LoginRegister

കെ എ മജീദ്

Feed Back


ദിവസങ്ങള്‍ക്കു ശേഷം അനുമോന്‍ സമാധാനത്തോടെ സ്‌കൂളിലേക്കു പോയി. വീട്ടില്‍ അമ്മായി ഉണ്ടല്ലോ. പുള്ളിക്കോഴിയെ അവര്‍ നോക്കിക്കോളും. വേറെ ജോലികളൊന്നും അവര്‍ക്ക് അവിടെയില്ല. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ അടുക്കളയില്‍ ഉമ്മയെ സഹായിക്കാറുണ്ടെണ്ടെന്നു മാത്രം. ഉള്ളി തൊലിക്കുക, പച്ചക്കറി അരിയുക തുടങ്ങിയ ജോലികള്‍. അല്ലാത്തപ്പോഴെല്ലാം വരാന്തയില്‍ ചാരുകസേരയില്‍ വന്നിരിക്കും. അപ്പോള്‍ കോഴികളെ നിരീക്ഷിക്കാന്‍ അവര്‍ക്ക് കൂടുതല്‍ സമയം കിട്ടും.
സ്‌കൂളിലെത്തിയപ്പോള്‍ അനുമോന്‍ സൈദുക്കായുടെ വീട്ടിലെ ടോര്‍ച്ച് കുഞ്ഞാപ്പയെ ഏല്‍പിച്ചു.
‘ഞാനും ഉമ്മയും ഒരു ദിവസം നിന്റെ വീട്ടിലേക്കു വരുന്നുണ്ട്.’ കുഞ്ഞാപ്പ പറഞ്ഞു.
‘ഹായ്! എന്നാണ് വരുന്നത്?’ അനുമോന്‍ സന്തോഷത്തോടെ ചോദിച്ചു.
‘മിക്കവാറും അടുത്ത ഞായറാഴ്ച തന്നെ.’
‘ശരി, വാക്കു മാറരുത്. ഞാന്‍ ഉമ്മയോട് പറയും.’
‘ഞാന്‍ വരുന്നത് എന്തിനാണെന്നറിയാമോ?’ കുഞ്ഞാപ്പ ചോദിച്ചു.
‘കളിക്കാന്‍.’
‘അല്ല.’
‘പേരക്ക പറിച്ചുതിന്നാന്‍.’
‘അല്ല.’
‘ആണിത്തോട്ടില്‍ നിന്ന് മീന്‍ പിടിക്കാന്‍.’
കുഞ്ഞാപ്പ നിഷേധഭാവത്തില്‍ തലയിളക്കി.
‘അതുമല്ല.’
പിന്നെ എന്തിനാവും? അനുമോന്‍ ചിന്തിച്ചു. അവസാനം കുഞ്ഞാപ്പ തന്നെ ഉത്തരം പറഞ്ഞു:
‘നിന്റെ പുള്ളിക്കോഴിയെ കാണാന്‍!’
അതു ശരിയാണ്. പുള്ളിക്കോഴിയുടെ വിശേഷങ്ങള്‍ അറിയാന്‍ അവനു വലിയ താല്‍പര്യമാണല്ലോ. തനിക്ക് അതു ചോദിക്കാന്‍ തോന്നിയില്ലല്ലോ. അനുമോന്‍ സന്തോഷത്തോടെ കുഞ്ഞാപ്പയെ ചേര്‍ത്തുപിടിച്ചു.
കുഞ്ഞാപ്പയും ഉമ്മയും വരുന്ന കാര്യം അവന്‍ വീട്ടില്‍ പറഞ്ഞു. അതു കേട്ടതു മുതല്‍ ഉമ്മ വലിയ തിരക്കിലായി. സാധനങ്ങളെല്ലാം ക്രമമായി അടുക്കിവയ്ക്കുക, വീടും പരിസരവും വൃത്തിയാക്കുക തുടങ്ങിയ കാര്യങ്ങളില്‍ അവര്‍ കൂടുതല്‍ ശ്രദ്ധിച്ചു. ഒരിക്കല്‍ അനുമോന്‍ അതിനെക്കുറിച്ച് ഉമ്മയോടു ചോദിച്ചു. അന്ന് പാഠപുസ്തകം പൊതിഞ്ഞ കടലാസ് മുറ്റത്തേക്കിട്ടതായിരുന്നു അവന്‍. ജനലിലൂടെ അതു കണ്ടുപിടിച്ച ഉമ്മ കുപിതയായി ഓടിവന്നു.
‘എന്താ നീ മുറ്റത്തേക്കു വലിച്ചെറിഞ്ഞത്?’ തീ പാറുന്ന കണ്ണുകളോടെയായിരുന്നു ചോദ്യം.
പതിവില്ലാത്ത ചോദ്യം കേട്ട് അനുമോന്‍ ഞെട്ടി. ഒരു നിസ്സാര കാര്യത്തിന് കുപിതയായി നില്‍ക്കുന്ന ഉമ്മയെ കണ്ടപ്പോള്‍ അവനു ചിരി വന്നു.
‘എന്താടാ ചിരിക്കുന്നത്? എടുത്തുകളയെടാ അത്!’ ഈര്‍ഷ്യയോടെ ഉമ്മ അടുത്തേക്കു വന്നപ്പോള്‍ ഓടിച്ചെന്ന് കടലാസെടുത്ത് തൊടിയിലേക്കിട്ടു.
‘അവിടെയല്ല, വേസ്റ്റിടുന്ന സ്ഥലത്ത് കൊണ്ടുപോയി ഇട്.’
‘എന്താ പതിവില്ലാത്ത ഒരു മാറ്റം?’ അനുമോന്‍ ചോദിച്ചു.
‘നാളെ ഞായറാഴ്ചയാണ്. അറിയാമോ?’ ഉമ്മ ചോദിച്ചു.
ശരിയാണ്, നാളെയാണ് കുഞ്ഞാപ്പയും അവന്റെ ഉമ്മയും വരുന്നത്. അതിന് ഇത്രയെല്ലാം പൊല്ലാപ്പുകളുടെ ആവശ്യമുണ്ടോ?
‘അതിനെന്താ?’
‘നീ അവരുടെ വീട്ടില്‍ പോയതല്ലേ? അപ്പോള്‍ അവിടെ വല്ല അഴുക്കും കണ്ടിരുന്നോ?’
ഉമ്മയുടെ ചോദ്യം അവന്റെ ശ്രദ്ധയെ ഒരിക്കല്‍ക്കൂടി ആ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോയി. സന്ധ്യാസമയത്താണ് താന്‍ അവിടെ എത്തിയത്. എങ്കിലും ചില കാര്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടിരുന്നു. കൊച്ചു വീടാണെങ്കിലും നല്ല വൃത്തി. മെഴുകിയ പോലെ മിനുസമുള്ള മുറ്റം. ചുറ്റും പൂമണം വിതറുന്ന ഭംഗിയുള്ള പൂക്കള്‍.
‘നല്ല വൃത്തിയായിരുന്നു അവിടെ.’ അവന്‍ പറഞ്ഞു.
‘ങാ, അതുതന്നെയാണ് കാരണം. കുഞ്ഞാപ്പയുടെ ഉമ്മയെ ചെറുപ്പം മുതല്‍ എനിക്കറിയാം. വലിയ വൃത്തിക്കാരിയാണ്. ഒരു സാധനവും അലക്ഷ്യമായി വലിച്ചെറിയില്ല. കുഞ്ഞാപ്പയും അങ്ങനെ തന്നെയായിരിക്കും അല്ലേ?’ ഉമ്മ ചോദിച്ചു.
ശരിയാണ്. അനുകരണീയമായ പല ഗുണങ്ങളും കുഞ്ഞാപ്പയിലുണ്ട്. വൃത്തിയിലും കൃത്യനിഷ്ഠയിലും അവനു വലിയ ശ്രദ്ധയാണ്.
‘ഉമ്മ അവരുടെ വീട്ടില്‍ പോയിട്ടുണ്ടോ?’ അനു ചോദിച്ചു.
‘ഇല്ല.’
‘എന്നാല്‍ പോകണം. ചെറിയതാണെങ്കിലും നല്ല അടുക്കും ചിട്ടയുമാണ്.’
‘പോകാം. ഇപ്പോള്‍ ഇവിടത്തെ കാര്യം ശ്രദ്ധിച്ചാല്‍ മതി. നമ്മെപ്പറ്റി മോശം അഭിപ്രായം ഉണ്ടാവാന്‍ പാടില്ലല്ലോ.’ ഉമ്മ പറഞ്ഞു.
ഉമ്മയ്‌ക്ക് പിന്തുണയും പ്രോ ത്സാഹനവും നല്‍കിക്കൊണ്ട് അമ്മായി കൂടെ ഉണ്ടായിരുന്നു. മുമ്പേ അവര്‍ വലിയ വൃത്തിക്കാരിയാണല്ലോ. ഇപ്പോള്‍ ഉമ്മയും അക്കാര്യം ശ്രദ്ധിക്കുന്നതുകൊണ്ട് ഏറെ സംതൃപ്തയാണ്.
‘ഞാന്‍ അവിടെ പോയതാ. എന്താ അവരുടെ ഒരു വൃത്തി! മുറ്റത്തൊന്നും പൊടിമണ്ണു പോലും കാണൂല. എന്നിട്ടല്ലേ അഴുക്ക്!’ അമ്മായി പറഞ്ഞു.
ഉമ്മ അമ്മായിയുടെ അഭിപ്രായത്തോട് പൂർണമായും യോജിച്ചു. അങ്ങനെയാണ് തകൃതിയായ ഈ വൃത്തിയാക്കല്‍ പരിപാടി തുടങ്ങിയത്.
(തുടരും)

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top