LoginRegister

എഴുതാത്ത അധ്യായങ്ങൾ

എം മിഹ്റാജ്

Feed Back


ശക്തമായ ഇടിയുടെ ശബ്ദം കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. നേരം പുലരുന്നതേ ഉണ്ടായിരുന്നുള്ളു. നാലഞ്ചു ദിവസമായി മഴ തുടങ്ങിയിട്ട്. തോരാത്ത മഴ തന്നെ. തവളകളുടെ നിര്‍ത്താതെയുള്ള കരച്ചില്‍ അന്തരീക്ഷത്തില്‍ നിറഞ്ഞു നിന്നു. അവര്‍ മാത്രമാണ് ഈ മഴയില്‍ സന്തുഷ്ടരായിരുന്നതെന്നെനിക്ക് തോന്നി. ചുറ്റിലും ജീര്‍ണിച്ചു കൊണ്ടിരിക്കുന്ന ഇലകളുടെ മങ്ങിയ ഗന്ധം.
വീടിന് പിന്നിലുള്ള വീതിയേറിയ കനാല്‍ കവിഞ്ഞൊഴുകിയിരിക്കുകയാണ്. ആ കനാലിലാണ് ചേക്കുട്ടി നാല്‍ക്കാലികളെ കുളിപ്പിക്കാറുള്ളത്. ഇനി കുറച്ചു ദിവസത്തേക്ക് ചേക്കുട്ടിയുടെ പോത്തുകളെ കനാലില്‍ കുളിപ്പിക്കാനാകില്ല. അത്രയ്ക്കുണ്ട് വെള്ളം. കനാലിന് മറുവശത്ത് പാടമാണ്. ആ പാടത്താണ് ചേക്കുട്ടി പോത്തുകളെയും പശുക്കളെയും കെട്ടിയിടാറുള്ളത്. പാടം കടന്നാല്‍ ആകാശം മുട്ടിനില്‍ക്കുന്ന വലിയ ഒരു മാവും ചേര്‍ന്നു തന്നെ തല ഉയര്‍ത്തി നില്‍ക്കുന്ന സപ്പോട്ടമരവുമാണുള്ളത്. അതിന് താഴെ പഴയെ കുറേ മരങ്ങളും കാട്ടുചെടികളും നിറഞ്ഞ ഇരുണ്ട തൊടിയാണ്. പാടത്ത് കാല്‍മുട്ടറ്റം ചെളി നിറഞ്ഞിരിക്കുന്നു. ഇനി കുറച്ചു നാള്‍ പാടത്ത് ക്രിക്കറ്റും ഫുട്‌ബോള്‍ കളിയും ഒന്നും നടക്കില്ല എന്ന് എനിക്കുറപ്പായി. നില്‍ക്കാതെ പെയ്യുന്ന മഴ കാരണം ഉപ്പ കമ്പനിയില്‍ ജോലിക്ക് പോയിട്ട് ദിവസങ്ങളായി.
മഴക്കാലം തുടക്കത്തിലാണ് ഞങ്ങള്‍ വായനശാലക്കടുത്തുള്ള പുതിയ വീട്ടിലേക്ക് താമസം മാറിയത്. ഓടും ഷീറ്റും മേഞ്ഞ വൈദ്യുതി എത്തിയിട്ടില്ലാത്ത ഒരു ചെറിയ പലക കൊട്ടിലാണ് ഇത്. രണ്ടു സെന്റിലാണ് വീടും പുരയിടവും നില്‍ക്കുന്നത്. അടുത്തുള്ള വീട്ടുകാര്‍ക്കും രണ്ടു സെന്റില്‍ കൂടുതല്‍ സ്ഥലമില്ല. പണ്ട് അവിടെയാകെ കണ്ടല്‍ കാടായിരുന്നു. പുറമ്പോക്ക് സ്ഥലം. അതുകൊണ്ടുതന്നെ മിക്ക വീടുകള്‍ക്കും സര്‍ക്കാര്‍ പട്ടയം കൊടുത്തിട്ടില്ല.
കളിമണ്ണ‌ു തേച്ച തറയിലെ പുല്ലുപായയില്‍ അനിയത്തി കുഞ്ഞോളും രണ്ടു ഇത്താത്തമാരും ഉറങ്ങുന്നു. ചെറിയ നടുത്തളത്തില്‍ തൂക്കിയിട്ട റാന്തല്‍ വിളക്കിന്റെ നാളം ഉലയുന്നത് പലകയടിച്ച വാതിലിന്റെ വിടവിലൂടെ കാണാം.
ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂരയില്‍ നിന്ന് ഇറ്റിവീഴുന്ന മഴവെള്ളം നടുത്തളത്തില്‍, ഉമ്മ വെച്ച പാത്രം നിറഞ്ഞു തുളുമ്പുന്നത് കാണാമായിരുന്നു. ഓട്ടിന്‍ പുറത്തും മുറ്റത്തെ ഇലകളിലും അകത്ത് ഇറ്റിവീഴുന്ന പാത്രത്തിലും അനായാസം പാടാന്‍ കഴിവുള്ളവനാണ് മഴ എന്നെനിക്ക് തോന്നി.
തണുത്തു വിറച്ച ഞാന്‍ പുതപ്പ് തലയിലൂടെ മൂടിപുതച്ച് കോലായിലേക്ക് നടന്നു. പുറത്ത് കാറ്റ് നിര്‍ത്താതെ വീശുന്നുണ്ട്. അര കിലോമീറ്റര്‍ അകലെയാണ് മാറാട് കടപ്പുറം. ചെവിയോര്‍ത്താല്‍ കടലിരമ്പം കേള്‍ക്കാം.
ദൂരെ നിന്ന് കൈസര്‍ നിര്‍ത്താതെ കുരയ്ക്കുന്നുണ്ട്. നന്ദുവിന്റെ വീട്ടിലെ വളര്‍ത്തുനായയാണ് കൈസര്‍. ഒരു നാടന്‍പട്ടി. ഞാനൊരു പൂച്ചയെ വളർത്തുന്നുണ്ട്. അതിനും കൈസര്‍ എന്നാണ് പേരിട്ടത്.
തിന്നാന്‍ കൊടുക്കുന്ന സമയം മാത്രം വീട്ടിലെത്തും. തീറ്റ കഴിഞ്ഞാല്‍ പരിചയഭാവം പോലും കാണിക്കാതെ അടുക്കളയിലെ അടുപ്പിനടുത്ത് ചുരുണ്ട് കിടക്കും. അവനെ ഞാന്‍ ചുറ്റിലും നോക്കി. മഴയായതിനാല്‍ എവിടെയെങ്കിലും ചുരുണ്ടു കൂടി കിടക്കുന്നുണ്ടാകും.
വീടിന്റെ അടുക്കളഭാഗത്തായി ഒരു ചെറിയ കിണറുണ്ട്. ചുവന്ന വെള്ളമാണ് അതില്‍ കിട്ടുക. കുളിക്കാനും മറ്റു പ്രാഥമികാവിശ്യത്തിനും അരിച്ചെടുത്തു വേണം ഉപയോഗിക്കാന്‍. ഉപ്പ മരം കൊണ്ടുള്ള മൂന്നു കാലില്‍ തുണി കൊണ്ടൊരു അരിപ്പ ഉണ്ടാക്കിയിട്ടുണ്ട്. ചകിരിയും മണലും കരിയും കൊണ്ടുണ്ടാക്കിയ അരിപ്പയാണത്. കിണറില്‍ നിന്നുള്ള ചുവന്ന വെള്ളം അതില്‍ ഒഴിച്ചാല്‍ താഴേക്ക് തെളിഞ്ഞ വെള്ളം കിട്ടും.
കുടിക്കാനുള്ള വെള്ളം ദൂരെയുള്ള നായരുടെ വീട്ടില്‍ പോയി എടുക്കണം. സന്ധ്യക്ക് മുന്‍പേ വെള്ളമെടുത്തില്ലെങ്കില്‍ നായർ ഗേറ്റടക്കും. വായനശാലയുടെ പരിസരങ്ങളില്‍ ടെലിവിഷനുള്ള ചുരുക്കം ചില വീടുകളില്‍ ഒന്നാണ് നായരുടെ വീട്. ഓട് മേഞ്ഞ ഇരുനില വീട്. വലിയ മുറ്റവും നിറയെ റോസാച്ചെടികളുമുള്ള വലിയ വീട്. വീടിനോട് ചേര്‍ന്ന് കിടക്കുന്ന പാടം മുഴുവന്‍ നായരുടെയാണ്. പലതും മുറിച്ചു വിറ്റു. പാടം നികത്തി അതില്‍ പലരും വീടു വെച്ചിരിക്കുകയാണ്. കിണറുകുത്തിയ എല്ലാ വീട്ടിലും കിട്ടിയത് ചുവന്ന വെള്ളം. നായരുടെ വലിയ കിണറില്‍ മാത്രമാണ് കലങ്ങാത്ത വെള്ളമുണ്ടായിരുന്നത്. മൂത്ത പെങ്ങള്‍ എന്നെയും കൂട്ടിയാണ് നായരുടെ വീട്ടിലേക്ക് വെള്ളമെടുക്കാനായി പോവുക.
രണ്ടു പേര്‍ക്ക് മാത്രം പോകാന്‍ കഴിയുന്ന ചെളിനിറഞ്ഞ ഇടവഴിയാണ് പ്രധാന നടപ്പാത. മുള്ളുകൊണ്ടാണ് വേലി. വേലിക്ക് മുകളില്‍ ചെമ്പരത്തി ചാഞ്ഞിരിക്കുന്നു. മഞ്ഞ പൂക്കളുള്ള കാട്ടുചെടികള്‍ നിറയെയുണ്ട്.
ഇടവഴി മുട്ടുന്നിടത്ത് ഒരു വാകമരമുണ്ട്. അതിന് ചുറ്റിലും എപ്പോഴും ആറു ചെറുപ്പക്കാര്‍ സംഘമായി നിരന്നിരിക്കും. എല്ലാം ഇരുപതിനും ഇരുപത്തിരണ്ടിനും ഇടയില്‍ പ്രായമുള്ളവര്‍. ബ്രേക്ക് ഡാന്‍സ് നാസര്‍, കൈതപ്പൊയില്‍ മുജീബ്, കക്കിരി ബാബു,പാമ്പന്‍ ബൈജു, കുാഞ്ഞി സീതിയുടെ മകന്‍ അലവി, പൊറായി കുട്ടന്‍.
കൂട്ടത്തിലെ നേതാവ് ബ്രേക്ക് ഡാന്‍സ് നാസറാണ്. കറുത്ത് മെലിഞ്ഞ ഒരു രൂപം. ആള്‍ നാട്ടിലെ ഒരു ചെറിയ മൈക്കിള്‍ ജാക്‌സനാണ്. അത്യാവശ്യം വെസ്റ്റേണ്‍ ഡാന്‍സ് ചെയ്യും. നാട്ടില്‍ എവിടെ സ്റ്റേജ് പ്രോഗ്രാം ഉണ്ടെങ്കിലും അവിടെ നാസറിന്റെ ഡാന്‍സ് ഉറപ്പാണ്. ആളാണ് കൂട്ടത്തിലെ വലിയ പൂവാലന്‍. ഞങ്ങള്‍ പുതിയ സ്ഥലത്തേക്ക് എത്തിയപ്പോള്‍തന്നെ ഈ സംഘം വീടിന് ചുറ്റിലും തിരിയാന്‍ തുടങ്ങിയിരുന്നു. ഉപ്പ ഇതെല്ലാം കാണുന്നുണ്ടായിരുന്നു.
അന്നും ഞങ്ങള്‍ സന്ധ്യക്ക് മുന്‍പ് തന്നെ വെള്ളമെടുക്കാനായി നായരുടെ വീട്ടിലേക്ക് നടന്നു. ഇടവഴി കഴിഞ്ഞു വാകമരം എത്തിയപ്പോള്‍ തുടങ്ങി സംഘത്തിന്റെ വക ചൂളമടിയും ചുമയും. പേടിച്ചു പോയ ഞങ്ങള്‍ ഒരുവിധം വെള്ളമെടുത്ത് വീട്ടിലെത്തി കാര്യം ഉപ്പയോടു പറഞ്ഞു. പുതിയ സ്ഥലമായതിനാല്‍ ഉപ്പ അല്പം ക്ഷമ കാണിച്ചു.
പുതിയ താമസക്കാരെ കാണുന്നതിനും പരിചയപ്പെടുന്നതിനു വേണ്ടി അടുത്ത വീട്ടിലെ താമസക്കാരായ ആണുങ്ങള്‍ വീട്ടിലേക്ക് കയറിവന്നു. ഇരിക്കാന്‍ കസേരയില്ലാത്തതിനാലും കോലായില്‍ സ്ഥലമില്ലാത്തതിനാലും ഉപ്പ മുറ്റത്തിറങ്ങി ഓരോരുത്തരെയായി പരിചയപ്പെട്ടു.
മീന്‍കാരന്‍ റിയാസിക്ക, പൊറായി സുരന്‍, ലത്തീഫ്, ജിമ്മ് സുബൈറ്, ബ്ലാക്ക് ബെല്‍റ്റ് അസീസ്, തെക്കിനി അസു എന്നിവരായിരുന്നു അത്. പരിചയപ്പെടല്‍ കഴിഞ്ഞതും പൊറായി സുരന്‍ പറഞ്ഞു.
”കേട്ടോ ആലിക്ക, ഞങ്ങള്‍ ഇവിടെ വളരെ സോസിയലയാണ് ജീവിക്കുന്നത്…”
ഇത് കേട്ട തെക്കിനി അസീസ് പറഞ്ഞു.
”പിന്നല്ലാതാ… ഓന്റെ പൊരേല് ഞമ്മളും, ഞമ്മളെ പൊരേല് ഓനും എപ്പോളും ഉണ്ടാകും. അടുക്കളേക്ക് കയറിപോകാം… അത്രക്കുണ്ട് ഞമ്മള് തമ്മിലുള്ള ബന്ധം”
”ഇന്നലെ ന്റെ പെണ്ണുങ്ങള്‍ക്കും കുട്ട്യോള്‍ക്കും ഒരു സിനിമ കാണണംന്ന് പറഞ്ഞപ്പോ… ദാ ഈ സുബൈറാണ് മാത്തോട്ടം ടാക്കീസില്‍ കൊണ്ട് സിനിമ കാണിച്ചു കൊടുത്തത്.”
തെക്കിനി അസു അത് വല്ലാത്ത അഭിമാനത്തോടെയാണ് പറഞ്ഞത്. ജിമ്മ് സുബൈര്‍ ഗൗരവം നിറഞ്ഞ സ്വരത്തില്‍ പറഞ്ഞു.

”ഇനിപ്പം ആലിക്കയുണ്ടാവല്ലോ മ്മളെ കൂടെ… എന്ത്യേയ് ആലിക്കല്ലേ…” ഉപ്പ ഒന്നും മിണ്ടിയില്ല. സുബൈർ ആള് നാട്ടിലെ ഒരു ചെറിയ വമ്പനാണ്. ആറടി പൊക്കവും നീളമുള്ള മുടിയുമുള്ള ഒരു കറുമ്പന്‍. സുബൈർ വല്ലതും പറഞ്ഞാല്‍ ആരും മറുത്തൊന്നും പറയാറില്ല. അതിന്റെ ഗൗരവം എപ്പോഴും അയാളുടെ മുഖത്ത് കാണാം. ഉപ്പ ഇതെല്ലാം കേട്ട് ചിരിച്ചതേ ഉള്ളു. എന്നിട്ട് തിരിച്ചു ചോദിച്ചു.
”ഇങ്ങള് ഉറക്കവും അവനവന്റെ വീട്ടില്‍ തന്നെ അല്ലേ?”
അത് പറഞ്ഞശേഷം അവിടെ പെട്ടെന്നൊരു നിശബ്ദത സൃഷ്ടിക്കപ്പെട്ടു, ഉപ്പ തുടര്‍ന്നു.
”ഞാന്‍ പറയുന്നതുകൊണ്ട് സങ്കടാവൊന്നും വേണ്ട… നിങ്ങളുടെ വീട്ടില്‍ നിങ്ങള്‍ ആരെ വേണമെങ്കിലും കയറ്റുകയോ ടാക്കീസില്‍ കൊണ്ടു പോകുകയോ ചെയ്‌തോ. അത് നിങ്ങളുടെ ഇഷ്ടം. എന്നാല്‍ അത് എന്റെ പൊരക്കകത്ത് വേണ്ട.” ഉപ്പയുടെ മറുപടി ഇഷ്ടമാകാതിരുന്ന എല്ലാവരുടെയും മുഖത്ത് ആ നീരസം പ്രകടമായിരുന്നു. ഉപ്പ കൂട്ടിച്ചേര്‍ത്തു.
”നിങ്ങടെ ആരുടെ വീട്ടിലെ അടുക്കളയിലേക്കും വന്നു നോക്കാന്‍ എനിക്ക് താത്പര്യമില്ല. എന്റെ വീട്ടിലേക്കും ആരും എത്തി നോക്കണ്ട… ദാ ഈ ഉമ്മറത്തുനിന്നുള്ള പരിചയം പുതുക്കല്‍. അതാണ് നല്ലത്… എന്ത്യേ!”
”അത്രേള്ളൂ…” പൊറായി സുരനാണത് പറഞ്ഞത്. അത് കൂടെയുള്ളവരും ഏറ്റുപിടിച്ചു. ഉപ്പയോട് ആരും അങ്ങനെ കോര്‍ക്കാന്‍ നില്‍ക്കാറില്ല. സിന്റിക്കേറ്റ് കമ്പനിയിലെ സോപ്പ് നിർമാണത്തിന് ഉപയോഗിക്കുന്ന കാരത്തിന്റെ ചാക്ക് പിടിച്ച് നല്ല തഴമ്പ് വന്ന കയ്യാണ് ഉപ്പയുടേത്. ഇരുന്നൂറ് കിലോ കെമിക്കല്‍ ബാരല്‍ ഒറ്റയ്ക്ക് പൊക്കിയെടുത്ത് അടുക്കി വെക്കുന്ന ഉപ്പയെ എല്ലാവര്‍ക്കും നന്നായി അറിയാം.
”എല്ലാര്‍ക്കും ചായ എടുക്കട്ടെ…”
ഉപ്പയുടെ ചോദ്യത്തിന് വേണ്ടെന്ന മറുപടി പറഞ്ഞ് എല്ലാവരും മടങ്ങി. ഒരു വിമ്മിട്ടം അപ്പോഴും അവരുടെ മുഖത്ത് കാണാമായിരുന്നു.
ബ്രേക്ക് ഡാന്‍സ് നാസറും കൂട്ടാളികളും വീടിനെ ചുറ്റിപറ്റി നടന്നുകൊണ്ടിരുന്നു. റാഞ്ചി പറക്കുന്ന കഴുകന്‍ കണ്ണുകളില്‍ നിന്ന് കോഴി തന്റെ ചിറകിനടിയിലേക്ക് കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നത് പോലെ ഉപ്പ ഞങ്ങള്‍ മക്കളെ ചേര്‍ത്തുനിര്‍ത്തികൊണ്ടിരുന്നു.
പെങ്ങമ്മാര്‍ രണ്ടു പേരും മീഞ്ചന്ത സ്‌കൂള്‍ വിട്ടു വരുന്ന സമയം കനാലിനു സമീപം ബ്രേക്ക് ഡാന്‍സ് നാസര്‍ കാത്തുനില്‍ക്കുന്നു. പതിയെ പിന്നാലെ കൂടി. പെങ്ങമ്മാര്‍ രണ്ടു പേരും പരിഭ്രമം ഉള്ളിലൊതുക്കി ഒരു വിധം വീട്ടിലെത്തി. ദിവസം പോകുന്നതിനനുസരിച്ച് അവന്റെ ശല്യം കൂടി കൂടി വന്നു. ഉപ്പയോട് കാര്യം പറയാന്‍ എല്ലാര്‍ക്കും ഭയം. അടുത്ത ദിവസം സ്‌കൂള്‍ വിട്ട് വരുന്ന വഴിയില്‍ വെച്ച് രണ്ടാമത്തെ പെങ്ങള്‍ റൈഹാനയെ നാസർ തടഞ്ഞു. ഉള്ളില്‍ അടക്കിയ ഈര്‍ഷ്യത്തോടെ അവള്‍ ചോദിച്ചു.
”എന്താടാ ചെക്കാ അനക്ക് വേണ്ട്യത്? ന്റെ ഉപ്പനോട് പറയണോ അന്റെ ഈ പിന്നാലെയുള്ള നടത്തം?”
”ഹേയ്, അതൊന്നും വേണ്ട. അന്റെ ഇത്താത്തനോട് ഇന്‍ക്ക് ഓളെ ഇഷ്ടാണ്ന്ന് പറയണം. പറയോ ഇയ്യ്”
ഇത് കേട്ട റൈഹാനയുടെ കണ്ണുകള്‍ ക്രോധംകൊണ്ട് ചുവന്നു. അവള്‍ കനാലിന്റെ തെങ്ങുപാലം ഓടിക്കടന്ന് വീട്ടിലേക്ക് വന്നു ഉറക്കെ വിളിച്ചു പറഞ്ഞു.
”ഇദ്ദ്യേ…. അന്നോട് നാസറ് ഇഷ്ടാന്ന് പറഞ്ഞിട്ടുണ്ട്…!” റയ്യ എന്റെ മൂത്ത സഹോദരിയെ ‘ഇദ്ദ്യേ’ എന്നാണ് വിളിക്കുന്നത്. കാര്യം അറിഞ്ഞ ഇത്താത്ത പേടിച്ച് കരഞ്ഞു. ഉമ്മയോട് പറഞ്ഞു. ഉമ്മ ഉപ്പയോടും. ഭയന്നു വിറച്ച മുഖം കണ്ട് ഉപ്പ ഇത്താത്തയെ അടുത്തു വിളിച്ചു.
”എന്തിനാ ഇജ്ജ് കരയിണത്?”
”ഇന്‍ക്ക് ഒന്നും അറീലപ്പച്ച്യേ… ഓന്‍ സ്‌കൂള്‍ വിടണ നേരത്ത്, ദാ… ആ കനാലിന്റെ വക്കത്ത് നിക്കും. എന്നിട്ട് എന്തെക്കെയോ പറയും.”
”ന്നിട്ടെന്ത്യേ ഉപ്പച്ചിനോട് മോള് പറയാഞ്ഞത്?”
ഉപ്പ ചെറു പുഞ്ചിരിയോടെയാണത് ചോദിച്ചത്. ഉപ്പയുടെ മുഖത്തെ മന്ദഹാസം കണ്ടത് കൊണ്ടാകണം ഇത്താത്തയുടെ മനസ്സില്‍ തെല്ലാശ്വാസം തോന്നിയത്. ഇത്താത്ത കരഞ്ഞുകൊണ്ട് പറഞ്ഞു.
”ഇപ്പച്ചിനോട് അടികിട്ടും ന്ന് പേടിച്ചിട്ടാ…!”
ഉപ്പ ഒന്നു മന്ദഹസിച്ചിട്ട് പറഞ്ഞു.
”ഇനി മക്കള് പേടിക്കെണ്ടാട്ടോ… ഓന്‍ ഇനി ഇങ്ങളെ പിന്നാലെ നടക്കൂല!” അതൊരു ഉറപ്പായിരുന്നു. ആ ഉറപ്പില്‍ ഇത്താത്തമാര്‍ക്ക് ആശ്വാസം തോന്നി.
സമയം രാത്രി പതിനൊന്നു കഴിഞ്ഞിരുന്നു. ഉപ്പ ഉറങ്ങിയതേയില്ല. ഞാന്‍ കണ്ണുതുറന്നു കിടക്കുകയായിരുന്നു. പുറത്ത് ചെറിയ ചാറ്റല്‍ മഴയുണ്ട്. ഉമ്മ റാന്തല്‍ വിളക്കിന്റെ തിരി അല്പം കൂട്ടി. ഉപ്പ നിര്‍ത്താതെ ബീഡി വലിക്കുന്നത് കാണാമായിരുന്നു. ആ ബീഡി കുത്തുന്ന മണം പരിസരത്താകെ പരന്നു.
”എന്തേ…ഉറങ്ങുന്നില്ലേ..?”
ഉമ്മ ചോദിച്ചു.
”ഇല്ല…!”
”എന്തു പറ്റി?”
”ഒന്നുല്യാ…എനിക്കാ ചെക്കനെ ഒന്നു കാണണം. ഞാന്‍ ഇഷാ നിസ്‌കാരം കഴിഞ്ഞ് ഓന്റെ പോരേല്‍ പോയിരുന്നു. ഓന്‍ സിനിമക്ക് പോയതാണെന്നാ ഓന്റെ ഉമ്മ പറഞ്ഞത്. ഓന്‍ കുറച്ചൂടെ കഴിഞ്ഞ് ഇത് വഴി പോകും. അപ്പോ കാണാം.”

”ദേ നോക്കീ… ചെക്കനെ ഒന്നു ഉപദേശിച്ചാല്‍ മതീട്ടോ..” ഉമ്മയുടെ സ്വരത്തില്‍ പരിഭ്രമം നിറഞ്ഞിരുന്നു.
”ങാ… കുട്ട്യേളല്ലേ. ഉപദേശിച്ചാ നന്നാകും”
ഉപ്പ പഴയ മുണ്ട് തോളത്തിട്ട് വീടിനു പിന്നിലുള്ള കനാലിന്റെ കൈവരിയിലൂടെ പാടത്തേക്ക് നടന്നു. മഴ നിന്നിരിക്കുന്നു. അടുത്ത വീട്ടിലെ ജൈനുത്താത്തയുടെയും ആമയുടെയും വീട്ടിലെ വിളക്കുകള്‍ അണഞ്ഞിട്ടുണ്ട്. മഴ പെയ്ത് പാടം മുഴുവന്‍ ചെളി നിറഞ്ഞിരിക്കുകയാണ്. നൂറുകണക്കിന് മിന്നാമിനുങ്ങികള്‍ പാടത്തിനപ്പുറത്തെ ആകാശം മുട്ടി നില്‍ക്കുന്ന മാവു മരത്തെ നനവില്‍ പറ്റിപിടിച്ചു മിടിക്കുന്നു. തണുത്ത കാറ്റ് വീശുന്നുണ്ട്. ഉപ്പ തോളത്തിട്ട മേല്‍മുണ്ട് ഒന്നു കയറ്റി ഇട്ടു. അരയില്‍ തിരുകിയ ബീഡി കത്തിച്ചു പാടത്തിനപ്പുറത്തെ തെങ്ങിന്‍ പാലത്തിലേക്ക് നോക്കി.
മൂന്നു പേര്‍ പാലം കടന്നു വരുന്നത് ഒരു നിഴൽ പോലെ കണ്ടു. മൂന്നു പേരുടെയും ചുണ്ടില്‍ ബീഡിയുണ്ട്. പാട വരമ്പിലെ ഇരുട്ടില്‍ ഒരാള്‍ നില്‍ക്കുന്നത് കണ്ടാകണം മൂന്നു പേരും ഒന്നു പരുങ്ങി. അവര്‍ തമ്മിലുള്ള സംസാരം നിലച്ചു. മുഖം മനസ്സിലാകാത്തതിനാല്‍ ഒരാള്‍ പരുക്കന്‍ സ്വരത്തിൽ വിളിച്ചു ചോദിച്ചു.
”കുട്ടനാണോടാ അവിടെ…?”
കക്കിരി ബാബുവാണത് ചോദിച്ചത്. ഉപ്പ ചുണ്ടിലെ എരിഞ്ഞമര്‍ന്ന ബീഡി കനാലിലേക്ക് വലിച്ചെറിഞ്ഞു. അടുത്ത ബീഡി കത്തിക്കാനായി തീപ്പെട്ടി ഉരച്ചപ്പോഴാണ് മൂന്നു പേര്‍ക്കും മുഖം മനസ്സിലായത്.
”സൈദലവീന്റെ മോന്‍ നാസറുണ്ടോടാ കൂട്ടത്തില്‍…?”
ഉപ്പയുടെ ചോദ്യത്തില്‍ ആദ്യമൊന്നു പകച്ചെങ്കിലും നാസര്‍ പറഞ്ഞു.
”എന്താ… എന്താ…ആലിക്കാ, ഞാന്‍ തന്നാണ്.”
”ങാ… നീ അവിടെ ഒന്നു നിക്ക്‌ട്ടോ… ഞാന്‍ അങ്ങോട്ട് വരാം.”
ബീഡി വലിച്ചെറിഞ്ഞ് മുണ്ട് മാടികുത്തി ഉപ്പ കനാലിന് കുറുകെ താൽക്കാലികമായിട്ട തെങ്ങു പാലത്തിലൂടെ നടന്നു.
”മോനെ, അന്നെ ഞാന്‍ ഇന്നു രാവിലെ മുതല്‍ അന്വേഷിക്കുകയായിരുന്നു.!”
നാസര്‍ ഒന്നു പതറി. ഇരുട്ടില്‍ മുഖം വ്യക്തമാകാതിരുന്നിട്ട് പോലും അവന്റെ വിളറിയ മുഖത്ത് മിന്നിമറഞ്ഞ ഭയം ഉപ്പ വായിച്ചെടുത്തു.
”എന്തുപറ്റി ആലിക്കാ..”
നാസര്‍ സംശയിച്ച് ഉപ്പയുടെ മുഖത്തേക്ക് നോക്കി. ഉള്ളിലെ അമര്‍ഷം ഉള്ളിലടക്കി ഉപ്പ ശബ്ദമുയര്‍ത്തി.
”ടാ… മോനേ… ഇക്കിപ്പോ തന്നെ ഒരുപാട് പ്രശ്‌നങ്ങളുണ്ട്. അതിന്റെടേല് ഇയ്യ് വന്ന് ഇന്റെ കുട്ട്യോളോട് ഓരോന്ന് പറഞ്ഞ് ഇനിക്ക് പണിയുണ്ടാക്കിവെക്കരുത്”
അവന്റെ ഉടുമുണ്ടും പൊക്കിള്‍കൊടിയും ചേർത്ത് ഉപ്പ ഒരു പിടി പിടിച്ചു. അവന്‍ നിലവിളിച്ചു പോയി. അവന്റെ നില വിളി ഉയര്‍ന്നതും കൂടെയുള്ളവന്മാര്‍ ആ ഇരുട്ടില്‍ പാടത്തുകൂടെ ഒരൊറ്റയോട്ടം. പാടത്തെ ചെളിയില്‍ അവര്‍ പലവട്ടം വീണെങ്കിലും എണീറ്റ് വീണ്ടും ഓടി.
”ആലി….ക്കാ…. വിട് വിട്…. അറിയാതെ, അറിയാതെ പറ്റിപ്പോയതാ… ഇനി ഇന്‍ണ്ടാകൂലാ… പടച്ചോനാണേ സത്യം…”
ഉപ്പ ആ പിടുത്തം ഒന്നു കൂടെ ശക്തിയായി അമര്‍ത്തികൊണ്ട് പറഞ്ഞു.
”കൊര്‍ച്ചീസായി അന്റെ ഈ കളി ഞാന്‍ കാണുന്നു. വീട്ടില് പെൺകുട്ട്യോള് ഉള്ള ബാപ്പമാരുടെ ഉറക്കം നിന്നെപോലുള്ളവന്മാരാണ് കെടുത്തുന്നത്. ഇനി എങ്ങാനും ന്റെ പൊരന്റെ അടുത്തു നീ തിരിഞ്ഞു കളിക്കുന്നത് കണ്ടാ… നാസറേ… മോനേ…നിന്നെ ഞാന്‍ ദാ… ഈ കനാലില്‍ ചവിട്ടി താഴ്ത്തും. മനസ്സിലായല്ലോ.”
”മന്‍സിലായീ… മന്‍സിലായീ… പിടിവിട് ആലിക്കാ…”
നാസര്‍ ദയനീയമായി കേണു. ഉപ്പ അവന്റെ മടിക്കുത്തിലെ പിടുത്തം പതിയെ വിട്ടു. അപ്പോഴാണ് അവന് ശ്വാസം നേരെ വീണത്.
നാസര്‍ തന്റെ വയറിൽ കൈയമർത്തി ഒന്നും മിണ്ടാതെ വീട്ടിലേക്കു നടന്നു. ഉള്ളില്‍ കുറച്ചുനാളായുള്ള ചെള്ളുകുത്തിനെ മരുന്നടിച്ചു തെളിച്ച ആശ്വാസത്തോടെ ഉപ്പ അന്നു സുഖമായി ഉറങ്ങി. എന്നാല്‍ ഒന്നു കഴിയുമ്പോള്‍ മറ്റൊരു പ്രശ്‌നം ഞങ്ങളുടെ ജീവിതത്തില്‍ ഉരുത്തിരിയുകയായിരുന്നു. അതറിയാതെ ഞങ്ങളും സുഖമായി ഉറങ്ങി.
(തുടരും)

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top