”വെല്‍കം ടു പോസിറ്റീവ് വൈബ്‌സ്. പറയൂ. എന്താണ് നിങ്ങളുടെ ഇന്നത്തെ പ്രശ്‌നം?”
”ഭര്‍ത്താവെന്നെ മനപ്പൂര്‍വം ദ്രോഹിക്കുകയാണ്. ദേഷ്യം വന്നാലങ്ങനെയാണ്. ഒരേ വീട്ടില്‍ക്കിടന്ന് ഞാന്‍ നരകിക്കുകയാണ്,” ഒരു പെണ്‍ ശബ്ദം മറുപടി പറഞ്ഞു.
”നിങ്ങളുടെ ഭര്‍ത്താവെന്താ ദൈവമാണോ? ആളുകളെ ശിക്ഷിക്കാനും രക്ഷിക്കാനും. അങ്ങനത്തെ ആള്‍ക്കാരുടെ കൂടെയൊന്നും ജീവിക്കേണ്ട. വെറുതെ ലൈഫ് കളയാന്‍. നിങ്ങള്‍ ഹസ്സിനെയും വിളിച്ചു നാളെ എന്നെ ഒന്ന് വന്ന് കാണ്. നിങ്ങളുടെ കാര്യങ്ങള്‍, ആവശ്യങ്ങള്‍… എല്ലാം നിങ്ങള്‍ തന്നെ തുറന്നു പറയണം. എല്ലാം ശരിയാക്കാം. പിന്നെ, ഒരു കാര്യം. നിങ്ങളെ സന്തോഷിപ്പിക്കുക എന്നത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. നിങ്ങളെ സന്തോഷിപ്പിക്കുന്നതും ദു:ഖിപ്പിക്കുന്നതും നിങ്ങളാകണം. അതിന്റെ താക്കോല്‍ നിങ്ങളാര്‍ക്കും കൊടുക്കണ്ട,” യല്‍ദയുടെ ആത്മവിശ്വാസം സ്ഫുരിക്കുന്ന വാക്കുകള്‍ കോളര്‍ക്ക് ആശ്വാസമേകി.
”മാഡം. ഒരു കോള്‍ കൂടിയുണ്ട്. എടുക്കട്ടെ?”
”അയ്യോ. അവരോട് നാളെ വിളിക്കാന്‍ പറ. കുട്ടികളെ സ്‌കൂളില്‍ നിന്നു വിളിക്കാന്‍ സമയമായി. അവര്‍ വന്നാല്‍ പിന്നെ നോ ഓഫീസ് നോ വര്‍ക്ക്,” യല്‍ദ തറപ്പിച്ച് പറഞ്ഞു.
…..
വലിയ മൈതാനവും നിറയെ മരങ്ങളുമുള്ള സ്‌കൂള്‍ മുറ്റത്ത് നില്‍ക്കുമ്പോള്‍ യല്‍ദയുടെ മനസ്സ് നിറഞ്ഞിരുന്നു. ഇലകളില്‍ തട്ടിത്തടഞ്ഞു സിമന്റ് ബെഞ്ചില്‍ വീഴുന്ന തണുത്ത കാറ്റ് യല്‍ദയെ ഓർമകളിലേക്ക് കൈ പിടിച്ചു നടത്താന്‍ ശ്രമിച്ചെങ്കിലും നോ നെഗറ്റീവ് തോട്ട്‌സ് എന്ന് പറഞ്ഞു യല്‍ദ അവയെ തിരിച്ചയച്ചു.
”മാം. ഒരു സെല്‍ഫി,” മക്കളുടെ സ്‌കൂളിലെ ഓഫിസിലെ രണ്ട് മൂന്ന് സ്റ്റാഫ് വന്ന് യല്‍ദയോട് ചോദിച്ചു.
തന്നെ നടുവില്‍ നിര്‍ത്തി ഇരുവശത്തും ചേര്‍ന്ന് നിന്നു സെല്‍ഫി എടുത്ത് അവര്‍ പോകുമ്പോഴാണ് ഹയയും ഇഷാനയും ഓടി വന്നത്.
”മമ്മാ, ഐ ഗോട്ട് ദിസ് ട്രോഫി ടുഡേ,” ഹയ ഒരു ചെറിയ ട്രോഫി ബാഗില്‍ നിന്നെടുത്ത് കൊണ്ട് പറഞ്ഞു.
”ഐ ഗോട്ട് ദിസ് ക്യാന്റി ടുഡേ,” ഇഷാന തന്റെ ബാഗില്‍ നിന്നു ചോക്ലെയ്‌റ്റെടുത്തു.
”മമ്മ, ട്രോഫിയല്ലേ ബെറ്റര്‍?”
”അല്ല, ഹാപ്പിനസ് ഈസ് ദി ഹീറോ. ട്രോഫി കിട്ടിയപ്പോ ഹയ ഹാപ്പിയായില്ലേ? അതുപോലെതന്നെ, ചോക്ലേറ്റു കിട്ടിയപ്പോ ഇഷാനയും ഹാപ്പിയായില്ലേ? അപ്പോ രണ്ടും സേം ടു സേമാണ്.”
”മമ്മയാണ് ഞങ്ങളുടെ ഹീറോ,” കുട്ടികള്‍ യല്‍ദയെ കെട്ടിപ്പിടിച്ചു.
”ഒരു സര്‍പ്രൈസുണ്ട്. നിങ്ങളുടെ ഉപ്പ വിളിച്ചിരുന്നു. ഇന്ന് ഒരുമിച്ച് പുറത്തു പോകാംന്നു പറഞ്ഞിട്ടുണ്ട്. ഞാന്‍ പറഞ്ഞു, നിങ്ങളാണ് ബോസ്സെന്ന്. ഉപ്പയെ കൂട്ടണോ?”
”ഒണ്‍ലി ഈഫ് ഹീ ഒബെയ്‌സ് അവര്‍ റൂള്‍സ്,” ഹയയും ഇഷാനയും ഒരുമിച്ച് പറഞ്ഞു.
”എഗ്രീഡ്,” യല്‍ദ കുട്ടികള്‍ക്ക് ഉറപ്പ് കൊടുത്തു.
…..
”ഉമ്മാ, നമുക്കൊരുമിച്ചു ഇന്നു ബീച്ചില്‍ പോയാലോ? കുട്ടികള്‍ കുറേ ദിവസായി പറയുന്നു,” വീട്ടില്‍ തിരിച്ചെത്തിയ ഉടനെ യല്‍ദ പറഞ്ഞു.
”നിങ്ങള് പോയിട്ട് വാ. എനിക്കിവിടെ നിറയെ പണിയുണ്ട്. ഞാന്‍ ചപ്പാത്തിയും കറിയും ഉണ്ടാക്കി വെക്കാം,” ഉമ്മ പറഞ്ഞു.
”അത് പറ്റില്ല ഫാമിലി ടൈം എന്ന് പറഞ്ഞാ എല്ലാവരും വേണം. എല്ലാവരുടെ മനസ്സും നിറയണം. കുട്ടികള്‍ക്ക് എന്തിഷ്ടാ ഉമ്മ കൂടെയുള്ളത്? എനിക്കും. ഉമ്മ വന്നേ പറ്റൂ,” യല്‍ദ നിര്‍ബന്ധിച്ചു.
”വല്ലുമ്മ മസ്റ്റ് കം. വല്ലുമ്മ മസ്റ്റ് കം,” ഹയയും ഇഷാനയും ഒരുമിച്ച് വിളിച്ചു പറഞ്ഞു.
”എന്നാ വരാം.”
‘”നമ്മളെ സന്തോഷിപ്പിക്കേണ്ടത് നമ്മള്‍ തന്നെയല്ലേ?”
”അതും ശെരിയാണ്. ഞാന്‍ വരാം,” ഉമ്മ കുട്ടികളെ കെട്ടിപ്പിടിച്ചു.
കടലിലെ മണലില്‍ ഏ ബി സി ഡി എഴുതിയും മണല്‍ കൊണ്ട് വീടുണ്ടാക്കിയും കളിക്കുന്ന ഹയയെയും ഇഷാനയെയും നോക്കി ഉമ്മ പറഞ്ഞു,
”എന്ത് നല്ല കുട്ടികളാ ഇവര്. നിന്റെ പകുതി വികൃതിയില്ല. നീയെന്തായിരുന്നു, ഈ പ്രായത്തില്?”
”മാഷാ അല്ലാഹ്. എല്ലാം നല്ലതിനാണുമ്മാ.”
സൂര്യന്റെ ചുമന്ന നിറം പ്രകാശിതമാക്കിയ യല്‍ദയുടെ മുഖത്തു നോക്കി ഉമ്മ പറഞ്ഞു,
”പ്പോ നീ ഫുള്‍ ഫിലോസഫിയാണല്ലോ. അത് കൊറച്ചു അധികമാണോന്നാ എന്റെ പേടി.”
”ഞാനും ആലോചിക്കാതിരുന്നില്ല,” ആകാശത്ത് വിരിഞ്ഞ ചുവപ്പിന് മുകളിലുള്ള ഓറഞ്ചു മഞ്ഞ നീല പച്ച മുതലായ നിറങ്ങള്‍ യല്‍ദയെ അത്ഭുതപ്പെടുത്തി.
”അല്ലാഹു അക്ബര്‍,” യല്‍ദ അറിയാതെ പറഞ്ഞു പോയി.
…..
”രണ്ട് ദിവസം അവര്‍ എന്റെ കൂടെ നില്‍ക്കട്ടെ,” കണ്ടപ്പോള്‍ത്തന്നെ സാഹില്‍ യല്‍ദയോട് അങ്ങനെയാണ് ആവശ്യപ്പെട്ടത്.
”എനിക്ക് താല്പര്യമില്ല. കുട്ടികള്‍ അച്ഛന്റെയും അമ്മയുടെയും കൂടെയാണ് വളരേണ്ടത്. അതവരുടെ അവകാശമാണ്. അല്ലാതെ ഇങ്ങനെ പിടിച്ചു വലിക്കേണ്ട കാര്യമില്ല,” യല്‍ദ തന്റെ നയം വ്യക്തമാക്കി.
”നീ ഇത്ര നാളും ഒറ്റയ്ക്ക് വളര്‍ത്തിയില്ലേ? ഇനി ഞാന്‍ രണ്ട് ദിവസം നോക്കട്ടെ.”
”നോ. ജീവിതമെന്നത് ഒരു മത്സരമല്ല സാഹില്‍. നന്നായി ആലോചിച്ചു ഉത്തരം പറഞ്ഞാ മതി. ഫാമിലിയെന്നത് കുട്ടികള്‍ക്ക് ഒരു സ്വർഗമാകാം. നരകവുമാകാം. എന്ത് വേണമെന്ന് നിശ്ചയിക്കുന്നത് പേരെന്റ്‌സാണ്. ഇപ്പോത്തന്നെ സാഹില്‍ അവരുടെ സന്തോഷത്തിനല്ല പ്രാധാന്യം കൊടുക്കുന്നത്. സ്വന്തം വാശിക്കാണ്. കുറച്ചു കാര്യങ്ങളെങ്കിലും കുട്ടികള്‍ക്ക് വേണ്ടി ചെയ്താല്‍ നമ്മള്‍ തോറ്റു പോവുകയല്ല. ഒരുമിച്ച് ജയിക്കുകയാണ്,” യല്‍ദ തുറന്നു പറഞ്ഞു.
”നീ വല്ല ഡിബെയിറ്റ് ക്ലാസ്സിനും ചേര്‍ന്നോ?”
”അതിന് ക്ലാസ്സൊന്നും വേണ്ട. ജീവിതാനുഭവങ്ങള്‍ മതി,” യല്‍ദ ചിരിച്ചു കൊണ്ട് പറഞ്ഞു.
”ഗേള്‍സ്, പോകാം?”
”മമ്മാ, ഞങ്ങള്‍ ആ ഗെയിമിനകത്തേക്ക് പൊയ്‌ക്കോട്ടേ?”
”പൊയ്‌ക്കോ പൊയ്‌ക്കോ. പിന്നെ എന്നെ ഹെല്‍പ്പിന് വിളിക്കരുത്.”
”മമ്മയെ ഞങ്ങള്‍ പറ്റിച്ചേ,” ഹയയും ഇഷാനയും പൊട്ടിച്ചിരിച്ചു. യല്‍ദയും സാഹിലും അതിനൊപ്പം കൂടി. ഒരായിരം പ്രതീക്ഷകളുമായി നക്ഷത്രങ്ങള്‍ മാനത്തു വിരിഞ്ഞു തുടങ്ങിയപ്പോഴും ചുറ്റുമുള്ളതിനെക്കുറിച്ച് ആവലാതിപ്പെടാതെ എന്നും പുഞ്ചിരിച്ചു നില്‍ക്കുന്ന അമ്പിളിയമ്മാവനെ യല്‍ദ കുട്ടികള്‍ക്ക് കാണിച്ചു കൊടുത്തു.
(അവസാനിച്ചു)