ഫാമിലി ഗാർമെന്റ്സിന്റെ രണ്ടാം നിലയിൽ നിന്ന് ഡ്രസ്സുകൾ സെലക്ട് ചെയ്ത് ഇറങ്ങിവരുമ്പോൾ സ്റ്റെയർകെയ്സിന്റെ താഴ്ഭാഗത്തോട് ചേർന്ന് ക്രമീകരിച്ച ഷെൽഫിന്റെ അടുത്തു നിന്ന് പത്ത് എച്ച് ക്ലാസിൽ പഠിക്കുന്ന റസീം കൈകൊട്ടി വിളിക്കുന്നു:
“സാറേ, ഇങ്ങക്ക് പൊതപ്പ് വേണ്ടേ?”
“നീ എന്താണ് ഇവിടെ?” അൽപം ആശ്ചര്യത്തോടെയാണ് ചോദിച്ചത്.
“ഇപ്പൊ ഇവടേണ് ജോലി.” അവൻ ഉറക്കെ വിളിച്ചുപറഞ്ഞു.
“സ്കൂൾ നിർത്തിയോ?”
“ഇപ്പൊ ലീവല്ലേ?” അവൻ കുലുങ്ങിച്ചിരിച്ചു. അതു കണ്ട് കൂടെയുള്ളവരും ചിരിച്ചു.
ക്രിസ്തുമസ് അവധിയാണെന്ന കാര്യം മറന്നാണ് ഞാൻ സംസാരിച്ചത്. എങ്കിലും മാനസിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരനായ ഒരു കുട്ടിയെ വലിയൊരു ഷോപ്പിൽ ജോലിക്ക് നിർത്തുമോ എന്ന ഉള്ളിലെ ആശങ്കയുടെ മുനയൊടിച്ച് അവൻ വീണ്ടും വിളിച്ചു പറഞ്ഞു:
“സാറ് വരീം… നല്ല പൊതപ്പുണ്ട്.”
വാക്കുകൾക്ക് ഒരു വ്യക്തത കുറവുണ്ട്, എങ്കിലും കൃത്യമാണ്.
“എനിക്കിപ്പോൾ പുതപ്പൊന്നും ആവശ്യമില്ല. എന്നാലും റസീം വിളിച്ചതല്ലേ.. ഒന്ന് നോക്കാം.”
അവൻ പലതരത്തിലുള്ള പുതപ്പുകൾ മുന്നിലേക്ക് നിരത്തിവെച്ചു.
“സാറ് മുമ്പ് തന്ന പൊതപ്പ് ഞാനാണിപ്പ പൊതക്ക്ണത്.”
അവൻ ചിരി മായാതെ പറഞ്ഞു.
“അത് നിന്റെ ഉമ്മാക്കു വേണ്ടിയല്ലേ നീ വാങ്ങിയത്?” ഞാൻ ഗൗരവം ഭാവിച്ചു ചോദിച്ചു.
“അത് കീറീട്ടുണ്ട്, ഉമ്മാക്ക് നല്ലൊരു പൊതപ്പ് വാങ്ങണം.”
അവന്റെ മുഖത്തെ ചിരി മാഞ്ഞു.
“നീ ഇപ്പോൾ വലിയ ഷോപ്പിലല്ലേ. ഇതുപോലൊരു നല്ലൊരു പുതപ്പ് ഇവിടന്ന് വാങ്ങിക്കൂടേ?”
“ഇതിനൊക്കെ നല്ല കാശാവും.”
അവന്റെ മുഖത്ത് നിരാശ പടർന്നിരുന്നു, വാക്കുകളൊക്കെ കൃത്യമാക്കുവാൻ അവൻ പണിപ്പെടുന്നത് കണ്ടു.
“അതെന്താ, നിനക്ക് നല്ല ശമ്പളം കിട്ടുന്നില്ലേ?”
“ഇവടെ പത്തീസ്ത്തിനല്ലേ.”
അവൻ വീണ്ടും കുലുങ്ങിച്ചിരിച്ചു. കൂടെയുള്ളവരും ചിരിച്ചു.
“ഏതായാലും നല്ല ക്വാളിറ്റിയുള്ള ഒരു പുതപ്പ് തന്നോളൂ. വില എത്ര കൂടിയാലും പ്രശ്നമില്ല.” ഞാൻ അവന്റെ തോളിൽ തട്ടി പറഞ്ഞു.
“സാറ് ഇഷ്ടള്ളത് എടുത്തോളൂ.” മുന്തിയ ഇനം പുതപ്പുകൾ നിരത്തി റസീം പറഞ്ഞു.
“റസീം ഇഷ്ടമുള്ളത് എടുത്തു തന്നോളൂ.”
പൂക്കളുടെ ഡിസൈനുള്ള മനോഹരമായ ഒരു പുതപ്പ് തന്നെ അവൻ സെലക്ട് ചെയ്തു.
പുതപ്പുമായി ക്യാഷ് കൗണ്ടറിലേക്ക് എന്റെ കൂടെ റസീമും വന്നു. കൗണ്ടറിൽ നിന്ന് കടയുടമ എന്നോട് ചോദിച്ചു:
“നിങ്ങൾക്ക് ഇവനെ പരിചയമുണ്ടോ?”
“ഇവൻ എന്റെ പ്രിയപ്പെട്ട വിദ്യാർഥിയല്ലേ?”
റസീമിന്റെ മുഖം വിടർന്നു.
“എന്റെ അയൽപക്കത്താണിവർ താമസിക്കുന്നത്. വാടക ക്വാർട്ടേഴ്സിലാ. ഉമ്മ വീട്ടുജോലിക്ക് പോയിട്ടായിരുന്നു കുടുംബം പോറ്റിയിരുന്നത്. ഇപ്പോൾ അവർക്ക് സുഖമില്ല.നാട്ടുകാരുടെ സഹായത്താലാണ് കഴിഞ്ഞുകൂടുന്നത്.”
റസീം കേൾക്കുന്നില്ല എന്നുറപ്പുവരുത്തി കടയുടമ പറഞ്ഞു:
”ഒഴിവു കിട്ടുമ്പോഴൊക്കെ അവനോട് ഞാൻ ഇവിടേക്ക് വരാൻ പറയും. വലിയ തിരക്കില്ലാത്ത സെക്ഷനിൽ നിർത്തും. ആളുകളോട് ഇടപെടാൻ ഒക്കെ അവൻ പരിശീലിക്കണ്ടേ… കാര്യമായ പ്രശ്നമൊന്നുമില്ല. ഭിന്നശേഷിക്കാരൻ ആണെന്ന് കരുതി നമുക്ക് അവനെ ഒഴിവാക്കാൻ ആവില്ലല്ലോ. നമ്മുടെ ഒരു സപ്പോർട്ട് ഉണ്ടായാൽ മതി കാര്യങ്ങളൊക്കെ നന്നായി ചെയ്യാൻ കഴിയും.”
സൗമ്യവും ഹൃദ്യവുമായ ആ വാക്കുകൾക്കു മുമ്പിൽ ഞാൻ വിനയാന്വിതനായി.
ഉൾച്ചേർക്കൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം അധ്യാപക പരിശീലന ക്ലാസുകളിലും ക്ലസ്റ്ററുകളിലുമെല്ലാം ആവർത്തിച്ചാവർത്തിച്ചു പറയുമ്പോഴും, ക്ലാസ്റൂം പ്രവർത്തനങ്ങളിൽ ഭിന്നശേഷിക്കാരെ പൂർണമായും അവഗണിക്കുന്ന ബഹുഭൂരിപക്ഷ അധ്യാപക സമൂഹത്തിന്റെ ഒരു പ്രതിനിധിയാണ് ഞാനെന്ന ബോധം എന്നെ അസ്വസ്ഥനാക്കി.
അദ്ദേഹത്തിന്റെ കൈപിടിച്ച് ഞാൻ പറഞ്ഞു: “നിങ്ങൾ വലിയൊരു കാര്യമാണ് ചെയ്തത്. തീർച്ചയായും നമുക്ക് അവരെ ചേർത്തുപിടിക്കേണ്ടതുണ്ട്. മാനസികമായ വെല്ലുവിളി നേരിടുന്നവർക്കൊക്കെ ജോലി ലഭിക്കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ലേ.”
ക്യാഷ് അടച്ച് ഡ്രസ്സും പുതപ്പും പാക്ക് ചെയ്ത വലിയ കവറുമായി പുറത്തിറങ്ങുമ്പോൾ നാലു വർഷങ്ങൾക്കു മുമ്പ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രളയബാധിതർക്കായി ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പിലെ ഒരു ആറാം ക്ലാസുകാരന്റെ മുഖം മനസ്സിൽ തെളിഞ്ഞുവന്നു.
“സാറേ, ഒരു പൊതപ്പ് തരോ…” കുപ്പായത്തിന്റെ ബട്ടൺസ് ഒന്നും ശരിക്ക് ഇടാതെ വയറൊക്കെ പുറത്തുകാണിച്ച് തടിച്ച ശരീരമുള്ള ഒരു കുട്ടി ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നു പറഞ്ഞു. ക്യാമ്പിലേക്കുള്ള ഭക്ഷണവും അത്യാവശ്യ സാധനങ്ങളും വിതരണം ചെയ്യുന്ന ഡ്യൂട്ടിയിലായിരുന്നു ഞാനും കൂട്ടുകാരും.
പുതപ്പൊന്നും ഇല്ല മോനേ, ഇനി വരുമ്പോൾ കൊണ്ടുവന്ന് തരാമെന്നു പറഞ്ഞ് ഞാൻ മറ്റ് കാര്യങ്ങളിലേക്ക് നീങ്ങുമ്പോൾ അവൻ വിടാതെ പിറകെ കൂടി.
“ഇന്നെന്നെ തരോ… ന്റെ ഉമ്മാക്കാണ്… ഉമ്മാക്ക് പനിയാണ്.”
വാക്കുകൾക്ക് വ്യക്തത കുറവുണ്ടായിരുന്നു. ആശയപ്രകടനത്തിൽ എന്തോ പ്രയാസം അവനുള്ളതുപോലെ തോന്നി.
അവന്റെ പേര് റസീം എന്നാണെന്നും ആറാം ക്ലാസിലാണ് പഠിക്കുന്നതെന്നും പ്രളയത്തിൽ വീട്ടിൽ വെള്ളം കയറിയപ്പോൾ അവരുടെ വസ്ത്രങ്ങളും പുതപ്പുകളുമൊക്കെ ഒലിച്ചുപോയെന്നും അവൻ കുഴഞ്ഞുമറിയുന്ന വാക്കുകളിൽ പറഞ്ഞു.
അന്നു രാത്രി തന്നെ പുതപ്പ് സംഘടിപ്പിച്ചുകൊടുത്താണ് അവിടെ നിന്നു മടങ്ങിയത്.
പിന്നെ എട്ടാം ക്ലാസിലേക്ക് ഞങ്ങളുടെ സ്കൂളിൽ എത്തിയതിനു ശേഷമാണ് അവനുമായി കൂടുതൽ അടുപ്പം വന്നത്. ആദ്യ ക്ലാസിൽ തന്നെ അവൻ എന്നെ തിരിച്ചറിയുകയും പുതപ്പിന്റെ കാര്യം ഓർമിപ്പിക്കുകയും ചെയ്തു.
ആ പുതപ്പും അത് നൽകിയ വ്യക്തിയും അവന്റെ മനസ്സിൽ എത്രമാത്രം പതിഞ്ഞിട്ടുണ്ടെന്നറിഞ്ഞ് ഞാൻ അത്ഭുതപ്പെട്ടു. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടിയാണെന്ന് അറിഞ്ഞതോടെ അവനോടുള്ള അടുപ്പവും കൂടി. അല്ലെങ്കിലും സ്നേഹവും പരിഗണനയും അർഹിക്കുന്നവർക്ക് നൽകുമ്പോൾ അത് ഇരട്ടിയായി തിരിച്ചു ലഭിക്കും. അർഹിക്കാത്തവർക്ക് അവ നൽകുമ്പോൾ നമുക്ക് വേദന മാത്രം തിരിച്ചുകിട്ടുന്നു.
കഴിഞ്ഞ മാസമാണ് റസീമിന്റെ ഉമ്മാക്ക് സുഖമിെല്ലന്നും ഹോസ്പിറ്റലിലാണെന്നും പറഞ്ഞ് പത്താം ക്ലാസിലെ കുട്ടികൾക്കിടയിൽ ഒരു പിരിവ് നടന്നത്.
ഗവൺമെന്റ് മെഡിക്കൽ കോളജിലാണെങ്കിലും മരുന്നുകൾക്കും മറ്റ് ആവശ്യങ്ങൾക്കുമായി പണം ആവശ്യമുള്ള സമയമായിരുന്നു.
ഉമ്മയും രണ്ട് ആൺമക്കളും അടങ്ങുന്ന ആ നിർധന കുടുംബത്തിന്റെ ഏക വരുമാനമാർഗമായിരുന്നു ഉമ്മ വീട്ടുജോലിക്ക് പോയി കിട്ടുന്ന പണം. രണ്ടു കുട്ടികളും പഠിക്കുന്ന പ്രായക്കാരും. മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന ഒരു ബന്ധുവിനെ കാണാൻ പോയപ്പോഴാണ് റസീമിന്റെ ഉമ്മയുടെ കാര്യം ഓർമ വന്നത്. നെഫ്രോളജി വിഭാഗവുമായി ബന്ധപ്പെട്ട് ഇവർ കിടക്കുന്ന വാർഡ് അന്വേഷിച്ച് വരാന്തയിലൂടെ നടക്കുമ്പോഴാണ് എതിരെ റസീം വന്നത്. റസീം എന്റെ കൈപിടിച്ച് മുന്നോട്ടു നടന്നു. ഒരു അധ്യാപക വിദ്യാർഥി സൗഹൃദത്തിന് അപ്പുറം അപരിചിതമായ ഒരിടത്ത് എത്തിപ്പെട്ട ഒരാൾക്ക് കൃത്യമായി വഴി കാണിച്ചുകൊടുക്കുന്ന ഒരു മനുഷ്യന്റെ മുഖമാണ് അവനിൽ കണ്ടത്. നീണ്ട വരാന്തകളുടെ ഇരുവശങ്ങളിലുമായി കണ്ട ഫാർമസിയും ഓപ്പറേഷൻ തിയേറ്ററും ലാബുമെല്ലാം അവൻ എനിക്ക് പരിചയപ്പെടുത്തിത്തന്നു. ഞാനിതൊക്കെ പുതിയ അറിവുകളാണെന്ന മട്ടിൽ ആശ്ചര്യം ഭാവിച്ചും നടന്നു.
ആമാശയത്തിലെ മുഴയും വൃക്കയിലെ കല്ലും റസീമിന്റെ ഉമ്മയെ വല്ലാതെ പ്രയാസപ്പെടുത്തിയിരുന്നു. ഞങ്ങളെ കണ്ടപ്പോൾ ഉമ്മയുടെ മുഖത്ത് ചിരി വിടർന്നു. കഷ്ടപ്പാടുകളും ദുരിതങ്ങളും കണ്ടുകണ്ട് എല്ലാം നേരിടാം എന്നൊരു ഭാവം അവരിലുണ്ടായിരുന്നു. ദുരിതാനുഭവങ്ങൾ നമ്മെ മാനസികമായി കരുത്തുറ്റവരാക്കുമെന്ന് പറയുന്നത് ഒരു പരിധി വരെ ശരിയാണ്.
“റസീം ക്ലാസിലൊക്കെ വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടാവും, അല്ലേ?”
ശരീരക്ഷീണം മറച്ചു വെച്ച് ഉമ്മ ചോദിച്ചു.
“അങ്ങനെയൊന്നുമില്ല, ഇവൻ മിടുക്കനാണ്. ഇവനല്ലേ ക്ലാസിലെ താരം.”
റസീമിനെ ചേർത്തുപിടിച്ചു ഞാൻ പറഞ്ഞു.
“അതൊന്നുമല്ല. എനിക്കറിയാം കാര്യങ്ങളൊക്കെ… എന്താ ചെയ്യാ മാഷേ, പഠിക്കാനൊന്നും ഇവന് കഴിയില്ല. എഴുത്തൊക്കെ ഇങ്ങള് കണ്ടതല്ലേ. ഇവന്റെ താഴെ ഉള്ളവന് ഇത്ര പ്രശ്നല്ലട്ടോ… അവൻ ഏഴാം ക്ലാസിലാ…” ഉമ്മയുടെ വാക്കുകള് ഇടറി.
“നിങ്ങൾ പറയും പോലെയല്ല. റസീമിന് ഒരുപാട് കാര്യങ്ങൾ അറിയാം. ഇവർക്ക് പ്രത്യേക പരിശീലനം നൽകുന്ന സ്പെഷ്യൽ എജ്യൂക്കേറ്റർ സരിത ടീച്ചർ എപ്പോഴും പറയാറുണ്ട്, റസീം പഠനകാര്യങ്ങളിലൊക്കെ മുമ്പത്തെക്കാൾ ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ടെന്ന്. പിന്നെ ഓരോ കുട്ടിയും വ്യത്യസ്ത കഴിവുള്ളവരല്ലേ. എല്ലാം ശരിയായിക്കോളും…”
എന്റെ ആശ്വാസവാക്കുകളൊന്നും പ്രത്യേകിച്ചൊരു പ്രതിഫലനവും അവരുടെ മുഖത്ത് വരുത്തിയില്ല.
റസീമുമൊത്ത് ചായ കുടിക്കാൻ കാന്റീനിൽ ഇരിക്കുമ്പോൾ അവൻ ചോദിച്ചു:
“ന്റെ ഉമ്മ മരിച്ചു പോകോ സാറേ? ഉമ്മ മരിച്ചാൽ ഞങ്ങക്കാരുല്യാ…”
അവൻ ഏങ്ങിക്കരഞ്ഞു.
“നിന്റെ ഉമ്മാക്ക് കാര്യമായ അസുഖങ്ങളൊന്നുമില്ല. പിന്നെ നല്ല ചികിത്സയും കിട്ടുന്നുണ്ടല്ലോ…”
ചെറിയ പ്രായത്തിൽ തന്നെ ഉപ്പ ഉപേക്ഷിച്ചുപോയതിന്റെ സങ്കടക്കടൽ ഇന്നും അവന്റെ മനസ്സിൽ ഇരമ്പുന്നുണ്ടാവും. എത്ര മറക്കാൻ ശ്രമിച്ചാലും ചില ഓർമകൾ നമ്മെ വീണ്ടും മുറിപ്പെടുത്തിക്കൊണ്ടേയിരിക്കും.
ബയോളജി ക്ലാസിൽ പ്രോട്ടീൻ സിന്തസിസുമായി ബന്ധപ്പെട്ട് നടത്തിയ റോൾ പ്ലേയിൽ ഡിഎൻഎ തൻമാത്രയായി റസീം അഭിനയിച്ചപ്പോൾ ക്ലാസ് റൂം ഒന്നടങ്കം കൈയടിച്ച് പ്രോൽസാഹിപ്പിച്ചതും ഡിഎൻഎ എന്നെഴുതിയ ടാഗ് ഇട്ടുകൊണ്ട് ആ ദിവസം മുഴുവൻ ക്ലാസിലിരുന്നതിന്റെ തമാശയും പറഞ്ഞ് ഞാനവനെ ചിരിപ്പിക്കാൻ ശ്രമിച്ചു.
എനർജി ക്ലബ്ബിന്റെ നേതൃത്വത്തിൽ കേടുവന്ന എൽഇഡി ബൾബുകൾ നന്നാക്കിയെടുക്കുന്ന ജോലി ഭംഗിയായി പൂർത്തിയാക്കിയതിനുള്ള പാരിതോഷികം ക്ലാസിലെ കുട്ടികൾക്ക് മുമ്പിൽ വെച്ച് ക്ലബ് കൺവീനർ ഡോ. ജാസിദ് സാറിൽ നിന്ന് അവൻ ഏറ്റുവാങ്ങിയത് ഓർമപ്പെടുത്തിയപ്പോൾ അവന്റെ മുഖം തുടുത്തു.
നോട്ടുബുക്ക് പൂർത്തിയാക്കിയോ എന്ന് ചെക്ക് ചെയ്യാൻ ഞാൻ കണ്ടെത്തിയ നറുക്കെടുക്കൽ പരിപാടിക്കുള്ള പെട്ടിയും നറുക്കും തയ്യാറാക്കുന്ന ചുമതല റസീമിനായിരുന്നു. അവന്റെ നമ്പറെഴുതാതെ കൂടെയിരിക്കുന്ന അനസ് റഹ്മാന്റെ നമ്പർ പല തവണയെഴുതി അനസിന്റെ നോട്ടുബുക്ക് ചെക്ക് ചെയ്യിപ്പിച്ചതിന്റെ തമാശ പറഞ്ഞപ്പോൾ അവൻ കുലുങ്ങിക്കുലുങ്ങിച്ചിരിച്ചു.
റസീം ബയോളജി നോട്ടുബുക്കിൽ വരച്ച എല്ലാ ചിത്രങ്ങൾക്കും ഞാൻ സ്റ്റാറുകൾ നൽകിയിരുന്നു. ഒരു സ്റ്റാർ പോലും കിട്ടാതിരുന്ന കൂട്ടുകാർക്കു മുമ്പിൽ തന്റെ അപൂർണമായ നോട്ടുബുക്കും പിടിച്ച് അവൻ സന്തോഷപൂർവം നടന്നിരുന്ന കാര്യം വീണ്ടും പറഞ്ഞപ്പോൾ അവന്റെ മുഖം അഭിമാനം കൊണ്ടുയർന്നു.
സ്കൂളിലെ അേക്വറിയം വൃത്തിയാക്കിയില്ലെങ്കിൽ മീനുകളൊക്കെ ചത്തുപോകില്ലേ എന്ന് പറഞ്ഞ് ഹെഡ്മാസ്റ്ററെ പോയി കണ്ടതും അതു വൃത്തിയാക്കുമ്പോൾ മത്സ്യക്കുഞ്ഞുങ്ങളോട് റസീം കാണിച്ച വാത്സല്യവും കരുതലും അവനിലെ പരജീവി സ്നേഹത്തിന്റെ തിളക്കം കാണിക്കുന്നതായിരുന്നു.
വീണ്ടും വരാമെന്നുള്ള ഔപചാരികമായ യാത്രാ വാക്കും പറഞ്ഞുതന്നെയാണ് ഹോസ്പിറ്റലിൽ നിന്ന് അന്ന് ഇറങ്ങിയത്. പിന്നെ ഞാനതൊക്കെ മറന്നു. റസീമിന്റെ ഉമ്മ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയിട്ട് മൂന്നു മാസത്തിലേറെയായിരിക്കുന്നു.
പരപ്പനങ്ങാടിയിൽ നിന്ന് ലൈബ്രറി കൗൺസിലിന്റെ ഒരു മീറ്റിംഗ് കഴിഞ്ഞ് തിരിച്ചുവരുമ്പോൾ പതിനാറുങ്ങലിൽ റസീം താമസിക്കുന്ന വാടക ക്വാർട്ടേഴ്സിലേക്ക് പോകണമെന്ന് രാവിലെ പുതപ്പ് വാങ്ങിയപ്പോൾ തന്നെ കരുതിയതായിരുന്നു. അവന്റെ വീട്ടിലെത്തിയപ്പോൾ ഇരുട്ട് പരന്നുതുടങ്ങിയിരുന്നു. വീടിന്റെ വരാന്തയിൽ റസീമും അനിയനും മൊബൈൽ ഫോണിൽ ഗെയിം കളിക്കുകയായിരുന്നു. എന്നെ കണ്ടതും റസീം ഓടിവന്നു.
അകത്തുനിന്ന് ഉമ്മയുടെ ഖുർആൻ പാരായണത്തിന്റെ ഈണത്തിലുള്ള ശബ്ദം പുറത്തേക്കു വരുന്നുണ്ടായിരുന്നു.
എന്നെ കണ്ടതും ഉമ്മ നിസ്കാരക്കുപ്പായത്തിൽ തന്നെ പുറത്തേക്കു വന്നു.
“കയറിയിരിക്കൂ മാഷേ… ഇന്ന് മാഷെ കണ്ട കാര്യം റസീം പറഞ്ഞിരുന്നു. ഇങ്ങോട്ട് വരുന്നതൊന്നും പറഞ്ഞില്ലല്ലോ…”
സന്തോഷത്തിനപ്പുറം പെട്ടെന്നൊരു അതിഥി വരുമ്പോൾ എങ്ങനെ സ്വീകരിക്കണമെന്നെ ഒരങ്കലാപ്പ് അവരുടെ മുഖത്ത് പടർന്നിരുന്നു.
ഞാൻ കൈയിൽ കരുതിയ കവറെടുത്ത് റസീമിന്റെ നേരെ നീട്ടി. കവർ തുറന്നുനോക്കിയപ്പോള് അവന്റെ കണ്ണുകള് അത്ഭുതം കൊണ്ട് വിടർന്നു. എനിക്കു വേണ്ടി താൻ സെലക്ട് ചെയ്ത മുന്തിയ ഇനം പുതപ്പ് തനിക്ക് തന്നെ നൽകിയതിലുള്ള സന്തോഷവും ആശ്ചര്യവും റസീം എന്നെ കെട്ടിപ്പിടിച്ചാണ് പ്രകടിപ്പിച്ചത്.
മനോഹരമായ ആ പുതപ്പിന്റെ മടക്കുകൾ നിവർത്തി റസീം അത് ഉമ്മയെ പുതപ്പിച്ചു. കീറിപ്പോയ സ്നേഹത്തിന്റെ മുറിവിലേക്ക് ആശ്വാസത്തിന്റെ മരുന്നുതുണി പോലെ അവർ അത് ചേർത്തുപിടിച്ചു.
“ഇതൊന്നും വേണ്ടിയിരുന്നില്ല മാഷേ…” അവരുടെ കണ്ണുകൾ നിറഞ്ഞു.
“മാഷ് ഇരിക്കൂ. ഞാൻ ചായ എടുക്കാം.”
“വേണ്ട ഉമ്മാ. കുറച്ചു മുമ്പ് കുടിച്ചതാ.”
ഞാൻ സ്നേഹത്തോടെ നിരസിച്ചു. അവർ പിന്നീട് നിർബന്ധിച്ചതുമില്ല. .