LoginRegister

ഉള്ളുപൊട്ടൽ

അഡ്വ: വിനീത ഓടക്കൽ

Feed Back


മഴയേ…
പണ്ടാകാശക്കോണിലേക്ക്
മിഴികൾ പായിച്ച് നിന്നെയും
കാത്തു ഞാനിറയത്തു
നിന്നപ്പോളെന്നുള്ളം
തണുപ്പിച്ചു പെയ്തതിൽ
ഞാനെത്ര നനഞ്ഞതാ.

നിന്നിലലിഞ്ഞു കുതിർന്ന
മണ്ണിൻ ഗന്ധം
നാസാരന്ധ്രങ്ങളെ
മത്തു പിടിപ്പിച്ചില്ലയോ.

കാലപ്രവാഹത്തിലൊഴുകി
യെത്തിയ ഭൂതകാല
സ്മരണതൻ വീഥിയിൽ
കുളിരു കോരിയിട്ടതും
നീയല്ലേ…

ഒരു നാടുള്ളുപൊട്ടി
കരയുമ്പോൾ, മഴയേ
ഞാനെങ്ങനെയാസ്വദിക്കും
ചേമ്പിലത്തുമ്പിലെ
പളുങ്കുപോലുള്ളൊരീ
തുള്ളിതൻ മണിക്കിലുക്കം.

ഇരുൾ പാതിയിലുരുൾ
പൊട്ടിയൊഴുകിയപ്പോൾ
അകമ്പടി വന്നത്
നീയല്ലായിരുന്നോ…

ഉയിരെടുക്കും മുമ്പേ
ഉടലറ്റു പോയ ജീവനിൽ
നീ തകർത്തു പെയ്തപ്പോൾ
ഉള്ളുപൊട്ടിയൊലിച്ചത്
നാടിൻ നൻമകളായിരുന്നില്ലേ?

കലി തുള്ളി പല തുള്ളി
പെരുതുള്ളിയായ്
രാവിൻ മറവിൽ ഈ വഴികളിലൂടെ
തട്ടിത്തെറിപ്പിച്ചത് ഒരായിരം
കുഞ്ഞുകിനാക്കളല്ലേ…

താരാട്ടു കേട്ടമ്മിഞ്ഞ
നുകർന്നു മയങ്ങിയ
താരിളം പൈതലിൻ
കൊഞ്ചൽ മണ്ണിലമർന്നപ്പോൾ
ഉയർന്ന അമ്മനിലവിളികളും
പൊയ്തുതോർന്നിട്ടില്ല…

അറിവിൻ ജാലകം തേടി
പുള്ളിക്കുട ചൂടി വന്ന
ബാല്യത്തെപ്പുൽകിയ
ആത്മവിദ്യാലയത്തിന്റെ
രോദനം ഒലിച്ചുതീർന്നു.

ചൊല്ലിപ്പഠിച്ച
അക്ഷരക്കൂട്ടങ്ങൾ
മൺമറഞ്ഞതിൽ
മനം നൊന്തു കരഞ്ഞു
വീർത്ത മുഖമുള്ള
ഗുരുക്കളെയെന്തു
പറഞ്ഞാശ്വസിപ്പിക്കണം?

ഊഴിതൻ മാറു പിളർന്ന്
നീർച്ചാലുകൾ തോടായ്
പുഴയായ് സംഹാര
നൃത്തമാടിയപ്പോളൊന്നു
കരയാനാവാതെ
പിടയാനാവാതെ
സഹസ്രജൻമങ്ങൾ
മണ്ണിലമർന്നപ്പോഴും
നീ ആർത്തലച്ച്
പെയ്യുകയായിരുന്നു…

കണ്ണിമ ചിമ്മിത്തുറക്കും മുമ്പേ
മായ്ച്ചു കളഞ്ഞത്
ജീവിതങ്ങൾ മാത്രമായിരുന്നില്ല
സ്വപ്നങ്ങൾ കൂടിയായിരുന്നു.

എങ്കിലും ആവുന്നില്ല മഴയേ,
നിന്നെപ്പഴിച്ചിടാൻ.
യന്ത്രക്കൈകൾ
ഭൂമിയുടെ മാറു പിളർത്തപ്പോൾ,
ആണിക്കല്ലിളകി
ചോരയൊലിച്ചപ്പോൾ,
ഉള്ളുപൊട്ടി നീയാർത്തു
കരഞ്ഞതാണെന്ന്
ആശ്വസിച്ചിടാം.

മഴ അനുഗ്രഹമാണ്
അതറിയാം
അതിനാൽ ഇനിയും
പെയ്തു കൊൾക…
സങ്കടങ്ങളെ മായ്ച്ചുകൊൾക.

കണ്ണീരു വറ്റി മരവിച്ച
ഹൃത്തടത്തിൽ കുളിരാകാൻ
ഹൃദയത്തിന്റെ വരണ്ട
ചാലുകളിൽ തെളിനീരൊഴുക്കാൻ
പെയ്തു കൊൾക.
മഴയേ പെയ്തുകൊൾക. .

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top