കുറച്ച് ടെന്‍ഷനും പേടിയും മനോവിഷമങ്ങളും ഉണ്ടാവാത്തവരായി ആരും തന്നെയുണ്ടാവില്ല. ജീവിതത്തില്‍ ചെറുതോ വലുതോ ആയ മാറ്റങ്ങളോ എന്തെങ്കിലും പുതിയ കാര്യങ്ങള്‍ സംഭവിക്കുകയോ ചെയ്യുമ്പോള്‍ സ്വാഭാവികമായും നാമെല്ലാം ഇത്തരം ടെന്‍ഷനുകളിലൂടെയാണ് കടന്നുപോകാറുള്ളത്. ചെറിയ കുഞ്ഞുങ്ങളായിരിക്കുമ്പോള്‍ അമ്മയെ മുന്നില്‍ കാണാത്തതോ കളിപ്പാട്ടം കാണാത്തതോ തുടങ്ങിയ കാര്യങ്ങള്‍ ആയിരിക്കാം ആധികളും വിഷമവും ഉണ്ടാക്കുന്നത്. മുതിര്ന്നവരാകുമ്പോഴോ ജോലി സ്ഥലത്തെ കാര്യങ്ങളും കുടുംബത്തിലെ വിഷയങ്ങളും ഉള്‍പ്പെടെ പല രീതിയിലുള്ള ആധിയും ആശങ്കകളും ഉത്കണ്ഠയും അനുഭവിക്കുന്നവരാണ് നാം. നമുക്ക് നിയന്ത്രിക്കാന്‍ ആവാത്ത വിധം ഇത്തരം ഉത്കണ്ഠകള്‍ നീണ്ടുനില്‍ക്കുകയും നമ്മുടെ ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബാധിച്ചു തുടങ്ങുകയും ചെയ്താല്‍ ഇതൊരു രോഗാവസ്ഥയിലേക്ക് മാറിയെന്നാണ് അർഥം. ശാരീരികവും മാനസികവുമായ ഒത്തിരി ലക്ഷണങ്ങള്‍ ഉത്കണ്ഠ രോഗത്തോട് അനുബന്ധിച്ച് ഉണ്ടാവാം. പലപ്പോഴും ശാരീരികമായ ലക്ഷണങ്ങളാണ് മുന്‍പന്തിയില്‍ ഉണ്ടാവുക.
തലച്ചോറിലെ രാസവസ്തുക്കളായ ചില ന്യൂറോ ട്രാന്‍സ്മിറ്ററുകളില്‍ ഉണ്ടാവുന്ന വ്യതിയാനങ്ങളാണ് ഉത്കണ്ഠയിലേക്ക് നയിക്കുന്നത്. മാതാപിതാക്കളില്‍ ആര്‍ക്കെങ്കിലും അമിതമായ ഉത്കണ്ഠയോ മനോവിഷമങ്ങളോ ഉള്ളവരാണെങ്കില്‍ കുട്ടികളിലും ഇത് കാണാനുള്ള സാധ്യതയുണ്ട്. ജോലി സമ്മർദമോ സാമ്പത്തിക ബുദ്ധിമുട്ടുകളോ തുടങ്ങിയ സ്ഥിരം ആയതും അമിതമായതുമായ മാനസിക പിരിമുറുക്കങ്ങള്‍ ഉത്കണ്ഠാ രോഗത്തിന് കാരണമായേക്കാം. തൈറോയ്ഡ് ഗ്രന്ഥിയില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍, ആസ്ത്മ, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ രോഗാവസ്ഥയിലൂടെ കടന്നുപോകുന്നവരില്‍ പൊതുവേ ഉത്കണ്ഠ രോഗം കണ്ടുവരാറുണ്ട്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം തീവ്രമായ ഉത്കണ്ഠ രോഗത്തിലേക്ക് വഴിവെക്കാം.
അമിതമായ ഉത്കണ്ഠ അനുഭവിക്കുന്നവരില്‍ ശാരീരികമായ പല ബുദ്ധിമുട്ടുകളും കാണാറുണ്ട്.
ശ്വാസം എടുക്കുന്നതിനുള്ള ബുദ്ധിമുട്ടും ത്വരിതഗതിയിലുള്ള ശ്വാസോച്ഛ്വാസവും സാധാരണയാണ്.
അമിതമായ നെഞ്ചിടിപ്പും നെഞ്ചില്‍ ഭാരം കയറ്റിവെച്ചത് പോലെ അനുഭവപ്പെടുകയും ചെയ്യാം.
ശരീരത്തിലെ പേശികള്‍ വലിഞ്ഞു മുറുകുന്നതായും അതുമൂലം ശരീരഭാഗങ്ങളില്‍ വേദന അനുഭവപ്പെടുന്നതായും കാണാം.
കൈകാലുകള്‍ വിറക്കുകയും കാലുകള്‍ തമ്മില്‍ കൂട്ടിമുട്ടുന്നതായും അനുഭവപ്പെടാം.
വയറുവേദന, ഓക്കാനം, ഛര്‍ദി, മലബന്ധം, മറ്റു ദഹന പ്രശ്നങ്ങള്‍ തുടങ്ങിയവയും ഉത്കണ്ഠയോടൊപ്പം കണ്ടുവരാറുണ്ട്.
കണ്ണില്‍ ഇരുട്ട് കയറുന്നത് പോലെയും തലകറങ്ങുന്നത് പോലെയും തോന്നാം.
ശരീരഭാഗങ്ങളില്‍ മരവിപ്പോ ശരീരത്തിന് അമിതമായ ചൂടോ തണുപ്പോ അനുഭവപ്പെടാം.
അമിതമായി വിയര്‍ക്കുകയും തുടര്‍ച്ചയായി നീണ്ടുനില്‍ക്കുന്ന വെപ്രാളവും ഉണ്ടാവാം.
എല്ലായ്പ്പോഴും മാനസിക സംഘര്‍ഷങ്ങളിലും അസ്വസ്ഥതയിലുമായിരിക്കും ഇവര്‍. ഇത് അസാധാരണമായ കാര്യമാണെന്ന് ഉത്കണ്ഠ ഉള്ളവര്‍ക്ക് മനസ്സിലാവണമെന്നില്ല.
തികച്ചും അക്ഷമരായാണ് ഉത്കണ്ഠയുള്ളവര്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുക. ഒരിടത്ത് അടങ്ങിയിരിക്കാന്‍ പറ്റാതെ വരിക, മറ്റുള്ളവര്‍ പറയുന്നത് കേട്ടിരിക്കാന്‍ സാധിക്കാതിരിക്കുക, തുടങ്ങിയ രീതിയില്‍ ഇത് പ്രകടിപ്പിക്കാം.
ഉറക്കം നഷ്ടമാകുക, ഉറങ്ങി എണീറ്റാലും ക്ഷീണം അനുഭവപ്പെടുക എന്നീ ലക്ഷണങ്ങളും കാണാം.
ഏകാഗ്രത കുറവ്, പഠനകാര്യങ്ങളിലോ ജോലി കാര്യങ്ങളിലോ മറ്റോ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റാത്ത ആവുക തുടങ്ങിയവ ഉത്കണ്ഠ മൂലം ഉണ്ടാവാറുണ്ട്.
പാനിക് അറ്റാക്
ഉത്കണ്ഠ രോഗികളില്‍ സാധാരണയായി കണ്ടുവരുന്ന ഒരു അവസ്ഥയാണ് ‘പാനിക് അറ്റാക്’. ഹൃദയാഘാതത്തിന് സമാനമായ ശാരീരിക ലക്ഷണങ്ങള്‍ ഒരുമിച്ച് ഈ സമയത്തുണ്ടാവാം. നെഞ്ചിലെ അസ്വസ്ഥതകള്‍, ശ്വാസ തടസ്സം, അമിതമായ വിയര്‍ക്കലും വിറയലും പാനിക് അറ്റാക്കിനോട് അനുബന്ധിച്ച് ഉണ്ടാവും. കൂടാതെ മരിക്കാന്‍ പോവുകയാണ് എന്ന അനിയന്ത്രിതമായ തോന്നലും പേടിയും ഇതോടൊപ്പം ഉണ്ടാകും.
ചികിത്സ
വരാനിരിക്കുന്ന മോശം അവസ്ഥകളെയും കഴിഞ്ഞുപോയ അവസ്ഥകളെയും കുറിച്ചുള്ള അനാവശ്യമായ, അമിതമായ ചിന്തകള്‍ ഉത്കണ്ഠാ രോഗമുള്ളവരില്‍ തീര്‍ച്ചയാണ്. മനസ്സിനെ ഇത്തരം ചിന്തകളില്‍ നിന്ന് പിടിച്ചുയര്‍ത്തേണ്ടത് അത്യാവശ്യമാണ്. കൃത്യമായ രോഗനിര്‍ണയവും ചികിത്സയും വഴി ഉത്കണ്ഠ രോഗം മറികടക്കാന്‍ ആവും. തീവ്രമായ ഉത്കണ്ഠകള്‍ക്ക് മരുന്ന് ചികിത്സ ആവശ്യമായി വരാം. തലച്ചോറിലെ രാസവസ്തുക്കളിലെ അളവുകളിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ നിയന്ത്രിക്കുകയാണ് മരുന്ന് ചികിത്സയിലൂടെ ചെയ്യുന്നത്. ഉത്കണ്ഠകള്‍ നിയന്ത്രിക്കുന്നതിനുള്ള സൈക്കോതെറാപ്പികളും ഇതോടൊപ്പം ലഭ്യമാക്കേണ്ടതുണ്ട്. തീവ്രത കുറഞ്ഞ ലക്ഷണങ്ങള്‍ ഉള്ളവരില്‍ സൈക്കോതെറാപ്പികള്‍ കൊണ്ട് മാത്രം മാറ്റങ്ങള്‍ കൊണ്ടുവരാനാവും.
നമ്മുടെ ജീവിതശൈലിയില്‍ കൊണ്ടുവരുന്ന ചില മാറ്റങ്ങള്‍ ഉത്കണ്ഠകളില്‍ നിന്ന് നമ്മെ സംരക്ഷിക്കും. വ്യായാമം, ഉറക്കം, നല്ല ഭക്ഷണം, നല്ല ശീലങ്ങള്‍, നല്ല ഹോബികള്‍ തുടങ്ങിയവ ഒരു രോഗാവസ്ഥയിലേക്ക് ആധികളെ കൊണ്ടെത്തിക്കാതെ മാറ്റിയെടുക്കാം.
ദിവസവും കുറഞ്ഞത് 20 മിനിറ്റെങ്കിലും ഏതെങ്കിലും തരത്തിലുള്ള ശാരീരിക അധ്വാനം ചെയ്യുന്നതിലൂടെ ‘ഹാപ്പി ഹോര്‍മോണ്‍’ എന്നറിയപ്പെടുന്ന എന്‍ഡോര്‍ഫിനുകളുടെ ഉല്പാദനം ശരീരത്തില്‍ വർധിക്കുകയും നമ്മുടെ ഉത്കണ്ഠകള്‍ കുറയുകയും ചെയ്യും.
പോഷകസമ്പന്നമായ ഭക്ഷണവും ശാന്തമായ ഉറക്കവും വളരെ പ്രധാനപ്പെട്ടതാണ്.
രസകരമായ ഹോബികളും ശീലങ്ങളും വളര്‍ത്തിയെടുക്കുന്നതിലൂടെ ജീവിതത്തെക്കുറിച്ച് പോസിറ്റീവായ ചിന്തകള്‍ ഉണ്ടാക്കാന്‍ സാധിക്കുന്നു.
എല്ലാ കാര്യങ്ങളിലും സന്തോഷം കണ്ടെത്താനായി ശ്രമിക്കുക. എല്ലാ ദിവസവും ഉറങ്ങുന്നതിനു മുമ്പ് അന്ന് നിങ്ങള്‍ക്ക് ഉണ്ടായ കുറഞ്ഞത് അഞ്ചു സന്തോഷങ്ങള്‍ എങ്കിലും ഓര്‍ത്തു നോക്കുക. ഇത് തുടര്‍ച്ചയായി ചെയ്താല്‍ വലിയ മാറ്റങ്ങള്‍ തന്നെ ഉണ്ടാകും.
വിവിധതരം റിലാക്സേഷന് രീതികളും യോഗ പോലുള്ള മെഡിറ്റേഷന്‍ രീതികളും മനസ്സിനെ ശാന്തമാക്കാന്‍ ഉപയോഗിക്കാം. .