പലവിധ രോഗത്തിന്റെ വേദനയിലും നിരാശയിലും കഴിയുന്നവർക്ക് പ്രത്യാശ പകരുന്ന ജീവിതമാണ് വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ സ്വദേശിനി മുബശ്ശിറ മൊയ്‌തുവിന്റേത്. വിദഗ്ധ ചികിത്സയും ഉയര്‍ന്ന മനോധൈര്യവുമുണ്ടെങ്കില്‍ കാന്‍സര്‍ കോശങ്ങളെ തുടച്ചുനീക്കാനാകുമെന്നും മുബശ്ശിറ അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുന്നു.
കഠിനമായ ഇച്ഛാശക്തിയും ആത്മവിശ്വാസവുമാണ് മുബശ്ശിറയെ അതിജീവനത്തിലേക്ക് നയിച്ചത്. നിറങ്ങള്‍ ചാലിച്ച അനേകം സ്വപ്‌നങ്ങളും പ്രതീക്ഷകളുമായി ജീവിതം തുഴയുമ്പോഴാണ് തികച്ചും അപ്രതീക്ഷിതമായി മുബശ്ശിറ രോഗത്തിന്റെ പിടിയിൽ അമര്‍ന്നത്.
പത്താം ക്ലാസിലെ പരീക്ഷക്ക് ഒരുങ്ങുന്ന സമയത്താണ് ശക്തമായ നടുവേദന അനുഭവപ്പെട്ടത്. അസഹനീയമായ വേദന ശരീരത്തെ കുത്തിക്കുത്തി നോവിച്ചപ്പോള്‍ മാത്രമാണ് അവള്‍ ഈ കാര്യം ഉപ്പയോട് പറഞ്ഞത്. ക്ലാസിലിരിക്കുമ്പോള്‍ ഇടയ്ക്ക് ഊര വേദനിക്കാറുണ്ടെങ്കിലും അതത്ര ഗൗരവത്തിലെടുത്തിരുന്നില്ല. കാലുകള്‍ കുഴയാന്‍ തുടങ്ങിയപ്പോഴാണ് വേദനയുടെ കാഠിന്യം കൂടുതല്‍ ഭീതിജനകമായത്.
പിന്നീട് പല ആശുപത്രികളില്‍ കയറി ഇറങ്ങേണ്ടിവന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പരിശോധനക്കായി എത്തിയതോടെയാണ് കാന്‍സര്‍ ആണെന്ന സത്യം മുബശ്ശിറ അറിഞ്ഞത്. ഈ യാഥാര്‍ഥ്യത്തിന്റെ ഉള്ളുരുക്കത്തിലും തളരാതെ മനക്കരുത്തോടെ നേരിട്ടു. കീമോ ചെയ്യുന്ന വേളകളിലെല്ലാം അവിശ്വസനീയമായ ആത്മവിശ്വാസമാണ് മുബശ്ശിറ ആര്‍ജിച്ചത്. ഓരോ കീമോ കഴിയുമ്പോഴും അജയ് ഡോക്ടറോട് ചോദിക്കുമായിരുന്നു, “ഇനിയെത്ര?”
”കുറച്ചുകൂടി…”
ഈ കുറച്ചുകൂടി എന്ന മറുപടിയുടെ പ്രതീക്ഷയിലാണ് മുബശ്ശിറ ഒന്നര വര്‍ഷക്കാലം പിന്നിട്ടത്. വരണ്ട ആശുപത്രി മുറിക്കുള്ളില്‍ ഇരിക്കുമ്പോഴും ധൈര്യം സംഭരിച്ച് ചുറ്റുമുള്ള രോഗികളിലേക്ക് കണ്ണോടിക്കും. അവരുടെ പ്രയാസങ്ങളോട് തുലനം ചെയ്യുമ്പോൾ തന്നേക്കാൾ അസഹ്യമാണല്ലോ അവരുടെ വേദന എന്നോർത്ത് സമാധാനിക്കും.
കാന്‍സറിനോടു പൊരുതാനാകാതിരുന്ന കുറേ ജീവനുകളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനും, പോരാടുന്നവര്‍ക്ക് അതിനുള്ള ഊര്‍ജം പകരാനും മുബശ്ശിറയുടെ സാന്ത്വന സ്പര്‍ശമുള്ള വാക്കുകള്‍ക്ക് കഴിഞ്ഞിരുന്നു. സ്‌നേഹത്തിന്റെയും പ്രതീക്ഷയുടെയും നനുത്ത വാക്കുകളാല്‍ മുബശ്ശിറ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റുന്നത് നിരവധി പേരെയാണ്.
ഒരുപാട് ജീവിതങ്ങളെ, യാഥാർഥ്യങ്ങളെ, കൂടെ നില്‍ക്കുന്നവരെ, തിരിഞ്ഞുനടക്കുന്നവരെയെല്ലാം അറിയാന്‍ കഴിഞ്ഞത് കാന്‍സറാണെന്ന് മുബശ്ശിറ പറയുന്നുണ്ട്. സമൂഹ മാധ്യമങ്ങളിലെ അതിജീവന സന്ദേശങ്ങളിലൂടെ കാന്‍സര്‍ രോഗികള്‍ക്ക് കരുത്തും ആത്മവിശ്വാസവും പകര്‍ന്നാണ് മുബശ്ശിറയെ കൂടുതൽ ആളുകള്‍ അറിയാന്‍ തുടങ്ങിയത്. മിടുക്കിയും എല്ലാവര്‍ക്കും പ്രിയപ്പെട്ടവളും ക്ലാസിനകത്തും പുറത്തും പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും നിറഞ്ഞുനില്‍ക്കുകയും ചെയ്യുന്ന മുബശ്ശിറ പ്രതിസന്ധികളെ തരണം ചെയ്തത് ഏതൊരാള്‍ക്കും പ്രചോദനമാകുന്ന രീതിയിലാണ്.
പഠനം മുന്നോട്ടു കൊണ്ടുപോയ മുബശ്ശിറ സ്കൂളിലും മദ്‌റസയിലും ഉയര്‍ന്ന മാര്‍ക്ക് നേടി വിജയിച്ചു. മറ്റു രോഗികള്‍ക്ക് ആത്മവിശ്വാസം വര്‍ധിപ്പിക്കാനുതകുന്നതാണ് മുബശ്ശിറയുടെ നേട്ടങ്ങളെല്ലാം.തന്റെ നീറുന്ന അനുഭവങ്ങള്‍ ചുറ്റുമുള്ളവര്‍ക്ക് പ്രചോദനം പകരുന്ന രീതിയില്‍ പകര്‍ത്താനും മുബശ്ശിറ കരുത്തു നേടി. മുബശ്ശിറയുടെ ഫേസ്ബുക്കിലെ എഴുത്തുകളെല്ലാം അവളുടെ അര്‍ബുദാനുഭവങ്ങളാണ്. അതാണ് ‘ജീവിതത്തിന്റെ ശമന താളം: എന്റെ ക്യാന്‍സര്‍ അതിജീവന കഥ’ എന്ന പുസ്തകമായി സമാഹരിച്ചത്.
മിനുമിനുത്ത വര്‍ണനകളോ കടിച്ചാൽ പൊട്ടാത്ത വാക്യങ്ങളോ ഇല്ലാതെ എഴുത്തുകാരി വരച്ചുകാട്ടുന്ന ഓരോ അനുഭവ ചിത്രവും കണ്ണ് നിറയ്‌ക്കുന്ന അനുഭവങ്ങളാണ്. ജീവിതത്തെ അതിന്റെ കയ്‌പേറിയ അനുഭവങ്ങള്‍ക്കും അനിശ്ചിതാവസ്ഥകള്‍ക്കും മുമ്പില്‍ പതറാതെ നയിക്കാന്‍ പര്യാപ്തമാക്കുന്ന ചിന്തകള്‍ പങ്കുവെച്ചുകൊണ്ട്, രോഗാതുരമായ കാലത്തെ അതിജീവിക്കാന്‍ തക്കവണ്ണം മൂല്യവത്താക്കുന്നതെന്തെന്നു മനസ്സിലാക്കിത്തരുന്ന ചില അനുഭവങ്ങളും ദര്‍ശനങ്ങളുമാണ് ഈ കൃതി മുന്നോട്ടുവയ്ക്കുന്നത്. ഈ പുസ്തകത്തിലെ യാഥാര്‍ഥ്യങ്ങള്‍ മാത്രം നിറഞ്ഞ അനുഭവപരിസരങ്ങള്‍ ജീവിതാനുഭവങ്ങൾക്കു മുന്നിൽ പതറുന്നവരിൽ കരുത്ത് പകരുന്നു. ഒരു പുസ്തകം വായിക്കുകയായിരുന്നില്ല, പച്ചയായ ഒരുപാട് ജീവിതങ്ങളിലൂടെ സഞ്ചരിക്കുകയായിരുന്നു എന്ന് മനസ്സിലാക്കിയത് അവസാന താളും വായിച്ചുതീര്‍ന്നപ്പോഴായിരുന്നു.
ബാണാസുര ഡാമിന് സമീപം വഴിയോരക്കച്ചവടം ചെയ്യുന്ന പിതാവ് മൊയ്തു മലബാരിയും മാതാവ് ആയിശയും സഹോദരങ്ങളായ മുനവ്വിര്‍ അലിയും മുഹ്സിന്‍ അലിയും ധൈര്യം പകര്‍ന്ന് കൂടെയുണ്ടായി. ജിഎച്ച്എസ് വാരാമ്പറ്റയിലെ അധ്യാപകരും കൂട്ടുകാരും പിന്നെ സ്‌നേഹം പകർന്ന് പരിചരിച്ച ഡോക്ടറുടെ സാമീപ്യവുമാണ് മുബശ്ശിറയുടെ ഊർജം. ഒരു നഴ്‌സ് ആവണമെന്നാണ് മുബശ്ശിറയുടെ ആഗ്രഹം. .