ഈയിടെ മനസ്സിനെ സ്പര്‍ശിച്ച, കണ്ണുകളെ കരയിപ്പിച്ച ഒരു കുഞ്ഞു ‘റീല്‍’ കണ്ടിരുന്നു.
രംഗം ഒരു പൊതുസ്ഥലമാണ്. അവിടെ വെളുത്ത നിറമുള്ള ഒരു അമ്മയുടെ മകന് എവിടെ നിന്നോ അമ്മയെ വിളിച്ചു ഓടി വരുന്നു. തൊട്ടടുത്തു നിക്കുന്ന കറുത്ത തൊലിയുള്ള ഒരു സ്ത്രീയെ കണ്ണെടുക്കാതെ നോക്കുന്നു.
സ്വന്തം അമ്മയെ വിളിച്ചു കാണിച്ചു കൊടുക്കുന്നു.
”അമ്മാ, ഈ ലേഡിയെ നോക്കൂ” എന്ന് പറയുന്നുണ്ട് അവന്.
ആ സ്ത്രീ വല്ലാതെ ചൂളി ചുരുങ്ങുന്നുണ്ട്.
പെട്ടെന്ന് ആ കുട്ടി പറയുകയാണ്:
”എന്തൊരു ഭംഗിയാണ് അവരെ കാണാന്‍!”
ആ കുഞ്ഞു മകന്റെ സൗന്ദര്യ സങ്കല്പം ഒരു പ്രാപഞ്ചിക സത്യമായി പടര്‍ന്നിരുന്നെങ്കില്‍!
എത്രമേല്‍ മഹത് സംസ്കാരം എന്ന് ഉദ്ഘോഷിക്കുമ്പോഴും യൂറോപ്യന്‍ രാജ്യങ്ങളിലെ വര്‍ണവെറിയെ ഘോരഘോരം എതിര്‍ക്കുമ്പോഴും നമ്മള് നൂറ്റാണ്ടുകള്‍ക്ക് മുമ്പിലെ അടിമത്ത വ്യവസ്ഥിതിയുടെ അടിമകള്‍ തന്നെയാണ്.
ഒരു കുഞ്ഞു പിറന്നു വീഴുന്ന അന്ന് മുതല്‍ തുടങ്ങുന്നു ഇത്തരം വിവേചനങ്ങള്‍.
അമ്മയോളം നിറമില്ല, അച്ഛനോളം നിറമില്ല, അമ്മമ്മയെ പോലെ ഇരുണ്ട നിറമാണ്. നിര്‍ദോഷകരമായി തൊടുത്തുവിടുന്ന അഭിപ്രായങ്ങള്‍ ഓര്മ വെച്ച നാള് മുതല്‍ ആ കുഞ്ഞിനെ വിഷാദിയാക്കുന്നു.
സഹോദരങ്ങളോടോ സഹപാഠികളോടോ താരതമ്യം ചെയ്യുന്നതിലൂടെ ആ കുഞ്ഞുമനസ്സില്‍ അത് പറയുന്നവരോടും തന്നെ താരതമ്യപ്പെടുത്തിയവരോടും എന്തിനേറെ കുടുംബത്തില്‍ ആരുടെ പാരമ്പര്യ നിറമാണ് കിട്ടിയത് എന്ന് പറഞ്ഞു കേട്ട ഉറ്റവരോട് പോലും അവര്‍ക്കു വെറുപ്പും വിദ്വഷവും നുരഞ്ഞു പതയുന്നു.
അത് പ്രകടിപ്പിക്കാനോ എതിര്‍ക്കാനോ പലപ്പോഴും ആ കുഞ്ഞു മനസ്സിന് ആവുന്നുമില്ല. എത്ര മുതിര്‍ന്നാലും ഉയര്‍ന്ന വിദ്യാഭ്യാസം നേടിയാലും ഉന്നതമായ സ്ഥാനമാനങ്ങള്‍ അലങ്കരിക്കുമ്പോഴും നേര്‍ത്ത ഒരു നൂലിഴയാല്‍ വരിഞ്ഞുമുറുക്കിയ അപകര്‍ഷബോധം ഒരു കുഞ്ഞു വിങ്ങലായി അകക്കാമ്പിലെവിടെയോ കിടപ്പുണ്ടാവുമെന്നറിയുമ്പോള് നമ്മുടെ ദുഷിച്ച കളിയാക്കലുകള്‍ എത്രമേലാണ് അവനെ / അവളെ വേദനിപ്പിച്ചിട്ടുണ്ടാവുക.
എന്റെ അടുത്ത സുഹൃത്തുക്കളില്‍ പലരും ഇങ്ങനെ നിറത്തെ ചൊല്ലിയുള്ള കളിയാക്കലുകള്‍ കേട്ടവരാണ്. സ്വയം ആര്‍ജിച്ച ആത്മവിശ്വാസവും ആത്മബോധവും ഇതിനെ വകവെക്കാത്തവിധം മുന്നോട്ടു നടത്തിയവരാവുമ്പോഴും പഴയ പരിഹാസങ്ങളെ നര്‍മത്തില്‍ കലര്‍ത്തി ഇന്നും അവര്‍ ഓര്‍മിക്കുന്നത് കാണുമ്പോള്‍ വല്ലാത്ത ഒരു വിങ്ങല്‍ തോന്നും.
നാലാം വയസ്സില്‍ ഏറ്റവും പ്രിയപ്പെട്ട ഒരു ചേച്ചി എന്തോ കുസൃതി കാണിച്ചതിനു ‘കൂട്ടാന്‍ കലത്തിന്റെ മൂടുപോലുള്ളവന്’ എന്ന് വിളിച്ചു എന്ന് പറഞ്ഞ് പിന്നീട് കുറേകാലം അവരോടു പിണങ്ങി നടന്ന കഥ, ഒരു പ്രിയ സുഹൃത്ത് പറഞ്ഞത് ഓര്‍ത്തു പോകുന്നു. അങ്ങനെയുള്ള ധാരാളം കളിയാക്കലുകളേറ്റവരെ എനിക്ക് തന്നെ അറിയാം. ക്ലിനിക്കില്‍ കൗണ്‍സലിംഗിന് വരുന്നവരില്‍ പലരും ഇത്തരം വര്‍ണ വിവേചനം അനുഭവിച്ച കാര്യങ്ങള്‍ വേദനയോടെ പറയാറുണ്ട്. വ്യക്തിത്വത്തെ തന്നെ വികലമാക്കാന്‍ തക്ക ശക്തിയുണ്ട് ഇത്തരം പരിഹാസങ്ങള്‍ക്ക്.
ഫിലിം ഫീല്‍ഡിലുള്ള, ഏറെ അറിയപ്പെടുന്ന ഒരാള്‍, സ്വന്തം അമ്മപോലും നിറം കൂടുതലുള്ള അനിയനോട് കൂടുതല്‍ സ്നേഹം കാണിച്ചിരുന്നുവെന്നു പറഞ്ഞു കണ്ണു നിറഞ്ഞത് ഓര്‍മിക്കുന്നു.
നിറത്തെ ചൊല്ലി ഈയടുത്തുണ്ടായ ചില തരം താണ, അധിക്രൂര പരാമര്‍ശങ്ങള്‍ നടത്തിയവര്‍ അപ്പുറത്ത് നില്‍ക്കുന്നത് ഒരു മനുഷ്യന് ആണെന്ന പരിഗണന പോലും ഇല്ലാത്ത വിധം അഹങ്കാരത്തിനു കയ്യും കാലും വെച്ച ആള്‍രൂപമായി മാറി.
അതിനെ തുടര്‍ന്ന് അവരെ സോഷ്യല്‍ മീഡിയയില്‍ പൊങ്കാലയിടുകയായിരുന്ന നമ്മള്; ഇതിന്റെ ഭൂതവും വര്‍ത്തമാനവും ഒന്ന് വിശകലനം ചെയ്യേണ്ടതുണ്ട്.
സൂക്ഷിച്ചു നോക്കിയാല്‍ ഏറിയും കുറഞ്ഞും ഇങ്ങനെ പലരെയും നമുക്ക് ചുറ്റിലും, അല്ലെങ്കില്‍ നമ്മളില്‍ തന്നെയും കണ്ടെത്താനാവും. തീണ്ടലും അയിത്തവും നിറഭേദവും ഈ നൂറ്റാണ്ടിലും നിലനില്‍ക്കുന്ന സാമൂഹിക വ്യവസ്ഥയില്‍ നിന്നു മാറി, മനുഷ്യരായി ഒന്നുചേര്‍ന്ന് പരസ്പരം ബഹുമാനിക്കുന്ന ഒരു സാമൂഹികാന്തരീക്ഷം രൂപപ്പെടാന്‍ നാം ഓരോരുത്തര്‍ക്കും എന്ത് ചെയ്യാനാവുമെന്ന് ചിന്തിച്ചു ശക്തിയുക്തം മുന്നോട്ടു വരേണ്ടതുണ്ട്.
വീട്ടകങ്ങളില്‍ പോലും ഇന്നും ഇത്തരം ഏറ്റക്കുറച്ചിലുകള്‍ നിലനില്‍ക്കേ, വെളുപ്പ് നിറം ആണ് അടിസ്ഥാനപരമായി സൗന്ദര്യത്തിന്റെ മാനദണ്ഡമെന്നു ചിന്തിക്കുന്നവര്‍ തന്നെയാണ് ബഹുഭൂരിഭാഗവും എന്ന് ഉറപ്പിച്ചു പറയാനാവും.
അത് ഒരു സത്യം തന്നെ എന്ന് നിറം കുറഞ്ഞവരും വിശ്വസിക്കുമ്പോള്‍, എത്ര മഹത്തായ സംസ്കാരം എന്ന് ഘോഷിച്ചാലും, ഒരു നികൃഷ്ട ജീവി എന്നതില്‍ നിന്ന് മനുഷ്യത്വം ഉള്ളവര്‍ എന്ന നിലയിലേക്കുയരാന്‍ നമുക്കായിട്ടില്ല എന്ന് തന്നെ വേണം മനസ്സിലാക്കാന്‍.
നമ്മള് എന്നാണ്, എങ്ങനെയാണ് ഈ വ്യത്യസ്തകളെ പരിഹസിക്കുന്നത് നിര്‍ത്തുക?
പുച്ഛിക്കുന്നത്, അവഗണിക്കുന്നത്, ഇകഴ്ത്തി സംസാരിക്കുന്നത് അവസാനിപ്പിക്കുക.
ഒന്നു സൂര്യാഘാതമേറ്റാല്‍ തീരുന്നതേയുള്ളു തൊലിവെളുപ്പ് എന്ന വളരെ അടിസ്ഥാനപരമായ കാര്യം പോലും അറിയാത്തവര്‍ കുട്ടികളെ പഠിപ്പിക്കാന്‍ യോഗ്യരല്ല, പ്രത്യേകിച്ച് കല. .