اللهمَّ إنِّي أعوذُ بك أن أَضِلَّ أو أُضَلَّ أو أَزِلَّ أو أُزَلَّ أو أَظلِمَ أو
أُظْلَمَ أو أَجهَلَ أو ُجْهَلَ عليَّ
അല്ലാഹുവേ, ഞാന്‍ വഴിതെറ്റുകയോ വഴിതെറ്റിക്കപ്പെടുകയോ ചെയ്യുന്നതില്‍ നിന്നും, ഞാന്‍ വ്യതിചലിക്കുകയോ വ്യതിചലിപ്പിക്കപ്പെടുകയോ ചെയ്യുന്നതില്‍ നിന്നും, ഞാന്‍ ആക്രമിക്കുകയോ ആക്രമിക്കപ്പെടുകയോ ചെയ്യുന്നതില്‍ നിന്നും, ഞാന്‍ വിഡ്ഢിത്തം പ്രവര്‍ത്തിക്കുകയോ എന്റെ മേല്‍ വിഡ്ഢിത്തം പ്രവര്ത്തിപ്പിക്കപ്പെടുകയോ ചെയ്യുന്നതില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷ തേടുന്നു (സുനനു ഇബ്നുമാജ 3884).
ജോലിയാവശ്യാര്‍ഥമോ പഠനത്തിനു വേണ്ടിയോ ദിനേന യാത്ര ചെയ്യുന്നവരാണ് നാം. എന്തിനു വേണ്ടി പുറപ്പെടുകയാണെങ്കിലും നമ്മുടെ വീട്ടിലേക്ക് പെട്ടെന്ന് തിരിച്ചെത്താന്‍ എല്ലാവരും ആഗ്രഹിക്കാറുണ്ട്. പുറപ്പെടുന്നതുപോലെ തന്നെ ശാരീരികവും മാനസികവുമായ ഊർജസ്വലതയോടെ മടങ്ങിവരാനും യാതൊരു അപകടവും സംഭവിക്കാതിരിക്കാനുമാണ് എല്ലാവരുടെയും ശ്രദ്ധ.
ജീവിതോപാധിക്കിടയിലും മറ്റു സാമൂഹിക ഇടപെടലുകളിലുമെല്ലാം നമുക്ക് സംഭവിക്കാവുന്ന ധാരാളം വീഴ്ചകളില്‍ നിന്ന് സുരക്ഷ നല്കുന്ന പ്രാര്‍ഥനയാണിത്. സാമൂഹിക ഇടപെടലുകളില്‍ സംഭവിക്കുന്ന വീഴ്ചകളായതിനാലാണ് സമൂഹത്തിലേക്ക് ഇറങ്ങുന്ന സമയത്ത്, അഥവാ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോഴുള്ള പ്രാര്‍ഥനയായി പ്രവാചകന്(സ) ഇത് പഠിപ്പിച്ചത്.
മറ്റുള്ളവരുമായി ഇടപഴകുമ്പോള്‍ നമ്മള് മതപരമായും ഭൗതികമായും വഴിതെറ്റിക്കപ്പെടാന്‍ സാധ്യതയുണ്ട്. അതില്‍ നിന്ന് രക്ഷ തേടുകയാണ് പ്രാര്‍ഥനയുടെ ആരംഭത്തില്‍. അതോടൊപ്പം സാമൂഹിക സാഹചര്യങ്ങളില്‍ സ്വയം വഴിതെറ്റാതിരിക്കാനും റബ്ബിനോട് തേടുന്നത് പ്രത്യേകം എടുത്തുപറയേണ്ടതാണ്. ഇതേ അര്‍ഥത്തില്‍ തന്നെയാണ് പ്രാര്‍ഥനയുടെ രണ്ടാം ഭാഗത്തില്‍ വ്യതിചലിപ്പിക്കപ്പെടുന്നതില് നിന്ന് രക്ഷ തേടുന്നതിലും കാണാന്‍ സാധിക്കുക.
മൂന്നാമതായി അക്രമത്തില്‍ നിന്ന് രക്ഷ തേടുകയാണ്. ശാരീരികവും മാനസികവും സോഷ്യല്‍ മീഡിയകളിലുമെല്ലാം സംഭവിക്കാനിടയുള്ള അക്രമങ്ങളില്‍ നിന്ന് മനസ്സറിഞ്ഞ ഈ തേട്ടം നമുക്ക് സുരക്ഷിതത്വം നല്‍കും. നമ്മള് മറ്റുള്ളവരെ അക്രമിക്കാതിരിക്കാന്‍ കൂടിയുള്ള പ്രാര്‍ഥന നമുക്കും സമൂഹത്തിനും സുരക്ഷിതത്വം പ്രദാനം ചെയ്യുന്നുണ്ട്. അവസാനത്തെ ഭാഗം വിഡ്ഢിത്തം പ്രവര്‍ത്തിക്കുന്നതില്‍ നിന്നും മറ്റുള്ളവരുടെ വിഡ്ഢിത്തത്തിനു പാത്രമാവാതിരിക്കാനും തേടുന്നു. പല വിഡ്ഢിത്തങ്ങളും ജീവന് പോലും അപായപ്പെടുത്തുന്ന സമകാലിക സാഹചര്യത്തില്‍ ഈ പ്രാര്‍ഥന സുരക്ഷിതനായി വീട്ടില്‍ തിരിച്ചെത്താന്‍ നമ്മെ സഹായിക്കുമെന്നതില്‍ സംശയമില്ല. .