LoginRegister

സഫീറ താഹ; ചിത്രീകരണം: മറിയം ബീവി പുറത്തീല്‍

Feed Back


”കൈതമുള്ളുകള്‍ കൊണ്ടാല്‍ വേദനിക്കുമോ അനന്യാ?”
”വേദനിക്കും ഉണ്ണീ. ആ നീറ്റല്‍ ഒരുപാട് സമയം നിലനില്‍ക്കുകയും ചെയ്യും.”
”അനന്യാ നീ ആ കൈതക്കാട്ടില്‍ ഓടിക്കയറുമോ.?”
”പിന്നേ എനിക്ക് വട്ടല്ലേ, എന്റെ ശരീരം വേദനിപ്പിക്കാന്‍.! തിങ്ങിനിറഞ്ഞ് കാടുപോലെ നില്‍ക്കുന്ന ആ മുള്ളിന്‍ക്കൂട്ടിലേക്ക് ഞാനെന്നല്ല ആരും ഓടിക്കയറില്ല.”
”അപ്പോള്‍ നിനക്കെന്നോട് സ്‌നേഹമില്ല അല്ലേ?”
”കൈതക്കാട്ടില്‍ കയറി മുറിവുണ്ടാക്കുന്ന സ്‌നേഹമൊന്നുമില്ല. എന്നാലും സ്‌നേഹമാണ്. നീയെന്റെ ഒരേയൊരു കൂട്ടുകാരനല്ലേടാ. എന്താ ഉണ്ണീ നിന്റെ കണ്ണ് നിറഞ്ഞല്ലോ?”
”ഒന്നുമില്ലെടീ..” എന്നു പറഞ്ഞു ഞാന്‍ ചുമലുയര്‍ത്തി.
”ങാ ഇന്നാടാ ഉണ്ണീ ഉണ്ണിയപ്പമാണ്.”
വാങ്ങി കഴിച്ചപ്പോള്‍ നല്ല രുചിയുണ്ടായിരുന്നു.
”ഞാന്‍ പോകുന്നു അച്ഛന്‍ തിരക്കും..”
അനന്യയോട് യാത്രപറഞ്ഞ് കുറച്ചു മുന്നോട്ടു പോയപ്പോള്‍ പാലമായി. ആ പാലത്തില്‍ നിന്ന് താഴേക്കു നോക്കിയപ്പോള്‍ ചാലിയാര്‍ കണ്ടു തലകറങ്ങി. വല്ലാത്തൊരു ശ്വാസംമുട്ടല്‍. പ്രാണന്‍ പിടയുന്നപോലെ. വെള്ളത്തില്‍ മീനുകള്‍ പുളയുന്നത് കണ്ടപ്പോള്‍ അമ്മയെ ഓര്‍മ വന്നു. മീനുകള്‍ ശ്വാസം കിട്ടാതെ പിടയുകയാണോ? മനസ്സില്‍ ചില രംഗങ്ങള്‍ ഓടിമറഞ്ഞു. ഓര്‍മകള്‍ കൈതമുള്ളുകള്‍ കൊണ്ടുള്ള നീറ്റല്‍ പോലെ ശരീരമൊന്നാകെ പടരുന്നുണ്ടായിരുന്നു.
ഇഷ്ടികച്ചൂളയില്‍ ജോലിക്ക് പോയി തിരികെ വരുമ്പോള്‍ അമ്മക്ക് അന്നന്നു കിട്ടുന്നതില്‍ നിന്ന് അന്‍പത് രൂപ ചിട്ടിക്ക് കൊടുത്ത് ബാക്കി പകുതിക്ക് വീട്ടിലേക്ക് സാധനം വാങ്ങും. പത്തുരൂപ ലാഭിക്കാന്‍ കിലോമീറ്ററുകള്‍ കല്‍നടയാക്കാന്‍ അമ്മക്ക് മടിയില്ല. അതുകൊണ്ടെന്താ വഴിയില്‍ നിന്ന് കൊതുമ്പും ചൂട്ടും ശേഖരിക്കാനും അമ്മിണിയാടിന് പുല്ല് കെട്ടിലാക്കാനും കഴിഞ്ഞല്ലോ എന്നു പുഞ്ചിരിയോടെ പറയും.
സേവ്യറപ്പാപ്പന്റെ കടയില്‍നിന്ന് വട്ടയിലയില്‍ പൊതിഞ്ഞ എന്തേലും പലഹാരം എനിക്കായി കരുതാന്‍ ഒരിക്കലും മറക്കാറില്ല, ഞാന്‍ കഴിക്കുന്നത് നോക്കിനിന്ന ശേഷം അമ്മിണിയാടിന്റെ അടുത്തേക്ക് ഓടിപ്പോയി അവളുടെ കാര്യങ്ങള്‍ നോക്കും.

പാല്‍ കറന്നു പാത്രത്തില്‍ നിറച്ച് അച്ഛന്റെ അമ്മക്ക് സൗജന്യമായും, ആത്തോലമ്മക്ക് പൈസക്കും തന്നുവിടുമ്പോള്‍ എപ്പോഴും പറയുന്നൊരു കാര്യമുണ്ട്, ഉണ്ണീ ശ്രദ്ധിച്ച് പോകണേ! അതിന് ശേഷം കഞ്ഞിക്കുള്ളതൊക്കെ അടുപ്പിലാക്കി മുറ്റത്തെ ഇലഞ്ഞിമരച്ചുവട്ടില്‍ ഞാന്‍ തിരികെ വരുന്നതും കാത്ത് ആധിയോടെ നില്‍പ്പുണ്ടാവും.
ആത്തോലമ്മ ഉപ്പേരിക്ക് കായോ, ചേമ്പോ ചിലപ്പോള്‍ തന്നുവിടും. അത് വാങ്ങിയിട്ട് പുഞ്ചിരിയോടെ അമ്മ ചോദിക്കും; മുഖം കണ്ടിട്ട് ഇന്നും ആയമ്മ സത്കരിച്ച മട്ടുണ്ടല്ലോ ഉണ്ണ്യേ എന്ന്. പോക്കറ്റില്‍ നിന്ന് ആത്തോലമ്മ തന്നതില്‍ നിന്ന് അമ്മക്കായി മാറ്റിയ തുണ്ട് പലഹാരമെടുത്ത് വായിലേക്കു വെച്ചുകൊടുക്കുമ്പോള്‍ പാവം അമ്മയുടെ കണ്ണുകള്‍ നിറയും.
ആറ്റില്‍ പോയി അലക്കാനുള്ളതൊക്കെ അലക്കി കുളിച്ച് സുന്ദരിയായി വരുന്ന അമ്മയെ കാണാനെന്ത് ചേലാണ്.! അതിന് ശേഷമാണ് കറികളൊക്കെ പാകമാക്കുന്നത്. സന്ധ്യക്ക് വിളക്കു വെച്ച് ഈശ്വരനാമം ചൊല്ലുമ്പോള്‍ അമ്മയെന്നും പറയാറുണ്ട്, അച്ഛനു വേണ്ടി മോന്‍ പ്രാര്‍ഥിക്കണേ എന്ന്. പക്ഷെ ഞാനെന്നും അമ്മക്കു വേണ്ടി പ്രാര്‍ഥിച്ച് മനസ്സു നിറക്കും. ഒരിക്കല്‍ പോലും അച്ഛന് വേണ്ടി ഈശ്വരനോട് ഒന്നും ചോദിക്കാന്‍ തോന്നിയിട്ടില്ല.
എനിക്കുള്ള ആഹാരം വിളമ്പിത്തന്ന് അമ്മ എന്നെയും നോക്കിയിരിക്കും. കഴിക്കാതെ ബാക്കിവെക്കുമ്പോള്‍ വാരിത്തരും. അതുവരെയും ഞാന്‍ കഴിച്ച അതേ പാത്രത്തില്‍നിന്ന് കുഴച്ചെടുക്കുന്ന ഉരുളക്ക് അതുവരെയില്ലാത്ത സ്വാദുണ്ടാകും. നല്ല രുചി, അമ്മയെന്താ ഇതില്‍ ചേര്‍ത്തതെന്നു ചോദിക്കുമ്പോള്‍ പുഞ്ചിരിയോടെ നെറുകയിലൊരുമ്മ തന്നെന്റെ സംശയത്തിന്റെ മുനയൊടിക്കും.
അച്ഛനെ കാത്തിരിക്കുന്ന അമ്മയെ കണ്ടുകൊണ്ടാണ് പലപ്പോഴും ഉറങ്ങാന്‍ കിടന്നിരുന്നത്. അമ്മയുടെ കൈകള്‍ എന്റെ തലയില്‍ പതിയെ തലോടുന്നുണ്ടാകും. ആടുന്ന, ചിന്തകളും ശരീരവുമായി വീട്ടിലെത്തുന്ന അച്ഛന്റെ ആദ്യചോദ്യം ഉറങ്ങാതെ ഉറക്കം നടിക്കുന്ന എന്റെ ഹൃദയത്തിലിന്നും പെരുമ്പറ കൊട്ടുന്നു. ആര്‍ക്ക് വേണ്ടിയാടീ നീ കുളിച്ചൊരുങ്ങി കാത്തിരിക്കുന്നത്? അതോ മറ്റവന്‍ വന്നിട്ട് പോയോ? എന്നാവും അച്ഛന്റെ അലര്‍ച്ച.
അതുവരെ കുഞ്ഞുകഥകളും കൊഞ്ചലുകളുമായി എന്നോട് വാതോരാതെ സംസാരിച്ചിരുന്ന അമ്മ മൗനിയാവും. അച്ഛനോട് മറുപടി പറയാതെ ആഹാരം വിളമ്പി വെക്കുമ്പോള്‍, ഇന്നും കഞ്ഞിയും ഉപ്പേരിയുമോ എന്നു ചോദിച്ച് ആ പാത്രം വെളിയിലേക്ക് എറിയും. അമ്മയുടെ മുടിക്ക് ചുറ്റിപ്പിടിച്ചുകൊണ്ട് സംഹാരതാണ്ഡവമാടി ക്ഷീണിക്കുന്ന അച്ഛന്‍ എവിടേലും കിടന്നുറങ്ങും. ചിലപ്പോള്‍ ആ പ്രഹരങ്ങളില്‍ ചിലത് എന്റെ നേര്‍ക്കാകുമ്പോള്‍ അമ്മ എന്നെയുമെടുത്തു കൈതക്കാടിനകത്ത് കയറും. എന്റെ ശരീരം പൊതിഞ്ഞു പിടിച്ചുകൊണ്ട് ഏങ്ങിക്കരയുന്ന അമ്മക്ക് ഒരായിരം ഉമ്മകള്‍ കൊടുത്ത്, ഉണ്ണിക്കുട്ടന്‍ വലുതാകട്ടെ. അമ്മക്ക് എല്ലാം വാങ്ങി തരാമെന്നു പറയുമ്പോള്‍ ഉമ്മ തന്ന് അമ്മ പൊട്ടിക്കരയും. നമുക്കാ അച്ഛനെ വേണ്ടമ്മേ എന്നു പറഞ്ഞാല്‍ അമ്മയെന്റെ വായ പൊത്തും. മോന്റെ അച്ഛന്‍ എന്നും വേണം. അങ്ങനൊന്നും പറയരുത് ട്ടോ എന്നു പറയും. ഞാന്‍ തലയാട്ടി സമ്മതിച്ചാലും അച്ഛന്റെ സ്‌നേഹമെന്നത് ഏതോ വിദൂരസ്വപ്‌നം മാത്രമായി എന്നിലവശേഷിക്കും.

വെളുക്കാറാകുമ്പോള്‍ വീട്ടിലേക്ക് ചെല്ലുന്ന ഞങ്ങളെ വരവേല്‍ക്കാന്‍ മുറികളില്‍ അച്ഛന്‍ ഛര്‍ദില്‍കൊണ്ട് ഭൂപടം തീര്‍ത്തിട്ടുണ്ടാകും. യാതൊരു മടിയുമില്ലാതെ അമ്മയത് വൃത്തിയാക്കുമ്പോള്‍ ഞാന്‍ മൂക്ക് പൊത്തി ഓക്കാനിക്കും. ഉറക്കമെണീറ്റു വരുന്ന അച്ഛന്‍ അമ്മയുടെ തോളില്‍ ചുറ്റിപിടിച്ചു, നീയൊന്നു ക്ഷമിക്കെടീ രമേ എന്നു പറയുമ്പോള്‍ മുള ചീന്തുമ്പോലെ കരഞ്ഞുകൊണ്ടാ മാറില്‍ പറ്റിച്ചേര്‍ന്നു നില്‍ക്കുന്ന തന്റെയമ്മ എന്നും എനിക്ക് അത്ഭുതമായിരുന്നു. പിന്നെ അച്ഛന്‍ അമ്മയുടെ മുറിവു പറ്റിയ കാലിലും കൈയിലുമൊക്കെ മരുന്ന് പുരട്ടും. ഇതെങ്ങനെ ഇത്രയും മുറിഞ്ഞു എന്ന് ചോദിച്ചപ്പോള്‍, മോനെ നിങ്ങളില്‍നിന്ന് രക്ഷിക്കാന്‍ കൈതക്കാട്ടില്‍ കയറിയപ്പോള്‍ പറ്റിയതാകുമെന്നു വെറുമൊരു തമാശ പറയുന്ന ലാഘവത്തില്‍ അമ്മ പറയുന്നത് കേട്ട് അച്ഛന്റെ കണ്ണുകള്‍ നിറയുന്നത് ആദ്യമായി ഞാന്‍ കണ്ടു.
പതിവുപോലെ മദ്യപിക്കാന്‍ പോകാതെ പിറ്റേന്ന് നേരത്തെ വീട്ടിലെത്തിയത് എനിക്കും അമ്മക്കും ആശ്വാസം നല്‍കി. പിന്നെയെന്നും സ്ഥിരമായി ജോലിക്ക് പോകുകയും കിട്ടുന്ന കൂലി കള്ളുഷാപ്പില്‍ കൊടുക്കാതെ പലഹാരവും സാധനങ്ങളും വാങ്ങി നേരത്തെ വീട്ടിലെത്തുകയും ചെയ്യുന്ന അച്ഛന്‍ ഞങ്ങളുടെ മനസ്സില്‍ സന്തോഷത്തിന്റെ വിത്തുപാകി. അതൊരു വനമായി പടര്‍ന്നപ്പോള്‍ എന്റെ അച്ഛന് വേണ്ടിയും ഞാന്‍ പ്രാര്‍ഥിക്കാന്‍ തുടങ്ങി. അമ്മ ഇനി ജോലിക്കു പോകണ്ട എന്ന് അച്ഛന്‍ പറഞ്ഞു. അച്ഛന്റെ അടിയും ആക്രോശങ്ങളും ഛര്‍ദില്‍ മണവും അപ്രത്യക്ഷമായ വീട് സ്വര്‍ഗം പോലെ തോന്നി. സങ്കടനിഴലുകള്‍ അമ്മയുടെ മുഖത്തുനിന്ന് അപ്രത്യക്ഷമായി, പകരമവിടെ സന്തോഷത്തിന്റെ പ്രകാശം നിറഞ്ഞു.
വെള്ളിനൂല്‍ പോലെ പൊഴിഞ്ഞുകൊണ്ടിരുന്ന തുലാമഴയുടെ സ്വഭാവം പെട്ടെന്നാണ് മാറിയത്. ചാലിയാറും കരകവിഞ്ഞൊഴുകി. കുലംകുത്തിയൊഴുകി താണ്ഡവമാടുന്ന പുഴയുടെ കരങ്ങളില്‍നിന്ന് ആറ്റിന്‍കരയിലുള്ള വീടുകളിലുള്ളവരെ രക്ഷിക്കാന്‍ അടുത്തൊരു സ്‌കൂളില്‍ ക്യാമ്പൊരുങ്ങി. സ്‌കൂള്‍ വരാന്തയില്‍നിന്ന് മഴയിലേക്ക് വിറങ്ങലിച്ചുനോക്കുന്ന മനുഷ്യരായിമാറി ഞങ്ങളും. കോരിച്ചൊരിയുന്ന മഴയിലും തണുപ്പിലും ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടിയ അച്ഛനെ ഹോസ്പിറ്റലില്‍ കൊണ്ടുപോകാന്‍ യാതൊരു വഴിയുമുണ്ടായിരുന്നില്ല. അങ്ങനെയാണ് മരുന്നെടുക്കാനായി അച്ഛന്റെ കാലന്‍ക്കുടയുമായി അമ്മ വീട്ടിലേക്ക് പോയത്. കിതച്ചുകൊണ്ട് അച്ഛന്‍ എത്ര വിലക്കിയിട്ടും അമ്മയത് കേള്‍ക്കാന്‍ കൂട്ടാക്കിയില്ല.
മോന്‍ അച്ഛനൊപ്പം നില്‍ക്ക് അമ്മ അച്ഛന്റെ മരുന്നും ഉണ്ണിയപ്പവും എടുത്തുകൊണ്ട് വരാം എന്നു പറഞ്ഞ് എന്റെ കവിളില്‍ ഒരു മുത്തം നല്‍കി. ഇവനെ നോക്കിക്കോണേ ചേട്ടാ എന്നു അച്ഛനോടായി പറഞ്ഞിട്ട് ചാറ്റല്‍ മഴയിലേക്ക് അമ്മ മറയുന്നത് സങ്കടത്തോടെ ഞങ്ങള്‍ നോക്കിനിന്നു.
അമ്മ തിരികെ വരുന്നതും കാത്ത് ഞങ്ങളിരുന്നു. തിരക്കി പോയവരൊക്കെയും കാലാവസ്ഥയുടെ പെട്ടെന്നുള്ള മാറ്റത്തെ ഭയന്ന് തിരികെ വന്നു. കാറും കോളുമൊഴിഞ്ഞ് വെള്ളമിറങ്ങി തുടങ്ങിയപ്പോള്‍ അമ്മയെ കാണാതെ ഏങ്ങിക്കരയുന്ന എന്നെയുമെടുത്ത് തിരച്ചിലുകാരോടൊപ്പം അച്ഛനും കൂടി. ഏറെ നേരം തെരഞ്ഞിട്ടും കണ്ടുകിട്ടാത്തതിനാല്‍ വേറെ ഏതേലും ക്യാമ്പില്‍ എത്തിപ്പെട്ടിട്ടുണ്ടാവുമെന്ന് അച്ഛന്‍ സ്വയം പറഞ്ഞുകൊണ്ടേയിരുന്നു. അവസാനം അമ്മയുടെ വസ്ത്രത്തിന്റെ നിറം കൈതക്കാട്ടില്‍ കണ്ടെത്തിയത് ഞാനാണ്. അച്ഛന്‍ ഓടിപ്പോയി അമ്മയെ എടുക്കുമ്പോള്‍, നഷ്ടപ്പെടാതിരിക്കാനായി വയറിനോട് ചേര്‍ത്തുകെട്ടിയിരുന്ന കവറിനകത്ത് ഇന്‍ഹേലറും പലഹാരവും ഉണ്ടായിരുന്നു. പലഹാരത്തിനായി ചോണനുറുമ്പുകള്‍ മത്സരിക്കുന്നുണ്ടായിരുന്നു അപ്പോള്‍….
തിരികെ അമ്മയെയും കൊണ്ട് കൈതക്കാട്ടില്‍നിന്ന് ഇറങ്ങിയ അച്ഛന്റെ മുതുകും കൈകളും കൈതമുള്ളുകൊണ്ട് വരഞ്ഞു ചോര പൊടിയുന്നുണ്ടായിരുന്നു. അച്ഛാ അച്ഛന് വേദനിച്ചോ എന്നു ഞാന്‍ ചോദിച്ചപ്പോള്‍ ഇല്ല മോനെ എന്നു പറഞ്ഞുകൊണ്ട് അച്ഛന്‍ ഏങ്ങലടിച്ചു കരഞ്ഞു. അപ്പോള്‍ എനിക്കു മനസ്സിലായി, സ്‌നേഹിക്കുന്നവരെ കൈതമുള്ള് വേദനിപ്പിക്കില്ല എന്ന്.
ഓര്‍മകളുടെ പെരുമഴ പെയ്തുതോര്‍ന്ന് വീട്ടിലേക്കു നടക്കാന്‍ തുടങ്ങിയപ്പോള്‍ ദൂരെ നിന്ന് ഓടിയെത്തിയ അച്ഛന്‍ കിതക്കുന്നുണ്ടായിരുന്നു. ഞാന്‍ വൈകുന്ന ഓരോ നിമിഷവും ആധിയില്‍ വെന്തുനീറുന്ന അമ്മയെ പോലെതന്നെയായിരുന്നു അപ്പോള്‍ അച്ഛനും. ഇന്ന് അച്ഛന്റെ കൈയില്‍നിന്ന് കിട്ടുന്ന നെയ്യുരുളക്കും അമ്മ നല്‍കുന്ന ചോറുരുളയുടെ സ്വാദുണ്ട്.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top