നാട്ടിലെ
ആദ്യത്തെ വാഹനം
വണ്ടിക്കാരന്‍ കാദര്‍ക്കാന്റെ
കാളവണ്ടിയായിരുന്നു.
ചെമ്മണ്ണു നിറഞ്ഞ
ഇടുങ്ങിയ വഴികളിലൂടെ
കാളകളെ തെളിച്ച്
കാദര്‍ക്ക പായും
കൂടെ
ഞങ്ങള് കുട്ട്യോള്
വെളുമ്പന്‍ കാളകളുടെ
മണികിലുക്കത്തിനൊപ്പം
താളം പിടിച്ചോടും.
കല്യാണങ്ങള്‍ക്ക്
അരി, പിഞ്ഞാണം, പച്ചക്കറി.
വീടുപണിക്ക്
ഭാരതപുഴയിലെ മണല്,
കൊറ്റോളി പാടത്തെ
വൈക്കോല്,
കല്ലുപറമ്പിലെ
തീപ്പെട്ടി കമ്പനിയിലേക്ക്
മരത്തടികള്‍…
അങ്ങനെ
കാദര്‍ക്ക
നാട്ടിലെ ആദ്യത്തെ
ഡ്രൈവറും
ചുമട്ടുതൊഴിലാളിയുമായി.
നാട്ടിലൂടെ
പൊടിപറത്തി
ഹോണടിച്ച്
ആദ്യത്തെ ലോറി
കല്ലു നിറച്ച് പാഞ്ഞു;
റോഡുകളൊക്കെ
ടാറു പുതച്ചു,
ചെമ്മണ്ണു പാത
കഥകളിലേക്ക്
വണ്ടി കയറി.
അലവിക്കാന്റെ
അരവണ്ടിയും
മുക്കാല്‍ വണ്ടിയും
പത്തു പൈസ വാടകക്ക്
നാടുചുറ്റാന്‍ തുടങ്ങി.
ഉണ്ണിയേട്ടന്‍
ലാംബര്‍ട്ട ഓട്ടോയില്
ആളെ കേറ്റി
പട്ടാമ്പീല്
സിനിമ കാണാന്‍ പോയി.
അങ്ങനെ
അടുത്തുള്ളതെല്ലാം
അകലത്തിലായി.
മണി കെട്ടിയ
കാളകള്‍ക്ക്
അറവുകാരന്‍
വിലയിട്ടു.
കാളവണ്ടി
റോഡുവക്കില്‍
മഴ നനഞ്ഞു,
വെയിലു കൊണ്ടു,
ചിതലുകള്‍
അതിര്‍ത്തി വരച്ച്
അളന്നെടുത്തു.
കാദര്‍ക്കയും
കാളവണ്ടിയും
പതിയെ പതിയെ
നാടിന്റെ ഓര്‍മകളില്‍ നിന്ന്
പലായനം ചെയ്തു.
എത്ര വേഗത്തിലാണ്
ചില മനുഷ്യര്‍
പരിചിതമായ
വഴികളില്‍ നിന്നും
ആരും
തിരയാത്തവരായി,
ഓര്‍ക്കാത്തവരായി
മറവിയുടെ ഭൂപടത്തിലേക്ക്
നാടുകടത്തപ്പെടുന്നത്..!