പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ഐടിഐകളെയും പോളിടെക്നിക്കുകളെയും പരിചയപ്പെടുത്താമോ?
നദ സുബൈര്‍, കമ്പളക്കാട്
പത്തിനു ശേഷം നേരിട്ട് സാങ്കേതിക മേഖലകളിലെ പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കു മുന്നിലുള്ള മികച്ച സാധ്യതകളാണ് ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളും (ഐടിഐ) പോളിടെക്നിക്കുകളും.
പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും വ്യവസായ സ്ഥാപനങ്ങളടക്കം നിരവധി മേഖലകളില്‍ മികച്ച തൊഴില്‍ലഭ്യത ഉറപ്പാക്കുന്ന കോഴ്സുകളാണ് ഇത്തരം സ്ഥാപനങ്ങള്‍ നല്‍കിവരുന്നത്.
ഐടിഐ
കേരള വ്യാവസായിക പരിശീലന വകുപ്പിനു കീഴിലുള്ള 104 സര്‍ക്കാര്‍ ഐടിഐകളില്‍ ജോലിസാധ്യതയുള്ള വിവിധ ട്രേഡുകള്‍ പഠിക്കാന്‍ അവസരമുണ്ട്. വിവിധ സ്ഥാപനങ്ങളിലായി കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷനല്‍ ട്രെയിനിംഗ് (എന്‍സിവിടി) അഫിലിയേഷനുള്ള ട്രേഡുകള്‍, സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് വൊക്കേഷനല്‍ ട്രെയ്നിങ് (എസ്സിവിടി) അംഗീകാരമുള്ള ട്രേഡുകള്‍ എന്നിവ ലഭ്യമാണ്. എന്‍സിവിടി കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കി, അഖിലേന്ത്യാ പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് ഇ-നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും (e-NTC) ലഭിക്കും. ദേശീയ തലത്തിലുള്ള നിയമനങ്ങള്‍ക്ക് എന്‍സിവിടി സര്‍ട്ടിഫിക്കറ്റുകള്‍ അഭികാമ്യമാണ്.
എസ്സിവിടി പ്രോഗ്രാമുകള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവരെ കേരളത്തിലെ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍,പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ക്കാണ് പരിഗണിക്കുക.
യോഗ്യത
കേരളത്തില്‍ സ്ഥിരതാമസക്കാരായിരിക്കണം. കഴിഞ്ഞ അഞ്ച് വര്‍ഷമായി കേരളത്തില്‍ സ്ഥിരമായി താമസിക്കുന്നവരെയും പരിഗണിക്കും. ഉയര്‍ന്ന പ്രായപരിധിയില്ല. എസ്എസ്എല്‍സി/ തത്തുല്യ പരീക്ഷ ജയിച്ചവര്‍ക്കും തോറ്റവര്‍ക്കും അപേക്ഷിക്കാവുന്ന ആറു മാസം/ ഒരു വര്‍ഷം/രണ്ടു വര്‍ഷം ദൈര്‍ഘ്യമുള്ള എന്‍ജിനീയറിങ്/ നോണ്‍ എന്‍ജിനീയറിംഗ് ട്രേഡുകളില്‍ വിവിധ കോഴ്സുകളുണ്ട്. സാക്ഷരതാ മിഷന് നടത്തുന്ന ലെവല്‍ സ്റ്റാന്‍ഡേര്‍ഡ് 10 തുല്യതാ പരീക്ഷയും യോഗ്യതയായി പരിഗണിക്കും. പ്രൈവറ്റായി എസ്എസ്എല്‍സി പരീക്ഷ എഴുതി തോറ്റവര്‍ അപേക്ഷിക്കേണ്ടതില്ല.
എന്‍സിവിടി ട്രേഡുകള്‍
സംസ്ഥാനത്തെ 100 ഐടിഐകളില്‍ എന്‍സിവിടി അംഗീകാരമുള്ള വിവിധ ട്രേഡുകള്‍ ലഭ്യമാണ്. വയര്‍മാന്‍, പെയിന്റര്‍, പ്ലംബര്‍, കാര്‍പെന്റര്‍, വെല്‍ഡര്‍, ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍, ഡ്രസ് മേക്കിങ്, മെക്കാനിക് അഗ്രികള്‍ചറല്‍ മെഷിനറി, ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്, ആര്‍ക്കിടെക്ചറല്‍ ഡ്രാഫ്റ്റ്സ്മാന്‍, ലിഫ്റ്റ് & എസ്കലേറ്റര്‍ മെക്കാനിക്ക്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ഡ്രാഫ്റ്റ്സ്മാന്‍ മെക്കാനിക്കല്‍, മെയിന്റനന്‍സ് മെക്കാനിക്, ഇലക്ട്രീഷ്യന്, മോട്ടോര്‍ വെഹിക്കിള്‍ മെക്കാനിക്, ടൂള്‍ & ഡൈ മേക്കര്‍, സര്‍വെയര്‍, ഇന്റീരിയര്‍ ഡിസൈന്‍ & ഡെക്കറേഷന്, ഡീസല്‍ മെക്കാനിക്, ടൂറിസ്റ്റ് ഗൈഡ്, ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്, ഫാഷന്‍ ഡിസൈന്‍ & ടെക്നോളജി,കാറ്ററിങ് & ഹോസ്പിറ്റാലിറ്റി, കോസ്മറ്റോളജി, ഡിജിറ്റല്‍ ഫോട്ടോഗ്രാഫര്‍, െഡസ്ക്ടോപ് പബ്ലിഷിംഗ് ഓപറേറ്റര്‍, കമ്പ്യൂട്ടര്‍ എയ്ഡഡ് എംബ്രോ യ്ഡറി & ഡിസൈനിങ്, ഫുഡ് പ്രൊഡക്ഷന്‍, ഹോസ്പിറ്റല്‍ ഹൗസ്കീപ്പിംഗ്, മള്‍ട്ടിമീഡിയ ആനിമേഷന്‍ & സ്പെഷ്യല്‍ ഇഫക്ട്സ്, ബേക്കറി & കണ്ഫെക്ഷണര്, കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് & നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് തുടങ്ങി നിരവധി എന്‍ജിനീയറിംഗ്/ നോണ്‍ എന്‍ജിനീയറിംഗ് ട്രേഡുകള്‍ വിവിധ സ്ഥാപനങ്ങളില്‍ ലഭ്യമാണ്.
എസ്സിവിടി ട്രേഡുകള്‍
മെക്കാനിക് ഡീസല്‍, ഇന്റീരിയര്‍ ഡിസൈന്‍ & ഡെക്കറേഷന്, ഇലക്ട്രീഷ്യന്, റഫ്രിജറേഷന്‍ & എയര്‍കണ്ടീഷനിംഗ് ടെക്നീഷ്യന്, മെക്കാനിക് ഓട്ടോ ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ്, അപ്ഹോള്‍സ്റ്ററര്‍, പ്ലംബര്‍, ഡ്രൈവര്‍ കം മെക്കാനിക്ക് (എല്‍എംവി), കമ്പ്യൂട്ടര്‍ ഓപറേറ്റര്‍ & പ്രോഗ്രാമിംഗ് അസിസ്റ്റന്റ് തുടങ്ങിയ ട്രേഡുകള്‍ വിവിധ സ്ഥാപനങ്ങളില്‍ ലഭ്യമാണ്.
വിശദാംശങ്ങള്‍ക്ക്: www.itiadmissions.kerala.gov.in
തൊഴിലവസരങ്ങള്‍
കണ്‍സ്ട്രക്ഷന്‍, മാനുഫാക്ചറിംഗ്, ഓട്ടോമൊബൈല്‍, പ്രൊഡക്ഷന്‍, ഓയില്‍ ആന്‍ഡ് ഗ്യാസ്, ടെലികമ്യൂണിക്കേഷന്‍, ഇലക്ട്രോണിക്സ്, എയറോനോട്ടിക്കല്‍, പവര്‍ പ്ലാന്റുകള്‍ തുടങ്ങി നിരവധി മേഖലകളില്‍ ഐടിഐ യോഗ്യതയുള്ളവര്‍ക്ക് അവസരങ്ങളുണ്ട്. റെയില്‍വേ, ഡിഫന്‍സ്, ഐഎസ്ആര്‍ഒ, ബിഎസ്എന്‍എല്‍, ഡിആര്‍ഡിഒ, ഒഎന്‍ജിസി, എന്‍ടിപിസി, ബിഎച്ച്ഇഎല്‍, കെഎസ്ഇബി തുടങ്ങിയ സ്ഥാപനങ്ങളില്‍ വിവിധ ട്രേഡുകാര്‍ക്ക് അവസരമുണ്ട്. വിദേശത്തും മികച്ച സാധ്യതകളുണ്ട്. രണ്ട് വര്‍ഷത്തെ മെട്രിക് കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് ലാറ്ററല്‍ എന്‍ട്രി വഴി രണ്ടു വര്‍ഷം കൊണ്ട് എന്‍ജിനീയറിംഗ് ഡിപ്ലോമ നേടാനുമാവും.
പോളിടെക്നിക്കുകള്
കേരളത്തിലെ ടെക്നിക്കല്‍ എജ്യൂക്കേഷന്‍ വകുപ്പിന്റെ കീഴിലുള്ള വിവിധ പോളിടെക്നിക്കുകളില്‍ വിദ്യാര്‍ഥികളുടെ താല്പര്യത്തിനും അഭിരുചിക്കുമനുസരിച്ച് തിരഞ്ഞെടുക്കാവുന്ന നിരവധി ത്രിവത്സര ഡിപ്ലോമ പ്രോഗ്രാമുകളുണ്ട്. ഗവണ്മെന്റ്, ഗവണ്മെന്റ് എയ്ഡഡ്, ഗവണ്മെന്റ് കണ്ട്രോള്ഡ് സെല്‍ഫ് ഫൈനാന്‍സിംഗ്, പ്രൈവറ്റ് സെല്‍ഫ് ഫിനാന്‍സിംഗ് സ്ഥാപനങ്ങളില്‍ വിവിധ ശാഖകളിലായി 27,710 സീറ്റുകളുണ്ട്.
യോഗ്യത
എസ്എസ്എല്‍സി/ ടിഎച്ച്എസ്എല്‍സി/ തത്തുല്യ പരീക്ഷകള്‍ ഉപരിപഠന അര്‍ഹതയോടെ വിജയിച്ചിരിക്കണം. മാത്തമാറ്റിക്സ്, ഇംഗ്ലീഷ്, സയന്‍സ് വിഷയങ്ങള്‍ പഠിച്ചവര്‍ക്ക് എന്‍ജിനീയറിങ് സ്ട്രീമുകള്‍ക്കും (സ്ട്രീം 1) നോണ്‍ എന്‍ജിനീയറിങ് സ്ട്രീമുകള്‍ക്കും (സ്ട്രീം 2) അപേക്ഷിക്കാം. മാത്തമാറ്റിക്സും ഇംഗ്ലീഷും പഠിച്ചെങ്കിലും മറ്റ് സയന്‍സ് വിഷയങ്ങള്‍ പഠിക്കാത്തവര്‍ക്ക് സ്ട്രീം 2നു മാത്രമേ അപേക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. രണ്ടില്‍ കൂടുതല്‍ ചാന്‍സെടുത്ത് യോഗ്യതാ പരീക്ഷ വിജയിച്ചവര്‍ അപേക്ഷിേക്കണ്ടതില്ല. സേ/ ബെറ്റര്‍മെന്റ് അധിക ചാന്‍സായി പരിഗണിക്കില്ല. യോഗ്യതാ പരീക്ഷയില്‍ ലഭിച്ച ഗ്രേഡ് പോയിന്റ് പരിഗണിച്ചാണ് അലോട്ട്മെന്റ്.
ടിഎച്ച്എസ്എല്‍സിക്കാര്‍ക്ക് സ്ട്രീം ഒന്നില്‍ 10 ശതമാനം സീറ്റ് സംവരണമുണ്ട്. വിഎച്ച്എസ്സിക്കാര്ക്ക് അര്‍ഹതയുള്ള ട്രേഡുകളില്‍ 2% സംവരണമുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് 5 ശതമാനവും മറ്റു സംവരണ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശപ്രകാരമുള്ള സംവരണവും ലഭിക്കും. കേള്‍വിത്തകരാറുള്ള കുട്ടികള്‍ക്ക് തിരുവനന്തപുരം വനിതാ പോളിടെക്നിക്, കോഴിക്കോട് ഗവ. പോളിടെക്നിക്, കളമശ്ശേരി ഗവ. പോളിടെക്നിക് എന്നിവയില്‍ പ്രത്യേക ബാച്ചുകളുണ്ട്.
50 ശതമാനം മാര്‍ക്കോടെ ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവ പഠിച്ച് പ്ലസ്ടു/ വിഎച്ച്എസ്ഇ പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കും എന്‍സിവിടി/ എസ്സിവിടി/ കെജിസിഇ പൂര്‍ത്തിയാക്കിയവര്‍ക്കും ഡിപ്ലോമക്ക് രണ്ടാം വര്‍ഷത്തില്‍ ചേര്‍ന്ന് പഠിക്കാന്‍ അവസരമുണ്ട്.
വെബ്സൈറ്റ്: www.polyadmission.org.
പ്രോഗ്രാമുകള്‍
രണ്ട് സ്ട്രീമുകളില്‍
സ്ട്രീം 1
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് & മെഷീന് ലേണിങ്, ഓട്ടോമൊബൈല്‍, ബയോ മെഡിക്കല്‍, ക്ലൗഡ് കമ്പ്യൂട്ടിംഗ് & ബിഗ് ഡാറ്റ, സിവില്‍ എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍, സൈബര്‍ ഫോറന്‍സിക് & ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി, ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിങ്, കെമിക്കല്‍, സിവില്‍ എന്‍ജിനീയറിങ് & പ്ലാനിങ്, കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര്, കമ്മ്യൂണിക്കേഷന്‍ & നെറ്റ്വര്‍ക്കിങ്, സിവില്‍ & റൂറല്‍ എന്‍ജിനീയറിങ്, സിവില്‍ & എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയറിങ്, കമ്പ്യൂട്ടര്‍ സയന്‍സ്, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് & ഇലക്ട്രിക് വെഹിക്കിള്‍സ് ടെക്നോളജി, ഫുഡ് പ്രോസസിംഗ് ടെക്നോളജി, ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ട് ഡിസൈന്‍ & ഫാബ്രിക്കേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, മെക്കട്രോണിക്സ്, മെക്കാനിക്കല്‍, മാനുഫാക്ചറിങ് ടെക്നോളജി, പോളിമര്‍ ടെക്നോളജി, പ്രിന്റിങ് ടെക്നോളജി, ഓട്ടോമേഷന്‍ & റോബോട്ടിക്സ്, റിന്യൂവബിള്‍ എനര്‍ജി, റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍, വുഡ് & പേപ്പര്‍ ടെക്നോളജി, ടൂള്‍ & ഡൈ എന്‍ജിനീയറിങ്, ടെക്സ്റ്റൈല്‍ ടെക്നോളജി.
സ്ട്രീം 2
കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ & ബിസിനസ് മാനേജ്മെന്റ്, കൊമേഴ്സ്യല്‍ പ്രാക്ടീസ്.
തൊഴിലവസരങ്ങള്‍
കേരളത്തില്‍
ഇലക്ട്രിസിറ്റി, പബ്ലിക് വര്‍ക്സ്, വാട്ടര്‍ അതോറിറ്റി, ഇറിഗേഷന്‍ തുടങ്ങിയ ഡിപാര്ട്ട്മെന്റുകളില് ബന്ധപ്പെട്ട ഡിപ്ലോമ പൂര്‍ത്തിയാക്കിയവര്‍ക്ക് അവസരങ്ങളുണ്ട്.
കൂടാതെ നേവി, ആര്‍മി, എയര്‍ഫോഴ്സ് സേനകള്‍, ഇന്ത്യന്‍ ഓയില്‍, സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ, ബിഎച്ച്സിഎല്, എന്‍ടിപിസി, പവര്‍ഗ്രിഡ്, ഭാരത് പെട്രോളിയം, ഒഎന്‍ജിസി, എച്ച്പിസിഎല്‍, കോള്‍ ഇന്ത്യ, ബിഎസ്എന്‍എല്‍, ഐടി കമ്പനികള്‍ തുടങ്ങിയവയിലും അവസരങ്ങളുണ്ട്. വിദേശ രാജ്യങ്ങളിലും ജോലിസാധ്യതകളുണ്ട്. സ്വയംസംരംഭങ്ങള്‍ തുടങ്ങാനും അവസരങ്ങളുണ്ട്.താല്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ലാറ്ററല്‍ എന്‍ട്രി ടെസ്റ്റ് (LET) വഴി ബി.ടെക്കിന് രണ്ടാം വര്‍ഷത്തില്‍ ചേരാം. എഎംഐഇ (AMIE) വഴിയുള്ള തുടര്‍പഠനത്തിലൂടെയും മികച്ച കരിയറുകളിലെത്താം. .