LoginRegister

താളം

സിയാഹുൽ ഹഖ് പാപ്പിനിപ്പാറ

Feed Back


ഇന്നും അയാള്‍ മുഖപുസ്തകത്തില്‍ അവളെ കുറിച്ച് രണ്ടു വരികള്‍ കുറിച്ചിട്ടു. കഴിഞ്ഞ ചില വര്‍ഷങ്ങളായി അയാളുടെ ഫേസ്ബുക്ക് വാളില്‍ അവളെക്കുറിച്ച വിശേഷങ്ങള്‍ മാത്രം ചെറു കുറിപ്പുകളായ് വിരിയാന്‍ തുടങ്ങിയതാണ്.
ചിലപ്പോള്‍ സന്തോഷത്തിന്റെ ടാഗോട് കൂടി. ചിലപ്പോള്‍ ദുഖമായിരുന്നു വികാരം. അല്‍ഭുതം… ഹാസ്യം…
“ഇന്നവള്‍ എന്റെ കുപ്പായത്തിന്റെ ബട്ടണുകള്‍ തുന്നി പിടിപ്പിച്ചു..”
തുടിക്കുന്ന ചങ്കിന്റെ ചിത്രത്തോടെ അയാളുടെ ഹൃദയം ഒരു വാചകത്തില്‍ നിറച്ച് വെച്ചു.
“ഇന്നവള്‍ക്ക് ഞങ്ങളുടെ പൊന്നുമോളുടെ കവിളില്‍ ചുംബനം നല്‍കാനായി..”
ഹൃദയത്തില്‍ വിരിഞ്ഞ സന്തോഷത്തെ പ്രകടിപ്പിക്കുവാന്‍ അനുയോജ്യമായ ഇമോജിക്കായി അയാള്‍ അലഞ്ഞു.
അയാളുടെ വരികളള്‍ക്ക് വലിയ മാനങ്ങള്‍ ചമക്കുന്ന സൗഹൃദ കമന്റുകള്‍ എന്നെ ആശ്ചര്യപ്പെടുത്തി. ഇത്രയും നിസാര വരികളെ ലൈക്കുകള്‍ കൊണ്ടും കമന്റുകള്‍ കൊണ്ടും ആഘോഷമാക്കുന്ന അയാളുടെ ഫോളോവേഴ്സിനെ കുറിച്ച് ഞാന്‍ മനസ്സില്‍ പുച്ഛം നിറഞ്ഞ ഒരു ഇമോജി വരഞ്ഞു വെച്ചു.
തന്റെ പ്രിയപ്പെട്ടവളെ കുറിച്ച് മാത്രമുള്ള കുഞ്ഞുകുറിപ്പുകള്‍ക്കൊണ്ട് മുഖപുസ്തകത്തില്‍ അയാള്‍ നേടിയ സൗഹൃദ വലയത്തെ ഞാന്‍ അസൂയയോടെ അറിഞ്ഞു. അർഥ വൈപുല്യങ്ങള്‍ കണ്ടെത്താനാകാത്ത ചെറുവാക്യങ്ങളുടെ ഉള്ളടക്കത്തിന്റെ പൊരുള്‍ തേടി ഞാന്‍.
കാലഹരണപ്പെട്ട വികാരങ്ങളെ ഇമോജികളായി മാത്രം പ്രകാശിപ്പിക്കുന്ന പുതു കാലത്ത് അയാളുടെ ഹൃദയം തൊട്ട വാക്കുകള്‍ക്ക് തിളക്കം കൂടി.
ത്യാഗപൂര്‍ണമായ ചേർത്തു വെപ്പിന്റെ നിറക്കാഴ്കളിലേക്കാണ് എന്റെ അന്വേഷണം എത്തിയത്. താളം തെറ്റിയ ഒരു പെണ്‍മനസ്സിന്റെ താളവും ഓളവുമായി ജീവിതത്തെ ആഘോഷമാക്കുന്ന മനുഷ്യന്‍..!
അയാള്‍ക്ക് പ്രകടിപ്പിക്കാന്‍ വികാരങ്ങളുടെ പുതിയ ഇമോജികള്‍ക്കായി തുടരുന്ന അന്വേഷണത്തില്‍ എന്റെ ഹൃദയവും ഞാന്‍ പകുത്തുനല്‍കി. .

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top