”സത്യവിരുദ്ധമായതിന് സാക്ഷി നില്ക്കാത്തവരുമാണ് കരുണാമയന്റെ അടിമകള്‍. അനാവശ്യ കാര്യങ്ങള്‍ നടക്കുന്നേടത്തുകൂടി പോവുകയാണെങ്കില്‍ മാന്യന്മാരായി കടന്നുപോകുന്നവരുമാകുന്നു അവര്‍” (ഖുര്‍ആന്‍ 25:72).
പരമകാരുണ്യവാനായ അല്ലാഹുവിന്റെ യഥാര്‍ഥ ദാസന്മാരുടെ സ്വഭാവ സവിശേഷതകള്‍ വിവരിക്കുകയാണിവിടെ. സത്യം, നീതി, ധര്‍മം എന്നിവയാണ് ഇവരുടെ മുഖമുദ്ര. കളവ്, അനീതി, കൃത്രിമത്വം, അക്രമം, കള്ളസാക്ഷ്യം, തിന്മ എന്നിവയെ ജീവിതത്തില്‍ നിന്നു മാറ്റിനിര്ത്തുന്നവരാണവര്. കളവും വ്യാജവുമായ ഒരു സംഗതിക്കും അവര്‍ കൂട്ടുനില്ക്കുകയില്ല. ശരിയായ വസ്തുത അറിയാത്ത കാര്യങ്ങള്‍ അവര്‍ പ്രചരിപ്പിക്കുകയുമില്ല. അക്രമങ്ങള്‍ക്ക് അരുനില്‍ക്കുകയോ കള്ളത്തരങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയോ ചെയ്യില്ല.
ഇസ്ലാം വിലക്കിയ ഏഴു മഹാപാപങ്ങളില്‍ ഒന്നാണ് കള്ളസാക്ഷി നില്ക്കുക എന്നത്. കള്ളസാക്ഷി നിന്നവരെ ഉമര്‍(റ) കഠിന ശിക്ഷക്ക് വിധേയമാക്കിയിരുന്നു. 40 അടി അടിക്കുക, മുഖത്ത് അടയാളം വെക്കുക, തലമുടി കളഞ്ഞ് അങ്ങാടിയിലൂടെ നടത്തുക എന്നിങ്ങനെയുള്ള പരസ്യശിക്ഷകള് അദ്ദേഹം നടപ്പാക്കിയിട്ടുണ്ട്.
അനാവശ്യ കാര്യങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക, അത്തരം കാര്യങ്ങള്‍ നടക്കുന്നിടത്ത് പെട്ടുപോയാല്‍ പോലും അതിനോട് ചേര്ന്നുനില്ക്കാതെ മാന്യതയോടെ തന്റെ ഇസ്ലാമിക വ്യക്തിത്വം കാത്തുസൂക്ഷിച്ച് പെരുമാറുക എന്നതും വിശ്വാസികളുടെ ലക്ഷണമാണ്. സൂറഃ ഖസസ് 55ല്‍ അല്ലാഹു പറയുന്നു: ”വ്യര്ഥമായത് കേട്ടാല്‍ അവര്‍ അതില്‍ നിന്ന് തിരിഞ്ഞുപോകും. അവര്‍ പറയും: ഞങ്ങള്‍ക്ക് ഞങ്ങളുടെ കര്‍മങ്ങളുണ്ട്. നിങ്ങള്‍ക്ക് നിങ്ങളുടേതും. നിങ്ങള്‍ക്ക് സലാം. ഞങ്ങള്‍ വിഡ്ഡികളാവാന്‍ താല്പര്യപ്പെടുന്നില്ല.”
പ്രയോജനമില്ലാത്തതും സമയം കൊല്ലുന്നതും അനാവശ്യവുമായ എല്ലാ കാര്യങ്ങളും ‘ലഗ്വ് ‘ അഥവാ വ്യര്‍ഥമാണ്. ”ഒരാള്‍ തനിക്ക് ആവശ്യമില്ലാത്ത കാര്യങ്ങളെ ഉപേക്ഷിക്കുന്നത് അവന്റെ ഇസ്ലാം നന്നാകുന്നതിന്റെ ലക്ഷണമാണ് ” എന്ന് നബി(സ) പറയുന്നു (അഹ്മദ്, മാലിക്).
അല്ലാഹു അനുവദിച്ചതും തങ്ങള്‍ക്ക് ഏതെങ്കിലും തരത്തില്‍ ഉപകാരപ്പെടുന്നതുമായ കാര്യങ്ങളിലേ വിശ്വാസികള്‍ക്ക് ഇടപെടാനും സമയം ചെലവഴിക്കാനും പാടുള്ളൂ. മനുഷ്യന്റെ ചപലവികാരങ്ങളെ ഇക്കിളിപ്പെടുത്തുന്നതും മനസ്സിനെ മലിനമാക്കുന്നതുമായ വിനോദങ്ങളും പ്രവൃത്തികളും വിശ്വാസികളില്‍ നിന്നുണ്ടാവതല്ല. ഇസ്ലാമിക മനസ്സാക്ഷിക്ക് നിരക്കാത്ത എല്ലാ പ്രവര്‍ത്തനങ്ങളും അനാവശ്യ കാര്യങ്ങളില്‍ പെടുന്നതാണ്. .