LoginRegister

ഡോ. മുഹ്സിന കെ ഇസ്മായിൽ; വര: മറിയംബീവി പുറത്തീൽ

Feed Back


തെച്ചിയും റംബൂട്ടാന്‍ മരവും പൂച്ചവാല്‍ച്ചെടിയും തന്നെ വരവേല്‍ക്കുന്നതായാണ് മണലാര വിരിച്ച മുറ്റത്തേക്ക് ഇറങ്ങിയപ്പോള്‍ യല്‍ദയ്ക്ക് തോന്നിയത്. അടുത്ത നിമിഷം ഓട്ടോയില്‍ നിന്നിറങ്ങുന്ന ഉമ്മയും പ്ലാസ്റ്ററില്‍ പൊതിഞ്ഞ കാലു നിലത്തു കുത്താനാകാതെ ഉമ്മയുടെ കൈ പിടിച്ചു നടക്കുന്ന ഹയയും പിറകേ മുഖം വീര്‍പ്പിച്ചു കണ്ണുനീരൊലിപ്പിച്ചു നടക്കുന്ന ഇഷാനയും യല്‍ദയെ ദയനീയമായി നോക്കി. പഴയതുപോലെ ഓര്‍മകള്‍ തന്നെ വേട്ടയാടുമോയെന്നു യല്‍ദ ഭയന്നു.
റംബൂട്ടാന്‍ മരത്തിനു താഴെ വീണു പൊട്ടിക്കിടക്കുന്ന ചുവപ്പും പച്ചയും നിറത്തിലുള്ള പുറംതോടുകളെ യല്‍ദയുടെ തലയില്‍ നിന്നെഴുന്നേറ്റുനില്‍ക്കുന്ന വെളുത്ത മുടിയിഴകള്‍ നരയുടെ ലക്ഷണങ്ങള്‍ക്കായി പരതിനോക്കി. തങ്ങളിപ്പോഴും ചെറുപ്പം തന്നെയെന്ന് കാണിക്കാനെന്ന വ്യഗ്രതയില്‍ കരിഞ്ഞു തുടങ്ങിയ ഇലകളെ എന്തുകൊണ്ട് മരങ്ങള്‍ ഒളിപ്പിച്ചുവെക്കുന്നില്ലെന്ന് അവ അദ്ഭുതപ്പെട്ടു.
”ഇതൊക്കെ ഇവിടെ വെച്ചാ മതിയോ?”
”മതി അലീക്കാ. ഞങ്ങളെടുത്തു വെച്ചോളാം.”
സാരി വിടര്‍ത്തിയിട്ട് ചായങ്ങളോ ചമയങ്ങളോ ഇതുവരെ എത്തിനോക്കാത്ത മുഖവും വെളുത്ത മുടിയുമായി നടന്നുവരുന്ന ഉമ്മയില്‍ യഥാര്‍ഥ സ്‌നേഹത്തിന്റെ കാന്തികശക്തിയുള്ളതുപോലെ യല്‍ദക്ക് തോന്നി. കാണിച്ചുകൂട്ടലുകള്‍ക്ക് അടിമപ്പെട്ടു യൗവനം കൊഞ്ഞനംകുത്തി കടന്നുപോയപ്പോള്‍ ആ സ്‌നേഹം തിരിച്ചറിഞ്ഞ് ഒരു നിമിഷം പോലും ഉമ്മയ്ക്കു വേണ്ടി മാറ്റിവെക്കാതിരുന്നതില്‍ യല്‍ദയുടെ ഉപബോധമനസ്സ് വിലപിച്ചു.
”വേണ്ട, നിങ്ങള്‍ക്ക് ബുദ്ധിമുട്ടായിരിക്കും. ഇത് കുറച്ചധികം സാധനങ്ങളുണ്ട്” എന്നു പറഞ്ഞു ഡ്രൈവര്‍ നാലു ചക്രമുള്ള വലിയ പെട്ടിയുയര്‍ത്തി തോളോട് ചേര്‍ത്തപ്പോള്‍, ”അത് എളുപ്പത്തില്‍ വലിച്ചുകൊണ്ടുവരാം. എടുക്കാന്‍ ബുദ്ധിമുട്ടായിരിക്കും” എന്ന് യല്‍ദ പറഞ്ഞെങ്കിലും ടിപ്പ് കുറച്ചധികം കിട്ടാനാണ് ഡ്രൈവര്‍ അത്തരം വിക്രസുകള്‍ കാണിക്കുന്നതെന്ന് അനുഭവങ്ങള്‍ യല്‍ദയ്ക്ക് വിവരിച്ചുകൊടുത്തിരുന്നു. ഫ്‌ളാറ്റ് വിട്ടുപോരുമ്പോള്‍ തന്റെ സങ്കടങ്ങളും സന്തോഷങ്ങളും കണ്ടു വളര്‍ന്ന വേപ്പുചെടിയെ ഉപേക്ഷിച്ചുപോരാനാകാതെ പ്ലാസ്റ്റിക് കവറിലെ മണ്ണിലേക്ക് വേരോടെ പിഴുതെടുക്കുമ്പോള്‍ അതിനു വേദനിച്ചിട്ടുണ്ടാകുമോയെന്നു ചിന്തിച്ചതിനുള്ള നന്ദിയെന്നോണം, മാവില്‍ നിന്ന് തട്ടിത്തെറിച്ച കാറ്റില്‍ ഇളം പിങ്ക് നിറത്തിലുള്ള കവറില്‍ നിന്നെത്തിനോക്കുന്ന വേപ്പ് ഒന്ന് തലയാട്ടി.
”ഇത് അലീക്ക. ഇവിടെ സാധനങ്ങളൊക്കെ വാങ്ങിച്ചുതരാന്‍ ഇടയ്ക്ക് വരാറുണ്ട്” എന്ന ഉമ്മയുടെ പരിചയപ്പെടുത്തലില്‍, ഇതുവരെ താന്‍ ഡ്രൈവര്‍ എന്ന് വിളിച്ചു പരിചയിച്ച ചുളിവ് വീണുതുടങ്ങിയ കുറുകിയ മനുഷ്യനൊരു നാമവും ആ മനുഷ്യന്റെ സഹായമനസ്‌കതയ്‌ക്കൊരു ആഴവും കൈവന്നതുപോലെ തോന്നിയതിനാലാണോ ബാഗില്‍ കൈയിട്ടപ്പോള്‍ തന്റെ കൈയില്‍ തടഞ്ഞ നൂറു രൂപ നോട്ട് തിരികെ ചുളുങ്ങിക്കൂടിയതെന്നു യല്‍ദ അദ്ഭുതപ്പെട്ടു.
”വല്യുമ്മയുടെ പഴയ സ്‌കൂള്‍മേറ്റായിരുന്നു. വല്യുമ്മയ്ക്ക് വലിയ കാര്യമായിരുന്നു” എന്ന ഉമ്മയുടെ കൂട്ടിച്ചേര്‍ക്കലില്‍ പല്ല് മുഴുവന്‍ പുറത്തു കാണിച്ച നിഷ്‌കളങ്കമായ ചിരിയില്‍ വഴിയിലെ ചായക്കടയില്‍ നിന്ന് വാങ്ങിത്തന്ന ചുടുചായയും പഴംപൊരിയും നന്ദിയുടെ ഉപചാരങ്ങളെ വകഞ്ഞുമാറ്റി മുഴച്ചുനിന്നു.
”മോള്‍ക്ക് മനസ്സിലായില്ലെന്നു തോന്നി. മോള്‍ടെ വല്യുമ്മ എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുമായിരുന്നു. വായ പൂട്ടാത്തതിന് മാഷ്… മാഷിന്റെ… മാഷിന്റെ പേര് ഞാനങ്ങു മറന്നു. എത്ര പ്രാവശ്യാ ചൂരല് കൊണ്ട് അടി കിട്ടിയിട്ടുള്ളത്” എന്ന വിവരണത്തില്‍ വല്യുമ്മയുടെ സ്‌കൂള്‍ ജീവിതവും പിന്നീടുള്ള ജീവിതവും തമ്മിലുള്ള അജഗജാന്തരം യല്‍ദയെ ആശ്ചര്യപ്പെടുത്തി.
അരപ്രൈസിലും വരാന്തയിലുമായി വെച്ചിരുന്ന അഞ്ചു വര്‍ഷക്കാല ജീവിതത്തിലെ സന്തതസഹചാരികളെയും, ആവശ്യമില്ലെന്നു മനസ്സ് മന്ത്രിച്ചിട്ടും വൈകാരിക ബന്ധം കൊണ്ട് കടിച്ചുതൂങ്ങിയ ചില സാമഗ്രികളെയും ഫ്‌ളാറ്റിന്റെ ശുഷ്‌ക മനസ്സും അച്ചടക്കമില്ലായ്മയുമില്ലാത്ത അകത്തളത്തിലേക്ക് എടുത്തുവെക്കുമ്പോഴും ഹയയുടെയും ഇഷാനയുടെയും ഓര്‍മകള്‍ തന്നെ കാത്തുനില്‍ക്കുന്നുണ്ടാകുമെന്ന് പ്രതീക്ഷിച്ച് യല്‍ദ ചുറ്റുമൊന്നു കണ്ണോടിച്ചു.
………
”ഹയയ്ക്ക് നല്ല വേദനയുണ്ടാകാറുണ്ടായിരുന്നു ആദ്യൊക്കെ. പിന്നെ രണ്ടാള്‍ക്കും നിന്നെ കാണണമെന്ന് ഒരേ വാശിയും. നിനക്കെന്തോ പറ്റിയിട്ടുണ്ടെന്ന് അവര്‍ക്ക് തോന്നിയിട്ടുണ്ടെന്നു കൊറച്ചു ദിവസം കഴിഞ്ഞപ്പഴാ മനസ്സിലായത്. ഡോക്ടറാണ് പിന്നെ നിനക്ക് ചെറിയ പനിയാണെന്നൊക്കെ അവരെ പറഞ്ഞു മനസ്സിലാക്കിയത്” എന്ന വാക്കുകളില്‍ കുത്തുവാക്കുകളുടെ വിഷം അല്‍പം പോലും കലര്‍ന്നിട്ടില്ലെന്ന് യല്‍ദയ്ക്ക് അറിയാമായിരുന്നെങ്കിലും കുറ്റബോധം ഉള്ളിന്റെയുള്ളില്‍ കിടന്നു ന്യായീകരണങ്ങള്‍ നിരത്താന്‍ ഞെരിപിരി കൊള്ളുന്നത് അവള്‍ അറിയുന്നുണ്ടായിരുന്നു.
”ഉമ്മാ, വല്ലാത്തൊരു അവസ്ഥയായിരുന്നു. അവിടെ പോയിട്ടും ഒരു സമാധാനോം ഉണ്ടായിരുന്നില്ല. ഇവിടെ നിന്നാ കയ്യീന്നു പോകുംന്നു തോന്നിയതുകൊണ്ടാണ്…” അത്രയും നാളും തന്നെ കുത്തിനോവിച്ചിരുന്ന കാര്യങ്ങള്‍ പറഞ്ഞുകഴിഞ്ഞപ്പോള്‍ മനസ്സ് ശാന്തമാകുന്നത് യല്‍ദ അറിഞ്ഞു.
”അത് സാരല്ല്യ മോളേ. എല്ലാവര്‍ക്കും ജീവിതത്തില്‍ നിന്നൊരു ബ്രേക്ക് വേണം. അത് ചിലര് ചോദിച്ചു വാങ്ങിക്കും. മറ്റ് ചിലര് അതെല്ലാം കടിച്ചുപിടിച്ചങ്ങ് ജീവിക്കും. ചിലപ്പോ തോന്നും പറ്റാവുന്നതില്‍ കൂടുതല്‍ ഭാരം ചുമലിലെടുത്തുവെച്ചാ ഹൃദയമങ്ങ് പൊട്ടിപ്പോകുംന്ന്…” ഉമ്മ കാരറ്റ് കഷണങ്ങളാക്കി നുറുക്കുന്നതിനിടയില്‍ പറഞ്ഞു.
”പാവം ഹയ! എത്ര വേദന സഹിച്ചു! എത്ര വിചാരിച്ചിട്ടും ചോരക്കളത്തില്‍ കിടന്നിരുന്ന അവളുടെ മുഖം മനസ്സീന്നു പോണില്ല ഉമ്മാ. ഞാന്‍ അവിടുന്ന് പോന്നില്ലായിരുന്നെങ്കി ഞാന്‍ ചെലപ്പൊ പറഞ്ഞേനെ ആ റൈഡില് കേറണ്ടാന്ന്. അല്ലെങ്കി, ഞാനവരുടെ കൂടെ കേറിയേനെ. ചെലപ്പോ നമ്മള് വിചാരിക്കും അവരു വലുതാണെന്ന്. എനിക്കു തെറ്റിപ്പോയി.” യല്‍ദയുടെ വാക്കുകളില്‍ കുറ്റബോധത്തിന്റെ നാളങ്ങള്‍ ആളിക്കത്തി.

………
”3-ഇ’യിലെ ഹയയും ഇഷാനയും സേഫ് അല്ലേ എന്നറിയാനാണ് വിളിച്ചത്…” യല്‍ദ സ്‌കൂളിലെ ഓഫീസിലേക്ക് വിളിച്ച് അന്വേഷിച്ചു.
”അതെന്താണ് മാഡം അങ്ങനെ ചോദിക്കുന്നത്? ഈ സ്‌കൂളില്‍ അങ്ങനെ ഒരു ആക്‌സിഡന്റും നടന്നിട്ടില്ല.”
”നിങ്ങള്‍ ചോദിച്ചതിന് ഉത്തരം പറഞ്ഞാ മതി. ചെക്ക് ചെയ്തിട്ടെന്നെ ഈ നമ്പറില്‍ തിരിച്ചുവിളിക്കണം”- യല്‍ദ ഗൗരവത്തോടെത്തന്നെ പറഞ്ഞു.
ഫോണ്‍ കട്ട് ചെയ്തതിനു ശേഷം യല്‍ദ മാളിലേക്ക് പുറപ്പെടുന്നതിനു മുമ്പ് താന്‍ കുട്ടികളുമായി കളിച്ച റംബൂട്ടാന്‍ മരത്തെയും, തന്റെ വരവും കാത്തെന്നപോലെ തന്നെത്തന്നെ നോക്കിയിരിക്കുന്ന പൂച്ചവാല്‍ ചെടിയെയും, ചുറ്റും നടക്കുന്നതിലൊന്നും തനിക്കൊട്ടും താല്‍പര്യമില്ലെന്ന മട്ടില്‍ തല താഴ്ത്തിയിരിക്കുന്ന തെച്ചിച്ചെടിയെയും നോക്കി. അഞ്ചു വര്‍ഷക്കാലം കൊണ്ട് നര കേറിയ തന്റെ മുടിയും ചുളിവുകള്‍ എത്തിനോക്കാന്‍ തുടങ്ങിയ മുഖവും അവരെ അസൂയയോടെ നോക്കുന്നതുപോലെ യല്‍ദയ്ക്കു തോന്നി.
………
താന്‍ ഭൂതകാലത്തെ എന്തിനാണിത്ര കീറിമുറിക്കുന്നത്? തന്റെ ജീവിതത്തിലെ കഴിഞ്ഞുപോയ ഓരോ നിമിഷങ്ങളെയും കീറിമുറിക്കുകയും അതില്‍ തനിക്ക് ഇഷ്ടപ്പെടാത്തതായി നടന്ന കാര്യങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുകയും അതിനെല്ലാം സ്വന്തം പഴിചാരുകയും ചെയ്യുന്നത് എന്തിനാണെന്നെല്ലാം യല്‍ദ ആലോചിച്ചു. സംഭവിക്കുന്നതെല്ലാം നല്ലതിന്, ഇനി സംഭവിക്കാന്‍ പോകുന്നതും നല്ലതിന് എന്ന് പണ്ടെങ്ങോ കേട്ടു മറന്നതും യല്‍ദയുടെ മനസ്സിലൂടെ കടന്നുപോയി. ഉച്ചവെയിലിന്റെ കാഠിന്യം കൂടിവരുന്തോറും മനസ്സ് ചിന്തകളുടെ ഭാരം താങ്ങാനാകാതെ വിഷമിക്കുന്നത് യല്‍ദ അറിയുന്നുണ്ടായിരുന്നു.
”മോളേ, ചോറ് കഴിക്കാന്‍ വാ…” അലക്കിയ തുണികള്‍ അയയില്‍ വിടര്‍ത്തിയിടുന്നതിനിടയില്‍ ഉമ്മ പറഞ്ഞു.
”അവരെന്താ ഇന്ന് ഉച്ചക്ക് കൊണ്ടുപോയിരിക്കുന്നത്” എന്ന് യല്‍ദ ചോദിച്ചെങ്കിലും ആ ശബ്ദവും വാക്കുകളും തനിക്കൊട്ടും ചേരുന്നില്ലെന്നു യല്‍ദയ്ക്ക് തോന്നി. അവര്‍ സ്‌കൂളില്‍ ആദ്യമായി പോയപ്പോള്‍ പൊതിഞ്ഞുകൊടുത്ത ടിഫിന്‍ ബോക്‌സില്‍ മുട്ട ചിക്കിയതിനിടയില്‍ ഒളിപ്പിച്ചുവെച്ച, വേവിച്ചു ചെറുതായി നുറുക്കിയ ചിക്കനെക്കുറിച്ചും സ്‌നാക് ബോക്‌സിലാക്കിക്കൊടുത്ത ഓറഞ്ച് അല്ലികളെക്കുറിച്ചും യല്‍ദയുടെ ഹൃദയം വേദനിച്ചു.
”ഉമ്മാ, അവര് മുഴുവന്‍ കഴിക്കോ?”
”അവര് വലുതായില്ലേ? ഫുഡെല്ലാം കഴിക്കും.”
ഉമ്മ, കറിയിലിട്ട സ്പൂണ്‍ മേശയിലേക്ക് മാറ്റിയതിന് പ്രതിഷേധമെന്നോണം ഒന്ന് നിവര്‍ന്നിരുന്നു. ഇത്രയും നാളും അവരുടെ ജീവിതത്തില്‍ ഒരു കാണിയായി പോലും കൂടെയില്ലാത്തതിന്റെ ദുഃഖം യല്‍ദയെ തൊട്ടുരുമ്മി കടന്നുപോയി.
”ഉമ്മാ, ഞാന്‍ അവരുടെ കൂടെ ഉണ്ടാകേണ്ടതായിരുന്നു, ല്ലേ?”
”അതൊന്നുമിപ്പൊ ആലോചിക്കേണ്ട.”
ഉമ്മ അകത്തേക്കു പോയി.
”എനിക്ക് എങ്ങനെ നിന്നെ സമാധാനിപ്പിക്കണമെന്നൊന്നുമറിയില്ല. പക്ഷേ, ഇത് നിന്റെ മനസ്സിനിത്തിരി സമാധാനം തരുമെന്നു തോന്നി” എന്നു പറഞ്ഞു കൈയിലിരുന്ന ഖുര്‍ആന്‍ മേശപ്പുറത്തു നിവര്‍ത്തിവെച്ചു. പണ്ട് നമസ്‌കാരത്തിനു ശേഷം സ്ഥിരമായി താന്‍ വായിച്ചിരുന്ന ഖുര്‍ആന്‍ പരിഭാഷ കണ്ടപ്പോള്‍ തന്നെ മനസ്സില്‍ കൂടുകൂട്ടിയിരുന്ന പാതിഭയം ഇറങ്ങിപ്പോയി. ഉമ്മ പേന കൊണ്ട് രേഖപ്പെടുത്തിയിരുന്ന ആയത്തിലേക്ക് കണ്ണുകള്‍ യല്‍ദയെ കൈ പിടിച്ചു കൊണ്ടുപോയി.
”യുദ്ധം ചെയ്യാന്‍ നിങ്ങള്‍ക്കിതാ നിര്‍ബന്ധ കല്‍പന നല്‍കപ്പെട്ടിരിക്കുന്നു. അതാകട്ടെ നിങ്ങള്‍ക്ക് അനിഷ്ടകരമാകുന്നു. എന്നാല്‍, ഒരു കാര്യം നിങ്ങള്‍ വെറുക്കുകയും (യഥാര്‍ഥത്തില്‍) അത് നിങ്ങള്‍ക്ക് ഗുണകരമാവുകയും ചെയ്യാം. നിങ്ങളൊരു കാര്യം ഇഷ്ടപ്പെടുകയും (യഥാര്‍ഥത്തില്‍) നിങ്ങള്‍ക്കതു ദോഷകരമാക്കുകയും ചെയ്‌തെന്നും വരാം. അല്ലാഹു അറിയുന്നു. നിങ്ങള്‍ അറിയുന്നില്ല” (2:16).
”ഇത് ഞാന്‍ പണ്ടെങ്ങോ കണ്ട ആയത്താണ്. വായിക്കുമ്പോള്‍ എന്തൊരു സമാധാനാ…!” യല്‍ദ ഒരുപാട് നാള്‍ക്കു ശേഷം മനസ്സ് തുറന്നൊന്ന് ഉമ്മയെ നോക്കിച്ചിരിച്ചു.
”ആണ് മോളേ, നീ വിഷമിക്കേണ്ട. അല്ലാഹുവിനോട് ദുആ ചെയ്യാ…” ഉമ്മ നിറഞ്ഞ കണ്ണ് തട്ടത്തിന്റെ തലപ്പുകൊണ്ട് തുടച്ചു.
താനിതുവരെ ഉമ്മാക്ക് മനഃപ്രയാസങ്ങളെ ഉണ്ടാക്കിയിട്ടുള്ളൂ എന്ന സത്യം യല്‍ദയെ പതിവിലേറെ കുത്തിനോവിച്ചു.

”ഉമ്മാ, വീടിന്റെ ജപ്തി… അതീന്ന് എങ്ങനെയാ രക്ഷപ്പെട്ടേ? അന്ന് ഞാന്‍ അന്വേഷിച്ചപ്പോ അവരു പറഞ്ഞു എല്ലാം അടച്ചുതീര്‍ത്തതാണെന്ന്.”
”അതൊന്നും പറഞ്ഞിട്ട് അവരു സമ്മതിക്കുന്നുണ്ടായിരുന്നില്ല. നിന്നെ അവരു കണ്ടിട്ടേയില്ല എന്നാണ് പറഞ്ഞത്. പിന്നെ, ഞാന്‍ നമ്മള്‍ടെ പള്ളിക്കമ്മറ്റീല്‍ ചെന്ന് പറഞ്ഞപ്പോ മഹല്ലുകാരൊക്കെക്കൂടി പൈസ ഒപ്പിച്ചുതന്നു. മജീദിക്ക ആരുടെ കൈയീന്നൊക്കെ കൊറച്ചു പൈസേമൊപ്പിച്ചു. വേറെ വഴി ഉണ്ടായിരുന്നില്ല. മക്കളുടെ മുഖമോര്‍ത്തപ്പോ… ഇവിടുന്നെറങ്ങിയാ എങ്ങോട്ടാ? ഇത്രേം പൈസയൊന്നും എനിക്കൊറ്റയ്ക്ക് എവ്ട്ന്നാ?”
”ഉമ്മാക്ക്… ഉമ്മാക്കെന്നോട് ദേഷ്യണ്ടോ?”
”എനിക്കറിയാ നിന്നെ. എനിക്കന്നന്നെ മനസ്സിലായി. പിന്നെ, മനഃപ്രയാസത്തില് ഇവിടെ നിന്നിട്ടും കാര്യല്ലല്ലോ. നീ ചെയ്തതുതന്നെയാ ശരി. അതില്‍ മനഃപ്രയാസം വേണ്ട. ചോറ് കഴിക്ക്. അത് കഴിഞ്ഞിട്ട് സംസാരിക്കാ. നമ്മള് ചോറിന്റെ മുമ്പിലിരുന്നു സങ്കടപ്പെടണത് നന്നല്ല. എത്ര പേരാ ഭക്ഷണൊന്നുമില്ലാതെ…”
ഉമ്മയുടെ വാചകങ്ങള്‍ ഹൃദയതാളത്തിലുണ്ടാക്കിയ സന്തുലിതത്വത്തെ യല്‍ദയുടെ മനസ്സ് ആശ്ചര്യത്തോടെ നോക്കി.
മുറ്റത്തു നിന്നുയര്‍ന്നു കേള്‍ക്കുന്ന ഓലേഞ്ഞാലിയുടെ പാട്ടിനു താളം പിടിക്കുമെന്നോണം ചിന്നകുട്ടുറുവന്‍ ശബ്ദമുണ്ടാക്കുന്നത് യല്‍ദ ശ്രദ്ധിച്ചു.
………
ഹയയുടെയും ഇഷാനയുടെയും മുറിയിലേക്ക് വിറയ്ക്കുന്ന മനസ്സോടെ യല്‍ദ കടന്നപ്പോഴും പണ്ട് താന്‍ വര്‍ണക്കടലാസുകള്‍ കൊണ്ട് അവര്‍ക്ക് ഉണ്ടാക്കിക്കൊടുത്ത റെയിന്‍ബോ മാജിക് വാന്റും ഫോര്‍ച്യൂണ്‍ ടെല്ലറും കട്ടിലിനോട് ചേര്‍ന്ന മതിലില്‍ തൂക്കിയിട്ടിരിക്കുന്നത് കണ്ട് യല്‍ദയുടെ നെഞ്ചിലൂടെ ഒരു സീല്‍ക്കാരം കടന്നുപോയി. ജനലഴികള്‍ക്കിടയിലൂടെ നൂണ്ടുവരുന്ന കാറ്റ് ഫോര്‍ച്യൂണ്‍ ടെല്ലറിനെ അങ്ങോട്ടുമിങ്ങോട്ടും ഇളക്കുന്നതും അതിന്റെ പിറകില്‍ ഒളിച്ചിരുന്നിരുന്ന നീല പശ്ചാത്തലത്തില്‍ ചുവന്ന റൈഡുകളുടെ ചിത്രങ്ങളുള്ള പത്തിരുപത് സ്റ്റിക്കറുകള്‍ യല്‍ദയുടെ റെറ്റിനയില്‍ പതിഞ്ഞു. അത് മസ്തിഷ്‌കത്തില്‍ ഉണ്ടാക്കിയ ചലനങ്ങള്‍ യല്‍ദയെ ഭയപ്പെടുത്തി. അന്ന് ഹയയും ഇഷാനയും അപകടത്തില്‍പ്പെട്ട റൈഡുകള്‍. ആ റൈഡിന്റെ ഇത്രയധികം സ്റ്റിക്കറുകള്‍ എങ്ങനെ കുട്ടികളുടെ കൈയിലെത്തിയെന്ന് ആലോചിച്ചപ്പോള്‍ ഭയം ക്ഷണിക്കാതെ വന്ന ഒരതിഥിയെപ്പോലെ വാതില്‍ തുറന്നു അകത്തേക്ക് തള്ളിക്കയറി.
(തുടരും)

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top