LoginRegister

വിദേശത്ത് പഠിക്കണോ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ബഷീർ കൊടിയത്തൂർ

Feed Back


അവസരങ്ങളുടെ ജാലകം തുറന്നുതരുന്ന ഉന്നത വിദ്യാഭ്യാസം എല്ലാവരുടെയും സ്വപ്‌നമാണ്. അത് യാഥാര്‍ഥ്യമാക്കാനുള്ള സൗകര്യങ്ങളും സംവിധാനങ്ങളും വ്യാപകമായതോടെ അത് പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസത്തിന് അനുസൃതമായ സൗകര്യങ്ങൾ കൂടി തേടിയാണ് ഇന്ന് കുട്ടികള്‍ വിദേശത്തേക്ക് ചേക്കേറുന്നത്. ആഗ്രഹത്തിനൊത്ത മേഖലയില്‍ പഠനവും നിലവാരമുള്ള ജോലിയും അതുവഴി മികച്ച വരുമാനവുമാണ് അവരുടെ സ്വപ്നം. എൻജിനീയറിങിനും മെഡിക്കല്‍ പഠനത്തിനും വിദേശ രാജ്യങ്ങളിലെ സർവകലാശാലകളെ ആശ്രയിക്കുന്നവരുടെ എണ്ണം പതിന്‍മടങ്ങ് വര്‍ധിച്ചതായി കണക്കുകള്‍ കാണിക്കുന്നു. മുന്‍വര്‍ഷങ്ങളില്‍ 40,000 പേരാണ് വിദ്യാഭ്യാസ ആവശ്യത്തിന് രാജ്യത്തിനു പുറത്തേക്ക് പോയതെങ്കില്‍ ഇപ്പോഴത് രണ്ടു ലക്ഷം കവിഞ്ഞു. ഈ വര്‍ഷം അതിലും കൂടുമെന്നാണ് നിഗമനം.
പഠന ആവശ്യത്തിനായി വിദേശത്തു പോകുന്ന കുട്ടികളില്‍ പെണ്‍കുട്ടികളാണ് മുന്നില്‍ എന്നതാണ് മറ്റൊരു സവിശേഷത. പഠിച്ച് സ്വന്തം നിലയില്‍ അന്തസ്സോടെ ജീവിക്കണമെന്ന ആഗ്രഹമാണ് ഉന്നത പഠനത്തിന് പെണ്‍കുട്ടികള്‍ തയ്യാറാവുന്നതിന് കാരണം. അതിനുള്ള അവസരം കൂടി ഒത്തുവന്നതോടെ മിടുക്കികളായ പെണ്‍കുട്ടികള്‍ കടൽ കടക്കുകയാണ്.
ഉയര്‍ന്ന വിദ്യാഭ്യാസത്തിലൂടെ ലഭിക്കുന്ന ജോലിയും വരുമാനവും ജീവിതത്തെ ശക്തിപ്പെടുത്തുമെന്ന യാഥാര്‍ഥ്യം ഇന്നത്തെ തലമുറ തിരിച്ചറിഞ്ഞിട്ടുണ്ട്. മികച്ച അവസരം ലഭിക്കാന്‍ മറുനാട്ടില്‍ പോയാലും കുഴപ്പമില്ല എന്ന അഭിപ്രായത്തിന് കുടുംബത്തില്‍ നിന്നുതന്നെ പിന്തുണ ലഭിക്കുന്നതോടെ അവരുടെ സ്വപ്‌നം പൂവണിയുന്നു. പ്രാഫഷണല്‍ കോഴ്‌സുകളുടെ പഠനച്ചെലവിന് ബാങ്കുകളുടെ ലോണ്‍ സൗകര്യമുള്ളതിനാല്‍ അത് പ്രയോജനപ്പെടുത്തുന്നു. മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് അവരുടെ അഭിരുചി അനുസരിച്ച് പഠിച്ച് ഭാവി ശോഭനമാക്കാന്‍ ഉതകുന്ന തരത്തിലുള്ള അതിവിശാല അവസരമാണ് വിദേശത്തെ പഠനം സമ്മാനിക്കുന്നത്.

എന്തുകൊണ്ട് വിദേശം?

മികച്ച കോഴ്‌സുകള്‍ മികവുറ്റ സര്‍വകലാശാലകളില്‍ പഠിക്കാന്‍ കഴിയുന്നു എന്നതാണ് വിദേശത്തേക്ക് ചേക്കേറാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനത്തോടൊപ്പം ജോലി ചെയ്യാനുള്ള സാധ്യതകളും തുറക്കുന്നു. നിലവില്‍ രാജ്യത്തിനകത്ത് അഡ്‌മിഷന്‍ ലഭിക്കുക എന്നത് പ്രയാസകരമായ കാര്യമാണ്. ഉദാഹരണത്തിന് മെഡിക്കല്‍ കോഴ്‌സുകള്‍ക്ക് പ്രവേശന പരീക്ഷയിലൂടെ യോഗ്യരാവുന്നതില്‍ പത്തു ശതമാനത്തിനു പോലും പഠനസൗകര്യമില്ല. അതിനാല്‍ തന്നെ അവർ മാനേജ്‌മെന്റ് സീറ്റുകളെ ആശ്രയിക്കും. ഒരു കോടി രൂപക്ക് പുറത്താണ് ഇന്ന് എംബിബിഎസിനുള്ള ഫീസ്. സ്ഥാപനങ്ങള്‍ക്ക് അനുസരിച്ച് കൂടുകയും ചെയ്യും. എന്നാല്‍ വിദേശ രാജ്യങ്ങളിലെ മുന്‍നിര സര്‍വകലാശാലകളില്‍ 25 ലക്ഷം മുതല്‍ 50 ലക്ഷം വരെ രൂപക്ക് ആറു വര്‍ഷം പഠിക്കാം. ഈ ഫീസ് ഗഡുക്കളായി അടച്ചാല്‍ മതി. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അതേ രീതിയിലുള്ള സിലബസും കോഴ്‌സുമാണ് പലയിടത്തും പഠിപ്പിക്കുന്നത്. പഠന മീഡിയം ഇംഗ്ലീഷായതിനാല്‍ മലയാളി വിദ്യാര്‍ഥികൾക്ക് പ്രയാസവുമില്ല. കോഴ്‌സ് കഴിഞ്ഞ് ഇന്ത്യയിലെത്തി ഒരു പരീക്ഷ എഴുതേണ്ടതുണ്ട്. അതില്‍ ഒട്ടുമിക്ക പേരും പാസാവാറുമുണ്ട്.
വിദേശ രാജ്യങ്ങളിലെ പഠനം മൂലമുണ്ടാവുന്ന പരിചയം, വ്യക്തിത്വവികാസം, കൂടുതല്‍ മേഖലകളെ കുറിച്ചുള്ള അറിവ് തുടങ്ങിയവ പ്ലസ് പോയിന്റാണ്. പല രാജ്യത്തും പഠനം കഴിഞ്ഞാല്‍ അവിടെ തന്നെ ജോലിസൗകര്യമുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. അന്താരാഷ്ട്ര സൗകര്യത്തിലുള്ള പരിശീലനം ഗള്‍ഫ് രാജ്യങ്ങളിലടക്കം ജോലി ചെയ്യാന്‍ അവരെ പ്രാപ്തരാക്കും.
മെഡിക്കല്‍, എൻജിനീയറിങ്, നഴ്‌സിങ്, പാരാമെഡിക്കല്‍, ഏവിയേഷന്‍, മാനേജ്‌മെന്റ് കോഴ്‌സുകള്‍ക്കാണ് കൂടുതല്‍ പേര്‍ വിദേശത്തെ ആശ്രയിക്കുന്നത്. ജര്‍മനി, ജോര്‍ജിയ, ചൈന, ഉസ്ബകിസ്താന്‍, കാനഡ, ഈജിപ്ത്, ബ്രിട്ടൻ, അമേരിക്ക, ഇറാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് പുറമേ ഗള്‍ഫ് നാടുകളിലും പഠനത്തിനായി വിദ്യാര്‍ഥികള്‍ കുടിയേറുന്നുണ്ട്. മികച്ച പഠന അന്തരീക്ഷവും സ്‌കോളര്‍ഷിപ്പുകളുമുണ്ട്. രണ്ടു മാസത്തെ അവധിക്കാലം ഓരോ വര്‍ഷവുമുണ്ട്.
പഠനത്തോടൊപ്പം ജോലി ചെയ്യാം എന്നതാണ് മറ്റൊരു പ്രത്യേകത. ഫ്രീ ടൈം ഇങ്ങനെ പ്രയോജനപ്പെടുത്തുന്നവര്‍ക്ക് മികച്ചൊരു വരുമാനവും ലഭിക്കുന്നു. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് അന്താരാഷ്ട്ര സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പും പരിശീലനവും ലഭിക്കുന്നു.
ലോകത്തെ നമ്പര്‍ വണ്‍ കലാലയങ്ങളില്‍ പഠിക്കാം എന്നതാണ് മറ്റൊരു നേട്ടം. ഒാക്‌സ്‌ഫഡിലും ബ്രിട്ടിഷ് സ്‌കൂളിലും നാസ ഇന്‍സ്റ്റിറ്റ്യൂട്ടിലും പഠിക്കുന്നവരില്‍ മലയാളികള്‍ ഏറെയാണ്.

വെല്ലുവിളികളും കുറവല്ല
ചില കാര്യങ്ങളിലുണ്ടാകുന്ന വെല്ലുവിളികളെ തരണം ചെയ്തു വേണം വിദേശത്ത് താമസിക്കാനും പഠിക്കാനും. വിദേശ രാജ്യങ്ങളിലെ ജീവിതരീതികളാണ് കുടിയേറ്റക്കാര്‍ക്ക് പ്രയാസമാവുക. നാട്ടില്‍ ജീവിച്ച രീതികള്‍ പാടേ മാറുന്നതിനാല്‍ ആദ്യകാലങ്ങളില്‍ ഇതുമായി പൊരുത്തപ്പെടാന്‍ പ്രയാസമാണ്. പ്രാദേശിക ഭാഷയിലെ അറിവ് പ്രധാനമാണ്. ഇംഗ്ലീഷ് ഇതര രാജ്യങ്ങളില്‍ അതിനായി ആദ്യവര്‍ഷം സിലബസില്‍ തന്നെ പ്രാദേശിക ഭാഷ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടാമത് ഭക്ഷണമാണ്. ഹോസ്റ്റലുകളില്‍ ഇന്ത്യന്‍ ഭക്ഷണം ലഭ്യമാണ്. എന്നാല്‍ കരാറുകാര്‍ ഉത്തരേന്ത്യക്കാരായതിനാല്‍ അത്തരം ഭക്ഷണമാണ് പ്രധാനമായും ലഭിക്കുക. പുറത്തു പോയി ഭക്ഷണം കഴിക്കാമെന്നുവെച്ചാല്‍ അവരുടെ രീതിയിലുള്ള ഭക്ഷണമാണ് ലഭിക്കുക. ഹോസ്റ്റല്‍ ഭക്ഷണം മടുക്കുമ്പോള്‍ സ്വയം പാചകത്തിലേക്ക് തിരിയുകയാണ് പലരും ചെയ്യുക.
കാലാവസ്ഥയാണ് മറ്റൊന്ന്. കേരളത്തിലെ പോലെ സെമി ക്ലൈമറ്റ് അല്ല വിദേശ രാജ്യങ്ങളില്‍. തണുപ്പെങ്കില്‍ കൊടുംതണുപ്പ്. ചൂടെങ്കില്‍ കടുത്ത ചൂട്. ഇതുമായി ഇണങ്ങാനും സമയമെടുക്കും. പല സര്‍വകലാശാലകളിലും ക്ലാസുകള്‍ അതിരാവിലെ തുടങ്ങുന്നവയാണ്. മെഡിക്കല്‍ പഠനത്തില്‍ രാവിലെ 8 മുതല്‍ വൈകീട്ട് 6 വരെയാണ് ക്ലാസ്.
സെമസ്റ്റര്‍ സിസ്റ്റമാണ് പലയിടത്തും പിന്തുടരുന്നത് എന്നതിനാല്‍ ഓരോ ഘട്ടത്തിലും വിജയം അനിവാര്യമാണ്. പഠന കാര്യത്തില്‍ കണിശതയും ക്ലാസില്‍ ഹാജരാവല്‍ നിര്‍ബന്ധവുമാണ്.
കോഴ്‌സിനു ചേര്‍ന്നുകഴിഞ്ഞാല്‍ ഇതെല്ലാം അനുകൂലമാക്കിയെടുക്കുക എന്നത് മുഖ്യമാണ്. ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ ഇത്തരം വെല്ലുവിളികളെല്ലാം തരണം ചെയ്തവരാണ് ഇന്നു കാണുന്ന രീതിയില്‍ വിജയത്തിന്റെ വെന്നിക്കൊടി പാറിക്കുന്നത്.

വ്യക്തമായ ധാരണ വേണം
അഡ്‌മിഷന്‍ എടുക്കുന്ന കോഴ്‌സ്, യൂനിവേഴ്‌സിറ്റി, രാജ്യം എന്നിവയെ കുറിച്ച് നല്ല ധാരണ വേണം. രാജ്യത്തെ ജീവിത നിലവാരം, കാലാവസ്ഥ എന്നിവ നേരത്തെ അറിഞ്ഞുവെക്കണം. പഠിക്കാന്‍ ഉദ്ദേശിക്കുന്ന സര്‍വകലാശാലയുടെ ഗ്രേഡ് മുഖ്യമാണ്. സര്‍ക്കാരിനു കീഴിലും അല്ലാതെയും കോളജുകളുണ്ട്. സ്‌കോളര്‍ഷിപ്പ് ഉള്ളതും ഇല്ലാത്തതുമുണ്ട്. ഉള്ള സ്ഥലങ്ങളില്‍ തന്നെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് അത് ലഭിക്കുക.
വിദേശ രാജ്യങ്ങളിലെ കോളജുകളില്‍ അഡ്‌മിഷന്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക വിഭാഗം ഉണ്ടെങ്കിലും വിദേശ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുക അംഗീകൃത കോണ്‍ട്രാക്ടര്‍മാര്‍ വഴിയായിരിക്കും. ഇവരുടെ വിവരങ്ങള്‍ സര്‍വകലാശാലയുടെ വെബ് സൈറ്റില്‍ ഉണ്ടാവും. ഇവരാണ് കുട്ടികളുടെ താമസം, ഭക്ഷണം, ഫീസ് തുടങ്ങിയ കാര്യങ്ങള്‍ കൈകാര്യം ചെയ്യുക. കുട്ടികള്‍ക്ക് എന്തെങ്കിലും പ്രയാസമുണ്ടായാല്‍ ഇവരാണ് ഇടപെടുക. അതിനാല്‍ അഡ്‌മിഷന്‍ കൈകാര്യം ചെയ്യുന്ന കണ്‍സൾട്ടന്‍സിയെ പറ്റി വ്യക്തമായി അന്വേഷിക്കണം. കോണ്‍ട്രാക്ടര്‍മാരുടെ വിശദാംശങ്ങള്‍ തേടണം. പറ്റുമെങ്കില്‍ ആ രാജ്യത്ത്, ആ സര്‍വകലാശാലയില്‍ പഠിക്കുന്നവരെ ബന്ധപ്പെട്ട് വിവരങ്ങള്‍ മനസ്സിലാക്കണം.
പല രാജ്യങ്ങളിലും ജീവിക്കാനുള്ള ചെലവ് നമ്മുടേതിനെക്കാള്‍ ഇരട്ടിയായിരിക്കും. അക്കാര്യവും പരിഗണിക്കണം. നാലും അഞ്ചും വര്‍ഷം പഠിക്കുമ്പോള്‍ അത് വലിയ ബാധ്യതയാവാതെ ശ്രദ്ധിക്കണം.
നാലും അഞ്ചും വര്‍ഷം കുടുംബത്തെ വിട്ട് വിദേശത്തു പോയി പഠിക്കുന്നവരുടെ നിശ്ചയദാര്‍ഢ്യം അംഗീകരിക്കേണ്ടതാണ്. ശോഭനമായ ഭാവിക്കായും സ്വന്തം ഉന്നതിക്കായും ഓരോ വിദ്യാര്‍ഥിയും കഠിനമായാണ് അധ്വാനിക്കുന്നത്. സാമ്പത്തികവും അല്ലാത്തതുമായ സൗകര്യങ്ങള്‍ രക്ഷിതാക്കള്‍ക്ക് ഒരുക്കിക്കൊടുക്കാം. പക്ഷേ, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ കുട്ടികള്‍ എടുക്കുന്ന പരിശ്രമം ഏറെ വലുതാണ്. അതുകൊണ്ടു തന്നെയാണ് അവര്‍ ഉയര്‍ന്ന നിലയില്‍ വിജയം വരിക്കുന്നത്. അത്തരം കുട്ടികള്‍ക്ക് മുന്നില്‍ ലോകം അവസരങ്ങള്‍ തുറന്നിട്ടിരിക്കുകയാണ്. തിളങ്ങുന്ന വിജയം അവര്‍ക്കുള്ളതാണ്.
.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top