LoginRegister

നിഷ്ഫലമാകുന്ന കർമങ്ങൾ

ഡോ. പി അബ്ദു സലഫി

Feed Back


”പുരുഷനാവട്ടെ, സ്ത്രീയാവട്ടെ, ഏതൊരാള്‍ സത്യവിശ്വാസിയായിക്കൊണ്ട് സല്‍കർമം ചെയ്യുന്നുവോ, നല്ലൊരു ജീവിതം നാം അവന്ന് നല്‍കുന്നതാണ്. (പരലോകത്തില്‍) അവരുടെ പ്രതിഫലം, അവരുടെ ഏറ്റവും ഉത്തമമായ കർമങ്ങളെ ആസ്പദമാക്കി നല്‍കുകയും ചെയ്യും (ഖുര്‍ആന്‍ 16:97).

സല്‍ക്കർമങ്ങള്‍ക്ക് വളരെയേറെ പ്രധാന്യമാണ് ഇസ്‌ലാം കല്‍പിച്ചിട്ടുള്ളത്. മനുഷ്യന്റെ വിജയത്തിന്റെ മാനദണ്ഡങ്ങളില്‍ ഒന്ന് സല്‍കർമമാണ്. നല്ലത് ചെയ്യുന്നത് കൊണ്ട് ഈ ലോകത്ത് തന്നെ ധാരാളം ഗുണങ്ങളുണ്ടാവും. എന്നാല്‍ പരലോകത്ത് അത് ഉപകാരപ്പെടണമെങ്കിലും സ്വർഗം ലഭിക്കണമെങ്കിലും വിശ്വാസം (ഈമാൻ) നിർബന്ധമാണ്; വിശ്വാസപൂര്‍വമാണ് കർമങ്ങള്‍ ചെയ്യേണ്ടത്.
അല്ലാഹുവിലും പരലോകത്തും വിശ്വാസമര്‍പ്പിച്ച് കൊണ്ടും പരലോകത്തെ പ്രതിഫലം ആഗ്രഹിച്ചു കൊണ്ടും ചെയ്യുന്ന കർമങ്ങളാണ് സ്വർഗം പ്രവേശനത്തിന് കാരണമാവുക. കേവല സല്‍കർമങ്ങള്‍ ഈ ലോകത്ത് ഗുണം ചെയ്‌തേക്കാം. എന്നാല്‍ വിശ്വാസവും നല്ല പ്രവർത്തനങ്ങളും ഒന്നിച്ച് ചേര്‍ന്നാല്‍ മാത്രമേ പരലോക വിജയവും സ്വർഗവും ലഭ്യമാവൂ.
പരലോക വിശ്വാസമില്ലാതെ പ്രവര്‍ത്തിക്കുന്നവന്റെ മഹൽ പ്രവൃത്തികൾ, നാളെ അവന് ഉപകാരപ്പെടാത്ത ധൂളികയായി പോവുമെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു (ഫുര്‍ഖാന്‍-23). ശരിയായ വിശ്വാസമില്ലാതെ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ തകര്‍ന്നു പോവുകയും പരലോകത്ത് വലിയ നഷ്ടത്തിനിടയാക്കുകയും ചെയ്യുമെന്നും അല്ലാഹു പറയുന്നു (മാഇദ:5).
പ്രവാചകന്‍ മുഹമ്മദ് നബിക്ക് സംരക്ഷണം നല്‍കുക എന്ന മഹത്തായ സൽകർമം ചെയ്തിട്ടും പിതൃവ്യന്‍ അബൂത്വാലിബിന്, വിശ്വാസം ഉള്‍ക്കൊള്ളാത്തതിനാല്‍ സ്വർഗത്തിലെത്താനാവില്ലെന്നാണ് നബി(സ) പഠിപ്പിക്കുന്നത്. അല്ലാഹുവും റസൂലും സന്തോഷവാർത്ത അറിയിച്ചവരെപ്പറ്റിയല്ലാതെ ഒരാളെ കുറിച്ചും അയാള്‍ സ്വർഗത്തിലാണെന്ന് പറയാന്‍ ഒരാള്‍ക്കും അവകാശമില്ല.
“കാലം തന്നെയാണ് സത്യം. മനുഷ്യര്‍ നഷ്ടത്തില്‍ തന്നെയാകുന്നു; വിശ്വാസിക്കുകയും സല്‍ക്കര്‍മങ്ങള്‍ ചെയ്യുകയും സത്യവും ക്ഷമയും പരസ്പരം ഉപദേശിക്കുകയും ചെയ്തവരൊഴികെ” (ഖുര്‍ആന്‍ 103:1-3).
.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top