ഭൂമിയില്‍ മനുഷ്യ ജീവിതം ആരംഭിച്ചതു മുതല്‍ നഗ്നത മറയ്ക്കുക, ശരീരം സംരക്ഷിക്കുക, അലങ്കാരത്തിനുപയോഗിക്കുക തുടങ്ങി വിവിധ ഉദ്ദേശ്യങ്ങളില്‍ വസ്ത്രം ഉപയോഗിക്കുന്നുണ്ട്. നഗ്നത മറച്ചുവയ്ക്കുക എന്ന ബോധം മനുഷ്യര്‍ക്ക് മാത്രമുള്ള പ്രത്യേകതയാണ്. പരിഷ്‌കാരമോ നാഗരികതയോ എന്തെന്നറിയാത്ത വനാന്തരത്തിലെ കാട്ടുമനുഷ്യരും നഗ്നത മറച്ചിരുന്നു. മനുഷ്യന്‍ ഭൂമുഖത്തു ജീവിക്കാന്‍ തുടങ്ങിയപ്പോള്‍തന്നെ മനുഷ്യത്വത്തിന്റെ ഭാഗമായി അതുണ്ടായി എന്നാണ് ഖുര്‍ആന്‍ പറയുന്നത്.
”അവരിരുവരും (ആദമും ഹവ്വയും) ആ വൃക്ഷത്തില്‍ നിന്നു രുചി നോക്കിയതോടെ അവര്‍ക്ക് തങ്ങളുടെ ഗോപ്യസ്ഥാനങ്ങള്‍ വെളിപ്പെട്ടു. ആ തോട്ടത്തിലെ ഇലകള്‍ കൂട്ടിച്ചേര്‍ത്ത് അവര്‍ ഇരുവരും തങ്ങളുടെ ശരീരം പൊതിയുവാന്‍ തുടങ്ങി” (2:22). തത്ഫലമായി മനുഷ്യന് വസ്ത്രം ആവശ്യമായി വന്നു.
വസ്ത്രത്തിന് പലതരം ഉപയോഗങ്ങളുണ്ട്. ഒന്ന് കേവലം നഗ്നത മറയ്ക്കല്‍; മറ്റൊന്ന് അലങ്കാരവും സൗന്ദര്യവും.
ഖുര്‍ആന്‍ പറയുന്നു: ”ആദം സന്തതികളേ, നിങ്ങള്‍ക്ക് നിങ്ങളുടെ ഗോപ്യസ്ഥാനങ്ങള്‍ മറയ്ക്കാനുതകുന്ന വസ്ത്രവും അലങ്കാര വസ്ത്രവും നാം നല്‍കിയിരിക്കുന്നു” (ഖുര്‍ആന്‍ 7:26).
വൃത്തിയിലും ഭംഗിയിലും വസ്ത്രം ധരിക്കുന്നത് അല്ലാഹുവിന് ഇഷ്ടമാണെന്ന് പ്രവാചകന്‍(സ) പഠിപ്പിച്ചു. വൃത്തിയില്ലാതെ നടന്ന ഭക്തനോട് കുളിച്ചും എണ്ണയിട്ടും വൃത്തിയില്‍ നടക്കാന്‍ നബി (സ) നിര്‍ദേശിച്ചു. കീറിപ്പറിഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച സമ്പന്നനോട് അല്ലാഹു നല്കിയ അനുഗ്രഹങ്ങള്‍ ജീവിതത്തില്‍ പ്രകടമാക്കാനും പ്രവാചകന്‍ ആവശ്യപ്പെട്ടു.
സ്ത്രീ പുരുഷന്മാരുടെ ശരീര പ്രകൃതിയെയും ജന്മവാസനകളെയും മനസ്സിലാക്കി അതിനുതകിയ വസ്ത്ര ധാരണ നിബന്ധനകളാണ് ഇസ്ലാം മുന്നോട്ടു വെച്ചത്. അലംകൃതയാകാനുള്ള സ്ത്രീകളുടെ മോഹത്തിന് അനുമതി നല്‍കി പുരുഷന്ന് നിഷിദ്ധമായ സ്വര്‍ണവും പട്ടും ഇസ്ലാം സ്ത്രീകള്‍ക്ക് അനുവദിച്ചു. ഇസ്ലാം മുന്നോട്ടു വെക്കുന്ന സ്ത്രീകളുടെ വേഷവിധാനത്തിലും സൗന്ദര്യപ്രകടനത്തിലുമുള്ള നിയന്ത്രണത്തിന്റെ അടിസ്ഥാനം പുരുഷാധിപത്യമാണെന്ന ഇസ്ലാമിനെതിരെയുള്ള ആരോപണത്തെ ഇത് ഇല്ലായ്മ ചെയ്യുന്നുണ്ട്.
സ്ത്രീകളുടെ വേഷം
സ്ത്രീയുടെ മുഖം, മുന്‍കൈ എന്നീ ഭാഗങ്ങളല്ലാത്തതൊക്കെ മറയ്ക്കാനുതകുന്ന വസ്ത്രമാകണം അന്യപുരുഷന്മാരുടെ മുന്നില്‍ സ്ത്രീകള്‍ ധരിക്കേണ്ടത്. ഇസ്ലാമിക നിയമപ്രകാരം വിവാഹം പരസ്പരം നിഷിദ്ധമാക്കപ്പെട്ട ബന്ധുക്കള്‍ അല്ലാത്തവരാണ് അന്യര്‍ എന്നതു കൊണ്ട് വിവക്ഷ. ഭര്‍ത്താവ്, ഭര്‍ത്താവിന്റെ മകന്‍, തന്റെയും ഭര്‍ത്താവിന്റെയും പിതാവ്, മകന്‍, പിതൃവ്യന്‍, പിതാമഹന്‍, സഹോദരന്‍, സഹോദരന്റെ മകന്‍, സഹോദരിയുടെ മകന്‍, മാതൃ സഹോദരന്‍ എന്നിവരാണ് ഈ ബന്ധുക്കള്‍. ഇതുകൂടാതെ സ്ത്രീകള്‍, അടിമകള്‍, ലൈംഗിക ശേഷിയും താല്പര്യവുമില്ലാത്ത വേലക്കാര്‍, ലൈംഗിക ബോധമില്ലാത്ത കുട്ടികള്‍ എന്നിവര്‍കൂടി ഇതില്‍ ഉള്‍പെടുന്നു.
മുഖവും മുന്‍കൈയുമൊഴികെയുള്ള ശരീര ഭാഗങ്ങള്‍ മറയ്ക്കുന്ന ഏതു വസ്ത്രവും സ്ത്രീകള്‍ക്ക് ധരിക്കാവുന്നതാണ്. വസ്ത്രം കറുപ്പായിരിക്കണമെന്നോ പര്‍ദ എന്നു പറയുന്ന ബ്രാന്‍ഡഡ് ഇനം തന്നെ വേണമെന്നോ മുന്‍കൈയും മുഖവുമെല്ലാം മൂടണമെന്നോ ഇസ്‌ലാം നിയമമാക്കുകയോ പുണ്യകരമാക്കുകയോ ചെയ്തിട്ടില്ല.
ശിരോവസ്ത്രം നിര്‍ബന്ധമോ?
സ്ത്രീകളുടെ വേഷധാരണം സംബന്ധിച്ച ഖുര്‍ആനിക കല്‍പനകള്‍ പ്രധാനമായും രണ്ട് ഇടങ്ങളിലായാണ് വരുന്നത്.
ഒന്ന്: ”സത്യവിശ്വാസിനികളോട് പറയുക: അവര്‍ ദൃഷ്ടികള്‍ നിയന്ത്രിക്കണം. ഗുഹ്യഭാഗങ്ങള്‍ കാത്തുസൂക്ഷിക്കുകയും പ്രത്യക്ഷമായതൊഴികെയുള്ള ശരീര സൗന്ദര്യം വെളിപ്പെടുത്തുകയും ചെയ്യരുത്. അവരുടെ ശിരോവസ്ത്രം മാറിടത്തിനു മീതെ താഴ്ത്തിയിടണം. തങ്ങളുടെ ഭര്‍ത്താക്കന്മാര്‍, പിതാക്കള്‍, ഭര്‍ത്തൃപിതാക്കള്‍, പുത്രന്മാര്‍, ഭര്‍ത്തൃപുത്രന്മാര്‍, സഹോദരങ്ങള്‍, സഹോദരപുത്രന്മാര്‍, സഹോദരീപുത്രന്മാര്‍, തങ്ങളുമായി ഇടപഴകുന്ന സ്ത്രീകള്‍, വലംകൈ ഉടമപ്പെടുത്തിയവര്‍, ലൈംഗികാസക്തിയില്ലാത്ത പുരുഷപരിചാരകര്‍, സ്‌ത്രൈണ രഹസ്യങ്ങളറിഞ്ഞിട്ടില്ലാത്ത കുട്ടികള്‍ എന്നിവരുടെ മുന്നിലൊഴികെ അവര്‍ തങ്ങളുടെ ശരീരഭംഗി വെളിവാക്കരുത്. മറച്ചുവെക്കുന്ന അലങ്കാരത്തിലേക്ക് ശ്രദ്ധ തിരിക്കാനായി കാലുകള്‍ നിലത്തടിച്ച് നടക്കരുത്. സത്യവിശ്വാസികളേ; നിങ്ങളെല്ലാവരും ഒന്നായി അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുക. നിങ്ങള്‍ വിജയം വരിച്ചേക്കാം.” (ഖുര്‍ആന്‍ 24:31).
വിശ്വാസിനിയായ ഒരു മുസ്ലിം സ്ത്രീ അവളുടെ തല മറക്കല്‍ നിര്‍ബന്ധമായ കാര്യമാണെന്ന് ഈ ഖുര്‍ആന്‍ സൂക്തത്തില്‍ നിന്നു മനസ്സിലാക്കാം. ഈ ആയത്തില്‍ പ്രതിപാദിക്കുന്ന പ്രത്യക്ഷമായ ഭാഗങ്ങള്‍ എന്നുള്ളത് മുഖവും മുന്‍കൈയുമാണെന്ന് പ്രവാചക വചനങ്ങളില്‍ നിന്ന് സുവ്യക്തമാണ്.
ആയിശ(റ) പറയുന്നു: ”വളരെ നേര്‍ത്ത ഒരു വസ്ത്രവും ധരിച്ച് അസ്മാഅ്(റ) പ്രവാചകന്റെ അടുക്കല്‍ വരാനിടയായി. പ്രവാചകന്‍ അവരോട് പറഞ്ഞു: അസ്മാഅ്, ഒരു സ്ത്രീ പ്രായപൂര്‍ത്തിയായാല്‍ അവളുടെ ശരീരത്തില്‍ നിന്ന് ഇതും ഇതുമല്ലാതെ പുറത്ത് കാണരുത്. തുടര്‍ന്ന് പ്രവാചകന്‍ മുഖത്തേക്കും മുന്‍കൈകളിലേക്കും സൂചന നല്കി (അബൂദാവൂദ് 4092).
രണ്ട്: ”നബിയേ, നിന്റെ പത്‌നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മേലാടകള്‍ തങ്ങളുടെമേല്‍ താഴ്ത്തിയിടാന്‍ പറയുക: അവര്‍ തിരിച്ചറിയപ്പെടുവാനും അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കാനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു”(ഖുര്‍ആന്‍ 33:59).
സൂറത്തുല്‍ അഹ്സാബിലെ ഈ ആയത്തില്‍ മേലാടകള്‍ താഴ്ത്തിയിടുന്നത് അവര്‍ തിരിച്ചറിയാനും ശല്യം ചെയ്യപ്പെടാതിരിക്കാനും കൂടിയുള്ള കാരണമായാണ് ഖുര്‍ആന്‍ സൂചിപ്പിക്കുന്നത്.
ആയിശ (റ) പറഞ്ഞു: ‘ശിരോവസ്ത്രം മാറിടത്തിലേക്ക് താഴ്ത്തിയിടുകയും ചെയ്യട്ടെ’ എന്ന ആയത്തിറങ്ങിയ സമയത്ത് വിശ്വാസിനികള്‍ അവരുടെ മറ്റു വസ്ത്രങ്ങളുടെ അരികുകളില്‍ നിന്ന് തുണി കീറിയെടുത്ത് ശിരോവസ്ത്രം മാറിടങ്ങളിലേക്ക് താഴ്ത്തിയിട്ടിരുന്നു (ബുഖാരി 4481). ശിരോവസ്ത്രം ധരിക്കുന്നതിന്റെ പ്രാധാന്യവും പ്രവാചകന്റെ അനുയായികള്‍ അതില്‍ കാണിച്ച സൂക്ഷ്മതയും മനസ്സിലാക്കാന്‍ ഈ ഹദീസ് ധാരാളം.
നമസ്‌കാരം സ്വീകാര്യമാവണമെങ്കിലുള്ള നിബന്ധനയായടക്കം ശിരോവസ്ത്ര ധാരണം പ്രവാചകന്‍ പഠിപ്പിച്ചു. ആയിശ (റ) പറയുന്നു. പ്രവാചകന്‍(സ) പറഞ്ഞു: തലയും മാറിടവും മറയുന്ന തട്ടം അണിഞ്ഞല്ലാതെ പ്രായപൂര്‍ത്തിയായ സ്ത്രീയുടെ നമസ്‌കാരം അല്ലാഹു സ്വീകരിക്കുകയില്ല (അബൂദാവൂദ് 641).
മേല്‍ സൂചിപ്പിച്ച ആയത്തുകളില്‍ നിന്നും ഹദീസുകളില്‍ നിന്നും തലമറയ്ക്കല്‍ വിശ്വാസിനികള്‍ക്ക് നിര്‍ബന്ധമാണെന്ന് മനസ്സിലാക്കാം. വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഈ ആയത്തുകളും ഹദീസുകളും അവര്‍ക്ക് നിലപാടെടുക്കാന്‍ ധാരാളമാണ്. കാരണം ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ”അല്ലാഹുവും അവന്റെ ദൂതനും ഏതെങ്കിലും കാര്യത്തില്‍ വിധി പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ സത്യവിശ്വാസിക്കോ വിശ്വാസിനിക്കോ അക്കാര്യത്തില്‍ മറിച്ചൊരു തീരുമാനമെടുക്കാന്‍ അവകാശമില്ല. ആരെങ്കിലും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുകയാണെങ്കില്‍ അവന്‍ വ്യക്തമായ വഴികേടിലകപ്പെട്ടതുതന്നെ” (ഖുര്‍ആന്‍ 33:36). .