LoginRegister

പെരുന്നാൾ രുചികളും പെരുമയുള്ള മണങ്ങളും

Feed Back


പെരുന്നാള്‍ വരവറിയിച്ച് തക്ബീര്‍ കേട്ടുതുടങ്ങിയപ്പോള്‍ തന്നെ പള്ളിയില്‍ പോകാനായി കുട്ടികള്‍ റെഡിയായി. സൂറത്ത കൊണ്ടുവന്ന ഇറച്ചികേക്കും കട്‌ലറ്റും ഫിദൂനും ഫഹ്‌റിക്കും റാമിഷിനും വഫ്‌റക്കും സഹക്കുമായി വീതിച്ചുനല്‍കി, കുഞ്ഞമ്മേടെ കട്‌ലറ്റാണ് ലോകത്തിലെ ഏറ്റവും ടേസ്റ്റുള്ള പലഹാരം എന്നൊക്കെ പറഞ്ഞ്, കുഞ്ഞാപ്പയുടെ കാറില്‍ കുട്ടികളെല്ലാവരും പള്ളിയിലേക്ക് പോയി.
ചിക്കന്‍ മൊരിച്ച് പൊരിക്കാനായി ഇരുമ്പിന്റെ ചീനച്ചട്ടിയിലെ തിളയ്ക്കുന്ന വെളിച്ചെണ്ണയിലേക്കിട്ട് അതിനിടയില്‍ കാരറ്റ്, തക്കാളി, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റുകള്‍ ഉണ്ടാക്കാനായി അടുക്കളയിലൂടെ ഓടിനടക്കുകയാണ് ബേബി. പെരുന്നാളിന് ബുഹാരി റൈസാണ് ഉണ്ടാക്കുന്നത്. ചോറില്‍ കാരറ്റ് പള്‍പ്പ് ചേര്‍ത്ത് ഓറഞ്ച് നിറത്തില്‍ ചിക്കന്‍ പൊരിച്ചതും ലൂമും ചേര്‍ത്തുണ്ടാക്കുന്ന റൈസ് ഓര്‍ക്കുമ്പോള്‍ തന്നെ വായില്‍ വെള്ളം വരും.
ഇടത്തരം പഴുത്ത നേന്ത്രക്കായ പുഴുങ്ങി ഉടച്ച് കിസ്മിസും കാഷ്യൂസും ചേര്‍ത്ത് ഉന്നക്കായകള്‍ ഉരുട്ടിയെടുക്കുകയാണ് ഷെറിത്തായും ഉമ്മയും. എല്ലാം പകുതി വേവില്‍ പൊരിച്ചുവെച്ചിട്ടു വേണം പുലര്‍ച്ചെ എഴുന്നേറ്റ് പായസമുണ്ടാക്കാന്‍. വടക്കേപറമ്പിലെ പെരുന്നാള്‍ വിശേഷങ്ങളില്‍ ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒന്നാണ് ഉന്നക്കായ പായസം. ഞാന്‍ വിപ്പിങ് ക്രീമിലേക്ക് മില്‍ക് മെയ്ഡ് ചേര്‍ത്ത് നന്നായി ബീറ്റ് ചെയ്തു. കേക്ക് കുതിര്‍ക്കാനായി പാലും ഫ്രഷ് ക്രീമും മില്‍ക് മെയ്ഡും ചേര്‍ത്ത ലായനി തയ്യാറാക്കി. റോസ് പെറ്റല്‍സും ക്രഷ്ഡ് പിസ്താഷ്യോയും എടുത്തുവെച്ചപ്പോഴേക്കും കുട്ടികളൊക്കെ തിരിച്ചുവന്നു. ഒരുവിധം സെറ്റ് ചെയ്‌തെടുത്ത ട്രസ്ലഷെ കേക്ക് ഫ്രിഡ്ജിലേക്ക് ഒളിപ്പിച്ച് ഞാന്‍ ഒന്നുമറിയാത്തപോലെ നിന്നു. പെരുന്നാള്‍ ദിവസം വൈകുന്നേരം നഷിത്തായും മക്കളും വരുമ്പോള്‍ മാത്രമാണ് പാലില്‍ കുതിര്‍ന്ന ആ കേക്ക് പുറത്തെടുക്കുക.
ഓര്‍ഗാനിക് മൈലാഞ്ചി ട്യൂബുമായി കുഞ്ഞ്യോള്‍ ഉള്‍പ്പെടെ അയല്‍പക്കത്തെയും കുടുംബത്തിലെയും പെണ്‍കുട്ടികളൊക്കെ വന്ന് മൈലാഞ്ചിയിടാന്‍ കാത്തുനില്‍ക്കുന്നുണ്ട്. ഉമ്മ അരച്ചുവെച്ച നല്ല പച്ചമണമുള്ള മൈലാഞ്ചി ഈര്‍ക്കില്‍ കൊണ്ട് ആദ്യം ഞാനെന്റെ നഖങ്ങളിലിട്ടു. എന്നിട്ട് അതിവിദഗ്ധമായി ട്യൂബ് കൊണ്ട് ഓരോരുത്തരുടെയും കൈയില്‍ വരച്ചുതുടങ്ങി. വളഞ്ഞുപുളഞ്ഞ പൂക്കളുടെയും ഇലകളുടെയും പച്ചവരകള്‍ക്കും പഞ്ചസാര ചേര്‍ത്ത ചെറുനാരങ്ങ നീരിനുമിടയില്‍ പെരുന്നാള്‍ മണത്ത് പാതിരാ വരെ ഇരുന്നു.
***
ഞാനും ജസിയും പൊന്നിയും ഫബിയും മുത്തോളും സുഹാദയും ഒരേപോലുള്ള കരിഷ്മ ചുരിദാറുമിട്ട് ഫായിസിന്റെയും ജസീമിന്റെയും മനുവിന്റെയും അനസിന്റെയും ഇര്‍ഷാദിന്റെയും കൂടെ ഉറക്കെ തക്ബീര്‍ ചൊല്ലി വയല്‍വരമ്പിലൂടെ ഈദ്ഗാഹിലേക്കു വരിവരിയായി നടന്നുപോകുന്നതാണ് കുട്ടിക്കാല പെരുന്നാളോര്‍മകളില്‍ മനസ്സിലേക്ക് ആദ്യം കയറിവരുന്നത്.
ഞങ്ങള്‍ കണ്ണൂരില്‍ നിന്ന് വരുന്ന അന്നുതന്നെ ഡ്രസ്സും പായ്ക്ക് ചെയ്ത് തറവാട്ടിലേക്ക് വരുന്ന കസിന്‍സ് എല്ലാവരും പെരുന്നാള്‍ത്തലേന്ന് പോലും സ്വന്തം വീട്ടിലേക്ക് പോകില്ല. എന്റെ പിറകെ നടക്കും എല്ലാവരും. പെണ്‍കുട്ടികള്‍ മൈലാഞ്ചിയിട്ടു തരാന്‍ പറയും. ആണ്‍കുട്ടികള്‍ മൈലാഞ്ചി തട്ടിക്കളഞ്ഞ് നാശമാക്കാന്‍ നോക്കും. പിറ്റേന്ന് പോകാനുള്ള വീടുകളുടെ കണക്ക് ചര്‍ച്ച ചെയ്യും. ‘ഉമ്മമ്മേ, ഉമ്മമ്മേ’ എന്നു വിളിച്ച് അകത്തും പുറത്തും ഓടി നടക്കും. ഉമ്മയും അസ്മമേമയും ഉമ്മമ്മയും റജിനച്ചേച്ചിയും അടുക്കളയില്‍ ഓടിനടന്ന് പെരുന്നാളൊരുക്കും. ഇടയ്ക്ക് എന്തൊക്കെയോ സാധനങ്ങള്‍ ഉമ്മമ്മ ഉറിയില്‍ അട്ടിക്കു വെച്ചിരിക്കുന്ന ചട്ടിയിലേക്കു വെക്കുന്നത് കാണാം.
പുലര്‍ച്ചെ കുളി കഴിഞ്ഞാല്‍ ഉപ്പ എല്ലാ മക്കളെയും കോലായ ഭാഗത്തേക്ക് വിളിച്ചുകൂട്ടും. എന്നിട്ട് ഞാന്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത എന്റെ ഉപ്പാപ്പയില്‍ നിന്ന് പാരമ്പര്യമായി കിട്ടിയ വളരെ ഭംഗിയുള്ള സ്വര്‍ണവര്‍ണത്തില്‍ അരികുകളുള്ള ചില്ലുപെട്ടി തുറന്നുവെക്കും. പല നിറങ്ങളിലുള്ള കടലാസില്‍ പൊതിഞ്ഞ മരത്തിന്റെ കുഞ്ഞു കോര്‍ക്കുകളുള്ള ചെറിയ ചില്ലുകുപ്പിയില്‍ നിറച്ച സുഗന്ധത്തിന്റെ പറുദീസ തുറക്കുന്ന അത്തറുകള്‍ ഞങ്ങള്‍ക്കും അയല്‍പക്കത്തെ കുട്ടികള്‍ക്കും സമ്മാനിക്കും. രാവിലെ അസ്മമേമ കനം കുറച്ച് വലുതായി പരത്തിയ നൈസ് പത്തിരികള്‍ എണ്ണയിലേക്കിട്ട് പൊരിച്ച് ഇറച്ചി വരട്ടിയതിന്റെ കൂടെ വിളമ്പിത്തരും. ഈദ്ഗാഹില്‍ നിന്നിറങ്ങിയാല്‍ എല്ലാ വീടുകളിലും കയറും.
ചെറുപയര്‍പരിപ്പ് പായസമോ കാരറ്റ് പായസമോ സാവൂനരി പൈനാപ്പിള്‍ പായസമോ കുടിക്കും. അപ്പോഴാണ് ജസിയും ഇര്‍ഷാദും അനസുമൊക്കെ അവരുടെ വീട്ടിലെ പെരുന്നാള്‍ കാണുക. വെയിലത്ത് റോഡിലൂടെ ഒരുപാടു ദൂരം നടന്ന് സുലൈഖ മേമന്റെ അടുത്ത് പോയി ചിക്കന്‍ ബിരിയാണി കഴിക്കും. റബര്‍ തോട്ടത്തിലെ തണലിലൂടെ പതിയെ നടന്ന് ആസിയമ്മായിന്റെ വീട്ടില്‍ പോയി കൊക്കോ കായകള്‍ ഉണക്കിപ്പൊടിച്ചുണ്ടാക്കിയ മധുരമുള്ള ചോക്ലേറ്റ് കഴിക്കും. പുഴയില്‍ വെള്ളമില്ലാത്ത ഭാഗത്തുകൂടി മണലിലൂടെ നടന്ന് ഷഹറു ആന്റിയുടെ വീട്ടില്‍ പോയി പോക്കറ്റുമണിയൊക്കെ സംഘടിപ്പിച്ച് തിരിച്ചുവരും. പിന്നെയും കുറേ വീടുകളില്‍ പോകും. വൈകുന്നേരമാകുമ്പോള്‍ മാത്രം തിരിച്ചെത്തുന്ന ഞങ്ങള്‍ക്ക് ഇല്ലപ്പോയില്‍ തറവാട്ടിലെ ഫുഡ് കഴിച്ചുനോക്കാന്‍ പോലുമാവാത്ത വിധം മനസ്സും വയറും നിറഞ്ഞിട്ടുണ്ടാകും.
***
‘’എല്ലാരും ഇരിക്കി… പത്തിരിയും കറിയും എട്ത്വച്ച്ക്ക്.’’
ഉമ്മയ്ച്ചാച്ചി കുട്ടികളെ ഭക്ഷണം കഴിക്കാന്‍ ഇരുത്താനായി പാടുപെടുകയാണ്. ഈദ്ഗാഹ് കഴിഞ്ഞിറങ്ങിയാല്‍ കുട്ടികളെല്ലാരും കൂടി നേരെ വരിക ഇങ്ങോട്ടാണ്. ഗള്‍ഫ് മണം നിറഞ്ഞുനില്‍ക്കുന്ന കുമ്പളപ്പറമ്പിലെ വീട്ടിലേക്ക്. എന്റെ ഉപ്പയുടെ പെങ്ങളായ ഇമ്പീച്ചി ആന്റിയുടെ ഭര്‍ത്താവിന്റെ ഉമ്മ ഉമ്മയ്ച്ചാച്ചി നാട്ടില്‍ തന്നെ പേരുകേട്ട ഫുഡ് എക്‌സ്‌പേര്‍ട്ടാണ്. തേങ്ങാച്ചമ്മന്തിയില്‍ പൊതിഞ്ഞ് കിടക്കുന്ന അരിമാവിന്റെയുള്ളില്‍ നിറയെ പൊരിച്ച മീനും മസാലക്കൂട്ടുകളുമുള്ള മീനടയും ഉപ്പിലിട്ട മാങ്ങ അരച്ചുചേര്‍ത്ത് മുകളില്‍ എണ്ണയൂറിക്കിടക്കുന്ന മത്തിമൊളീരും പൂളപ്പുഴുക്കും പകരം വെക്കാനാവാത്തതാണ്.
കുട്ടികള്‍ എല്ലാവരും വലിയ ബൈന്റു ചെയ്ത ആല്‍ബം നോക്കി അതില്‍ തങ്ങളുടെ വളരെ ചെറുപ്പത്തിലുള്ള ഫോട്ടോകള്‍ കണ്ടുപിടിച്ച് ചിരിച്ച് ഓരോന്നു പറഞ്ഞ് കളിയാക്കുകയാണ്. ഫായിസും ഇര്‍ഷാദും കംപ്യൂട്ടറില്‍ ‘മാരിയോ’ ഗെയിം കളിക്കുന്നു.
ഉമ്മയ്ച്ചാച്ചി വീണ്ടും വന്നു വിളിച്ചപ്പോഴാണ് എല്ലാവരും കൂടി മേശയ്ക്കരികിലേക്ക് പോയത്. സില്‍വര്‍ വരമ്പുകളുള്ള വെളുത്ത ഡിന്നര്‍ സെറ്റ് നിരത്തി അതില്‍ നൈസ് പത്തിരിയും പൂരിയും, പച്ചമുളകും വെളുത്തുള്ളിയും മാത്രം ചേര്‍ത്തുണ്ടാക്കിയ കോഴിക്കുറുമയും, കശ്മീരി മുളകും പെരുംജീരകവും ചെറിയുള്ളിയും വെളുത്തുള്ളിയും ചതച്ചുചേര്‍ത്ത് ഉണക്കിപ്പൊരിച്ച ചിക്കനും, കനലടുപ്പില്‍ വെച്ച് ചെറിയുള്ളി മാത്രം ചേര്‍ത്ത് ചട്ടിയില്‍ വരട്ടിയെടുത്ത ബീഫും, ചെറിയ ബൗളുകളില്‍ സില്‍വര്‍ സ്പൂണുകളിട്ട് അതില്‍ പാല്‍വാഴക്കയും വിളമ്പിവച്ചിരുന്നു.
ഫുഡ് കഴിച്ചുകഴിഞ്ഞ് ആന്റി ജസിയുടെയും പൊന്നിയുടെയും കൈവെള്ളയിലും കൈപ്പുറത്തും നിറഞ്ഞുനില്‍ക്കുന്ന മയിലാഞ്ചി വരകളുടെ ചുവപ്പുകളിലെ വ്യത്യാസം അളന്നുനോക്കുമ്പോഴായിരിക്കും അടുക്കളയില്‍ നിന്ന് കിട്ടിയ ഒരു കുഞ്ഞുഭരണിയുമായി ഞാന്‍ വരുന്നത്. എല്ലാവരും എനിക്കു ചുറ്റും കൂടും. അതില്‍ ഉമ്മയ്ച്ചാച്ചി ഉണ്ടാക്കിയ സ്‌പെഷ്യല്‍ വിഭവമാണ്. നന്നായി പഴുത്ത വാളന്‍പുളി മുഴുവനായി നിറയെ പച്ചമുളക് അരിഞ്ഞത് ചേര്‍ത്ത് മുളകുകുഴമ്പില്‍ അടുക്കിവെച്ച അച്ചാര്‍. എക്കാലത്തെയും ഓര്‍മകളില്‍ നിറഞ്ഞുനില്‍ക്കുന്ന രുചിവൈവിധ്യമായിരുന്നു മുഴുവനായി ചതയാതെ കിടക്കുന്ന ആ പഴുത്ത പുളികള്‍.
***
ഉമ്മയുടെ വീടായ അരിയില്‍ തറവാട്ടിലെ പെരുന്നാളിനു വേറെ നിറമാണ്. ചെറിയ പെരുന്നാളായാലും വലിയ പെരുന്നാളായാലും ഉമ്മയുടെ വീട്ടിലെ എല്ലാവര്‍ക്കും ഡ്രസ്സെടുത്തു തരുന്നത് വല്യക്കാക്കയോ ചെറിയക്കാക്കയോ ആണ്. ഒരേയൊരു പെങ്ങളായ എന്റെ ഉമ്മ കണ്ണൂരില്‍ നിന്ന് എത്തിയാലാണ് ഡ്രസ്സെടുപ്പ് കലാപരിപാടി ആരംഭിക്കുക.
ഫമിയും ഫൗസിയും മുത്തുവും ഫസ്‌നയും ഫബിയും ഫായിസും ഞാനും ഷോപ്പിലൂടെ ചുറ്റിനടക്കും. ചിലപ്പോള്‍ ഞങ്ങള്‍ നാട്ടിലെത്താന്‍ വൈകിയാല്‍ പെരുന്നാള്‍ത്തലേന്നു പോലും ‘സിന്ദൂറി’ലും ‘ഭൂപതി’യിലുമൊക്കെ ടിഷ്യൂ ചുരിദാറിന്റെയും ജോര്‍ജെറ്റ് തട്ടത്തിന്റെയും ഇടയില്‍ പെട്ടുപോകാറുണ്ട്. ഫായിസിനുള്ള കുറേ ടീഷര്‍ട്ടും ജീന്‍സുമൊക്കെ ഗള്‍ഫീന്ന് ഇക്കാക്കമാര്‍ കൊടുത്തയച്ചിട്ടുണ്ടാകും.
ഡ്രസ്സുകള്‍ ഇട്ടുവെച്ച കവറുകളിലെ ടവ്വലുകളുടെ എണ്ണവും നിറവും ഡിസൈനും പറഞ്ഞ് ചെറിയ വഴക്കൊക്കെ കൂടി, കുപ്പിവളകള്‍ കൈയിലിട്ടു നോക്കി അഴിച്ചുവെച്ച്, മൈലാഞ്ചിയിട്ട് ഞങ്ങള്‍ അടുക്കളമുറ്റത്തേക്ക് പോകും. അവിടെ ചെറിയമ്മായിയും ഉമ്മയും വെളുത്തുള്ളി, ചെറിയുള്ളി, വലിയുള്ളി ഒക്കെ തൊലി കളഞ്ഞ് വൃത്തിയാക്കി വെക്കുകയാവും.

ഉമ്മമ്മ കല്ലില്‍ വെന്തുവരുന്ന പത്തിരിയുടെ നടു പൊള്ളിവരുമ്പോള്‍ ചട്ടുകം കൊണ്ട് അതിന്റെ മധ്യത്തില്‍ തുളയുണ്ടാക്കി വീട്ടില്‍ കടഞ്ഞെടുത്തുണ്ടാക്കിയ വെണ്ണ അതിനുള്ളിലേക്കിടും. ചൂടുള്ള പത്തിരിക്കല്ലില്‍ പത്തിരിക്കുള്ളിലൂടെ വെണ്ണ ഉരുകിപ്പരന്ന് ഓടിനടക്കും. അതിലേക്ക് കുറച്ച് പഞ്ചസാര വിതറി ഞങ്ങള്‍ക്ക് തരും.
സഫിയമ്മായി മുറ്റത്തിന്റെ അങ്ങേയതിരില്‍ വാഴയിലകള്‍ വെട്ടിയിട്ട് പരത്തിവെച്ച് അറുത്ത നാടന്‍കോഴികളെ നിരത്തി പ്രത്യേക വൈഭവത്തില്‍ അതിന്റെ തൊലിയൊക്കെ പറിച്ചെടുത്ത് മരക്കഷണത്തില്‍ വെച്ച് പാകത്തിനുള്ള കഷണങ്ങളായി വെട്ടിവെക്കും. അതിനുള്ളിലെ മഞ്ഞ മുട്ടകളൊക്കെ നോക്കി ഞങ്ങള്‍ അതിശയിച്ചിരിക്കും.
അമ്മായിയുടെ കോഴിക്കറി ഇടക്കിടെ മനസ്സിലേക്ക് കയറിവരും… ഉള്ളിയും തക്കാളികളും മസാലക്കൂട്ടുകളും ഒരു വലിയ ചെമ്പിലേക്കിട്ട് വെള്ളമൊഴിച്ച് കലക്കിക്കുറുക്കി അതിലേക്ക് കോഴി ചേര്‍ത്ത് വേവിച്ചെടുക്കും. എന്നിട്ട് ഒരു ലോഡ് ചെറിയുള്ളിയും നാട്ടിലുള്ള കറിവേപ്പില മുഴുവനുമിട്ട് തൂമിച്ചെടുക്കും. അമ്മായിക്ക് കോഴിപൊളിക്ക് വേണ്ട സന്നാഹങ്ങളൊരുക്കാന്‍ ഞാനും ഫമിയും കൂടും. മൂര്‍ച്ചയുള്ള കത്തി കൊണ്ടുകൊടുക്കുക, ഓട്ടച്ചെമ്പ് എടുത്തുകൊണ്ടുവരിക, വലിയ പലകത്തട്ട് അമ്മായിന്റെ പലകയുടെ മേലെ വെച്ച് ഉയരം കൂട്ടിക്കൊടുക്കുക…
അപ്പോള്‍ വായിച്ചി ബേക്കറിയില്‍ നിന്ന് വാങ്ങിയ സ്‌പെഷ്യല്‍ ഐറ്റങ്ങളുമായി പള്ളീന്ന് വരും. ചിലപ്പോഴൊക്കെ അത് ഒരു പഫ്‌സ് പോലെയുള്ള, ഉള്ളില്‍ മധുരമുള്ള ക്രീം നിറച്ച് അരികുകളില്‍ പല നിറങ്ങളിലുള്ള മിച്ചറിന്റെ രൂപത്തിലുള്ള സ്വീറ്റ് കാന്‍ഡി ക്രീമില്‍ ഒട്ടിച്ചുവച്ചിട്ടുള്ള പേരറിയാത്ത ഒരു പലഹാരമായിരിക്കും. അല്ലെങ്കില്‍ നല്ല പഞ്ചസാര സിറപ്പ് ഫീല്‍ ചെയ്യുന്ന, നെയ്മയമുള്ള നിറയെ കാഷ്യൂസും റൈസിന്‍സുമുള്ള കൂന്തി. അതൊക്കെ അപ്പോള്‍ തന്നെ കഴിച്ചുതീര്‍ക്കണം.
അമ്മായിമാരുടെ പലഹാര ടിന്നില്‍ നിന്ന് വറുത്ത കായ എടുത്ത് വായിച്ചി മിക്‌സിയിലിട്ട് തരിതരിയായി പൊടിച്ചുതരും. ചെറിയ കുട്ടികള്‍ക്ക് വിഴുങ്ങിപ്പോകാതെ തിന്നാനാണത്.
നെയ്‌ച്ചോറും ചിക്കന്‍ മുളകിട്ടതും കാബേജ് ഉപ്പേരിയും പരിപ്പുകറിയും വെണ്ട ഉലുവയും ശര്‍ക്കരയും വെളുത്തുള്ളിയും ചേര്‍ത്ത് മുളകുപൊടി കൂട്ടി വറ്റിച്ചെടുത്തതും അച്ചാറും ചമ്മന്തിയും പപ്പടവും മേശമേല്‍ നിരന്നുകഴിഞ്ഞാല്‍ പിന്നെ ഒന്നും പറയേണ്ട. അരിയില്‍ തറവാട്ടിലെ പെരുന്നാള്‍ അങ്ങനെ നിറപ്പകിട്ടാര്‍ന്നതാകും.
പെരുന്നാള്‍ ഓര്‍മകള്‍ ചില മണങ്ങള്‍ കൂടിയാണ്. തിളച്ചുതൂവുന്ന പായസത്തിന്റെ, ദമ്മ് പൊട്ടിക്കുന്ന ബിരിയാണിയുടെ വക്കിലൊട്ടിപ്പിടിച്ച പാതി വെന്ത മൈദയുടെ, പുതിയ ഡ്രസ്സിന്റെ, അത്തറിന്റെ, ചുവന്ന മൈലാഞ്ചിയുടെ… .

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top