ഭാര്യയെ തന്റെ അത്ഭുതകരമായ കഴിവുകള്‍ കാണിക്കാന്‍ ആഗ്രഹിച്ച ഒരു സിദ്ധന്റെ കഥയുണ്ട്. ഒരിക്കല്‍ പ്രഭാതത്തില്‍ അയാള്‍ തന്റെ ഭാര്യയോടു പറഞ്ഞു:
”ഞാനിതാ പറക്കാന്‍ പോവുകയാണ്.”
മുറ്റമടിച്ചുകൊണ്ടിരുന്ന അവള് തെറിച്ചുനില്ക്കുന്ന ചൂലിന്റെ ഈര്‍ക്കിലുകള്‍ ശരിയാക്കി നിസ്സംഗ ഭാവത്തില്‍ പറഞ്ഞു: ”ഓ, എന്നാല്‍ അതൊന്നു കാണണമല്ലോ.”
അങ്ങനെ സിദ്ധന് പറക്കാന്‍ തയ്യാറായി. താന്‍ അന്നേവരെ തപസ്സുകൊണ്ട് ആർജിച്ച എല്ലാ കഴിവുകളും പുറത്തെടുത്ത് അയാള്‍ നിലം വിട്ടു പറന്നു. ഭാര്യയെ തന്റെ കഴിവു കൊണ്ട് അത്ഭുതപ്പെടുത്തിയതിന്റെ ആവേശത്തില്‍ അയാള്‍ അവള്‍ക്കു മുമ്പില്‍ ലാന്റ് ചെയ്തിട്ടു ചോദിച്ചു: ”എങ്ങനെയുണ്ടായിരുന്നു എന്റെ പ്രകടനം?”
അവള് ഒരു നിമിഷം ആലോചിച്ച ശേഷം പറഞ്ഞുവത്രേ: ”ഓ, എന്നാലും നിങ്ങളാ തെങ്ങിന്റെ മണ്ട വരെ എത്തിയില്ലല്ലോ.”
ഇതാണ് മിക്ക ഭാര്യാ ഭര്ത്താക്കന്മാരുടെയും കഥ. എന്തു ചെയ്താലും മതിയാകില്ല. കഴിവുകളെ അംഗീകരിക്കാനും അഭിനന്ദിക്കാനും വലിയ മടിയാണ്. അതല്ലെങ്കില്‍ അപ്പുറത്തെ വീട്ടിലുള്ളവരെ ഉദാഹരണമായി ചൂണ്ടിക്കാട്ടും. അവന് നടക്കുന്നതു കണ്ടോ, അവള് നടക്കുന്നതു കണ്ടോ എന്നൊക്കെ പറഞ്ഞ് പ്രകോപിപ്പിക്കും. നിങ്ങളൊക്കെ ഗള്‍ഫില്‍ പോയിട്ട് എന്തുണ്ടാക്കി, അപ്പുറത്തെ വീട്ടിലെ യൂസുഫിനെ കണ്ടു പഠിക്കണം. എട്ടും പൊട്ടും തിരിയാത്തവനായിരുന്നു. അവന് ഇപ്പോള്‍ നാട് മൊത്തം വിലയ്ക്കു വാങ്ങി. നിങ്ങള്‍ എന്തുണ്ടാക്കി?
ഇങ്ങനെ ചോദ്യങ്ങളുടെ ശരമാരി പെയ്യുന്നതോടെ മണലാരണ്യത്തില്‍ വെയിലുകൊണ്ട് ഉണ്ടാക്കിയെടുത്ത അധ്വാനത്തിന്റെ ആത്മസംതൃപ്തിയൊക്കെ ആവിയായിപ്പോകും. കുടുംബത്തിനു വേണ്ടി ജീവിതം ഹോമിച്ചത് വെറുതെയായെന്ന് തോന്നിപ്പോകും.
ഓരോ മനുഷ്യരും അംഗീകരിക്കപ്പെടാന്‍ ആഗ്രഹിക്കുന്നവരാണ്. സ്വന്തം വീട്ടില്‍ നിന്ന് ലഭിക്കുന്ന അംഗീകാരവും ബഹുമാനവുമാണ് ഓരോരുത്തരെയും കൂടുതല്‍ ക്രിയേറ്റീവാക്കി മാറ്റുന്നത്. ആണും പെണ്ണും അംഗീകാരം ആഗ്രഹിക്കുന്നു. ലോകത്തുള്ള സകല മനുഷ്യരും തള്ളിപ്പറഞ്ഞാലും ഭര്‍ത്താവ് തള്ളിപ്പറയുന്നതോ അന്യര്‍ക്കു മുന്നില്‍ കളിയാക്കുന്നതോ ഭാര്യ സഹിക്കില്ല. തിരിച്ചും അങ്ങനെത്തന്നെ.
എന്നുമെന്നും സ്വര്ഗമാകണമെന്ന മോഹവുമായിട്ടാണ് അവര്‍ ദാമ്പത്യത്തിലേക്ക് കാലെടുത്തുവെച്ചത്. എന്നാല്‍ ഒന്നിച്ചുള്ള ജീവിതം തുടങ്ങുന്നതിനു മുമ്പേ രണ്ടു വ്യക്തികള്‍ എന്ന നിലയിലുള്ള പൊരുത്തക്കേട് ഇരുവരും അറിഞ്ഞു തുടങ്ങും. ഭാര്യ നല്ല അടുക്കും ചിട്ടയുമുള്ളവളാണെങ്കില്, ഭര്‍ത്താവ് നേരെ വിപരീതമായിരിക്കും. എടുത്ത സാധനം എടുത്തിടത്തു വെക്കുന്ന ചിട്ടക്കാരനാണ് ഭര്‍ത്താവെങ്കില്‍ ഭാര്യ ഒക്കെയും വാരിവലിച്ചിടുന്നവളാകും. ഒരാള്‍ക്ക് കാപ്പിയാണ് ഇഷ്ടമെങ്കില്‍ മറ്റൊരാള്‍ക്ക് ചായയാണ് വേണ്ടത്. ഇങ്ങനെ ദൈനംദിന ജീവിതത്തില്‍ ധാരാളം വൈരുധ്യങ്ങള്‍ ഇരുവരും പ്രകടിപ്പിച്ചു തുടങ്ങും. പ്രണയിച്ചു കല്യാണം കഴിച്ചവരാണെങ്കില്‍ അക്കാലത്ത് മറച്ചുവെച്ച പല ദുഃസ്വഭാവങ്ങളും വിവാഹശേഷം പതിയെ പുറത്തെടുത്തു തുടങ്ങും. അപ്പോഴാണ് ഭാര്യ അത്ര പോരാ, ഭര്‍ത്താവ് അത്ര പോരാ എന്നൊക്കെ തോന്നിത്തുടങ്ങുക. അങ്ങനെയങ്ങനെ കാടുകയറുന്ന ചിന്തകള്‍ കലഹത്തിന്റെ വാതിലുകള്‍ തുറക്കും.
സ്നേഹം കൂടിപ്പോയാലും ചില കുഴപ്പങ്ങളുണ്ട്. ഇഷ്ടപ്പെട്ടവരെ നഷ്ടപ്പെടുമോ എന്ന ഭയം അവരെ പിടികൂടുന്നു. ഈ ഭയം ‘ഓവര്‍ പൊസസ്സീവ്’ എന്ന വികാരത്തിലേക്ക് വഴിമാറുന്നു. പങ്കാളിയെ സംബന്ധിച്ച ആത്മവിശ്വാസമില്ലായ്മയാണിത്. അതൊരു മാനസിക പ്രശ്നമായി മാറുമ്പോഴാണ് സംശയരോഗം ഉണ്ടാകുന്നത്. ഒഥല്ലോ സിന്‍ഡ്രോം എന്ന് വിളിക്കപ്പെടുന്ന അവസ്ഥയാണിത്. ഷേക്സ്പിയര് എഴുതിയ ഒഥല്ലോ എന്ന ദുരന്തനാടകമാണ് ഈ പേരിന്റെ പ്രചോദനം. വെനീസിലെ സൈനിക ഉദ്യോഗസ്ഥനായിരുന്നു ഒഥല്ലോ. അദ്ദേഹം ഡെസ്ഡിമോണയെ വിവാഹം കഴിച്ചു. അതിനിടെ ഒഥല്ലോയുടെ ജീവനക്കാരനായ ഇയാഗോ മുന്‍ വൈരാഗ്യത്താല്‍ ഒഥല്ലോയെ നശിപ്പിക്കാന്‍ തീരുമാനിച്ചു. ഭാര്യ ഡെസ്ഡിമോണയാണ് അയാളുടെ കുതന്ത്രങ്ങള്‍ക്ക് ഇരയാവേണ്ടി വന്നത്. ഡെസ്ഡിമോണ പാതിവ്രത്യ ലംഘനം നടത്തിയെന്ന് യജമാനനെ വിശ്വസിപ്പിക്കാന്‍ ഇയാഗോ കെണിയൊരുക്കി. ഒഥല്ലോ സ്നേഹത്തോടെ നല്കിയ ഡെസ്ഡിമോണയുടെ തൂവാല സൂത്രത്തില്‍ കൈക്കലാക്കിയ അയാള്‍ അത് ഒഥല്ലോയുടെ വിശ്വസ്ത സൈനികനായ കാഷ്യോയുടെ വീട്ടില്‍ കൊണ്ടിട്ടു. ആ തൂവാല അവിടെ കാണാനിടയായ ഒഥല്ലോ കാഷ്യോയെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. ഭാര്യയില്‍ അവിശ്വാസം ജനിച്ച ഒഥല്ലോ കോപം കൊണ്ട് വിറച്ചു.
ഒഥല്ലോ ഭാര്യയോട് ചോദിച്ചു: ”ഞാന്‍ തന്ന തൂവാലയെവിടെ?”
ഡെസ്ഡിമോണ: “കാഷ്യോയെ തിരിച്ചെടുത്തുകൂടേ?”
ഒഥല്ലോ: “ആ തൂവാല എവിടെയെന്നാണ് ചോദിച്ചത്.”
ഡെസ്ഡിമോണ: “അയാള്‍ ഒരു തെറ്റും ചെയ്തിട്ടില്ല.”
ഒഥല്ലോ: “ആ തൂവാലയെവിടെ?”
ഡെസ്ഡിമോണ: “അങ്ങ് അയാളെ തെറ്റിദ്ധരിച്ചിരിക്കുകയാണ്.”
ഈ സംഭാഷണങ്ങളുടെ ഒടുവില്‍ ഒഥല്ലോ ഡെസ്ഡിമോണയെ ഞെക്കിക്കൊല്ലുകയാണ്.
എന്നാല്‍ ഭാര്യയുടെ വിശ്വസ്തതയും സ്നേഹവും ഒഥല്ലോ തിരിച്ചറിഞ്ഞത് പിന്നീടാണ്. തുടര്‍ന്ന് കുറ്റബോധത്താല്‍ ഒഥല്ലോ ആത്മഹത്യ ചെയ്യുന്നതാണ് നാടകത്തിന്റെ ഇതിവൃത്തം.
സംശയരോഗത്തിന്റെയും അവിശ്വാസത്തിന്റെയും അന്ത്യം ദുരന്തമായിരിക്കും. പലരുടെയും മനസ്സുകളില്‍ ഒഥല്ലോ ഉണ്ട്. കൊല്ലപ്പെടേണ്ടത് ഡെസ്ഡിമോണയല്ല. ഉള്ളിലുള്ള ഒഥല്ലോ ആണ്. അതിനെ കൊന്ന് വിശ്വസിക്കാനും സ്നേഹിക്കാനും പഠിച്ചാല്‍ ജീവിതം ഒരു ട്രാജഡിയാവില്ല.
ജീവിച്ചുകൊണ്ടിരിക്കുന്ന കാലത്ത് ജീവിതത്തെ വസന്തമാക്കാന്‍ ഒന്നും ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് ഭാവിയില്‍ ജീവിക്കാനുള്ള സ്വപ്നം കാണാനും അവകാശമില്ല. നാളെ ശരിയാക്കാം, മറ്റന്നാള്‍ അത് ചെയ്യാം, ഈ മാസമൊന്ന് കഴിയട്ടെ, വീടുപണിയൊന്ന് തീരട്ടെ എന്നൊക്കെ ഒഴികഴിവുകള്‍ പറഞ്ഞ് സ്നേഹിക്കാനുള്ള സമയത്തെ നീട്ടിക്കൊണ്ടുപോകരുത്. ഈ നിമിഷം സന്തോഷത്തോടെ ജീവിക്കാനുള്ള വഴി തേടണം. വീടുപണിയൊക്കെ അതിന്റെ വഴിക്ക് നടന്നോട്ടെ. ജീവിതം ഇല്ലാതാക്കിയിട്ട് വീടുണ്ടായിട്ട് കാര്യമില്ല. വീട് കെട്ടുന്നത് ജീവിതം ഉണ്ടാക്കാനാണല്ലോ. ഉള്ളത് നശിപ്പിച്ചിട്ട് പിന്നെന്ത് ജീവിതം!
പരസ്പര വിശ്വാസമാണ് കുടുംബജീവിതത്തിന്റെ ആണിക്കല്ല്. അത് തകര്‍ന്നാല്‍ കുടുംബമെന്ന ആ കെട്ടിടവും തകരും. അതു തകരാത്ത കാലത്തോളം ആ കെട്ടിടത്തിനകത്തേക്ക് അനാവശ്യമായി ആരും നുഴഞ്ഞുകയറുകയുമില്ല.
കൂടുമ്പോള്‍ ഇമ്പമുണ്ടാകുന്നതാണ് കുടുംബം. കൂടുമ്പോള്‍ ആ ഇമ്പത്തിന്റെ കമ്പി പൊട്ടുന്നുവെങ്കില്‍ അതിനെ കുടുംബം എന്നു വിളിക്കാനാവില്ല. .