ഇസ്ലാമിലെ പഞ്ചസ്തംഭങ്ങളില്‍ അഞ്ചാമത്തേതാണ് ഹജ്ജ്. ഇഹലോകത്തും പരലോകത്തും ഒരുമിച്ച് നന്മ കരസ്ഥമാക്കാന്‍ പറ്റിയ രൂപത്തിലാണ് ഇസ്ലാമിലെ ആരാധനാ കര്‍മങ്ങള്‍. എങ്കിലും ഒരു വ്യക്തി ആരാധനാകര്‍മങ്ങൾ നിര്‍വഹിക്കുമ്പോള്‍ അവന്റെ പ്രധാന ലക്ഷ്യം പരലോകമോക്ഷവും പാപമോചനവുമായിരിക്കണം.
വിശുദ്ധ ഖുര്‍ആന്‍ സൂറഃ ഹജ്ജ് 27-28 വചനങ്ങളില്‍ പറയുന്നു: “ഹജ്ജിനായി നീ ജനത്തെ വിളിക്കുക. അവര്‍ കാല്നടക്കാരായും എല്ലാ ദൂരദേശങ്ങളില്‍ നിന്നും വരുന്ന മെലിഞ്ഞൊട്ടിയ ഒട്ടകങ്ങളിന്മേലായും താങ്കളുടെ അടുക്കല്‍ വരും. അവര്‍ക്ക് ഉപകാരപ്രദമായ ഇടങ്ങളിൽ സന്നിഹിതരാകാന്‍ വേണ്ടിയും അറിയപ്പെട്ട ദിനങ്ങളില്‍ അല്ലാഹുവിന്റെ നാമം ഉച്ചരിച്ചുകൊണ്ട് അല്ലാഹു അവര്‍ക്ക് നല്കിയ നാല്ക്കാലി മൃഗങ്ങളെ ബലിയര്‍പ്പിക്കാന്‍ വേണ്ടിയും.”
വിജ്ഞാന സമ്പാദനമാണ് ഹജ്ജ് കൊണ്ടുള്ള മറ്റൊരു ഗുണം. ഭൂമിയില്‍ യാത്ര ചെയ്യാന്‍ ഖുര്‍ആന്‍ പല സ്ഥലത്തും നിര്‍ദേശിക്കുന്നുണ്ട്. യാത്ര മനുഷ്യര്‍ക്ക് വിജ്ഞാനത്തിൽ വർധനവ് നല്കുന്നു. പല തരത്തിലുള്ള അനുഭവങ്ങള്‍ മനുഷ്യര്‍ക്ക് ഹജ്ജ് യാത്രയില്‍ ലഭിക്കുന്നു.
സത്യവിശ്വാസികളുടെ സ്വഭാവത്തെ വിവരിച്ച് ഖുര്‍ആന്‍ പറയുന്നു: “അവര്‍ യാത്ര ചെയ്യുന്നവരും കുമ്പിടുന്നവരും സാഷ്ടാംഗം ചെയ്യുന്നവരുമാകുന്നു” (അത്തൗബ 112).
പാപമോചനം
മനുഷ്യന് ചെയ്തുകൂട്ടുന്ന പാപങ്ങളില്‍ നിന്ന് ആത്മാര്‍ഥമായ ഹജ്ജ് കര്‍മം അവന് മോചനം നേടിക്കൊടുക്കുന്നു.
നബി(സ) അരുളി: ”വല്ലവനും അല്ലാഹുവിനു വേണ്ടി ഹജ്ജ് ചെയ്യുകയും അവൻ ദുരാചാരങ്ങളിലും ദുര്‍വൃത്തിയിലും ഏര്‍പ്പെടാതിരിക്കുകയും ചെയ്താന്‍ അവന്റെ മാതാവ് അവനെ പ്രസവിച്ച ദിവസത്തെപ്പോലെ അവന് ആയിത്തീരുന്നതാണ്” (ബുഖാരി- മുസ്ലിം).
ഹജ്ജും ഹാജറയും
ഹജ്ജിന്റെ പ്രധാനപ്പെട്ട രണ്ട് കര്‍മങ്ങളാണ് ത്വവാഫും സഅ്യും. ഇത് ചെയ്യുന്നവര്‍ക്ക് 4000 വര്‍ഷങ്ങള്‍ക്കു മുമ്പ് ഹാജറ(റ) ചവിട്ടിക്കടന്ന കണ്ണീര് ചാലുകളിലൂടെ കടന്നുപോകാതിരിക്കാനാവില്ല. അന്നവര്‍ സഫാ-മര്‍വാ താണ്ടിയത് ഒരു ഉപാസനക്ക് വേണ്ടിയായിരുന്നില്ല, മറിച്ച്, ദാഹിച്ചുവലഞ്ഞ തന്റെ കുഞ്ഞിന് ഒരിറ്റ് ദാഹജലം അന്വേഷിച്ചായിരുന്നു.
അന്ന് മക്ക ഇന്നത്തെപ്പോലെയായിരുന്നില്ല. കേവലം വിജനമായ, ജലശൂന്യമായ, ജന്തുജീവജാലങ്ങൾ പോലുമില്ലാത്ത വരണ്ട മരുപ്രദേശം. ചുറ്റും നോക്കെത്താത്ത കൊടുംപാറക്കെട്ടുകള് നിറഞ്ഞുനില്ക്കുന്ന, ചുട്ടുപൊള്ളുന്ന മണൽക്കാട്. ഇവിടെയാണ് ഹാജറ എന്ന മാതാവിനെയും ഒരു പിഞ്ചുപൈതലിനെയും ഇബ്റാഹീം നബി(അ) തനിച്ചാക്കിയിട്ട് തിരിച്ചുപോയത്. ഫലസ്തീനില്‍ നിന്ന് മാസങ്ങളോളം യാത്ര ചെയ്തായിരുന്നു അവർ മക്കയിൽ എത്തിയത്. അവര്‍ക്ക് ഉപജീവനത്തിനു വേണ്ടി ബാക്കിവെച്ചത് ഒരു തോല്സഞ്ചിയും ഒരല്പം വെള്ളവും ഒരു പാത്രത്തില്‍ കുറച്ച് കാരക്കയും.
ഇബ്റാഹീം(അ) മടങ്ങുമ്പോള്‍ ഹാജറ(റ) ചോദിച്ചു: “ഹേ ഇബ്റാഹീം, താങ്കളീ ചെയ്യുന്നത്, അഥവാ വിജനമായ ഈ പ്രദേശത്ത് ഞങ്ങളെ തനിച്ചാക്കി പോകുന്നത് അല്ലാഹുവിന്റെ കല്പന പ്രകാരമാണോ?”
”അതെ” എന്ന് ഇബ്റാഹീ (അ)മിന്റെ മറുപടി. അത് കേള്‍ക്കേണ്ട താമസം ഹാജറക്ക് സമാധാനമായി. എങ്കില്‍ അല്ലാഹു സംരക്ഷിച്ചുകൊള്ളും. ഹാജറ(റ) ആത്മഗതം ചെയ്തു. ദിവസങ്ങള്‍ കഴിഞ്ഞു. ൈകയിലുള്ള കാരക്ക തീര്‍ന്നു. വെള്ളം തീര്‍ന്നു. മുലപ്പാൽ പോലും വറ്റിവരണ്ടു. ആ പിഞ്ചുകുഞ്ഞ് ദാഹിച്ചുവലഞ്ഞു. അവൻ കൈകാലിട്ടടിച്ച് വാവിട്ട് കരഞ്ഞു. ഇനിയെന്ത് വേണം, ഹാജറ(റ) നിര്‍ന്നിമേഷയായി. അവര്‍ ചുറ്റിലേക്കും നോക്കി. അതാ കാണുന്നു, സഫ എന്ന ഉയര്‍ന്ന മല. അവര്‍ അതിന്റെ മുകളിലേക്ക് ഓടിക്കയറി വെള്ളമുണ്ടോ എന്നന്വേഷിച്ചു. ഇല്ല, ഒരു തുള്ളി ജലം അവിടെയെങ്ങുമില്ല. ദൂരെ അതാ കാണുന്നു മര്‍വ എന്ന മല. അതിന്റെ മുകളിലേക്ക് ഓടിക്കയറി. മറ്റൊന്നിനുമല്ല. ദാഹിച്ച് പിടയുന്ന കുഞ്ഞിന് ഒരിറ്റ് തെളിനീരിനു വേണ്ടി. ഫലം ശൂന്യത. അവിടെയും വെള്ളമില്ല. അവരിത് ഏഴു തവണ തുടർന്നു. നിരാശയോടെ അവര്‍ കുഞ്ഞിന്റെ അരികിലേക്ക് മടങ്ങി. പക്ഷേ, അവിടെയതാ തന്റെ കുഞ്ഞ് കൈകാലിട്ടടിക്കുന്നിടത്ത് വെള്ളം പൊട്ടിവരുന്നു! പ്രത്യാശയുടെ തെളിനീര്. അവര്‍ സന്തോഷത്തോടെ ”സംസം” എന്ന് പറഞ്ഞ് വെള്ളം കൈകൊണ്ട് കെട്ടിനിർത്തി. തന്റെ കുഞ്ഞിന് ദാഹം തീരുവോളം കുടിപ്പിച്ചു. അവരും കുടിച്ചു.
നീരുറവ നിലയ്ക്കുന്നില്ല. അവര്‍ അതിന് കാവല്‍ക്കാരായി, നീരുറവക്ക് സമീപം താമസിച്ചു. വെള്ളം കണ്ട് പറവകള്‍ വട്ടമിട്ടു.
ഇത് കണ്ട് ദൂരെ സഞ്ചരിച്ചിരുന്ന കച്ചവടസംഘത്തിന് സംശയം. മക്കയില്‍ വെള്ളമുണ്ടല്ലോ. അവര്‍ മക്കയില്‍ വന്നു നോക്കി. അവര്‍ ആ കാഴ്ച കണ്ടു, പൊട്ടിയൊഴുകുന്ന വെള്ളം. അതിനു ചുറ്റും ഒരു മാതാവും കുഞ്ഞും താമസിക്കുന്നു.
അവര്‍ തങ്ങളുടെ ഒട്ടകങ്ങളെ വെള്ളം കുടിപ്പിക്കാന്‍ അനുവാദം ചോദിച്ചു. പകരം ഭക്ഷണസാധനങ്ങള്‍ ഹാജറക്ക് കൊടുത്തു. ജീവനാംശത്തിന്റെ കൊണ്ടുകൊടുക്കല്‍. അതങ്ങനെ തുടര്‍ന്നുകൊണ്ടിരുന്നു. ഹാജറക്കും മകനും ഉപജീനത്തിന്റെ മാര്‍ഗമായി.
അവസാനം കച്ചവട സംഘം അവിടെ താമസിക്കാന്‍ അനുവാദം ചോദിച്ചു. ഹാജറ സമ്മതിച്ചു. ഒരു നിബന്ധന മാത്രം. വെള്ളത്തിന് അവകാശവാദം ഉന്നയിക്കരുത്. ആ നിലക്ക് ജുജം ഗോത്രക്കാരാണ് ആദ്യമായി മക്കയില്‍ താമസം തുടങ്ങിയത്. അങ്ങനെ മക്കയില്‍ ജനവാസമുണ്ടാവുകയാണ്.
ഹാജറയുടെ മകന് ഇസ്മാഈല്‍ വളര്‍ന്നുകൊണ്ടിരുന്നു. അവനിപ്പോള്‍ സ്വയം ശേഷിയുള്ള ബാലനാണ്. അങ്ങനെയിരിക്കെയാണ് പിതാവ് ഇബ്റാഹീം നബി(അ)യുടെ തിരിച്ചുവരവ്.
സൂറഃ സ്വാഫാത്തില്‍ അത് ഇപ്രകാരം വായിക്കാം:
”തന്നോടൊപ്പം പ്രയത്നിക്കാന്‍ പ്രാപ്തനായപ്പോള്‍ അദ്ദേഹം ആ പുത്രനോട് പറഞ്ഞു: “ഞാന്‍ നിന്നെ ബലിയറുക്കുന്നതായി സ്വപ്നം കാണുന്നുണ്ടല്ലോ. ഹോ! മോനേ, ആലോചിച്ച് പറയൂ, നിനക്ക് എന്ത് തോന്നുന്നുവെന്ന്.”
പുത്രന് പറഞ്ഞു: “പ്രിയ പിതാവേ, അങ്ങ് കല്പിക്കപ്പെട്ടത് ചെയ്താലും. ദൈവേച്ഛയുണ്ടെങ്കില്‍ ഞാന്‍ സഹനശീലനാണെന്ന് അങ്ങേക്ക് കാണാം” (സ്വാഫാത്ത് 101, 102).
അല്ലാഹു പ്രവാചകന്മാര്ക്ക് ദിവ്യസന്ദേശം നല്കുന്ന ഒരു രീതിയാണ് സ്വപ്നദര്‍ശനം. അദ്ദേഹം സ്വപ്നം സാക്ഷാത്കരിക്കാന്‍ തന്നെ തീരുമാനിച്ചു.
സ്വാഫാത്തില്‍ തന്നെ തുടരുന്നു: “അങ്ങനെ ഇരുവരും സ്വയം സമര്‍പ്പിക്കുകയും പുത്രനെ ചരിച്ചു കിടത്തുകയും ചെയ്തപ്പോള്‍ നാം അദ്ദേഹത്തെ വിളിച്ചു: ഓ ഇബ്റാഹീം, നീ സ്വപ്നം സാക്ഷാത്കരിച്ചുകഴിഞ്ഞിരിക്കുന്നു. ഇങ്ങനെയാണ് നാം സുകൃതവാന്മാര്ക്ക് സമ്മാനമരുളുക” (സ്വാഫാത്ത് 103, 104).
മകനെ നിലത്ത് കിടത്തി ബലിയര്‍പ്പിക്കാന്‍ ഇബ്റാഹിമും(അ) അതിന് കീഴൊതുങ്ങാന്‍ മകന് ഇസ്മാഈലും(അ) തയ്യാറായപ്പോൾ അല്ലാഹുവിന്റെ പക്കല്‍ നിന്ന് അറിയിപ്പ് വരുന്നു: ഓ ഇബ്റാഹീം, നീ സ്വപ്നം സാക്ഷാത്കരിച്ചു കഴിഞ്ഞു. എനിക്കു വേണ്ടി എന്തും സ്വീകരിക്കാന്‍ തയ്യാറാണെന്ന് നീയും നിന്റെ പുത്രനും തെളിയിച്ചുകഴിഞ്ഞിരിക്കുന്നു എന്ന്.
അല്ലാഹുവിനു വേണ്ടി ത്യാഗമനുഷ്ഠിക്കാന്‍ എത്രത്തോളം സന്നദ്ധതയുണ്ട് എന്ന് തെളിയിക്കാനുള്ള ഒരു പരീക്ഷണം മാത്രമായിരുന്നു അത്. അനന്തരം ഒരു ബലി മൃഗത്തെ അറുത്ത് കര്‍ത്തവ്യം പൂര്‍ത്തിയാക്കി. ഹാജറ(റ) ഇതൊന്നുമറിയാതെ പുത്രനെ പ്രതീക്ഷിച്ചു കഴിയുകയാണ്. അവസാനം സഹനശീലനെന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച അവരുടെ പുത്രന് ഒരു പോറലുമേല്‍ക്കാതെ അവരിലേക്കു തന്നെ തിരിച്ചെത്തി.
ജീവിതത്തില്‍ ഇത്രയേറെ ത്യാഗങ്ങള്‍ സഹിച്ച ഹാജറ (റ) ഇന്നും ഇസ്ലാമിക ചരിത്രത്തില്‍ ഒരു വെള്ളിവെളിച്ചമായി തിളങ്ങിക്കൊണ്ടിരിക്കുന്നു.
ഓരോ ഹജ്ജ് വേളയിലും സഅ്യ് ചെയ്യുമ്പോള്‍ ഹാജിമാര്‍ ഹാജറയുടെ കുതിപ്പും കിതപ്പും ഏറ്റുവാങ്ങുന്നു. ഓരോ ബലിപെരുന്നാള്‍ സുദിനത്തിലും ബലിമൃഗത്തെ അറുക്കുമ്പോള്‍ മുസ്ലിംകള് ഇസ്മാഈല്‍ നബി(അ)യെ ഓര്‍ക്കുന്നു. ഇവരെ തിരിച്ചറിയാത്ത ഒരു ഹജ്ജും ബലിപെരുന്നാളുമൊന്നും ലോകാവസാനം വരെ ഉണ്ടാവുകയില്ല.
കേവലം ഈജിപ്തിലെ ഒരു രാജാവിന്റെ അടിമപ്പെണ്ണായിരുന്ന ഹാജറയെ അല്ലാഹു ഉന്നതങ്ങളിലേക്ക് ഉയര്‍ത്തി. ഇസ്ലാമിലെ ആരാധനാ കര്‍മങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒരു സ്ത്രീരത്നമായി അവര്‍ മാറി. .