അടുത്തകാലത്തായി സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെട്ടതും വിവാദമായതുമായ ഒന്നാണ് ‘ഹേമ കമീഷന് റിപ്പോര്‍ട്ട്’. സിനിമാ മേഖലയില്‍ തുടരുന്ന മാനസിക-ശാരീരിക പീഡനങ്ങളെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഈ റിപ്പോര്‍ട്ട് ലൈംഗിക ചൂഷണം മുതല്‍ തൊഴില്‍ നിഷേധം വരെയുള്ള പീഡനങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുകൊണ്ടുവന്നത്.
ജോലിയുമായി ബന്ധപ്പെട്ടുണ്ടാവുന്ന സമ്മർദം മൂലം ജീവനൊടുക്കുന്ന സംഭവങ്ങളും നമ്മുടെ നാട്ടില്‍ കുറവല്ല. കടുത്ത ജോലി സമ്മര്‍ദവും മേലുദ്യോഗസ്ഥരുടെ പീഡനവും കാരണം ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ ‘ബജാജ് ഫിനാന്‍സ്’ ഏരിയ മാനേജരായ തരുണ്‍ സക്സേന(42) ആത്മഹത്യ ചെയ്തു എന്ന വാര്‍ത്ത 2024 ഓക്ടോബര്‍ ഒന്നിനാണ് വന്നത്. തുടര്‍ച്ചയായി 45 ദിവസങ്ങള്‍ ഉറങ്ങാന്‍ പോലും കഴിഞ്ഞില്ലെന്നും മേലുദ്യോഗസ്ഥരുടെ സമ്മർദം താങ്ങാവുന്നതിലുമപ്പുറമാണെന്നും ഒപ്പം ശമ്പളം വെട്ടിക്കുറക്കുമെന്ന ഭീഷണിയുണ്ടായിരുന്നുവെന്നും തരുണ്‍ സക്സേന എഴുതിയ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.
ഇത്തരത്തിലുള്ള സമ്മർദങ്ങളെ തുടര്‍ന്ന് എറണാകുളം കങ്ങരപ്പടി സ്വദേശിനി അന്ന സെബാസ്റ്റ്യന്‍(26) സ്വകാര്യ കമ്പനിയുടെ പൂനെയിലുള്ള ഓഫീസില്‍ ജോലി ചെയ്തുവരവെ താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചതും വലിയ വാര്‍ത്തയായിരുന്നു. പൂനെയില്‍ ‘ഏണസ്റ്റ് ആന്റ് യങ് കമ്പനി’യില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ജോലിയിലിരിക്കെയാണ് ഈ യുവതി അമിതജോലിഭാരവും തൊഴില്‍ സമ്മർദവും മൂലം കുഴഞ്ഞുവീണ് മരിച്ചത്. സംഭവം വിവാദമായതോടെ അന്നയുടെ മരണത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന് സ്വമേധയാ കേസെടുത്തിട്ടുണ്ട്.
ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പതിവ് സംഭവങ്ങളായി മാറുന്ന സാഹചര്യത്തിലാണ് ‘വേള്‍ഡ് ഫെഡറേഷന് ഓഫ് മെന്റല്‍ ഹെല്‍ത്ത്’ (WFMH) എന്ന സംഘടന ഈ വര്‍ഷത്തെ ‘ലോക മാനസികാരോഗ്യ ദിനാ’ചരണത്തോടനുബന്ധിച്ച് ‘ജോലിസ്ഥലത്ത് മാനസികാരോഗ്യത്തിന് മുന്‍ഗണന നല്‍കേണ്ട സമയം’ (It is Time to Prioritize Mental Health in the Workplace’) എന്ന വിഷയം തെരഞ്ഞെടുത്തത്.
അടുത്ത കാലത്തായി വ്യാവസായിക രംഗത്തും തൊഴില്‍ രംഗത്തും സംഭവിക്കുന്ന പെട്ടെന്നുള്ള മാറ്റങ്ങളും അതിന്റെ ഭാഗമായി വിപണിയിലുണ്ടാവുന്ന മത്സരങ്ങളും മൂലം തൊഴിലാളികള്‍ താങ്ങാനാവാത്ത മാനസിക സമ്മർദങ്ങളാണ് മേലുദ്യോഗസ്ഥരില്‍ നിന്നും തൊഴിലുടമകളില്‍നിന്നും നേരിടുന്നത്. മാര്‍ക്കറ്റിംഗ് രംഗത്തും ഉത്പാദനരംഗത്തും നിലനില്‍ക്കുന്ന ‘ടാര്‍ഗറ്റ്’ സംസ്കാരം സൃഷ്ടിക്കുന്ന കഠിനമായ ജോലിഭാരം, കൃത്യതയില്ലാത്ത ജോലിസമയം, ജോലി നഷ്ടമാവുമോ എന്ന ഭയം, ഇത്തരം അരക്ഷിതാവസ്ഥകള്‍ മുന്‍നിര്‍ത്തിയുള്ള ചൂഷണശ്രമങ്ങള്‍ തുടങ്ങിയവയെല്ലാം തൊഴിലാളികളില്‍ കഠിനമായ സംഘര്‍ഷങ്ങളുണ്ടാക്കുന്ന ഘടകങ്ങളാണ്. അതേസമയം ഇത്തരം തൊഴില്‍ സാഹചര്യങ്ങളില്‍ തൊഴിലുടമകളും കമ്പനികളുമെന്നും ജീവനക്കാരുടെ ശാരീരികവും വൈകാരികവുമായ ആരോഗ്യത്തിന് ആവശ്യമായ ഒരുതരത്തിലുള്ള നടപടികളും നടപ്പിലാക്കുന്നില്ല എന്നതും ഈ വിഷയത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നുണ്ട്.
സമ്മര്‍ദ്ദങ്ങളുടെ
പ്രത്യാഘാതങ്ങള്‍
ഇത്തരത്തിലുള്ള തുടര്‍ച്ചയായ മാനസിക സമ്മർദങ്ങള്‍ ജീവനക്കാരെ പലതരത്തിലുള്ള മാനസിക പ്രശ്നങ്ങളില്‍ കൊണ്ടെത്തിക്കുന്നത് സാധാരണമാണ്. കഠിനമായ സാഹചര്യങ്ങളില്‍ ജോലിയെടുക്കുന്നവരില്‍ കണ്ടുവരുന്ന അമിതമായ ഉത്കണ്ഠ, വിഷാദരോഗം, ലഘു വിഷാദരോഗം, ഉന്മാദരോഗം, ഉന്മാദ-വിഷാദരോഗം, ഇതിന്റെ ഫലമായുണ്ടാവുന്ന ലഹരിയുപയോഗം എന്നിവ ഉദാഹരണങ്ങളാണ്.
കൂടാതെ സ്ത്രീ തൊഴിലാളികളില്‍ ആര്‍ത്തവുമായി ബന്ധപ്പെട്ട മാനസിക പ്രശ്നങ്ങളെയും പ്രസവശേഷം കണ്ടുവരുന്ന വിഷാദം പോലുള്ള അവസ്ഥകളെയും ജോലിസ്ഥലത്തെ സമ്മർദങ്ങള്‍ രൂക്ഷമാക്കുന്നുണ്ട്.
ഇവയെല്ലാം ജോലിയിലുള്ള വ്യക്തികളുടെ കാര്യക്ഷമതയെ പ്രതികൂലമായി ബാധിക്കുകയും സ്വാഭാവികമായ പ്രവര്‍ത്തനക്ഷമതയും ഉത്പാദനവും കുറയുകയും ചെയ്യും. ഇതിന്റെ പ്രത്യാഘാതമായ തൊഴിലുടമ കൂടുതല്‍ സമ്മർദം തൊഴിലാളിക്ക് മുകളില്‍ അടിച്ചേല്‍പ്പിക്കുകയും ശിക്ഷണ-അച്ചടക്ക നടപടികള്‍ നടപ്പിലാക്കുകയും ചെയ്യും. ഇത്തരം അച്ചടക്ക നടപടികളാവട്ടെ തൊഴിലാളികളില്‍ കൂടുതല്‍ സമ്മർദവും ഭയവും വര്‍ധിപ്പിക്കാനാണ് സഹായിക്കുക. ഇത് വീണ്ടും അവരുടെ മാനസികാരോഗ്യത്തെ വഷളാക്കുകയും ചെയ്യും. ഇതിന്റെയെല്ലാം ഫലമായി ജീവനക്കാര്‍ അവസാനിക്കാത്ത സമ്മർദങ്ങള്ക്കിരയാവുകയും ചെയ്യും.
ജോലി ചെയ്യാന്‍ വേണം
ആരോഗ്യമുള്ള മനസ്സ്
ഒരു വ്യക്തിക്ക് മികച്ച രീതിയില്‍ ജോലി ചെയ്യാനും തൊഴിലുടമ ആവശ്യപ്പെടുന്ന രീതിയിലുള്ള ഫലങ്ങളുണ്ടാക്കാനും മനസ്സിന് ആരോഗ്യം ആവശ്യമാണ്. അതുകൊണ്ടുതന്നെ ശാരീരിക ആരോഗ്യത്തിന് നല്കുന്ന പ്രാധാന്യവും പരിഗണനയും മാനസിക ആരോഗ്യത്തിനും നല്‍കേണ്ടതുണ്ട്. ശാരീരിക ക്ഷമതയുടെ കൂടെ ശരിയായ തീരുമാനങ്ങളും ഉത്സാഹവും ചേര്‍ന്നാല്‍ മാത്രമേ ഒരു തൊഴിലാളിക്ക് ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയുകയുള്ളു. അതിനായി തൊഴിലെടുക്കുന്ന മേഖലകളില്‍ അനുയോജ്യമായ അന്തരീക്ഷവും പിന്തുണയും ആവശ്യമാണ്.
തൊഴിലുടമക്കും
വേണം പരിശീലനം
തൊഴിലിടങ്ങള്‍ തൊഴിലാളി സൗഹൃദമാകണമെങ്കില്‍ തൊഴിലാളി-തൊഴിലുടമ ബന്ധം സൗഹാർദ പൂർണമായിരിക്കണം. അതുപോലെത്തന്നെ തൊഴിലുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ക്ക് നല്‍കിവരുന്ന പരിശീലനങ്ങളോടൊപ്പം തൊഴിലുടമകള്‍ക്കും സ്ഥാപനം മുന്നോട്ട് നയിക്കുന്ന മാനേജര്‍മാക്കും ശാസ്ത്രീയമായ പരിശീലനം നല്‍കേണ്ടതുണ്ട്. ആവശ്യമായ മാനേജ്മെന്റ് വൈദഗ്ധ്യം നേടിയാല്‍ മാത്രമേ ഇവരുടെ തൊഴിലാളികളോടുള്ള മനോഭാവവും അവര്‍ക്കിടയിലെ ആശയവിനിമയവും ശരിയായരീതിയില്‍ പ്രവര്‍ത്തിക്കുകയുള്ളു. തൊഴിലാളികളില്‍ ആത്മവിശ്വാസവും ആത്മാർഥതയും ഉണ്ടാവണമെങ്കില്‍ വിവേചനരഹിതവും നീതിയുക്തവുമായ നടപടികള്‍ മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടതുണ്ട്.
തൊഴിലാളികള്‍
രാജ്യത്തിന്റെ സമ്പത്ത്
ആഗോളതലത്തില്‍ നടന്ന പഠനങ്ങള്‍ സൂചിപ്പിക്കുന്നത് അഞ്ച് തൊഴിലാളികളില്‍ ഒരാളെങ്കിലും ഏതെങ്കിലും തരത്തിലുള്ള മാനസികാസ്വാസ്ഥ്യമുള്ളവരാണ് എന്നതാണ്. ലോകത്താകമാനമുള്ള തൊഴിലാളികളിലെ മാനസിക പ്രശ്നങ്ങള്‍ മൂലം സംഭവിക്കുന്ന മൊത്തം നഷ്ടം 2.5 ട്രില്യന്‍ അമേരിക്കന്‍ ഡോളറാണ്. ഇത് ഏകദേശം 13 അക്കമുള്ള സംഖ്യവരും. ഭീമമായ ഈ നഷ്ടം 2030 ഓടെ ഇരട്ടിയിലധികമാകുമെന്നാണ് കണക്ക്.
മാനസികപ്രശ്നങ്ങള്‍ തൊഴിലാളിയുടെ ജോലിചെയ്യാനുള്ള കഴിവിനെ മാത്രമല്ല, മറിച്ച് കുടുംബത്തെയും കമ്പനിയുടെ ഉത്പാദനക്ഷമതയെയും അതുവഴി രാജ്യത്തിന്റെ പുരോഗതിയെയും തന്നെ ബാധിക്കുന്നു. അതേസമയം ഇത്തരം മാനസിക പ്രശ്നങ്ങള്‍ ചികിത്സയിലൂടെ പരിഹരിക്കപ്പെട്ടാല്‍ എല്ലാ രംഗത്തും മികച്ച ഫലമാണ് സൃഷ്ടിക്കപ്പെടുക. ഉദാഹരണത്തിന് രോഗ ചികിത്സക്ക് ചെലവിടുന്ന തുകയുടെ നാലിരട്ടിയോളം ഇത്തരം തൊഴിലാളികള്‍ രോഗമുക്തരായി തൊഴിലെടുക്കുമ്പോള്‍ ഉത്പാദനത്തില്‍ ഉണ്ടാകുന്നതായി കണക്കാക്കപ്പെടുന്നു.
മാനസിക പ്രശ്നങ്ങളും
ശാരീരിക രോഗങ്ങളും
മാനസിക സമ്മർദം, ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസിക പ്രശ്നങ്ങള്‍ നേരിടുന്ന തൊഴിലാളികളില്‍ മനോജന്യ ശാരീരിക രോഗങ്ങളും (psychosomatic disorder) കണ്ടുവരാറുണ്ട്. ഇതിന്റെ ഭാഗമായി അള്‍സര്‍, ആസ്ത്മ, അമിത രക്തസമ്മർദം, ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രം, അള്‍സറേറ്റീവ് കൊളൈറ്റിസ്, സോറിയാസിസ് പോലുള്ള ത്വഗ്രോഗങ്ങള്‍, ശരീരവേദനകള്‍ എന്നിവ കണ്ടുവരുന്നുണ്ട്. ഇതും ഉത്പാദനക്ഷമതയെ ബാധിക്കുന്നുണ്ട്.
സമ്മർദങ്ങള്‍
മറികടക്കാന്‍
തൊഴിലാളികള്‍ക്ക് മാനസിക പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അത് തുറന്ന് പറയാനും ചികിത്സ തേടാനുമുള്ള സാഹചര്യങ്ങള്‍ തൊഴിലിടങ്ങളിലുണ്ടാവണം.
തൊഴില്‍ നിയമങ്ങളെക്കുറിച്ചും തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ചുമുള്ള അറിവ് ജീവനക്കാര്‍ക്കും സ്ഥാപന മേധാവികള്‍ക്കും ഒരുപോലെ ഉണ്ടായിരിക്കണം.
കൃത്യമായ ഇടവേളകളില്‍ തൊഴിലാളികളെ ആരോഗ്യ പരിശോധനകള്‍ക്ക് വിധേയമാക്കുകയും ചികിത്സാസഹായം, അവധി എന്നിവ നല്‍കുകയും വേണം.
ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനായി തൊഴിലാളികള്‍ക്ക് മേലുള്ള സമ്മർദതന്ത്രങ്ങള്‍ക്ക് പകരം പ്രോത്സാഹനവും ഇന്‍സെന്റീവ് പോലുള്ള സാമ്പത്തിക സഹായങ്ങളും നല്‍കുക.
തൊഴിലാളികള്‍ക്ക് പരാതികള്‍ സമര്‍പ്പിക്കാനുള്ള സംവിധാനങ്ങളും അവ നീതിപൂർവം പരിഹരിക്കാനുള്ള സാഹചര്യവും ഉണ്ടായിരിക്കണം.
തൊഴിലാളികളുടെ മാനസിക ഉല്ലാസത്തിനാവശ്യമായ വിനോദയാത്രകള്‍, കലാ കായിക പ്രവര്‍ത്തനങ്ങള്‍ എന്നിവയും സംഘടിപ്പിക്കണം. .