളൊടുങ്ങിയ സ്മരണകളുടെ ഒരു സ്മാരകം പോലെ പൊന്ത പിടിച്ചുനില്‍ക്കുന്നു. അപ്പുറത്തെ വീട്ടിലേക്കു കൂടി കരുതലിന്റെ നോട്ടമെറിയാന്‍ ഇവിടെ ജനലുകളില്ല, അവര്‍ക്കു വേണ്ടി തുറന്നുവെച്ച വാതിലുകളില്ല. ഓര്‍മകള്‍ മാത്രം പടികളില്‍ വെച്ച് അവയൊക്കെ മറഞ്ഞു. ചെങ്കല്ലു പാകിയ വഴിയിലൂടെ തിരിഞ്ഞുനടക്കുമ്പോള്‍, അവിടെ കുടികെട്ടിപ്പാര്‍ത്ത ഓര്‍മകള്‍ക്കൊപ്പം നെയ്‌ച്ചോറിന്റെ ഗന്ധമുണ്ടെന്ന് കാറ്റ് പറയുന്നുണ്ടായിരുന്നു..

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top