”കമ്പനി അടച്ചു. ഇനി മാത്തോട്ടം അങ്ങാടിയില്‍ ഞങ്ങളുടെ കമ്പനി ഇല്ല എന്നോര്‍ക്കുമ്പോള്‍ ഉള്ളില്‍ ഒരു തീയാ…!”
അത് പറയുമ്പോള്‍ ഉപ്പയുടെ ശബ്ദം ഇടറിയിരുന്നു. രാത്രി പുറത്ത് മഴ നില്‍ക്കാതെ പെയ്യുകയാണ്. ഉമ്മ കൊളുത്തിയ വിളക്ക് കാറ്റില്‍ അണയാന്‍ പോകുന്നു. വിളക്കിന്റെ തല ഊരിയെടുത്തു തിരി അല്പം നീട്ടി. പാടത്ത് കെട്ടിയിരിക്കുന്ന പോത്തുകള്‍ നിര്‍ത്താതെ അമറുന്നത് കേള്‍ക്കാമായിരുന്നു. ഞാന്‍ ചെറിയ പുതപ്പിനുള്ളിലേക്ക് ചുരുണ്ട് ഉമ്മയുടെ മടിയില്‍ തലവെച്ചു കിടന്നു. ഉമ്മ എന്റെ മുടിയിഴയിലൂടെ വിരലോടിക്കുമ്പോള്‍ കണ്ണുകള്‍ അറിയാതെ അടയുന്നുണ്ടായിരുന്നു.
”ഇനി നമ്മളെങ്ങനെ ജീവിക്കും…?”
ഉമ്മയുടെ ചോദ്യത്തിന് ഉപ്പ മറുപടി ഒന്നും പറഞ്ഞില്ല.
”ബേജാറാകാന്‍ പറഞ്ഞതല്ല…!”
ഉമ്മ ആശ്വാസവാക്കുകള്‍ പറഞ്ഞെങ്കിലും ഉപ്പയുടെ മനസ്സ് വല്ലാതെ വിങ്ങി. ഒരിക്കല്‍ നിശ്ചയദാര്‍ഢ്യത്തോടെ തിളങ്ങിയിരുന്ന കണ്ണുകളില്‍ നിരാശയുടെ നിഴല്‍.
”മുതലാളിയെ കണ്ടിരുന്നോ നിങ്ങള്‍…?”
”കണ്ടു… കണ്ണു നിറഞ്ഞിരുന്നു.”
”എന്തെങ്കിലും പറഞ്ഞോ?”
ഉപ്പ ഒരു നേരത്തെ മൗനത്തിനു ശേഷം തുടര്‍ന്നു.
”പണിക്കാര്‍ക്ക് എല്ലാര്ക്കും നഷ്ടം വേണംന്നാണ് പറയന്നതെന്നും, നിനക്ക് തരാന്‍ ന്റെ കയ്യില്‍ ഒന്നുല്യാലോ ആലീ എന്നും പറഞ്ഞു എന്റെ തോളില്‍ ചാഞ്ഞു…”
ഉപ്പ അരയിൽ നിന്നൊരു ബീഡിയെടുത്ത് തീ കൊളുത്തി.
”ഇത്രേംകാലം നമ്മളെല്ലാരും ജീവിച്ചില്ലേ, അതു മാത്രം മതീന്ന് പറഞ്ഞ് ഞാന്‍ മൂപ്പരെ യാത്രയാക്കി.”
ഉപ്പയുടെ മനസ്സ് കാറ്റത്തെ മേഘം കണക്കെ ഒഴുകുകയായിരുന്നു.
കഴിഞ്ഞ നാല്പത് വര്‍ഷക്കാലമായി സിന്റിക്കേറ്റ് കെമിക്കല്‍ ഫാക്ടറി മാത്തോട്ടം അങ്ങാടിയില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ട്. അന്നു മുതല്‍ വലിയുപ്പ ആ കമ്പനിയിലുണ്ട്. ഉപ്പയുടെ പതിമൂന്നാം വയസ്സിലാണ് വലിയുപ്പയുടെ കൂടെ കമ്പനിയില്‍ ജോലിക്ക് പോയി തുടങ്ങുന്നത്. പിന്നീട് കുടുംബത്തിലെ എല്ലാ ആണുങ്ങളും ഓരോരുത്തരായി കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നു.
ബേപ്പൂരിലേക്ക് പോകുന്ന വഴിയിലാണ് മാത്തോട്ടം അങ്ങാടി. അത്യാവശ്യം തിരക്കുള്ള നാടാണ്. റോഡിനോട് ചേര്‍ന്നുള്ള അര ഏക്കര്‍ ഭൂമിയിലാണ് സിന്റിക്കേറ്റ് കമ്പനി പ്രവര്‍ത്തിച്ചിരുന്നത്. ആ കമ്പനിയിലെ മൂപ്പനായിരുന്നു വലിയുപ്പ അയിച്ചാന് അബൂബക്കര്‍. ‘അയിച്ചാന്’ എന്നു പറഞ്ഞാല്‍ ആരും അറിയും.
ആറടി ഉയരത്തില്‍ കെട്ടിയ ചുറ്റുമതിലിന് മുന്നില്‍ വലിയ ഗേറ്റുണ്ട്. അകത്തേക്ക് കയറിയാല്‍ വലത് വശത്തായി ഇരു ബംഗ്ലാവ്. അതാണ് കമ്പനി മുതലാളി രാജേന്ദ്ര നാടാരുടെ വീട്. മംഗലാപുരത്തുള്ള കൂന്ദാപുരമാണ് മുതലാളിയുടെ ജന്മസ്ഥലം. രാജേന്ദ്ര നാടാരുടെ അച്ഛന് വീരേന്ദ്രനാടാരാണ് കോഴിക്കോട് വന്നു കമ്പനി തുടങ്ങുന്നത്. അച്ഛന്റെ പെട്ടെന്നുള്ള നിര്യാണത്തിന് ശേഷമാണ് രാജേന്ദ്ര നാടാര്‍ കമ്പനി ഏറ്റടുത്തുനടത്തുന്നത്.
ആ വലിയ ബംഗ്ലാവിന് ഇടത് വശത്തോട് ചേര്‍ന്നാണ് കമ്പനിയുടെ ഓഫീസ് നിലനിന്നിരുന്നത്. സ്റ്റീല്‍ പൈപ്പ് കൊണ്ടുള്ള ഇരുനില കെട്ടിടമായിരുന്നു അത്. താഴെ നിലയില്‍ സിന്റിക്കേറ്റ് നിര്‍മാണത്തിനാവിശ്യമായ കെമിക്കല്‍സും പൂഴിമണലും സൂക്ഷിക്കുന്ന ഗോഡൗണാണ്. ഗോഡൗണിന് മുന്നില്‍ നീണ്ട നിരയില്‍ പൂഴിമണലും കാരവും കെമിക്കല്‍ ബാരലും കൊണ്ടു വന്ന ലൈലന്റ് ലോറി നിര്‍ത്തിയിരിക്കുന്നു. കെട്ടിടത്തിന്റെ വലതു ഭാഗത്തായി മുകള്‍ നിലയിലെ ഓഫീസിലേക്ക് കയറുവാന്‍ ഇരുമ്പ് കോണ്ടുള്ള ഗോവണി. വീണ്ടും മുന്നോട്ട് നടന്നാല്‍ ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ ഇരുനില കെട്ടിടത്തിന്റെ വലുപ്പത്തിൽ തല ഉയര്‍ത്തി നില്ക്കുന്ന കമ്പനിയാണ്. കമ്പനിക്കകത്ത് ആദ്യം കാണുന്നത് ഇരുപത് മീറ്റര്‍ വീതിയും പതിനഞ്ച് മീറ്റര്‍ പൊക്കവുമുള്ള ഒരു കോണ്‍ഗ്രീറ്റ് റിങാണ്. കാഴ്ച്ചയില്‍ വലിയ പഞ്ചായത്ത് കിണറിനെ ഓര്‍മിപ്പിക്കും. റിങിനുു താഴെ സദാസമയവും അതിശക്തമായ കല്ക്കരികൊണ്ടുള്ള തീ എരിഞ്ഞുകൊണ്ടിരിക്കും. റിങില്‍ സിന്റിക്കേറ്റ് നിര്‍മിക്കുന്നതിനായുള്ള കെമിക്കല്‍ തിളപ്പിക്കുണ്ടാകും. റിങിന്റെ കൈവരിയില്‍ കാക്കിനിറത്തിലുള്ള ടൗസര്‍ മാത്രം ധരിച്ചു രണ്ടു പേര് വലിയ ചട്ടുകം എടുത്ത് ഇളക്കികൊണ്ടിരിക്കുന്നത് കാണാം. വലിയ ബിരിയാണി ചെമ്പിലെ ചോറ് ഇളക്കി മറിക്കുന്നതാണ് ഓര്‍മയില്‍ വരുക. കമ്പനിയില്‍ ആകെ അറുപത് പേരാണ് ജോലി ചെയ്യുന്നത്. അതും വളരെ തുച്ഛമായ വേദനത്തിന്. സ്ഥിരം ജോലിയുണ്ടാകും എന്നത് കൊണ്ടു മാത്രം ആരും പരാതിയില്ലാതെ ജോലി ചെയ്തു പോന്നു.
കെമിക്കല്‍ നിർമാണത്തിനാവശ്യമായ ചുവന്ന പൂഴിമണല്‍, കാരം, കെമിക്കല്‍ നിറച്ചെത്തുന്ന ബാരല്‍, സിമെന്റ് എന്നിവയെല്ലാം ലോഡ് ഇറക്കുന്ന ജോലിയാണ് ഉപ്പയും കൂടെ ഉള്ളവരും ചെയ്തുവന്നിരുന്നത്. ഒരു ദിവസം മൂന്നോ നാലോ ലോഡ് ഇറക്കാനുണ്ടാകും. രാവെന്നോ പകലെന്നോ നോക്കാതെ ജോലി ചെയ്തിരുന്ന ഉപ്പയെ കമ്പനി മുതലാളിക്ക് വലിയ സ്നേഹമായിരുന്നു. വീട്ടിലെ എല്ലാ കാര്യങ്ങള്‍ക്കും ഉപ്പയെ ആയിരുന്നു വിളിച്ചിരുന്നത്. കുടുംബത്തില്‍ പട്ടിണിയും പ്രാരാബ്ധവും ഒഴിഞ്ഞു. എന്നാല്‍ എപ്പോഴോ ചില താളപ്പിഴവുകള്‍ കമ്പനിയെ കടക്കെണിയിലേക്കാഴ്ത്തി.
പതിയെ കമ്പനി നഷ്ടത്തിലേക്ക് കൂപ്പു കുത്തി. കെമിക്കല്‍ പുറത്തുള്ള കമ്പനികള്‍ക്ക് എത്തിക്കാന്‍ കഴിയാതെ വന്നു. ബാങ്കുകാര് ലോണിന്റെ മേലില്‍ കമ്പനി ജപ്തി ചെയ്യുന്ന സ്ഥിതിയെത്തി. മുതലാളിക്ക് കമ്പനി അടച്ചുപൂട്ടാതെ വയ്യ എന്ന സ്ഥിതിയിലായി കാര്യങ്ങള്‍. അതോടെ കമ്പനിയിലെ ജീവനക്കാരെ ഒരോരുത്തരെയായി പിരിച്ചുവിട്ടു. അവസാനം വരെ ഉപ്പ കൂടെ നിന്നു. ഒരു വിശ്വസ്തനായി.
കമ്പനി പൂട്ടിയതോടെ ഞങ്ങളുടെ ജീവിതം കൂടുതല്‍ പരിതാപകരമായി. ജീവിക്കാന്‍ എന്തു ചെയ്യുമെന്ന ചിന്തയിലായിരുന്നു ഉപ്പ. കിട്ടുന്ന ജോലിയെല്ലാം ചെയ്തു. മണല്‍ കടത്താനും കരിങ്കല്ല് ഇറക്കാനും മരം മുറിക്കാനും പന്തല്‍ ഇടാനും എന്നു വേണ്ട എല്ലാ പണികളും ചെയ്തു.
വീട്ടില്‍ പട്ടിണി കൂടിവന്നു. മൂന്നു നേരം ഭക്ഷണം എന്നത് ഞങ്ങള്‍ക്കൊരു ആര്‍ഭാടമായി. ഉപ്പ ആരുടെ മുന്നിലും കൈ നീട്ടിയില്ല. ഉള്ളത് കൊണ്ട് ജീവിക്കാം, അല്ലെങ്കില്‍ പട്ടിണികിടക്കാം എന്നായിരുന്നു ഉപ്പയുടെ നിലപാട്. മഴക്കാലം വന്നതോടെ പണി തീരെ ഇല്ലാതെയായി.
മാത്തോട്ടം അങ്ങാടിയില്‍ വിവാഹ പന്തലും പാത്രങ്ങളും വാടകയ്ക്ക് കൊടുക്കുന്ന പക്രു ഹാജിയുടെ കൂടെ പന്തല്‍ പണിക്ക് ആളെ വേണം എന്നു കേട്ട ഉടനെ ഹാജിയെ കാണാനായി ഉപ്പ പുറപ്പെട്ടു. പെരിന്തല്മണ്ണയിലാണത്രേ പണി. ഒരാഴ്ച അവിടെ താമസിച്ചു വേണം ജോലിചെയ്യാന്‍ എന്നു പക്രു ഹാജിയുടെ മകൻ ഹസ്സന് ഉപ്പയോട് പഞ്ഞപ്പോള്‍ ആദ്യം ഒന്നു മടിച്ചെങ്കിലും ഉപ്പ പോകാമെന്നേറ്റു. വരുന്നത് വലിയ പെരുന്നാളാണ്. കുട്ടികള്‍ക്കുള്ള വസ്ത്രം, ഭക്ഷണം എന്നെല്ലാം ഓര്‍ത്തപ്പോഴാണ് ഉപ്പ പോകാമെന്നേറ്റത്. കയ്യിലുള്ള പൈസ കൂട്ടി അത്യാവശ്യം സാധനങ്ങള്‍ വീട്ടിലെത്തിച്ചാണ് ഉപ്പ പെരിന്തല്‍മണ്ണയിലേക്ക് ബസ്സ് കയറിയറിയത്.
ഞങ്ങള്‍ അഞ്ചു മക്കള്‍ക്കും ഉമ്മക്കും ഒരാഴ്ച്ചക്കുള്ളത് അത് മതിയായിരുന്നില്ല. ഇനി എന്ത് ചെയ്യാനാകും എന്ന ചിന്തയില്‍ നിന്നാണ് ഉമ്മക്ക് ഒരാശയം ഉദിച്ചത്. പലഹാരം പാകം ചെയ്ത് വില്പന നടത്തുക. ഞാനും അനിയത്തി കുഞ്ഞോളും കൊണ്ടുനടന്നു വില്‍പ്പന നടത്തണം. പുതിയ താമസ സ്ഥലമായതിനാല്‍ ആളുകള്‍ക്ക് ഞങ്ങളെ തിരിച്ചറിയുകയുമില്ല. പക്ഷെ കയ്യിലൊന്നുമില്ല. ഉമ്മ എന്നെ കനാലിന് വക്കത്തുള്ള സൈദലവിക്കയുടെ കടയിലേക്ക് സാധനം കടമായി കിട്ടുമോ എന്നു ചോദിക്കാന്‍ അയച്ചു. ഉപ്പ അറിയരുത് എന്ന് ഞങ്ങളോട് പ്രത്യേകം പറഞ്ഞു.
‘പിശുക്കന്റെ കട’ എന്നാണ് നാട്ടുകരെല്ലാവരും സൈദാലിക്കയെ വിളിച്ചിരുന്നത്. അറുത്ത കൈക്ക് ഉപ്പു തേക്കാത്തയാളാണ് സൈദാലിക്ക എന്ന് അടുത്തു താമസിക്കുന്ന രാജി ചേച്ചി ഉമ്മയോട് പറയുന്നത് കേട്ടതാണ്. സൈദാലിക്കയെ അല്ലാതെ ഞങ്ങള്‍ക്ക് അടുത്തുള്ള കടക്കാരെ അറിയുകയുമില്ല. എന്തായലും ചോദിക്കുക തന്നെ എന്ന് ഉള്ളില്‍ ഉറപ്പിച്ചു ഞാനും കുഞ്ഞോളും ചാറ്റല്‍ മഴയെ വകവെക്കാതെ കനാലിന് വക്കത്തൂടെ കടയിലേക്ക് നടന്നു.
കടയില്‍ നല്ല തിരക്കായിരുന്നു. തിരക്കൊഴിയുന്നതും കാത്തു ഞങ്ങൾ അടുത്തുള്ള ക്ലബ്ബിന്റെ ഇറയത്തേക്ക് കയറി നിന്നു. ക്ലബ്ബില്‍ നാലുപേര്‍ ചേര്‍ന്നു കാരംസ് കളിക്കുന്നുണ്ട്. രണ്ടു പേര് അവരുടെ കളിയില്‍ ശ്രദ്ധിക്കാതെ ഉറക്കെ സംസാരിക്കുന്നത് കേള്‍ക്കാം. ക്ലബ്ബിനകത്തു നിന്നു സിഗരറ്റിന്റെ ഗന്ധം അവിടെയാകെ പരന്നിരുന്നു.
മഴയുടെ ശക്തി പതിയെ കൂടി വന്നു. കടയില്‍ തിരക്കൊഴിഞ്ഞെങ്കിലും ഞാന്‍ സൈദാലിക്കയുടെ കടയിലേക്ക് പോകാന്‍ മടിച്ചു. ക്ലബ്ബിന്റെ ഇറയത്ത് കയറി നില്ക്കുന്ന ഞങ്ങളെ നോക്കി സൈദാലിക്ക കൈ വീശി അടുത്തേക്ക് വിളിച്ചു. ഞാനും കുഞ്ഞോളും തെല്ലൊരു മടിയോടെ സൈദാലിക്കയുടെ കടയിലേക്ക് കയറി. നിരപ്പലകയിട്ട രണ്ടു മുറി പീടികയാണ് സൈദാലിക്കയുടെത്. മുന്നില്‍ ഷീറ്റുകൊണ്ട് ഇറക്കികെട്ടിയിരിക്കുന്നു. വലതു ഭാഗത്തായി പട്ടിക കൊണ്ട് തട്ടടിച്ചിരിക്കുന്നു. അതില്‍ പച്ചക്കറികള്‍ കൂട്ടിയിട്ടിരിക്കുന്നു. മുകളിലെ കഴുക്കോലില്‍ രണ്ടു കുല പഴം തൂക്കിയിട്ടിരിക്കുന്നു. കടയുടെ മുന്നില്‍ അരി ചാക്കുകള്‍ നിരത്തി വച്ചിരിക്കുന്നു. ഞങ്ങള്‍ അടുത്തെത്തിയതും സൈദാലിക്ക ചോദിച്ചു.
”എന്താ രണ്ടാളും മാറി നിക്കണത്. എന്താ വേണ്ട്യത് ഇത്താത്തക്കും അനിയനും?”
അനിയത്തി കുഞ്ഞോളേക്കാള് അല്പം ഉയരക്കുറവുണ്ട് എനിക്ക്. എന്നെയും അവളെയും കാണുന്നവര്‍ കരുതുന്നത് ഞാനാണ് ഇളയത് എന്നാവും. എന്നെ അനിയനാക്കിയത് ഒട്ടും ഇഷ്ടപെടാതിരുന്ന ഞാന്‍ ഉടനെ മറുപടി പറഞ്ഞു.
”ഞാനാ മൂത്തത്… ഇതിന്റെ അനിയത്തിയാ..”
എന്റെ മറുപടിയില്‍ സൈദാലിക്ക ഒന്നു ചിരിച്ചു. സൈദാലിക്ക സംശയത്തോടെ ചോദിച്ചു.
” ഇങ്ങളാരുടെ മക്കളാണ്…?”
”ആലീന്റെ.. പുത്യേ താമസക്കാരാണ്”
കുഞ്ഞോള് ചിണുങ്ങികൊണ്ട് മറുപടി പറഞ്ഞു. ആളെ മനസ്സിലായത് പോലെ സൈദാലിക്ക പറഞ്ഞു.
”ങാ… ഐച്ചാന്റെ മക്കളാണ് ലേ…”
ഞാന്‍ അതെ എന്നു തലയാട്ടി. ഐച്ചാന്‍ എന്നു സൈദാലിക്ക പറയുന്നത് കേട്ടപ്പോള്‍ എനിക്ക് സ്വല്പം അഭിമാനം തോന്നി. വല്ല്യായിച്ചിയെ അറിയാത്തവര്‍ നാട്ടില്‍ വളരെ കുറവാണ്. സൈദാലിക്ക ചോദിച്ചു.
”എന്താ വേണ്ട്യത് രണ്ടാള്‍ക്കും?”
ഞാന്‍ പറയാന്‍ മടിച്ചപ്പോള്‍ കുഞ്ഞോള് പറഞ്ഞു.
”ഇമ്മച്ചി പറഞ്ഞയച്ചതാണ്.. പിശുക്കന്റെ പീടിയേന്നും സാധനം കടം തരോന്ന് ചോയിക്കാന്”
സൈദാലിക്കയുടെ മുഖത്ത് നോക്കി പിശുക്കന് എന്നു വിളിച്ചത് കേട്ടപ്പോള്‍ എന്റെ ഉള്ളൊന്നു കാളി. ഉറപ്പായും സൈദാലിക്ക കണ്ണുപൊട്ടുന്ന ചീത്ത പറയും. ഞാന്‍ ഉറപ്പിച്ചു. എന്നാല്‍ സൈദാലിക്കാക്ക് അതൊരു തമാശയായാണ് തോന്നിയത്. സൈദാലിക്ക ഉറക്കെ പൊട്ടിച്ചിരിച്ചു. ഞാന്‍ നിസ്സഹായതയോടെ സൈദാലിക്കയെ നോക്കി. കുഞ്ഞോള് സൈദാലിക്കയെ നോക്കി ചിരിച്ചു കൊണ്ട് ചോദിച്ചു.
”ഇങ്ങള്ക്കാരാ പിശ്ക്കന് ന്ന് പേരിട്ടത്…?”
സൈദാലിക്ക ചിരിയടക്കി മറുപടി പറഞ്ഞു.
”ആരോ ഇട്ടതാണ്… ഇഷ്ടായോ അനക്ക്…”
സൈദാലിക്ക വീണ്ടും ചിരിച്ചു. കുഞ്ഞോള് ഉടനെ മറുപടി പറഞ്ഞു.
”രസല്യാ”
”താത്ത, എത്രയിലാ പഠിക്കുന്നത്?”
”ഒന്നാം ക്ലാസിലാ…”
അവള് അപ്പോഴും നിര്‍ത്താതെ ഓരോ കാര്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു. അവള് അങ്ങനെയായിരുന്നു. സംസാരം തുടങ്ങിയാല്‍ നിര്‍ത്തില്ല. ഞാന്‍ വായ പൊത്തിപിടച്ചാലേ സംസാരം നിര്ത്തു. മൂത്തവനായ എന്നെ പോലും ഒരു ബഹുമാനവുണ്ടായിരുന്നില്ല. എപ്പോഴും ‘എടാ എടാ…’ എന്നു വിളിക്കും.
സൈദാലിക്ക എന്നെ നോക്കി ചോദിച്ചു.
”ആട്ടെ, ഇങ്ങള്ക്ക് എന്താപ്പം വേണ്ട്യത്?”
ഞാന്‍ എന്റെ കയ്യില്‍ ചുരുട്ടിപിടിച്ച ശീട്ട് അയാള്‍ക്ക് നേരെ നീട്ടി. അതു തുറന്നു വായിച്ചു. അഞ്ചു കിലോ പച്ചരി, രണ്ടു കിലോ പഞ്ചസാര, ഒരു കിലോ ശര്‍ക്കര, മൂന്നു ലിറ്റര്‍ വെളിച്ചെണ്ണ, നൂറു ഗ്രാം കരിംജീരകം എന്നിവയായിരുന്നു അതില്‍ എഴുതിയിരുന്നത്.
”ഞാന്‍ കടം കൊടുക്കുമെന്ന് ആരാ പറഞ്ഞേ നിങ്ങളോട്?”
സൈദാലിക്ക ചോദിച്ചു.
”ആരും പറഞ്ഞില്ല… ഇമ്മച്ചി ചോയിക്കാന് പറഞ്ഞതാണ്… പൈസ ഇപ്പച്ചി പണിക്ക് പോയി വന്നാല്‍ തരും ”
ഞാന്‍ മറുപടി പറഞ്ഞു തീരുന്നതിന് മുന്‍പേ കുഞ്ഞോള് പറഞ്ഞു.
”ഉമ്മച്ചിക്ക് പൊരിച്ചുണ്ട ഉണ്ടാക്കാനാ… ഞങ്ങളത് കൊണ്ടു നടന്നു വില്‍ക്കും”
”ങാഹാ… അപ്പോള്‍ പുതിയ കച്ചോടം തുടങ്ങാന്‍ പോകാണ് ലേ… നന്നായി, ഞാന്‍ സാധനം തരാം, പക്ഷെങ്കില് പൈസ വേഗം എത്തിക്കണം ട്ടോ…”
സൈദാലിക്ക ഞങ്ങള്‍ക്ക് വേണ്ട സാധനങ്ങള്‍ ഓരോന്നായി പൊതിഞ്ഞ് എന്റെ കയ്യിലെ സഞ്ചിയില്‍ ഇട്ടു തന്നു. എനിക്ക് വല്ലാത്ത അത്ഭുതം തോന്നി. എന്തെല്ലാമാണ് അടുത്ത വീട്ടിലെ രാജി ചേച്ചി സൈദാലിക്കയെ കുറിച്ച് പറഞ്ഞത്. അറു പിശുക്കനാണ്, കണ്ണില്‍ ചോരയില്ലാത്തവനാണ്, ഒരുര്‍പ്യ പോലും കടം കൊടുക്കില്ല. എന്നാല്‍ ഞങ്ങളുടെ അവസ്ഥ മനസ്സിലാക്കിയെന്നത് പോലെ സൈദാലിക്ക സാധനങ്ങള്‍ തന്നിരിക്കുന്നു. ചില മനുഷ്യൻമാരെ മനസ്സിലാക്കാന്‍ പാടാണ്. ചിലര്‍ പണം കൊണ്ടാണ് സമ്പന്നരെങ്കില്‍ ചിലര്‍ നന്മകൊണ്ടാണ് സമ്പന്നരെന്നെനിക്ക് മനസ്സിലായി.
ഞാന്‍ കൊണ്ടുവന്ന പച്ചരി ഉമ്മ ഒരു വലിയ പാത്രം വെള്ളമെടുത്ത് അതില്‍ പുതര്‍ത്തി. ചെറിയ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലിരുന്ന് ഞാനും കുഞ്ഞോളും കൗതുകത്തോടെ ഇതെല്ലാം നോക്കിയിരുന്നു.
ഞാന്‍ എപ്പോഴോ ഉറങ്ങി പ്പോയിരുന്നു. ഉണര്‍ന്നപ്പോള്‍ നേരം വെളുത്തിരുന്നില്ല. മഴ നിന്നു. പാടത്ത് ചേക്കുട്ടി കെട്ടിയിരുന്ന പോത്തുകള്‍ നിര്‍ത്താതെ കരയുന്നുണ്ട്. ഞാന്‍ പതിയെ എണീറ്റ് അടുക്കളയിലേക്ക് നടന്നു. ഉമ്മ അപ്പോഴും മണ്ണെണ്ണവിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ അടുക്കളയില്‍ പലഹാരം പാകം ചെയ്യുന്ന തിരക്കിലായിരുന്നു. ഉമ്മ ഉറങ്ങിക്കാണില്ലെന്ന് എനിക്ക് മനസ്സിലായി. അടുപ്പിന് സമീപം വെച്ചിരിക്കുന്ന മുറത്തില്‍ അരിപ്പൊടിയും ശര്‍ക്കരയും വെള്ളവും ചേര്‍ത്ത് ഒരു ചെറുനാരങ്ങയുടെ വലിപ്പത്തില്‍ പൊടി ഉരുട്ടി വെച്ചിരിക്കുന്നു. ഞാന്‍ അതിശയത്തോടെ അതോരോന്നും കയ്യിലെടുത്തു നോക്കി. ഒരു ബോള്‍ കയ്യിലെടുത്തത് പോലെ.
”ഇന്നല്ലെ ആദ്യത്തെ കച്ചോടം…?”
എന്റെ മൂത്ത പെങ്ങളായിരുന്നു അത്. അപ്പോഴേക്കും കുഞ്ഞോളും എണീറ്റിരുന്നു. എന്നെയും അവളെയും അടുക്കള ഭാഗത്തെ ബക്കറ്റില്‍ നിറച്ചിരുന്ന തണുത്ത മഴവെള്ളം തലയിലൂടെ ഒഴിച്ചു. തണുത്ത വെള്ളം ശരീരത്തിലാകെ പടര്‍ന്നു കയറി. കുളി കഴിഞ്ഞു വന്നപ്പോഴേക്ക് ഉമ്മ ഉരുട്ടിവച്ചിരിക്കുന്ന അരിപ്പൊടി ഉണ്ട വെളിച്ചെണ്ണയില്‍ പാകം ചെയ്യുന്നുണ്ടായിരുന്നു. പുറത്ത് ഇരുട്ട് മാറിതുടങ്ങിയിരുന്നു. സൂര്യന് ഒളിഞ്ഞു നോക്കുന്നത് പോലെ.
ഇത്താത്ത എന്നെയും കുഞ്ഞോളെയും ഉള്ളതില്‍ പുതിയ വസ്ത്രം ഇടീച്ചു കണ്മഷി എഴുതി. കൂടെ എന്റെ കവിളില്‍ ഒരു ചുട്ടിയും കുത്തി തന്നു. എന്നെയും കുഞ്ഞോളെയും കണ്ടാല്‍ രണ്ടു പെണ്കുട്ടികളാണെന്നു തോന്നും. ഉമ്മ എന്റെയും കുഞ്ഞോളുടെയും കയ്യില്‍ ഓരോ സ്റ്റീല്‍ പാത്രം തന്നു. അതില്‍ ഓരോന്നിലും അമ്പത് പൊരിച്ച ഉണ്ട എണ്ണി തിട്ടപ്പെടുത്തി. ഒരെണ്ണത്തിന് ഒരു രൂപ. അതാണ് വില.
ഞാനും കുഞ്ഞോളും ആ സ്റ്റീല്‍ പാത്രം തലയിലേറ്റി ചെളി നിറഞ്ഞ ഇടവഴിയിലൂടെ നടന്നു. നടവഴിയിലെ മരങ്ങളില്‍ തലേന്നത്തെ മഴത്തുള്ളികള്‍ ചെറിയ സ്ഫടികമുത്തുകള്‍ പോലെ തിളങ്ങി. ചെറിയ വെള്ളക്കെട്ടുകള്‍ കണ്ണാടിപോലെ തോന്നി. വഴികളിലൊന്നും ആരെയും കാണാനില്ലായിരുന്നു. വീടുകളില്‍ വിളക്ക് കത്തിച്ചുവെച്ച വെളിച്ചമുണ്ട്. കുട്ടികള്‍ മദ്രസയില്‍ പോകുന്ന സമയമാണ്. തലയില്‍ പലഹാരവും കൊണ്ടു നടന്നിട്ട് കാര്യമില്ലെന്നെനിക്ക് മനസ്സിലായി. ഞാന്‍ ഉറക്കെ വിളിച്ചു പറയാമെന്നു തീരുമാനിച്ചു. ഇരു കണ്ണുകളും ഇറുക്കിയടച്ചു ശബ്ദത്തില്‍ വിളിച്ചു പറഞ്ഞു.
”പൊരിച്ചുണ്ടേ.. പൊരിച്ചുണ്ടേയ്..”
അത് ഫലം കണ്ടു. അടുത്ത വീടുകളിലെ ആളുകള്‍ പുറത്തേക്കിറങ്ങി വന്നു. വന്നവരെല്ലാം എന്റെ മുഖത്തേക്ക് കൗതുകത്തോടെ നോക്കി ചിരിച്ചു. ആളുകൾ പലഹാരം വാങ്ങി തുടങ്ങി. എനിക്കും കുഞ്ഞോള്ക്കും ആവേശം കയറി. ഞങ്ങള്‍ തികഞ്ഞ ആവേശത്തോടെ വീണ്ടും ശബ്ദത്തില്‍ വിളിച്ചു പറഞ്ഞു നടന്നു. ഒരു മണിക്കൂറിനകം ഞങ്ങൾ പലഹാരം വിറ്റുതീര്‍ത്തു വീട്ടിലേക്ക് നടന്നു. ഉമ്മയും രണ്ടു ഇത്താത്തമാരും ഞങ്ങളെയും കാത്ത് കനാലിന് വഴിവക്കില്‍ നില്‍ക്കുന്നത് ഞങ്ങള്‍ ദൂരെ നിന്നേ കാണുണ്ടായിരുന്നു.
(തുടരും)