LoginRegister

നിസർഗധാമിലെ സന്ധ്യകൾ

ഷെരീഫ് സാഗർ

Feed Back


കുന്നിനു മുകളില്‍ പൂമരങ്ങളാല്‍ ചുറ്റപ്പെട്ട വലിയ ബംഗ്ലാവിലാണ് അരുന്ധതി ഫാര്‍മസ്യൂട്ടിക്കല്‍സ് ഉടമ കേശവദാസിന്റെ വീട്. വലിയ മുറികള്‍, പരിചാരകര്‍. ഒരേയൊരു മകളായ അരുന്ധതിയുടെ പേരിലാണ് ബിസിനസ്. കേശവദാസിന്റെ ഭാര്യ നേരത്തെ മരിച്ചുപോയിരുന്നു. അയാള്‍ മകളെ നന്നായി പഠിപ്പിച്ചു. വലുതാകുമ്പോള്‍ അവളെ കമ്പനി ഏല്‍പിക്കണമെന്നാണ് ആഗ്രഹിച്ചത്. എന്നാല്‍ മകള്‍ വരകളുടെ ലോകത്തായിരുന്നു. അവളുടെ വിരലുകളിലൂടെ മനോഹരമായ ചിത്രങ്ങള്‍ പിറന്നു. ആര്‍ട്ട് ഫെസ്റ്റുകളും പെയിന്റിങ് എക്‌സിബിഷനുകളുമായിരുന്നു അവളുടെ ലോകം. അച്ഛന്റെ ബിസിനസിനെക്കുറിച്ച് ഒരിക്കലും അവള്‍ ചിന്തിച്ചില്ല. കമ്പനിയിലേക്ക് സന്ദര്‍ശനത്തിനു പോലും അവള്‍ എത്തിനോക്കിയില്ല. കൊള്ളാവുന്ന ഒരുത്തനെ കൊണ്ട് മകളെ വിവാഹം കഴിപ്പിച്ച് അവളുടെ ഭര്‍ത്താവിനെ ബിസിനസ് ഏല്‍പിച്ചാലും മതി. പക്ഷേ, മകള്‍ വിവാഹത്തിന് സമ്മതിക്കുന്നില്ല.
കേശവദാസ് ധർമസങ്കടത്തിലായി. കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ അന്യാധീനപ്പെടുമോ എന്നോര്‍ത്ത് അയാളുടെ ജീവിതത്തിന്റെ താളം തെറ്റി. വലിയ ബിസിനസ് ഗ്രൂപ്പിന്റെ അധിപന്മാര്‍ അവരുടെ മക്കളുടെ ആലോചനയുമായി വന്നെങ്കിലും അരുന്ധതി സമ്മതിച്ചില്ല. അതിനിടെ ചിത്രകാരനായ ശ്യാമുമായി അരുന്ധതി അടുപ്പത്തിലായി. അയാളെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂ എന്ന് അവള്‍ അച്ഛനെ അറിയിച്ചു. കുടുംബത്തിന്റെ സ്റ്റാറ്റസിനു ചേരാത്ത ഒരാളാണ് ശ്യാം എന്നതിനാല്‍ കേശവദാസ് ഈ വിവാഹത്തെ ശക്തമായി എതിര്‍ത്തു. എന്നാല്‍ മകള്‍ അച്ഛനെ വകവെക്കാതെ ശ്യാമിനൊപ്പം ഇറങ്ങിപ്പോയി. ഭാര്യ മരിച്ച ശേഷം മറ്റൊരു വിവാഹം പോലും കഴിക്കാതെ മകളെ വളര്‍ത്തിയ കേശവദാസിന് അവളുടെ പെരുമാറ്റം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. മകള്‍ പോയതിന്റെ ആഘാതത്തില്‍ അയാളുടെ ശരീരം തളര്‍ന്നു. ജീവിതം ആശുപത്രി കിടക്കയിലായി.
ആ സമയത്തൊന്നും മകള്‍ അച്ഛനെ തിരിഞ്ഞുനോക്കിയില്ല. മാനേജര്‍ വേണുഗോപാലാണ് പരിചരിച്ചത്. കേശവദാസിന്റെ ബിസിനസ് വളര്‍ച്ചയുടെ പ്രധാന കാരണക്കാരനായിരുന്നു വേണുഗോപാല്‍. അദ്ദേഹത്തിന്റെ വൈഭവമാണ് അരുന്ധതി ഫാര്‍മസ്യൂട്ടിക്കല്‍സിനെ ഉയര്‍ച്ചയിലേക്ക് നയിച്ചത്. സത്യസന്ധനും മാന്യനുമായ മാനേജര്‍. ദിവസങ്ങള്‍ കടന്നുപോയപ്പോഴാണ് അരുന്ധതി ആ നടുക്കുന്ന സത്യം അറിഞ്ഞത്. തന്നോടുള്ള ഇഷ്ടമായിരുന്നില്ല, മറിച്ച് തന്റെ സ്വത്തിനോടുള്ള ഇഷ്ടമായിരുന്നു ശ്യാമിന്റെ പ്രണയത്തിന് കാരണം. കമ്പനി എഴുതി വാങ്ങാന്‍ അയാള്‍ പലപ്പോഴായി അരുന്ധതിയെ പ്രേരിപ്പിച്ചു. അവള്‍ അതിന് താല്‍പര്യം കാട്ടിയില്ല. അരുന്ധതി തന്റെ താല്‍പര്യത്തിന് വഴങ്ങാതെ വന്നതോടെ ശ്യാം മറ്റു കാമുകിമാരെ തേടിപ്പോയി. അതിനിടെ കേശവദാസിന് അസുഖം മൂര്‍ച്ഛിക്കുകയും അവസാന ദിവസങ്ങളില്‍ ആ കാല്‍ക്കല്‍ വീണ് മാപ്പുപറഞ്ഞ് അരുന്ധതി അച്ഛനെ ശുശ്രൂഷിക്കുകയും ചെയ്തു.
അച്ഛന്റെ മരണശേഷം മാനേജര്‍ വേണുഗോപാലിനൊപ്പം അരുന്ധതി കൂര്‍ഗിലെ കാവേരി നദീതീരത്തുള്ള നിസര്‍ഗധാമിലേക്ക് തിരിച്ചു. ആ യാത്രക്കിടെ ശ്യാമുമായുള്ള വിവാഹബന്ധം അവസാനിപ്പിക്കാനും വേണുഗോപാലിനെ വിവാഹം കഴിക്കാനും അവള്‍ തീരുമാനിച്ചു. അച്ഛനോടുള്ള പ്രായശ്ചിത്തം. പുനത്തില്‍ കുഞ്ഞബ്ദുല്ലയുടെ നിസര്‍ഗധാമിലെ സന്ധ്യകള്‍ എന്ന ലഘുനോവലിന്റെ ഇതിവൃത്തമാണിത്.
മുന്‍വിധികളും ധാരണപ്പിശകുകളും താളം തെറ്റിക്കുന്ന ജീവിതത്തിന്റെ നേരുള്ള കഥയാണ് നിസര്‍ഗധാമിലെ സന്ധ്യകള്‍. ഒരുപാട് പ്രതീക്ഷകളുമായാണ് കേശവദാസ് മകളെ വളര്‍ത്തിയത്. അതൊരു മുന്‍വിധിയായിരുന്നു. മാമ്പൂ കണ്ടും മക്കളെ കണ്ടും കൊതിക്കരുത് എന്നൊരു പഴമൊഴി തന്നെയുണ്ട്. മക്കള്‍ക്ക് സ്‌നേഹവും വാത്സല്യവും നല്‍കുക. പഠിച്ച് വളരാനുള്ള സൗകര്യമൊരുക്കുക. അതെല്ലാം അവര്‍ വളരുമ്പോള്‍ തിരിച്ചുകിട്ടുമെന്ന് ആഗ്രഹിക്കാം. പക്ഷേ, അമിത പ്രതീക്ഷ അരുത്. വളര്‍ന്നുകഴിഞ്ഞാല്‍ മക്കളെ അവരുടെ വഴിക്കു വിടുന്നതാണ് പ്രകൃതിനിയമമെന്ന് പറയുന്ന യുക്തിവാദങ്ങള്‍ ശക്തി പ്രാപിച്ച കാലത്ത് മക്കളെ പൂര്‍ണമായും തങ്ങള്‍ക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത് മൗഢ്യമാണ്. മക്കളുടെ അഭിരുചികളും താല്‍പര്യങ്ങളും മനസ്സിലാക്കാതെ അവരെ തങ്ങളുടെ സ്വപ്‌നങ്ങള്‍ക്കു വേണ്ടി ബലിയാടാക്കാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കളുടെ പ്രതിനിധിയായും കേശവദാസിനെ കാണാം. അമിതമായ അധികാര പ്രയോഗങ്ങള്‍ മക്കളില്‍ വാശിയായി പരിണമിക്കുന്നു. പിന്നെ അവര്‍ തോന്നിയ വഴിക്ക് പോകുന്നു.
അരുന്ധതി അവള്‍ക്ക് തോന്നിയ വഴിയിലൂടെയാണ് ആദ്യം സഞ്ചരിച്ചത്. ശ്യാമിനെ അവള്‍ വിശ്വസിച്ചു. അവന്റെ പ്രണയം യഥാർഥമാണെന്ന് കരുതി. എല്ലാം മനസ്സിലാക്കിയപ്പോഴേക്കും സമയം വൈകി. ഇവിടെയും മുന്‍ധാരണയാണ് പിഴപ്പിച്ചത്. ഒരാളെയും അന്ധമായി വിശ്വസിക്കരുതെന്ന് പഠിപ്പിക്കുകയാണ് ശ്യാമിന്റെ പരിണാമം. എല്ലാ പ്രണയവും പ്രണയമല്ല. ചിലതെല്ലാം സ്വന്തം കാര്യം നേടാനുള്ള കുറുക്കുവഴികള്‍ മാത്രമാണ്. അത് തിരിച്ചറിയാന്‍ സാധിച്ചില്ലെങ്കില്‍ ചതിക്കുഴികളില്‍ അകപ്പെടുക തന്നെ ചെയ്യും.
അരുന്ധതി വിധിയെ പഴിച്ച് ആ ചതിക്കുഴിയില്‍ തന്നെ കഴിഞ്ഞില്ല. തിരിച്ചറിഞ്ഞ ഉടനെ പുറത്തു കടന്നു. പിതാവിനോട് മാപ്പ് ചോദിച്ചു. കുറ്റങ്ങള്‍ ഏറ്റുപറഞ്ഞു. പറ്റിയ പിഴവ് തിരുത്താന്‍ തീരുമാനിച്ചു. നിസര്‍ഗധാമിലെ തണുത്ത കാറ്റില്‍ അവള്‍ പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചു. ഇതും മറ്റൊരു പാഠമാണ്. വിധിയെ പഴിച്ച് ജീവിതം ഹോമിക്കുന്ന പതിനായിരങ്ങള്‍ക്കുള്ള പാഠം. ജീവിതത്തില്‍ ഏതെങ്കിലും തരത്തില്‍ തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് തിരുത്താനും അവസരമുണ്ട്. ധൈര്യത്തോടെ ആ അവസരം വിനിയോഗിക്കുകയാണ് വേണ്ടത്. അരുന്ധതി അതാണ് ചെയ്തത്.
ജീവിതത്തിലെ എല്ലാ കാര്യങ്ങളും നമ്മള്‍ വിചാരിക്കുന്നതുപോലെ നടക്കണമെന്നില്ല. നല്ല വസ്ത്രമൊക്കെ ധരിച്ച് കുടുംബമായി ഒരു വിവാഹത്തിനോ സല്‍ക്കാരത്തിനോ ഇറങ്ങിപ്പുറപ്പെടുമ്പോഴായിരിക്കും കാര്‍ ബ്രേക്ക് ഡൗണാകുന്നത്. യാത്ര മുടങ്ങുകയോ അവിടെ എത്തുന്നത് വൈകുകയോ ചെയ്യാം. കൃത്യസമയത്ത് ഓഫീസിൽ എത്താന്‍ പതിവുസമയത്ത് വീട്ടില്‍നിന്ന് ഇറങ്ങുമ്പോഴാകും റോഡില്‍ അപ്രതീക്ഷിത ഗതാഗതക്കുരുക്ക്. അന്നത്തെ എല്ലാ കാര്യങ്ങളും അവതാളത്തിലാകാന്‍ അത് മതി. ജീവിതത്തില്‍ നാം നേരിടുന്ന പലതും നമ്മുടെ കുറ്റം കൊണ്ട് സംഭവിക്കുന്നതല്ല. അതെല്ലാം പ്രതീക്ഷിച്ചും അത്തരം സന്ദര്‍ഭങ്ങളെ ധീരമായി നേരിട്ടും മുന്നോട്ടുപോവുക മാത്രമാണ് പരിഹാരം. മകളെ നന്നായി പഠിപ്പിച്ച കേശവദാസ് കമ്പനി അവളെ ഏല്‍പിക്കണമെന്ന് ആഗ്രഹിച്ചു. എന്നാൽ മകളുടെ വഴി മറ്റൊന്നായിരുന്നു. നല്ലൊരു പയ്യനെക്കൊണ്ട് വിവാഹം കഴിപ്പിക്കണമെന്ന് ആഗ്രഹിച്ചു. അതും നടന്നില്ല. അവളാണെങ്കിലോ, ആശിച്ചും മോഹിച്ചും ഒരു പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചു. ആ സ്വപ്‌നവും തകര്‍ന്നു.
ജീവിതം അങ്ങനെയാണ്. ചില നേരങ്ങളില്‍ അപ്രതീക്ഷിത സന്തോഷങ്ങള്‍ തന്ന് അത് നമ്മെ ആനന്ദിപ്പിക്കും. ചില നേരങ്ങളില്‍ അപ്രതീക്ഷിത ദുഃഖങ്ങള്‍ തന്ന് വേദനിപ്പിക്കും. ഇപ്പറഞ്ഞ രണ്ടു നേരങ്ങളിലും പക്വമായി പ്രതികരിക്കാനും പ്രതിസന്ധികളെ അതിജയിക്കാനുമുള്ള പരിശീലനം സ്വയം നേടുക മാത്രമാണ് പരിഹാരം. ഈശ്വരചിന്തയും ആത്മവിശ്വാസവുമുള്ളവര്‍ക്ക് ഇത്തരം പ്രതിസന്ധികളെ നിസ്സാരമായി ജയിക്കാനാവും. .

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top