കൊച്ചിയിലെ എന്റെ കുഞ്ഞു വില്ല കോമ്പൗണ്ടില്‍ താമസം തുടങ്ങുന്നതിനു മുമ്പുതന്നെ ഞാന്‍ ഒന്നുരണ്ട് വൃക്ഷത്തൈകള്‍ നട്ടിരുന്നു.
വില്ലയുടെ പിറകുവശത്ത്, നാലാം വര്‍ഷം കായ്ക്കും, നല്ല മധുരമായിരിക്കും എന്ന് പറഞ്ഞു നഴ്‌സറിയില്‍ നിന്ന് വാങ്ങിയ മാവിന്‍തൈ ഒരുപാട് പ്രിയത്തോടെ കുഴിയെടുത്തു നട്ടു, വെള്ളവും വളവും ഇട്ടു വളര്‍ത്തി. പുതിയ ഇലകള്‍ നാമ്പിട്ടു തളിര്‍ത്തു കുളിര്‍ന്നു നല്ല മിടുക്കിയായി വളര്‍ന്നു വരുന്ന മാവിന്‍തൈ എന്നെയും മക്കളെയും സന്തോഷിപ്പിച്ചു.
നാലാം വര്‍ഷം കായ്ക്കും, അധികം വലുപ്പം വെക്കാത്ത ഇനമാണ് എന്ന് പറഞ്ഞ മാവ്, ശിഖരങ്ങള്‍ പടര്‍ന്നു പന്തലിച്ച് ഉയരം വെക്കുന്നതും അഞ്ചും ആറും വര്‍ഷങ്ങള്‍ കടന്നുപോയിട്ടും പേരിനു പോലും ഒരു പൂ നാമ്പിട്ടു വരാത്തതും എന്നെ ആശയക്കുഴപ്പത്തിലാക്കി.
തൊട്ടടുത്ത വില്ലയുടെ മതിലിനോട് ചേര്‍ന്നുനില്‍ക്കുന്ന മാവിന്റെ, അടിവേരുകള്‍ ആഴത്തിലേക്ക് പോയി അവരുടെ മതിലോ വീട്ടുചുമരോ തകര്‍ന്നുവീഴുമോ എന്ന് ഞാന്‍ ഭയന്നു. അവരുടെ ജനല്‍ ഗ്ലാസ്സിലേക്കും മേല്‍ക്കൂരയിലേക്കും ചാഞ്ഞുനില്‍ക്കുന്ന ശിഖരങ്ങള്‍ പലപ്പോഴും വെട്ടിമാറ്റി.
ഏഴാം വര്‍ഷവും കടന്നു പോയപ്പോള്‍, വൃക്ഷങ്ങളെക്കുറിച്ച് നല്ല അറിവുള്ള ലാന്റ്‌സ്‌കേപ്പിംഗ് ചെയ്യുന്ന ഒരു സുഹൃത്ത് ഇത് നാലാം വര്‍ഷം കായ്ക്കുന്ന ഇനമല്ല എന്നും നഴ്‌സറിക്കാരന്‍ പറ്റിച്ചതാവുമെന്നും ഇത് വന്‍ വൃക്ഷമാവുമെന്നും മുറിച്ചുമാറ്റുന്നതാണ് നല്ലതെന്നും പറഞ്ഞപ്പോള്‍ ഞാന്‍ വല്ലാതെ തളര്‍ന്നുപോയി.
പിന്നെയും ദിവസങ്ങളും മാസങ്ങളും എടുത്തു ധര്‍മസങ്കടത്തോടെ ഞാന്‍ ആ തീരുമാനത്തിലേക്കെത്തുവാന്‍. മാവ് മുറിക്കാന്‍ ആളെ നോക്കണമെന്ന് സെക്യൂരിറ്റി മോഹനനെ പറഞ്ഞു ഏല്പിച്ചു. സിറ്റി അല്ലേ, ആളെക്കിട്ടാന്‍ അല്പം ബുദ്ധിമുട്ടാണ്.
ഒരു ദിവസം ഞാന്‍ ക്ലിനിക്കില്‍ ഇരിക്കുമ്പോള്‍ മോഹന്‍ വിളിച്ചുപറയുന്നു, മഴു വാടകക്ക് എടുത്തിട്ടുണ്ട്, താനും പുറം തൂക്കാന്‍ എത്തുന്ന തമിഴ് പെണ്ണ് വിജിയും കൂടി മാവ് മുറിക്കാം എന്ന്.
ഞാന്‍ ഒന്ന് സ്തംഭിച്ചു. വല്ലാത്ത ഒരു അസ്വസ്ഥത…
ക്ലിനിക്കില്‍ ഇരിപ്പുറക്കുന്നില്ല. ക്ലയന്റ് പോയ ഉടനെ കാറുമായി വീട്ടിലേക്കു പാഞ്ഞു. ഞാന്‍ എത്തുന്നതിനു മുമ്പ് അവര്‍ മാവ് മുറിച്ചു കാണുമോ എന്ന ആധി എന്നെ വിഷമിപ്പിച്ചു.
എനിക്ക് എന്റെ മാവിനോട് സംസാരിക്കണമായിരുന്നു. നിന്നെ വെട്ടിക്കളയുന്നത് ഇഷ്ടമില്ലാത്തത് കൊണ്ടല്ലെന്നും ഈ ഇട്ടാവട്ടത്തില്‍ നിന്നെപ്പോലെ ഒരു വന്‍വൃക്ഷത്തിന് വളരാനാവില്ലെന്നും അയല്‍വാസിയുടെ വീട് ഇടിഞ്ഞു വീഴാന്‍ സാധ്യത ഉള്ളത് കൊണ്ടാണെന്നും പറയണമായിരുന്നു. എന്നോട് ക്ഷമിക്കണമെന്നും എന്നോട് വിഷമം തോന്നരുതെന്നും പറയണമായിരുന്നു.
ഓടിപ്പിടിച്ച് എത്തുമ്പോള്‍ അവര്‍ മാവ് മുറിക്കാന്‍ തുടങ്ങിയില്ലെന്നത് കണ്ടു എന്റെ ശ്വാസം നേരെ വീണു. മാവിനടുത്തു ചെന്ന്, അതിനെ തൊട്ടു തലോടി പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞപ്പോള്‍ ഉണ്ടായ ഒരു ആശ്വാസം വിവരണാതീതമാണ്. എന്റെ സ്പന്ദനം അറിയുന്നവളെപ്പോലെ ചില്ലകള്‍ ഇളക്കി, ‘എനിക്ക് മനസ്സിലാവും, സാരമില്ല’ എന്ന് ആ മാവ് പറഞ്ഞതുപോലെ തോന്നി.
പേടിച്ചത് പോലെ അപ്പുറത്തെ വീടിന്റെ മതിലിനടിയിലേക്കു അതിന്റെ അടിവേര് നീണ്ടുതുടങ്ങിയിരുന്നു.
ഒരു വൃക്ഷത്തെ ഇല്ലാതാക്കാന്‍ പോലും അതിന്റെ സമ്മതം ചോദിക്കണം എന്നുണ്ടത്രേ. അപ്പോഴാണ് പിഞ്ചുകുഞ്ഞുങ്ങളെ പോലും അവരുടെ തലക്കു മുകളില്‍ കൊണ്ടുവന്ന് ബോംബിട്ടു തകര്‍ത്തുകൊണ്ടിരിക്കുന്ന രക്തം മരവിപ്പിക്കുന്ന കാഴ്ച ദിനേന നാം കണ്ടുകൊണ്ടേയിരിക്കുന്നത്.
സ്വരാജ്യത്തു നിന്നും എങ്ങോട്ടാണ് ആ പാവങ്ങള്‍ പോവേണ്ടത്? അധിനിവേശം നടത്തുന്നവര്‍ക്കെതിരെ നമ്മള്‍ എത്ര പേര്‍ക്ക് പ്രതികരിക്കാനാവുന്നുണ്ട്? മൗനമായി ഒന്ന് പ്രാര്‍ഥിക്കാന്‍ എങ്കിലും നാം സമയം കണ്ടെത്തുന്നുണ്ടോ? രാജ്യങ്ങള്‍, ജാതിയുടെ പേരില്‍ പടവെട്ടി ചോരപ്പുഴ ഒഴുക്കി, അത് വറ്റി വരണ്ടു തരിശു ഭൂമിയാവുന്നുന്നിടത്താണോ സ്വര്‍ഗരാജ്യം വരാന്‍ പോവുന്നത്?
പ്രതികരിക്കാതെ മൗനം പൂണ്ടിരിക്കുന്ന ലോകം ഫലസ്തീനിലെയും ഇസ്രാഈലിലെയും കുഞ്ഞുങ്ങള്‍ നിലവിളിക്കുന്നത് മജ്ജയും മാംസവും ജീവനും ശ്വാസവും ഉള്ളത് കൊണ്ടാണെന്ന് അറിയാത്തതു കൊണ്ടാണോ അതൊ സ്വമുറ്റത്തുള്ള വൃക്ഷവും പക്ഷികളും പൂച്ചകളും പൂക്കളും മാത്രമേ നമുക്കു വിഷയമാകുന്നുള്ളൂ എന്നാണോ? ചേതന നമുക്കു ചുറ്റിലുമുള്ള പ്രകൃതിക്കു മാത്രമാണോ? മറ്റെല്ലാം അചേതനവും അപ്രസക്തവുമാവുകയാണോ ?
ഒരു മരത്തിന്റെ ജീവനെടുക്കുമ്പോള്‍ പോലും അതിന്റെ സമ്മതം ചോദിക്കണം എന്ന് പറയുന്നതിന്റെ വെളിച്ചത്തില്‍, എന്തിനു കൊല്ലുന്നു, എന്താണ് ജീവിതം, എന്താണ് മരണം എന്ന് പോലുമറിയാത്ത മനുഷ്യക്കുഞ്ഞുങ്ങളോട് ലോക-മനസാക്ഷി എങ്ങനെ ആണ് കടപ്പെടേണ്ടത്?
എന്ത് സമ്മതമാണ് വാങ്ങേണ്ടത് ?