LoginRegister

കാരുണ്യച്ചിറകായി തൂവല്‍ സ്പര്‍ശം

ഹെന്ന സാബി

Feed Back


കാത്തുവച്ച പ്രത്യാശയുടെ കൈത്തിരിവെട്ടം കെട്ടുപോകുകയും കൈപിടിക്കാന്‍ ഒരാളില്ലാതെയാവുകയും ചെയ്തപ്പോള്‍ ഇടറിപ്പോയ കുറെ ജീവനുകളുണ്ട് നമുക്ക് ചുറ്റും. വൈവാഹിക ജീവിതത്തില്‍ നിന്നു മാറി ഭര്‍ത്താവിന്റെ അഭാവത്തില്‍ ജീവിക്കുന്ന സ്ത്രീകളാണ് ഇവര്‍. പങ്കാളിയുടെ മരണം കൊണ്ടോ, പങ്കാളി ഉപേക്ഷിച്ചതുകൊണ്ടോ, ലഹരിയും മറ്റു കാരണങ്ങളും കൊണ്ട് പങ്കാളിയുടെ കുടുംബജീവിതത്തില്‍ നിന്ന് ഒഴിഞ്ഞുമാറിയത് കൊണ്ടോ കുടുംബജീവിതം താറുമാറായ ഈ സഹോദരിമാര്‍ ശിഷ്ടകാലം അവഗണനയുടെയും ദുരിതത്തിന്റെയും ലോകത്താണ് ജീവിതം തള്ളിനീക്കുന്നത്. കുട്ടികളടങ്ങുന്ന കുടുംബ ജീവിതത്തില്‍ ഒറ്റക്ക് മുന്നോട്ടുപോകേണ്ടിവരുമ്പോള്‍ ഇവരെ അര്‍ഹിക്കുന്ന ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കാന്‍ ഉത്തരവാദപ്പെട്ട ആളുകള്‍ പോലും എത്തുന്നില്ല. ജീവിതത്തിന്റെ നിറം കെട്ടുപോയ ഇവരെ ശ്രദ്ധിക്കാനോ സഹായിക്കാനോ പദ്ധതികളുമില്ല. അങ്ങനെയൊരു വിഭാഗം ആളുകള്‍ ഉണ്ടെന്ന് പോലും സമൂഹത്തിന്റെ ശ്രദ്ധയിലില്ല.
എന്നാല്‍ അത്തരം ആളുകളെ കണ്ടെത്തി സ്വന്തത്തോട് ചേര്‍ത്തിനിര്‍ത്തി സമൂഹത്തിന്റെ മുന്‍നിരയിലേക്ക് നയിക്കാന്‍ പദ്ധതിയൊരുക്കിയ ഒരു കൂട്ടം സുമനസുകളുടെ കഥയാണ് തൂവല്‍ സ്പര്‍ശം എന്ന കൂട്ടായ്മ. കൊച്ചിയിലെ മട്ടാഞ്ചേരി കേന്ദ്രമായി പിറവിയെടുത്ത ഈ കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്നത് മുജാഹിദ് ഗേള്‍സ് മൂവ്‌മെന്റിന്റെ (എം ജി എം) ശാഖയാണ്. സംസ്ഥാനത്ത് തന്നെ ആദ്യമായി തുടങ്ങിയ ഈ സംരംഭം ഇന്ന് സേവനത്തികവിലൂടെ കേരളമാകെ മാതൃകയാവുകയാണ്. സഹജീവി സ്‌നേഹത്തിന്റെയും ചേര്‍ത്തുനിര്‍ത്തലിന്റെയും ഉദാത്തമാതൃകയായി ഇന്ന് തൂവല്‍സ്പര്‍ശം മാറിക്കഴിഞ്ഞു.
സാമൂഹിക സേവനപ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഭര്‍ത്താവില്ലാത്തവരുടെ ജീവിതത്തിലേക്ക് മട്ടാഞ്ചേരിയിലെ എം ജി എം പ്രവര്‍ത്തകര്‍ എത്തുന്നത്. ഇവരുടെ ജീവിത സാഹചര്യങ്ങളും സാമൂഹിക അവസ്ഥയും അന്വേഷിച്ചാണ് തുടക്കം. അങ്ങനെ 2019ല്‍ തൂവല്‍ സ്പര്‍ശം എന്ന പേരില്‍ ഒരു കൂട്ടായ്മ രൂപീകരിച്ചു. വിധവകളും ഭർത്താവ് ഉപേക്ഷിച്ചവരുമായ സ്ത്രീകളുടെ ജീവിതവും പ്രയാസങ്ങളും പഠിക്കുകയായിരുന്നു ആദ്യ ഘട്ടം. ഇതിന്റെ ഭാഗമായി വീടുകള്‍ കയറി സര്‍വേ നടത്തി. മട്ടാഞ്ചേരിയും പരിസരപ്രദേശവും കേന്ദ്രമാക്കി നടത്തിയ സര്‍വേയില്‍ 150 കുടുംബങ്ങളെ കണ്ടെത്തി. ചെറിയൊരു ഭൂപ്രദേശത്താണ് ഇത്രയധികം പേരെ കണ്ടെത്തിയത്. ഇവരെ സംഘടിപ്പിക്കാനും ഒന്നിച്ചിരുത്താനുമായി അടുത്ത ശ്രമം. അങ്ങനെ 2020 ഫെബ്രുവരിയില്‍ മാളിയേക്കല്‍ ഓഡിറ്റോറിയത്തില്‍ ഒരു സംഗമം സംഘടിപ്പിച്ചു. രാവിലെ മുതല്‍ രാത്രി വരെ നീണ്ട സംഗമം എം ജി എം സംസ്ഥാന വൈസ് പ്രസിഡന്റ് മറിയക്കുട്ടി ടീച്ചറാണ് ഉദ്ഘാടനം ചെയ്തത്. വിവിധ ക്ലാസുകള്‍, മോട്ടിവേഷന്‍, സംഗമത്തിന് എത്തിയവരുടെ കലാപരിപാടികള്‍ തുടങ്ങിയവയും അരങ്ങേറി. ഇതിനു തുടര്‍ച്ചയായി 2021ലും സംഗമം നടന്നു. ഇപ്പോള്‍ എല്ലാ വര്‍ഷവും ഫെബ്രുവരിയില്‍ സംഗമങ്ങള്‍ സംഘടിപ്പിക്കുന്നു. ഇവർക്കാവശ്യമായ ഭക്ഷണ കിറ്റ്, കുട്ടികള്‍ക്കുള്ള പഠന സഹായങ്ങള്‍ എന്നിവ ചെറിയ തോതിൽ എത്തിച്ചു വരുന്നു. സ്വയം തൊഴിലിനുള്ള സംവിധാനമൊരുക്കല്‍, ആവശ്യമുള്ളവർക്ക് സൗജന്യ നിയമ സഹായം, വാടകവീടുകളിലെ കുടുംബങ്ങളുടെ പുനരധിവാസം, സര്‍ക്കാര്‍ സഹായങ്ങള്‍ ലഭ്യമാക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ഈ കൂട്ടായ്മയുടെ തുടർന്നുള്ള ലക്ഷ്യങ്ങളിൽ പെടുന്നു.
ചെറുപ്രായത്തില്‍ തന്നെ വിധവകളായവരെയും സര്‍വേയില്‍ കണ്ടെത്തി. 90 ശതമാനം പേരും താമസിക്കുന്നത് വാടക വീടുകളിലാണ്. ഇവര്‍ക്ക് കാര്യമായ ജോലിയില്ല. വീടുകളില്‍ ജോലിക്കു പോയാണ് പലരും ജീവിക്കുന്നത്. സ്ഥിരമായി വരുമാനമില്ലാത്തവരാണ് ഭൂരിഭാഗവും. പഠിക്കുന്ന കുട്ടികളുടെ ചെലവും ഇവര്‍ക്ക് താങ്ങാനാവുന്നില്ല. അസുഖ ബാധിതരുമുണ്ട്. മരുന്ന് വാങ്ങാന്‍ ഇവര്‍ പ്രയാസപ്പെടുന്നു.
2024 ഫെബ്രുവരിയിൽ നടത്തിയ സംഗമത്തില്‍ 224 പേരാണ് പങ്കെടുത്തത്. എം ജി എം സംസ്ഥാന പ്രസിഡന്റ് സൽമ അൻവാരിയ ഉദ്ഘാടനം ചെയ്തു. ഇക്കഴിഞ്ഞ സെപ്തംബറിൽ 30 മുതല്‍ 50 വയസുവരെയുള്ളവരുടെ സംഗമവും വയോജനദിനത്തോടനുബന്ധിച്ച് 60 കഴിഞ്ഞ വിധവകളെ ആദരിക്കുന്ന പരിപാടിയും സംഘടിപ്പിച്ചു. മത്സരങ്ങളും ഒപ്പനയും പാട്ടും കളികളും കൂട്ടത്തിൽ സംഘാടകർ ഒരുക്കുന്ന രുചിയേറിയ ഭക്ഷണവുമൊക്കെയായി കൊല്ലത്തിൽ ഒരിക്കൽ ദുഃഖങ്ങൾക്ക് അവധി നൽകി ഹൃദയം തുറന്ന് സന്തോഷിക്കുന്ന ദിനങ്ങളായി ഓരോ സംഗമവും മാറിക്കഴിഞ്ഞു.
എം ജി എം സംസ്ഥാന വൈസ് പ്രസിഡന്റ് പി ഖദീജ കൊച്ചിയുടെ നേതൃത്വത്തിൽ സഹപ്രവർത്തകരായ സീനത്ത് റഹീം, സുനിത നൗഷാദ്, സീനത്ത് ഷമീര്‍, കെ വൈ റഷീദ, സീനത്ത് ജലാൽ, സുനിത ഹംസക്കോയ തുടങ്ങിയവരാണ് തൂവല്‍സ്പര്‍ശത്തിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. മട്ടാഞ്ചേരി ശാഖ കെ എന്‍ എം മർക്കസുദ്ദഅ്വയുടെ സഹായവുമുണ്ട്. പ്രസിഡന്റ് എസ് ജലാല്‍, സെക്രട്ടറി കെ എസ് ജലാല്‍, മണ്ഡലം പ്രസിഡണ്ട് എം എ മഹറൂഫ്, പി എസ് നൗഷാദ്, എ എം ഹംസക്കോയ തുടങ്ങിയവരും മേല്‍നോട്ടം വഹിക്കുന്നു.
തൂവല്‍സ്പര്‍ശം സംസ്ഥാനത്തിന് തന്നെ മാതൃകാ പദ്ധതിയാണെന്നും പ്രാദേശികമായി ഇത്തരം കൂട്ടായ്മകള്‍ ഉയര്‍ന്ന് വരണമെന്നും കെ എൻ എം മർക്കസുദ്ദഅ്വ കൊച്ചി മണ്ഡലം സെക്രട്ടറി കെ കെ എം അശ്‌റഫ് പറഞ്ഞു. വിധവകളെ സമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്തുകയല്ല ജീവിതത്തില്‍ ഇവര്‍ക്ക് സഹായവും ആശ്വാസവും നല്‍കി ഉയർത്തിക്കൊണ്ടുവരിക എന്നത് പരിഷ്‌കൃത സമൂഹത്തിന്റെ കടമയാണ്. ഇവരുടെ പുനരധിവാസം, കുട്ടികളുടെ പഠനം തുടങ്ങിയ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. അതിനുള്ള സംവിധാനമൊരുക്കാനുള്ള ശ്രമത്തിലാണ് പ്രവര്‍ത്തകരെന്നും അദ്ദേഹം പറഞ്ഞു.

പ്രാദേശികമായി മഹല്ലുകള്‍
സംവിധാനമൊരുക്കണം

പരിഷ്‌കൃത സമൂഹത്തിന്റെ മേനിനടിച്ചിലില്‍ ജീവിതത്തിന്റെ പുറമ്പോക്കിലേക്ക് തള്ളിമാറ്റപ്പെട്ടവരാണ് ഭര്‍ത്താവിന്റെ അഭാവത്തില്‍ കുടുംബ ജീവിതം തള്ളി നീക്കുന്ന സത്രീകള്‍. ഏറെ പ്രതീക്ഷയോടെ കുടുംബജീവിതത്തിലേക്ക് കാലെടുത്തുവച്ചവര്‍ പല കാരണങ്ങളാലും ഒറ്റക്കായി പോയതിന്റെ ബാക്കിപത്രമാണ് വൈധവ്യം. ഭര്‍ത്താവിന്റെ മരണം മൂലം വിധവകളായവര്‍ക്ക് സാധാരണനിലയില്‍ സമൂഹത്തിന്റെയും കുടുംബത്തിന്റെയും സംരക്ഷണം ലഭിക്കാറുണ്ട്. എന്നാല്‍ ഭര്‍ത്താവ് ഉപേക്ഷിച്ചുപോകുകയോ പരസ്പരമുള്ള പ്രശ്‌നങ്ങളുടെ പേരില്‍ വിട്ടുനില്‍ക്കുകയോ ചെയ്തവരുടെ കാര്യം പരമ ദയനീയമാണ്. കയറിക്കിടക്കാന്‍ ഒരു വീടോ, ഉപജീവനത്തിന് ഒരു ജോലിയോ ഇല്ലാതെ ഇവര്‍ ദുരിതക്കയത്തിലകപ്പെടുകയാണ്. കുട്ടികളെ നോക്കാനോ വിദ്യാഭ്യാസം നല്‍കാനോ വരുമാനമില്ലാത്തതിനാല്‍ ഇവര്‍ക്ക് കഴിയില്ല. അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുമില്ലാതെ വാടകവീട്ടിലാണ് പലരുടെയും താമസം. സഹായിക്കാനോ സമാധാനിപ്പിക്കാനോ ആരുമില്ല. രോഗമായാല്‍ കൂട്ടിനാളില്ല. പ്രയാസങ്ങള്‍ പങ്കുവെക്കാന്‍ ഉറ്റവരുമില്ല. അക്ഷരാര്‍ഥത്തില്‍ ഒറ്റപ്പെട്ടുപോയവര്‍ ഇവരാണ്. കുടുംബത്തിന്റെയും സമൂഹത്തിന്റെയും അവഗണനയില്‍ നീറിക്കഴിയുകയാണിവര്‍.
കുടുംബത്തിന് എന്തോ ഒരു പോരായ്മ വരുത്തിവച്ചവരെന്ന കുറ്റപ്പെടുത്തലാണ് അവര്‍ നേരിടേണ്ടി വരുന്നത്. ആരും ആഗ്രഹിച്ചിട്ടില്ല വൈധവ്യം അവരെ തേടി വന്നതെന്നും ആ അവസ്ഥയില്‍ നിന്ന് അവരെ കരകയറ്റണമെന്നുമുള്ള ചിന്ത കുടുംബത്തിനോ സമൂഹത്തിനോ ഇല്ലാത്തതിനാല്‍ ഇവര്‍ ഇന്നും പുറംതള്ളപ്പെട്ടവരായി തുടരുകയാണ്.
ഇവരുടെ മക്കളുടെ സ്ഥിതിയാണ് ദുരിതം. പിതാവ് ജീവിച്ചിരിക്കെ അനാഥരാക്കപ്പെട്ടവര്‍ക്ക് എങ്ങും അവഗണന മാത്രമാണ് കൂട്ട്. മതിയായ സ്നേഹവും പരിഗണനയും ലഭിക്കാത്തതിനാല്‍ പെണ്‍കുട്ടികള്‍ തികഞ്ഞ അപകര്‍ഷതാ ബോധത്തിലാണ് വളരുന്നത്. വാടക വീടുകളില്‍ ഇവര്‍ സുരക്ഷിതരുമല്ല. ആരില്‍ നിന്നും ആശ്വാസം ലഭിക്കാതെയും ആരെയും വിശ്വാസമില്ലാതെയും നിറംകെട്ട ജീവിതമാണ് ഇവര്‍ക്കുള്ളത്. ശ്രദ്ധിക്കാന്‍ നാഥനില്ലാത്തതിനാല്‍ കുട്ടികള്‍ വഴിതെറ്റിപോകുന്നതിന്റെ ദു:ഖം വെറേയും. സമൂഹത്തിനു മുന്നില്‍ ചോദ്യചിഹ്നമായാണ് ഇത്തരം കുട്ടികള്‍ വളരുന്നത്. ഇവരെ സംരക്ഷിക്കാനോ സഹായിക്കാനോ ആരുമില്ലാത്തതിനാല്‍ ഈ ജീവിതങ്ങള്‍ അതേ രീതിയില്‍ തുടരുകയാണ്.
വിധവകളുടെ പ്രശ്‌നങ്ങള്‍ പ്രാദേശികമായി കൈകാര്യം ചെയ്യപ്പെടണമെന്നാണ് തൂവല്‍ സ്പര്‍ശം കൂട്ടായ്മയുടെ അഭിപ്രായം. അതിന് മഹല്ല് ജമാഅത്ത് കമ്മറ്റികള്‍ മുന്‍കൈ എടുക്കണം. വൈവാഹിക പ്രശ്‌നങ്ങളും അതിനുള്ള പരിഹാരവും വേഗത്തില്‍ കൈകാര്യം ചെയ്യാന്‍ മഹല്ല് കമ്മറ്റികള്‍ക്കാവണം. പരാതികള്‍ പരിഹാരമില്ലാതെ നീണ്ടുപോകുന്നത് കുടുംബങ്ങളെ അരക്ഷിതാവസ്ഥയിലേക്കാണ് നയിക്കുക.
ഇത്തരം സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങള്‍ക്കും പരിഹാരമുണ്ടാവണം. നിയമസഹായത്തിന്റെയും കേസിന്റെയും പേരില്‍ വലിയ തോതില്‍ സാമ്പത്തിക ചൂഷണത്തിന് ഇവര്‍ ഇരയാവുന്നുണ്ട്. അറിവില്ലായ്മയുടെയും സഹായത്തിന് ആളില്ലാത്തതിന്റെയും പേരില്‍ അഭിഭാഷകരടക്കം ഇവരെ ചൂഷണം ചെയ്യുകയാണ്. ഭര്‍ത്താവ് ഉപേക്ഷിച്ചുപോകുന്നവര്‍ക്ക് നിയമപ്രകാരം ബന്ധം വേര്‍പ്പെടുത്താത്തതിനാല്‍ പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങൾക്ക് അപേക്ഷിക്കാൻ പോലും സാധിക്കുന്നില്ല.
എന്നാല്‍ ഇത്തരം സ്ത്രീകളുടെ കാര്യങ്ങളില്‍ ഇസ്‌ലാമിക നിയമപ്രകാരം മഹല്ലുകള്‍ക്കും ഖാദിക്കും ഗൗരവമായ ഉത്തരവാദിത്തമുണ്ട്. അവരുടെ സംരക്ഷണം അടക്കമുള്ള ചുമതല ഇസ്‌ലാമിക നിയമപ്രകാരം മഹല്ല് ഖാദിയിൽ നിക്ഷിപ്തമാണ് എന്ന് കാണാനാവും. എന്നാൽ ഇന്ത്യ പോലെയുള്ള ഒരു രാജ്യത്ത് ഇസ്‌ലാമിക നിയമങ്ങള്‍ നടപ്പില്‍ വരുത്താനുള്ള വലിയ പരിമിതകള്‍ ഉണ്ടെന്നും, അതുവഴി മഹല്ലുകൾക്ക് അധികാരം കുറവാണെന്ന് അംഗീകരിക്കുമ്പോള്‍ തന്നെ, മഹല്ലുകള്‍ക്ക് അവരുടെ പരിമിതികളില്‍ നിന്ന് കൊണ്ട് ചെയ്യാവുന്ന പല കാര്യങ്ങളും ഉണ്ടെന്നത് വാസ്തവമാണ്. തങ്ങളുടെ പരിതിയില്‍ നിക്കാഹ് കഴിച്ചിട്ടുള്ള ഒരു സ്ത്രീയെ അവളുടെ ഇണ സംരക്ഷിക്കുയോ ഉത്തരവാദിത്തം എറ്റെടുക്കുകയോ ചെയ്യുന്നില്ല എന്ന പരാതി വന്നാല്‍ അതില്‍ ഇടപെടാനും ആ സ്ത്രീയുടെ സംരക്ഷണം ഉറപ്പ് വരുത്താനും മഹല്ലുകള്‍ക്ക് കഴിയേണ്ടതുണ്ട്. ഇല്ല എങ്കില്‍ അവളുടെ ഇച്ഛ പരിഗണിച്ച് വിവാഹ ബന്ധത്തിൽ നിന്ന് അവളെ മോചിപ്പിച്ചു കൊടുക്കാന്‍ വേണ്ട നടപടികളും മഹല്ല് കമ്മിറ്റിക്ക് ചെയ്യാന്‍ കഴിയും. അങ്ങനെ വരുമ്പോള്‍ ഭര്‍ത്താവ് എവിടെയെന്നറിയാത്ത സ്ത്രീകള്‍ക്ക് അതില്‍ നിന്നും മോചിതരായി വേറെ വിവാഹ ബന്ധത്തിലേക്കോ, അതുമല്ലെങ്കില്‍ നിയമം വഴി ലഭിക്കാവുന്ന മറ്റ് പരിരക്ഷയോ തേടി പോവാനുള്ള സാധ്യതയുണ്ട്. എന്നാൽ ഇവിടെ സ്ഥിതി നേരെ മറിച്ചാണ്.
ഇസ്‌ലാമികനിയമ പ്രകാരം ന്യായാധിപതി ആവുന്ന സ്ഥാപനങ്ങള്‍ തന്നെ ഇത്തരം സ്ത്രീകളുടെ ജീവിതത്തെ സ്വാഭാവികവല്‍ക്കരിക്കുകയും എളുപ്പമാക്കി കൊടുക്കാവുന്ന ഇടങ്ങളില്‍ പോലും കയ്യൊഴിയുകയും ചെയ്യുന്ന കാഴ്ച പല കേസുകളിലും കാണാനാവും. സമാന അവസ്ഥയിലേക്ക് സ്ത്രീകള്‍ എത്താതിരിക്കാന്‍ സമൂഹത്തില്‍ ഇടപെടാനുള്ള ഉത്തരവാദിത്തം മുസ്‌ലിം സമുദായത്തിനും അതിലെ സംഘടനകള്‍ക്കും മഹല്ലുകൾക്കുമുണ്ട്. .

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top