എന്റെ ജീവിത
പാഠപുസ്തകത്തിലെ
താളുകൾ ഞാനൊന്ന്
മറിച്ചുനോക്കി.
ഒരുപാട് വെട്ടലുകളും
തിരുത്തലുകളും.
ചിലത് ഒറ്റ വെട്ടിനാൽ
തിരുത്തിയതും, മറ്റു ചിലത്
തിരിച്ചറിയാത്ത വണ്ണം
കുത്തിവെട്ടിയതും.
മുഴുവനാക്കാതെ
വിട്ടുപോയ താളുകൾ
എന്റെ ചിന്തകൾ മുറിഞ്ഞതാവാം.
ചില താളിൽ മുറിച്ചു മുറിച്ച്
എഴുതിയിട്ടുണ്ട്.
പുതിയ എന്തോ കാര്യം സൂക്ഷിച്ചതാകാം.
എഴുത്തിനിടയിൽ ആശ്ചര്യചിഹ്നമുണ്ട്!
ജീവിതത്തിലെ പ്രതീക്ഷിക്കാത്ത
കാര്യം നടന്നതാകാം
കോമകൾ, ഒരു തുടർക്കഥയുടെ
പിറവിയാകാം
ചോദ്യചിഹ്നങ്ങൾ ഭാവികഥയെ
തുറിച്ചു നോക്കുന്നുണ്ട്.
കുത്തുകൾ അവസാനിപ്പിച്ചതാകാം. ഖണ്ഡിക പൂർത്തിയാക്കാത്ത
താളുകളിൽ ഇനിയും എന്തിനേയോ
പ്രതീക്ഷിച്ചിരിക്കുകയാണ്
മഷി പുരണ്ട എന്റെ ജീവിതകഥ…!
.