ശരിയായ ചരിത്രബോധം, പ്രതിസന്ധിയുടെ നിമിഷത്തില്‍ മനസ്സില്‍ മിന്നിമറയുന്ന ഒരു ഓര്‍മയെ ൈകയെത്തിപ്പിടിക്കലാണ് എന്ന വാള്‍ട്ടര്‍ െബഞ്ചമിന്റെ വിഖ്യാതമായ വാചകത്തെ ഓര്‍മിപ്പിക്കുന്ന ഒരു വനിത ഇതാ നമുക്കു മുമ്പില്‍!
ആര്‍ത്തിരമ്പുന്ന കടല്‍ പോലെ പ്രയാസങ്ങളുടെ തിരകള്‍ തുടരെത്തുടരെയായി ജീവിതത്തില്‍ ആഞ്ഞടിച്ചപ്പോഴെല്ലാം നിറപുഞ്ചിരിയോടെ എതിരേറ്റ ഒരു സ്ത്രീയുടെ കഥയാണിത്. ‘പെണ്ണ്’ എന്ന് ഒരു നാടു മുഴുവന്‍ വിളിക്കുന്ന ഈ എഴുപത്തിരണ്ടുകാരി ഇന്ന് ജീവിതത്തിലെ അവിശ്വസനീയമായ ഒരു വഴിത്തിരിവിലാണ്. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി പഞ്ചായത്തിൽ കക്കാട് ഗ്രാമത്തിലെ പാറക്കല്‍ ആലിക്കുട്ടിയുടെയും കാരാട്ടുപാറമ്മല് ഫാത്തിമയുടെയും മകള്‍ ആമിന പാറക്കല്‍ ആദ്യ പുസ്തകത്തിലൂടെ തന്നെ മലയാളികളുടെ മനം കവര്‍ന്നിരിക്കുന്നു.
2001ലാണ് കാന്‍സര്‍ രോഗം വലിയ പരീക്ഷണമായി ആമിന എന്ന വീട്ടമ്മയുടെ ശരീരത്തെ ബാധിച്ചത്. ഉറക്കം പലപ്പോഴും ഇല്ലാതായി. അന്നത്തെ ആ രാവുകള്‍ പക്ഷേ സങ്കടപ്പെട്ട് നഷ്ടപ്പെടുത്താനല്ല ഈ പെണ്മനസ്സ് തീരുമാനിച്ചത്. സ്വന്തം നാടിന്റെ ചരിത്രങ്ങളും അനുഭവങ്ങളും കുത്തിക്കുറിക്കാന്‍ ശ്രമിച്ചു. വീട്ടുകാരെല്ലാം ഗാഢനിദ്രയില്‍ ആഴുമ്പോള്‍, ബാല്യകാലത്ത് സ്വന്തം മാതാവില്‍ നിന്ന് അറിഞ്ഞ കഥകളും ഓര്‍മകളും പഴയ ഡയറിത്താളുകളിലേക്ക് പകര്ത്തിത്തുടങ്ങിയപ്പോള് മനസ്സിന് വലിയ ആശ്വാസം കിട്ടി. അങ്ങനെ കഴിഞ്ഞ 23 വര്‍ഷം കൊണ്ട് അഞ്ച് ഡയറികളിലായാണ് അത്യപൂര്‍വമായ ഈ അക്ഷരവിഭവങ്ങള്‍ ആമിന തയ്യാറാക്കിയത്.
കൃഷിയാണ് ആമിനയുടെ മുഖ്യ വിനോദം. മാതാപിതാക്കള്‍ തന്നെയായിരുന്നു ഇതിന് പ്രധാന പ്രചോദനമായത്.സ്വന്തം വീട്ടുമുറ്റത്ത് പൂന്തോട്ടവും ജൈവ പച്ചക്കറിത്തോട്ടവും ഒരുക്കി മികച്ച ജൈവകര്‍ഷകയ്ക്കുള്ള അവാര്‍ഡുകള്‍ പല തവണ ലഭിച്ച ആമിനയുടെ അക്ഷരലോകത്തേക്കുള്ള ഈ അവിശ്വസനീയ രംഗപ്രവേശം ആരെയും വിസ്മയിപ്പിക്കുന്ന കഥയാണ്. നാൽപതാം വയസ്സു മുതല്‍ കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ഏറ്റുവാങ്ങി ആറോളം ശസ്ത്രക്രിയകള്‍ക്ക് വിധേയയായ ഒരു സ്ത്രീക്ക് എഴുത്ത് എന്ന സിദ്ധി നല്കിയ ആത്മഹര്‍ഷം ഏറെ വലുതാണെന്ന് ഈ പുസ്തകം സാക്ഷ്യപ്പെടുത്തുന്നു.
കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ മുക്കത്തിനടുത്ത ചെറിയ ഗ്രാമമായ കക്കാടിന്റെയും പരിസര പ്രദേശങ്ങളുടെയും നാള്‍വഴികളാണ് കോന്തലക്കിസ്സയുടെ ഉള്ളടക്കം. സ്വന്തം കാഴ്ചവട്ടത്ത് ഉറങ്ങിക്കിടക്കുന്ന അമൂല്യ കഥകള്‍! വറുതിയുടെ കാലങ്ങളില്‍ ഒരു നാടും ജനതയും അതിജീവനം സാധ്യമാക്കിയ വഴിത്താരകള്‍!
‘ഇരുവഴിഞ്ഞിപ്പുഴയിലെ കുഞ്ഞോളങ്ങള്‍’ എന്ന അധ്യായത്തില്‍ തുടങ്ങി, ആറാം ക്ലാസില്‍ അധ്യാപകന്റെ വിവരക്കേടുകൊണ്ട് പഠനം നിര്‍ത്തേണ്ടിവന്ന ഗ്രന്ഥകാരിയുടെ അതിവേദനാജനകമായ ദുരനുഭവം പങ്കുവെച്ചുകൊണ്ടാണ് പുസ്തകം അവസാനിക്കുന്നത്.
ഇരുവഴിഞ്ഞിപ്പുഴയില്‍ 30 വര്‍ഷത്തോളം കടവുതോണിക്കാരിയായി സേവനമനുഷ്ഠിച്ച ആമിനാച്ചി മുതല്‍ ബ്രിട്ടീഷ് സൈന്യത്തിനു മുന്നില്‍ ധീരതയോടെ പോരാടിയ സ്ത്രീകളുടെ ചരിതങ്ങള്‍ വരെ ഇതില്‍ ഇതള്‍വിരിയുന്നു. മഞ്ചറാപ്പ, ഉമ്മയ്താത്ത, അബു മാഷ്, പൂളോണമ്മ, കെപിആര്‍, കക്കാടിലെ ആദ്യ പ്രവാസി പാറക്കല്‍ അബ്ദുറഹ്മാന് തുടങ്ങിയവരുടെ സ്നേഹം പുരണ്ട അനുഭവങ്ങള്‍ പുസ്തകത്തെ ധന്യമാക്കുന്നു. 1921ലെ മലബാര്‍ സമര ചരിത്രത്തില്‍ വേണ്ടത്ര അടയാളപ്പെടുത്താതെപോയ പെണ്പോരാളികള്ക്കുള്ള സ്മാരകം കൂടിയാണീ കൃതി.
കേരളീയ ഗ്രാമങ്ങളില്‍ നിന്ന് അന്യമായിക്കൊണ്ടിരിക്കുന്ന നന്മകളെയും സൗഹൃദ സ്വരൂപങ്ങളെയും ചരിത്രത്തിന്റെ പിന്‍ബലത്തോടെയാണ് എഴുത്തുകാരി പുസ്തകത്തില്‍ കോറിയിടുന്നത്. ഓര്‍മകളെ കയ്യെത്തിപ്പിടിക്കുകയും അതിനെ വിചാരണ ചെയ്യുകയും ചെയ്തുകൊണ്ടാണ് നമ്മുടെ മുമ്പില്‍ ആമിന ഓരോ വസ്തുതകളും പറയുന്നത്. ഭൂതകാലത്തിലൂടെയും വര്‍ത്തമാനകാലത്തിലൂടെയും സഞ്ചരിച്ച് ഒരു ദേശത്തിന്റെ ചരിത്രമെഴുതുകയും സ്വയം വിചാരണ ചെയ്യുകയും ചെയ്യുന്നത് ഈ പുസ്തകത്തിന്റെ സവിശേഷതയാണ്. നാടിനെ പൂര്‍ണമായി സ്നേഹിക്കുകയും അടയാളപ്പെടുത്തുകയും ചെയ്യുമ്പോള്‍തന്നെ നാട്ടുകാര്‍ നടന്നുതീര്‍ത്ത വഴികളിലെ കാണാക്കുഴികളെക്കുറിച്ചും പരാജയപ്പെട്ട സ്വപ്നങ്ങളെക്കുറിച്ചും വേദനയോടെയും വിമര്‍ശനത്തോടെയും പരിശോധിക്കുന്നു എന്നുള്ളത് ഈ കൃതിയെ വ്യത്യസ്തമാക്കുന്നു.
വായനക്കാരന്റെ മനസ്സ് പൊള്ളുന്ന, ഹൃദയം എരിയുന്ന അന്തര്‍യാത്രകളാണ് ഈ പുസ്തകം നിറയെ. വായനക്കാരും ആ യാത്രകളുടെ നീറ്റലും പൊള്ളലുകളും നേരിട്ട് അനുഭവിക്കും.
ചരിത്രവും കൗതുകങ്ങളും കലര്‍ന്ന സാധാരണ ഭാഷാരീതിയുടെയും വാക്കുകളുടെയും അസാധാരണ പ്രയോഗങ്ങളിലൂടെയും ആഖ്യാനത്തിലൂടെയും ആമിന പാറക്കല്‍ എഴുത്തുലോകത്തിന്റെ നാട്ടുനടപ്പുരീതികളുടെ മുകളിലേക്ക് സഞ്ചരിക്കുന്നു.
ഓര്‍മകള്‍ ഇല്ലാതാകുന്നിടത്ത് ഒരു മനുഷ്യന് മരിക്കുകയാണ്. നമ്മുടെ പൈതൃകം മരിക്കാതിരിക്കാന്‍ വിലപ്പെട്ട ഓര്‍മകളിലേക്ക് ഒരു തിരിഞ്ഞുനടത്തം അനിവാര്യമാണ്. കക്കാടിലെ ഒരു കാലഘട്ടത്തെ സൗഹൃദങ്ങള്‍, നാട്ടുമണങ്ങള്‍, കണ്ടോളിപ്പാറയിലെ കലാസന്ധ്യകള്‍, പേപ്പട്ടി കടിച്ചതിനാല്‍ പൊലിഞ്ഞതും രക്ഷപ്പെട്ടതുമായ മനുഷ്യര്‍ തുടങ്ങി പലവിധ ജീവിതബിംബങ്ങളിലൂടെ എഴുത്തുകാരി കടന്നുപോവുന്നു.
എഴുത്തുകാര്‍ക്ക് വായനക്കാരുടെ മനസ്സുകളിലേക്ക് കയറിച്ചെല്ലാനാവുക എന്നാല്‍ ചെറിയ കാര്യമല്ല. ഭാഷയും രചനാശൈലിയും ആഖ്യാനവും ഒക്കെ ഇതില്‍ പ്രധാന ഘടകമാണ്. ആറ്റിക്കുറുക്കിയ വാക്കുകളിലൂടെ ജീവിതത്തിന്റെ സൗകുമാര്യത കവിഞ്ഞൊഴുകുന്ന രീതിയിലുള്ള ആമിനയുടെ ആഖ്യാനകല ഈ പുസ്തകത്തെ ഏറെ മനോഹരമാക്കുന്നു.
”അകവും പുറവും ചുട്ടുപൊള്ളിയപ്പോള്‍ ആമിന കടലാസില്‍ കുറിച്ചിട്ടത് സ്വാതന്ത്ര്യത്തിനു മുമ്പും പിമ്പുമുള്ള കക്കാട്, കാരശ്ശേരി തുടങ്ങിയ ഗ്രാമങ്ങളിലെ സാധാരണക്കാരായ മനുഷ്യരുടെ ജീവിതമായിരുന്നു. ആമിന സ്വന്തം ഗ്രാമഭാഷയില്‍ പകര്‍ത്തിയ ‘കോന്തലക്കിസ്സകള്‍’ മടുപ്പില്ലാതെ വായിക്കാന്‍ സാധിക്കും. ഈ കൃതിയില്‍ കാലഘട്ടത്തിലെ സാധാരണക്കാരായ മനുഷ്യരുടെ ജീവിതമുണ്ട്, നാടിന്റെ തുടിപ്പുണ്ട്, പ്രകൃതിയുണ്ട്, കൃഷിയുണ്ട്, നമുക്ക് പരിചയമില്ലാത്ത പലതുമുണ്ട്” എന്ന് കോന്തലക്കിസ്സകളുടെ അവതാരികയില്‍ പ്രശസ്ത സാഹിത്യകാരി ബി എം സുഹ്റ പറയുന്നത് ഈ കൃതിയുടെ തിളക്കം വര്‍ധിപ്പിക്കുന്നു.
മാതൃഭൂമി ബുക്സാണ് പ്രസാധകര്. ആര്‍ക്കിടെക്ട് ജാഫര്‍ അലി പാറക്കലിന്റെ ഇല്ലസ്ട്രേഷന് മനോഹരമാണ്. എഴുത്തുകാരിയുടെ ഭര്‍ത്താവ് ചേന്ദമംഗല്ലൂര്‍ ചെട്ട്യാന്തൊടികയിലെ സി ടി അബ്ദുല്ലത്തീഫ് മാസ്റ്റര്‍, മക്കളായ തൗഫീഖ്, അമാനുല്ല, അജ്മല്‍ ഹാദി, നജ്മുന്നിസ, ഫാരിസ്, സഹോദരങ്ങളായ പി മുഹമ്മദ്, പി അബ്ദുറഹ്മാന്, ഹുസൈന് കക്കാട് തുടങ്ങിയവരുടെ പ്രയത്നങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ട് ഇളയ സഹോദരനും കലാകാരനുമായ പി സാദിഖ് അലി മാസ്റ്ററാണ് ഒന്നര വര്‍ഷത്തോളം ദീര്‍ഘിച്ച ദൗത്യത്തിലൂടെ കോന്തലക്കിസ്സകള്‍ എന്ന പുസ്തകം യാഥാർഥ്യമാക്കിയത്. നാട്ടുമണമുള്ള ഒരു ആത്മകഥയുടെ സര്‍വ സുഗന്ധവും നിറഞ്ഞ ഈ രചനയ്ക്ക് വായനക്കാര്‍ ഇവരോടെല്ലാം അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. വരുംനാളുകളില്‍ ധന്യമായ ഉള്ളടക്കത്തോടെ തലയുയര്‍ത്തി നില്ക്കുന്ന പുസ്തകങ്ങള്‍ക്ക് ജീവന് പകരാന്‍ ഈ എഴുത്തുകാരിക്ക് സാധിക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം. .