പ്രതീക്ഷകളുടെയും ആശങ്കകളുടെയും കാലഘട്ടമാണ് സ്ത്രീകൾക്ക് ഗർഭകാലം. വിപുലമായ ശാരീരിക മാനസിക സാമൂഹിക മാറ്റങ്ങൾ സംഭവിക്കുന്ന സമയം. വലിയ തോതിലുള്ള ഹോർമോൺ വ്യതിയാനങ്ങൾ ഈ സമയത്ത് ഉണ്ടാവാറുണ്ട്. പ്രത്യുൽപാദന ഹോർമോണുകളായ പ്രൊജസ്റ്ററോൺ, ഈസ്ട്രജൻ തുടങ്ങിയവയുടെ തോത് പതിന്മടങ്ങ് വർധിക്കുകയും പ്രസവശേഷം ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ഇത് പഴയ അവസ്ഥയിലേക്ക് മാറുകയും ചെയ്യും.
സ്ത്രീയുടെ ജീവിതത്തിൽ ഉണ്ടാകുന്ന ഏറ്റവും വലിയ മാറ്റമാണ് അമ്മയാകുക എന്നത്. ആനന്ദവും പ്രതീക്ഷകളും ഉണ്ടാകുന്നതിനോടൊപ്പം ആശങ്കകളും അസ്വസ്ഥതകളും ആശയക്കുഴപ്പങ്ങളും ഉണ്ടാവാം. ഒരുപാട് സന്തോഷങ്ങൾ ഉണ്ടാകുന്നതോടൊപ്പം ഉത്തരവാദിത്തങ്ങൾ കൂടുന്നു എന്ന ഭയവും എല്ലാ മാതാപിതാക്കളിലും ഉണ്ടാവാറുണ്ട്. ഇവയെല്ലാം അമ്മമാരുടെ മനസ്സുകളിൽ വലിയ വൈകാരിക മാറ്റങ്ങൾക്ക് കാരണമാകുന്നു.
50 മുതൽ 80 ശതമാനം വരെ പുതിയ അമ്മമാർക്ക് ഇത്തരത്തിലുള്ള വൈകാരിക പ്രശ്നങ്ങൾ പ്രസവാനന്തരം കണ്ടുവരാറുണ്ട് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. അപകടകരമല്ലാത്ത വിധത്തിൽ നേരിയ തോതിലുള്ള ആശങ്കയും ഉൾഭയവും ഉൾപ്പെടുന്ന അവസ്ഥ മുതൽ ദൈനംദിന ജീവിതത്തെ ബാധിക്കുകയും കുഞ്ഞിന്റെ ജീവനു പോലും ഭീഷണിയാകുകയും ചെയ്യുന്ന തരത്തിലുള്ള അവസ്ഥ വരെ നീളുന്നതാണ് സ്ത്രീകളിലെ പ്രസവാനന്തര മാനസിക അസ്വാസ്ഥ്യങ്ങൾ. പ്രധാനമായും ഇവയെ അഞ്ചായി തിരിക്കാം.
മെറ്റേണിറ്റി ബ്ലൂസ്
പോസ്റ്റ്പാർട്ടം ബ്ലൂസ് എന്നും ഈ അവസ്ഥ അറിയപ്പെടുന്നു. പ്രസവാനന്തരം ഏറിയാൽ പത്ത് ദിവസം വരെ നീണ്ടുനിൽക്കുന്ന ഈ അവസ്ഥയെ ബേബി ബ്ലൂസ് എന്നും പറയാറുണ്ട്.
പ്രധാന ലക്ഷണങ്ങൾ
. ഇടയ്ക്കിടെ ഉണ്ടാകുന്ന അകാരണമായ കരച്ചിൽ.
. ഇടയ്ക്കിടെ മാറിമറിഞ്ഞു വരുന്ന സന്തോഷവും ദേഷ്യവും സങ്കടവും.
. ഉൽക്കണ്ഠ.
. അകാരണമായ ഉൾഭയം.
പ്രസവാനന്തരം ആദ്യ ദിവസങ്ങളിൽ തന്നെ ഈ ലക്ഷണങ്ങൾ അതിന്റെ മൂർധന്യാവസ്ഥയിൽ എത്തും. ആവശ്യമായ മാനസിക പിന്തുണ നൽകിയാൽ ഈ അവസ്ഥയിൽ നിന്ന് സാധാരണ നിലയിലേക്ക് പലർക്കും പെട്ടെന്ന് തിരിച്ചു വരാനാകും.
പോസ്റ്റ് പാർട്ടം ഡിപ്രഷൻ
കൃത്യസമയത്ത് തിരിച്ചറിയുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്യേണ്ട കടുത്ത മാനസിക അസ്വാസ്ഥ്യങ്ങൾ ഉണ്ടാകുന്ന അവസ്ഥയാണിത്.
പ്രസവാനന്തരം രണ്ടോ മൂന്നോ ആഴ്ചക്കുള്ളിൽ തന്നെ ഇതിന്റെ ലക്ഷണങ്ങൾ പ്രകടമാകാറുണ്ട്.
പ്രധാന ലക്ഷണങ്ങൾ
. എപ്പോഴുമുള്ള വിഷാദം.
. ഒരു കാര്യത്തിലും താല്പര്യമില്ലായ്മ.
. കഠിനമായ ക്ഷീണവും തളർച്ചയും.
. ഭാവിയെ കുറിച്ചുള്ള പ്രതീക്ഷ നഷ്ടപ്പെട്ട അവസ്ഥ.
. ഒറ്റപ്പെടൽ.
. മരണ ചിന്തകളും ആത്മഹത്യാപ്രവണതകളും.
. ഉറക്കക്കുറവ്.
. വിശപ്പില്ലായ്മ.
സാധാരണ വിഷാദ രോഗത്തിന്റെ ലക്ഷണങ്ങളോടൊപ്പം കുഞ്ഞുമായി ബന്ധപ്പെട്ട അശുഭ ചിന്തകൾ, അമ്മയെന്ന നിലയിൽ താൻ പരാജയം ആണെന്ന തോന്നൽ, കുഞ്ഞിന്റെ സംരക്ഷണത്തെക്കുറിച്ചും പരിചരണത്തെക്കുറിച്ചുമുള്ള ആധികൾ, കുഞ്ഞിന്റെ രീതികളോട് പൊരുത്തപ്പെടാൻ പറ്റാതെ വരിക തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാവാറുണ്ട്.
തലകറക്കം, തലവേദന, അമിതമായ നെഞ്ചിടിപ്പ്, അമിതമായി വിയർക്കുക, നെഞ്ചിൽ ഭാരം അനുഭവപ്പെടുക, ശരീരത്തിൽ തരിപ്പ് അനുഭവപ്പെടുക, അമിതമായ ചൂടോ തണുപ്പോ ഉണ്ടാകുക, ശ്വാസംമുട്ടൽ, ശരീര ഭാഗങ്ങളിൽ അകാരണമായ വേദനകൾ തുടങ്ങിയ ശാരീരിക ലക്ഷണങ്ങളും പോസ്റ്റ്പാർട്ടം ഡിപ്രഷന്റെ ഭാഗമായി കണ്ടുവരാറുണ്ട്.
പോസ്റ്റ് പാർട്ടം
സൈക്കോസിസ്
ഏറെ സങ്കീർണമായ എത്രയും പെട്ടെന്ന് വൈദ്യസഹായം ലഭിക്കേണ്ട അവസ്ഥയാണിത്. പ്രസവാനന്തരം രണ്ടാഴ്ച മുതൽ മൂന്നു മാസം വരെയുള്ള കാലയളവിൽ ഇത് ഉണ്ടാകാം.
പ്രധാന ലക്ഷണങ്ങൾ
. പെട്ടെന്നുണ്ടാകുന്ന അകാരണമായ, തീവ്രമായ ഭയം.
. അകാരണവും തീവ്രവുമായ സംശയങ്ങൾ.
. അസ്വാഭാവിക പെരുമാറ്റങ്ങൾ.
. മറ്റുള്ളവർ തന്നെയോ കുഞ്ഞിനെയോ ഉപദ്രവിക്കും എന്ന തോന്നൽ.
. ഉന്മാദാവസ്ഥ.
. പരസ്പരബന്ധം ഇല്ലാത്ത സംസാരം.
. മറ്റേതോ ലോകത്തിലെന്ന പോലെ മൂകമായി ദീർഘനേരം ഇരിക്കൽ.
. തന്നെ ആരോ നിയന്ത്രിക്കുന്നു എന്ന തോന്നൽ.
. പേടിപ്പെടുത്തുന്ന ശബ്ദങ്ങൾ കേൾക്കുന്നു എന്ന തോന്നൽ.
. അക്രമാസക്തി.
ഈ ലക്ഷണങ്ങൾ എപ്പോഴും മാറിമറിഞ്ഞു കൊണ്ടിരിക്കാം. ജാഗ്രതയോടെ അമ്മയോടൊപ്പം കുഞ്ഞിനെയും നിരീക്ഷിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യാനും കുഞ്ഞിനെ ഉപദ്രവിക്കാനും സാധ്യതയുള്ള അവസ്ഥയാണിത്. സ്വാഭാവികമായ പെരുമാറ്റത്തിൽ നിന്നുമുള്ള മാറ്റങ്ങൾ കണ്ടു തുടങ്ങിയാൽ ഉടൻ വൈദ്യസഹായം നൽകേണ്ടത് അത്യാവശ്യമാണ്.
പോസ്റ്റ് പാർട്ടം പോസ്റ്റ്
ട്രൊമാറ്റിക് സ്ട്രെസ് ഡിസോഡർ
പ്രസവ സമയത്ത് ഉണ്ടാകുന്ന എല്ലാ കാര്യങ്ങളും ട്രോമ പോലെ മനസ്സിൽ നിൽക്കുന്ന അവസ്ഥയാണിത്. ഭയവും ആശങ്കകളും പിരിമുറുക്കവും പേടി സ്വപ്നങ്ങളും ഇതിനോടനുബന്ധിച്ച് ഉണ്ടാകും. അഞ്ചു ശതമാനത്തോളം അമ്മമാരിൽ പ്രസവാനന്തരം ഈ അവസ്ഥ ഉണ്ടാവാറുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആഴ്ചകളോളം നീണ്ടുനിൽക്കുന്ന ഈ അവസ്ഥ എല്ലാ ഗർഭകാലത്തും പ്രസവശേഷവും ആവർത്തിച്ചുണ്ടാവാനുള്ള സാധ്യതയുണ്ട്.
പോസ്റ്റ് പാർട്ടം ഒബ്സസീവ് കമ്പൽസീവ് ഡിസോഡർ
തുടർച്ചയായി, നിയന്ത്രണാതീതമായ, അപ്രിയമായ ചില ചിന്തകൾ ഉണ്ടാക്കുന്ന ഒബ്സഷൻ എന്ന അവസ്ഥയും അതു മറികടക്കാൻ ആവർത്തിച്ചാവർത്തിച്ചു ചെയ്യുന്ന ചില പ്രവൃത്തികൾ അടങ്ങിയ കമ്പൽസൻസും ആണ് ഈ അവസ്ഥയുടെ പ്രത്യേകത.
കുഞ്ഞ് തൊട്ടിലിൽ നിന്നു വീഴുമോ, പാൽ കുടിക്കുമ്പോഴോ പുതപ്പു മുഖത്തു വീണോ കുഞ്ഞ് ശ്വാസംമുട്ടി മരിച്ചുപോകുമോ തുടങ്ങിയ ചിന്തകൾ ഈ അവസ്ഥയിൽ അമ്മമാരിൽ കാണാറുണ്ട്. അതിനാൽ ഇവർ ആവർത്തിച്ചു കുഞ്ഞിനെ പരിശോധിക്കുകയും കുഞ്ഞിന് കാവലിരിക്കുകയും ചെയ്യുന്നത് പതിവാണ്. ഇത് അമ്മമാരുടെ ദൈനംദിന ജീവിതത്തെ തടസ്സപ്പെടുത്താനുള്ള സാധ്യതയുണ്ട്. കുഞ്ഞിനെയോർത്ത് സ്വന്തം കാര്യങ്ങൾ ചെയ്യാതെ വരുന്നു. മറ്റുള്ളവരെ കുഞ്ഞിന്റെ കാര്യത്തിൽ ഇടപെടാൻ സമ്മതിക്കാതെ വരുന്നു. ഇവയെല്ലാം അമ്മമാരിൽ ആശങ്കകളും കുറ്റബോധവും വിഷാദവും തീവ്രമായി ഉണ്ടാകുന്നതിന് കാരണമാകാം. ഇത് ആത്മഹത്യയിലേക്കു വരെ നയിച്ചേക്കാം.
ഗർഭാവസ്ഥയിലോ അതിനുമുമ്പോ ഏതെങ്കിലും വിധത്തിലുള്ള മാനസിക രോഗം ഉണ്ടായിട്ടുള്ളവർക്ക് ഇത്തരം അവസ്ഥകളിലേക്കുള്ള റിസ്ക് കൂടുതലാണ്. അതുപോലെതന്നെ അടുത്ത ബന്ധുക്കൾക്ക് മാനസികാസ്വസ്ഥതകൾ ഉണ്ടെങ്കിലും, കുട്ടിക്കാലത്തോ മറ്റോ മാനസികമോ ശാരീരികമോ ആയ പീഡനങ്ങളും ബുദ്ധിമുട്ടുകളും അനുഭവിച്ചവരും കൗമാരത്തിൽ ഗർഭിണികൾ ആകുന്നവരും ബലാൽസംഗത്തെ അതിജീവിച്ചവരും അവിവാഹിതരായ ഗർഭിണികളും അപ്രതീക്ഷിതമായി ഗർഭം ധരിച്ചവരും ഗർഭാവസ്ഥയിൽ വിധവകളോ വിവാഹമോചിതരോ ആയവരും പ്രസവാനന്തര മാനസിക പ്രശ്നങ്ങൾക്ക് പെട്ടെന്ന് വിധേയരാവാം.
സ്വന്തം മാനസികാവസ്ഥയിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ തിരിച്ചറിയാൻ പറ്റുന്ന അവസ്ഥയിലായിരിക്കില്ല പലപ്പോഴും ഈ സാഹചര്യത്തിലൂടെ കടന്നുപോകുന്നവർ. അതിനാൽ കുടുംബാംഗങ്ങളുടെയും പങ്കാളിയുടെയും കരുതലും പിന്തുണയും ഉണ്ടെങ്കിൽ മാത്രമേ പ്രസവാനന്തര വൈകാരിക പ്രശ്നങ്ങൾ തിരിച്ചറിയാനും ചികിത്സിക്കാനും കഴിയൂ.
ഗർഭാവസ്ഥയിൽ തന്നെ വേണ്ട മുൻകരുതലുകൾ എടുക്കാൻ ശ്രമിക്കാം. ആരോഗ്യകരമായ ദിനചര്യകളും മനസ്സിനും ശരീരത്തിനുമുള്ള വിശ്രമവും ഗർഭാവസ്ഥയിൽ തന്നെ ഉറപ്പുവരുത്തുക. ഡോക്ടറുടെയും കുടുംബാംഗങ്ങളുടെയും പങ്കാളിയുടെയും എല്ലാ പിന്തുണയും ഉറപ്പുവരുത്തുക. സംശയങ്ങൾ ഡോക്ടറോടും വിദഗ്ധരോടും മാത്രം ചോദിച്ചു മനസ്സിലാക്കുക. ആവശ്യമില്ലാത്ത നെഗറ്റീവ് ആയ എല്ലാ ഉപദേശങ്ങളും തള്ളിക്കളയുക.
പ്രസവാനന്തരം അസ്വാഭാവികമായ എന്തെങ്കിലും മാറ്റം പെരുമാറ്റത്തിലോ സംസാരത്തിലോ പ്രകടമാവുകയാണെങ്കിൽ ഉടൻ തന്നെ വിദഗ്ധ സഹായം തേടുക. വിദഗ്ധ പരിശോധനയ്ക്ക് ശേഷം സൈക്കോതെറാപ്പികളിലൂടെയും ചില മരുന്നുകളിലൂടെയും ഇത്തരം ഗുരുതരാവസ്ഥയെ മറികടക്കാൻ സാധിക്കും. കുഞ്ഞിനെ ബാധിക്കാത്ത തരത്തിൽ ചെറിയ അളവിലുള്ള മരുന്നുകൾ മാത്രമാണ് സാധാരണയായി ഡോക്ടർമാർ നിർദേശിക്കാറുള്ളത്. .