LoginRegister

മലയാള സിനിമയിലെ സ്ത്രീവിരുദ്ധ മാഫിയ

അഡ്വ. ത്വഹാനി

Feed Back


മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന കടുത്ത ചൂഷണവും ലിംഗവിവേചനവും തെളിവുകളുടെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ക്കു മുന്നിൽ എത്തിയിരിക്കുന്നു. സിനിമയില്‍ അഭിനയിക്കാന്‍ സംവിധായകന്‍, നായകന്‍, നിര്‍മാതാവ് തുടങ്ങിയവരോടൊപ്പം നടിമാര്‍ കിടക്ക പങ്കിടണം. വഴങ്ങാത്തവര്‍ക്ക് സിനിമയില്‍ പിന്നെ അവസരമില്ല. വഴങ്ങിക്കൊടുക്കുന്നതില്‍ തെറ്റില്ലെന്ന് വിചാരിക്കുന്നവരില്‍ നടിമാരുടെ അമ്മമാരുമുണ്ട്. പുരുഷന്‍മാര്‍ മാത്രമുള്ള പതിനഞ്ചംഗ പവര്‍ ഗ്രൂപ്പാണ് സിനിമ നിയന്ത്രിക്കുന്നത്.
നടി താമസിച്ച ഹോട്ടല്‍ മുറിയുടെ വാതില്‍ തല്ലിപ്പൊളിക്കുംവിധം അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ച സംഭവങ്ങളുണ്ടായി. കേസിനു പോകുന്നവരെ നടന്റെ ഫാന്‍സുകാര്‍ സൈബറാക്രമണം നടത്തും. ഈ ഭയം മൂലം നടിമാര്‍ അതിന് മുതിരാറില്ല തുടങ്ങി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ അടങ്ങിയതാണ് പുറത്തുവന്ന 233 പേജ് വരുന്ന ഹേമ കമ്മിറ്റി റിപോര്‍ട്ട്.
മദ്യവും മയക്കുമരുന്നും സിനിമാ സെറ്റുകളില്‍ വ്യാപകമായതിനാല്‍ അതീവ ഭീതിയോടെയാണ് സ്ത്രീകള്‍ ജോലി ചെയ്യുന്നതെന്ന യാഥാർഥ്യവും നടിമാര്‍ തുറന്നുപറഞ്ഞു. 299 പേജുകളുള്ള റിപ്പോര്‍ട്ടിന്റെ 64 പേജുകള്‍ ഇപ്പോഴും രഹസ്യമാണ്.
താരരാജാക്കന്‍മാര്‍ അടക്കമുള്ളവരുടെ അതിക്രമങ്ങളും വ്യക്തികളുടെ പേരുകളും ഈ പേജുകളിൽ ഉണ്ടെന്നാണ് പറയുന്നത്.

കേട്ടതെല്ലാം ശരിയായി
മലയാള സിനിമാ മേഖല ഒരു അധോലോകമാണെന്നും കുറ്റവാളികളുടെ സംഘമാണ് അത് നിയന്ത്രിക്കുന്നതെന്നും പച്ചയായിത്തന്നെ ഹേമ കമ്മിറ്റി പറയുന്നുണ്ട്.
റിപോര്‍ട്ടില്‍ പറയുന്ന പല കാര്യങ്ങളും ഇത്രയും കാലം ഗോസിപ്പുകളായി നമ്മുടെ നാട്ടില്‍ പ്രചരിച്ചിരുന്നതു തന്നെയാണ്. അത് കേവലം ഗോസിപ്പുകളല്ലെന്നും പച്ചയായ യാഥാർഥ്യങ്ങളാണെന്നും ഇതോടെ തെളിഞ്ഞിരിക്കുന്നു.
ഗോസിപ്പുകളേക്കാള്‍ നാടകീയവും അധോലോക കേന്ദ്രിതവുമാണ് മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ ജീവിതമെന്ന് ഈ റിപോര്‍ട്ട് വായിച്ചാല്‍ ബോധ്യപ്പെടും.

മലയാള സിനിമ
ഒട്ടും വെടിപ്പല്ല

മലയാളി സമൂഹത്തില്‍ ലിബറലിസവും ഉദാര ലൈംഗികതയും സ്ത്രീ സ്വാതന്ത്ര്യം, അവളുടെ ചോയ്‌സ് തുടങ്ങിയ വ്യാജ തലക്കെട്ടുകളില്‍ പ്രചരിപ്പിക്കുന്നതില്‍ മലയാള സിനിമക്ക് വലിയ പങ്കുണ്ട്.
നായകന്‍ നീതിബോധത്തിന്റെ മൂര്‍ത്തരൂപം, ലിബറേറ്റഡ് ആയ നായിക, കുടുംബത്താല്‍ വരിഞ്ഞുമുറുക്കപ്പെടുന്ന അവളെ സ്വാതന്ത്ര്യം നേടാന്‍ സഹായിക്കുന്ന നായകന്‍ തുടങ്ങി മലയാളി സമൂഹത്തെ ജീവിതവും സംസ്‌കാരവും പഠിപ്പിക്കുന്ന ദൗത്യത്തിലായിരുന്നു സിനിമാ മേഖല.
താരരാജാക്കന്‍മാരും സംവിധായകരും തിരക്കഥാകൃത്തുക്കളുമെല്ലാം നമ്മുടെ സാമൂഹിക ജീവിതത്തില്‍ വലിയ അധികാരങ്ങള്‍ ൈകയാളുകയാണ്. മലയാളികളെ മാതൃകാ ജീവിതം പഠിപ്പിക്കുന്നവര്‍ സ്വന്തം സഹജീവികളോട് ഗുണ്ടാനേതാക്കളെന്ന പോലെ പെരുമാറുന്നവരാണ്. കടുത്ത അന്യായം കണ്‍മുന്നില്‍ അരങ്ങേറുമ്പോഴും മൗനം പാലിക്കുന്നവരാണ്. സഹോദരിയോ മകളോ ആയി കാണേണ്ട പെണ്‍കുട്ടികളുടെ മടിക്കുത്തഴിക്കാന്‍ മാത്രം അധമരായ മനുഷ്യരാണ് മലയാള സിനിമയെന്ന സാംസ്‌കാരിക മാലിന്യത്തില്‍ തിളക്കുന്നത്. താരരാജാക്കന്‍മാരെന്ന് വിളിക്കപ്പെടുന്നവർ ഒരു മാഫിയാ സംഘത്തിലെ പവർ ഗ്രൂപ്പ് ആണെന്നത് നിഷേധിക്കാനാകാത്ത സത്യമായി മാറിക്കഴിഞ്ഞു.
മലയാള സിനിമയെന്ന സാംസ്‌കാരിക ഈടുവെപ്പിനെ സൃഷ്ടിക്കുന്നവരുടെ സംസ്‌കാരം എന്താണെന്ന് ചിന്തിക്കാന്‍ പോലും കഴിയാത്ത സ്ഥിതി. അങ്ങനെയെങ്കില്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കപടജാതി ഈ സിനിമാക്കാരാണെന്ന് പറയേണ്ടി വരും.
രാഷ്ട്രീയക്കാരെയാണ് എല്ലാവരും കുറ്റം പറയാറുള്ളത്. എന്നാല്‍ ഓരോ അഞ്ചു വര്‍ഷവും ജനങ്ങളുടെ തീര്‍പ്പിന് വിധേയമായി മാത്രമേ രാഷ്ട്രീയക്കാര്‍ക്ക് അധികാരം ആസ്വദിക്കാന്‍ സാധിക്കൂ. സിനിമയിലെ പവര്‍ സംഘം ആസ്വദിക്കുന്ന അധികാരത്തിന് അറ്റമോ നിയന്ത്രണമോ ഇല്ലെന്ന് മാത്രമല്ല, സിനിമയിൽ നിന്ന് ആജീവനാന്തം ചിലരെ വിലക്കാനും അവര്‍ക്ക് സാധിക്കും. എത്രമാത്രം വലിയ കുറ്റവാളി സംഘമാണ് സിനിമ നിയന്ത്രിക്കുന്നതെന്ന് ആലോചിക്കാന്‍ പോലും കഴിയില്ല.
മലയാള ചലച്ചിത്ര മേഖലയിലെ നൂറുകണക്കിന് പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനും ഒറ്റപ്പെടുത്തലുകള്‍ക്കും ഇരയാക്കപ്പെടുമ്പോള്‍ താരരാജാക്കന്‍മാര്‍ക്ക് സംസ്‌കാരത്തെ കുറിച്ച് ഒരു വേവലാതിയുമില്ല. മറിച്ച്, അവരുടെ കൂടി പങ്കാളിത്തത്തോടെ നടപ്പാക്കപ്പെടുന്ന അതിക്രമങ്ങള്‍ കൂടിയാണത്. ഇത്രമേല്‍ കപടവും വ്യാജവുമായ ഒരു പ്രതിച്ഛായാ ബലത്തിലാണ് താരങ്ങൾ നിറമുള്ള കുപ്പായങ്ങള്‍ക്കുള്ളില്‍ ചിരിച്ച മുഖത്തോടെ നമുക്ക് മുന്നിലെത്തുന്നത് എന്ന് തിരിച്ചറിയണം. ആ വ്യാജ പ്രതിച്ഛായകളെയാണ് ലക്ഷക്കണക്കിന് മനുഷ്യര്‍ ആരാധനയോടെ കണ്ട് അനുകരിക്കുന്നതെന്ന് മനസ്സിലാക്കണം. കടുത്ത അന്യായങ്ങളുടെ ബലത്തില്‍ നിര്‍മിക്കപ്പെടുന്ന ഒരു ഉത്പന്നമാണിന്ന് മലയാള സിനിമ. സിനിമ എല്ലാ കാലത്തും അങ്ങനെയായിരുന്നു എന്ന് നിരീക്ഷിക്കുന്നവരെയും വില കുറച്ച് കാണേണ്ടതില്ല.
ഒരു എന്റര്‍ടെയിന്‍മെന്റ് എന്ന നിലയിലും സന്ദേശമെന്ന നിലയിലും സിനിമകളെ കാണുന്നവരുണ്ട്. എന്റര്‍ടെയിന്‍മെന്റ് എന്ന നിലയിലാണെങ്കില്‍ പോലും പണമുണ്ടാക്കുന്നതിന് ചില വ്യവസ്ഥകളൊക്കെയുണ്ട്.
മോഷ്ടാക്കളും കള്ളക്കടത്തുകാരും പോലെ ഒരു സംഘമാണ് ചലച്ചിത്രമേഖലയുടെ നടത്തിപ്പുകാരുമെന്ന് വരുന്നത് എന്തൊരു ഗതികേടാണ്. വയലന്‍സ് ആഘോഷിക്കുകയും കുറ്റവാളികളെ പ്രകീര്‍ത്തിക്കുകയും ചെയ്യുന്ന നൂറുകണക്കിന് സിനിമകള്‍ മലയാളത്തില്‍ തന്നെയുണ്ട്. അന്യായമായ അത്തരം കാര്യങ്ങള്‍ക്ക് ഒരു കയ്യറപ്പുമില്ലാത്ത ചലച്ചിത്ര മേഖലയുടെ മൂല്യബോധം സാധാരണ മനുഷ്യരുടേതിനേക്കാള്‍ താഴെയാണെന്ന കാര്യം ഇപ്പോള്‍ ഉറപ്പായി. സ്ത്രീകളോട് സഹജീവിയെന്നത് പോയിട്ട് മനുഷ്യനെന്ന പരിഗണന പോലും കൊടുക്കാത്തവര്‍ എന്ത് സംസ്‌കാരത്തെ കുറിച്ചാണ് പറയുന്നത് ?
ഹേമ കമ്മിറ്റി റിപോര്‍ട്ടിന് പിറകേ മലയാളത്തിലെ ചില താരങ്ങള്‍ കിടപ്പറ പങ്കിടാന്‍ മുറിയിലേക്ക് ക്ഷണിച്ചെന്ന വെളിപ്പെടുത്തലുകളുമായി പലരും രംഗത്തുവന്നിട്ടുണ്ട്. ഇനിയും പലതും പുറത്തു വരാനുണ്ട്. കൊട്ടിഘോഷിക്കുന്ന ഈ പളപളപ്പല്ല സിനിമയെന്ന് ജനമറിയട്ടെ. കടുത്ത ചൂഷണവും തട്ടിപ്പുകളും നിറഞ്ഞ ഒരു കുമിളയാണത്. ഇന്നല്ലെങ്കില്‍ നാളെ അത് പൊട്ടുമെന്ന കാര്യത്തില്‍ ബുദ്ധിയുള്ളവര്‍ക്കൊന്നും സംശയമുണ്ടായിരിക്കാനിടയില്ല. .

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top