പ്രഭാത കിരണങ്ങള്‍ ഇലകളിലൂടെ അരിച്ചിറങ്ങി മുറ്റത്തു പതിക്കുന്നതിനു മുന്‍പ്, പക്ഷികള്‍ കൂട് വിട്ട് ഭക്ഷണം തേടിപ്പോകുന്നതിനു മുന്‍പ്, തുമ്പികള്‍ മാനത്തു ചിത്രം വരച്ചു തുടങ്ങുന്നതിനു മുന്‍പ്, ഇലകളില്‍ നിന്ന് മഞ്ഞുതുള്ളികള്‍ വീണ് പോകുന്നതിനു മുന്‍പ്, വെയില് വന്നു മരങ്ങള്‍ക്ക് നിറങ്ങള്‍ നല്‍കുന്നതിന് മുന്‍പ് ഏതോ ഒരു പക്ഷി വലിയ ശബ്ദയുണ്ടാക്കി ആകാശത്തെ മുറിച്ചു കടന്നുപോകുന്നത് പോലെ യല്‍ദയ്ക്ക് തോന്നാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ആ പക്ഷിയെ ഒന്ന് കാണാനായി യല്‍ദ ക്യാമറയുമായി ഓടിപ്പോയി നോക്കുക പതിവാണ്. അതിനെ കണ്ടുപിടിച്ചിട്ട് വേണം ഒരു യൂട്യൂബ് ലൈവ് തുടങ്ങാനെന്ന് യല്‍ദ തമാശയോടെ ആലോചിക്കാറുണ്ട്. ആധുനിക ലോകത്തെ ശബ്ദവിസ്ഫോടനങ്ങളേക്കാളും, പെട്ടെന്ന് തെന്നി നീങ്ങി കണ്ണുകളെത്തേടിയെത്തുന്ന ദൃശ്യങ്ങളെക്കാളും പ്രകൃതിയുടെ ചെറിയ ചലനങ്ങള്‍ ഒപ്പിയെടുക്കാനാണ് യല്ദയ്ക്കിഷ്ടം. ആ ചിന്തയുമായി വീടിന്റെ പുറകു വശത്തു പടര്‍ന്നു പന്തലിച്ചു നില്ക്കുന്ന റബ്ബര്‍ മരക്കാടുകളിലേക്കിറങ്ങിച്ചെന്നപ്പോഴാണ് യല്‍ദയ്ക്ക് ആ മെസ്സേജ് വന്നത്. ഒരുപാട് ആഗ്രഹിച്ചതും അപ്രാപ്യമെന്ന് തോന്നുന്നതുമായ കാര്യങ്ങള്‍ തന്നെത്തേടിയെത്തുമ്പോള്‍ സന്തോഷത്തേക്കാളേറെ ഒരു തരം ചിന്താബ്ലോക്ക് ആണ് യല്ദയ്ക്കനുഭവപ്പെടാറ്. മസ്തിഷ്ക്കത്തിനു ബാധിച്ച ആ തരിപ്പില്‍ നിന്നുമുണരുന്നതിനു മുന്‍പ് നടാഷ വിളിച്ചു.
” ടീ, നീ എവിടെയാ? ഫ്രീ ആണെങ്കി ഇന്നു വൈകുന്നേരം എന്റെ കൂടെ ഒരു സ്ഥലം വരെ വരോ?” ചോദ്യങ്ങളെ ഉള്‍ക്കൊള്ളാനാകാതെ പകച്ചു നില്ക്കുന്ന മസ്തിഷ്ക്കത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതിന് മുന്‍പ് ‘ വരാം’ എന്ന് ആരോ പറഞ്ഞു കഴിഞ്ഞിരുന്നു.
‘ എവിടേക്കാ?’ എന്ന ചോദ്യം വര്‍ത്തമാനകാലത്തു കുടുങ്ങിക്കിടന്ന് പതിയെ ഭൂതകാലത്തേക്ക് അലിഞ്ഞു ചേര്‍ന്നു.
കോള്‍ കട്ട് ചെയ്തതോടെ കോളിംഗ് ബെല്ലില്‍ കൂകുന്ന ബുള്‍ബുള്‍ പക്ഷിയെ സാക്ഷി നിര്‍ത്തി ഫോണില്‍ അല്പം മുന്‍പു വന്ന സന്ദേശത്തിലെ നിര്‍ദേശങ്ങള്‍ ഒന്നുകൂടി വായിച്ചുറപ്പു വരുത്തുമ്പോഴും സ്വപ്നത്തിലെ ദൃശ്യങ്ങള്‍ അങ്ങിങ്ങായി ഒളിച്ചുനില്‍ക്കുന്നത് യല്‍ദയ്ക്കു കാണാമായിരുന്നു.
”കണ്‍ഗ്രാത്സ്,” തലങ്ങും വിലങ്ങും ഓടിനടക്കുന്ന ശബ്ദശകോലാഹലങ്ങള്ക്കിടയില് നിന്ന് കമനീയമായ വേഷവിധാനങ്ങളും മേക്കപ്പുമണിഞ്ഞ ആളുകള്‍ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു. അവയ്ക്കു നേരെ നോക്കി പുഞ്ചിരിയും നന്ദിയും തിരിച്ചുനല്കുമ്പോഴും താനിതര്ഹിക്കുന്നുണ്ടോ എന്ന ചോദ്യം യല്‍ദയെ കുത്തിനോവിച്ചു. ഹയയെയും ഇഷാനയെയും കൂട്ടി ഉമ്മയുടെ കൂടെ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ കുട്ടികള്‍ക്ക് പരിപാടി ഇഷ്ടപ്പെടുമെന്ന് തന്നെയാണ് വിചാരിച്ചത്. ഹാളില്‍ കാലുകുത്തിയതു മുതല്‍ സ്പീക്കറില്‍ നിന്ന് വരുന്ന ഉയര്‍ന്ന ശബ്ദത്തിന് നേരെ ചെവിപൊത്തിയാണ് ഹയ പ്രതികരിച്ചതെങ്കില്‍ ഹാളിന്റെ ഒരറ്റത്ത് പോയിരുന്നു കരഞ്ഞു കൊണ്ടാണ് ഇഷാന ഇഷ്ടക്കേടറിയിച്ചത്. അതിനിടയില്‍ രണ്ട് പേരെയും കേക്ക് മുറിക്കാന്‍ വിളിച്ചെങ്കിലും കേക്കിലെ ക്രീം നക്കരുതെന്ന് പറഞ്ഞത് രണ്ട് പേര്‍ക്കും ഇഷ്ടപ്പെട്ടിട്ടില്ലെന്ന് അവരുടെ വീര്‍ത്ത മുഖത്ത് നിന്നു യല്‍ദയ്ക്കു മനസ്സിലായി. അതിഥികളുടെ തിരക്ക് കാരണം കുട്ടികളെ ആശ്വസിപ്പിക്കാന്‍ പറ്റിയില്ല.
യൂ ട്യൂബ് ചാനലിലെ ജവാരിയയെപ്പോലെ പ്രസന്നവദനയാകാന് യല്‍ദ ശ്രമിച്ചെങ്കിലും ഇടക്കെങ്കിലും യല്‍ദ ഉള്ളില്‍ നിന്നു എത്തിനോക്കുന്നുണ്ടായിരുന്നു. എന്തിനും ഏതിനും പാര്‍ട്ടി നടത്തി ശീലമുള്ള നടാഷ ഓടി നടന്ന് അതിഥികള്‍ക്ക് സ്നാക്സും വെല്‍ക്കം ഡ്രിങ്കും വിതരണം ചെയ്യുകയും പുഞ്ചിരിയോടെ വിശേഷങ്ങളന്വേഷിക്കുകയും ചെയ്തുകൊണ്ടിരുന്നു.
യൂട്യൂബിന്റെ എംബ്ലം ആലേഖനം ചെയ്ത കേക്കിന് മുകളിലെ വണ്‍ മില്യണ്‍ എന്ന അക്കം യല്‍ദയെ നോക്കിച്ചിരിച്ചെങ്കിലും അതിന് മുകളില്‍ ഉരുകിത്തീരുന്ന മെഴുക് തിരിയുടെ അവസ്ഥയായിരുന്നു യല്ദയുടേത്. കൊടുമുടിക്കു മുകളിലെത്തി കൊടി നാട്ടിയത്തിന് ശേഷം എങ്ങനെ സന്തോഷം പ്രകടിപ്പിക്കണമെന്നറിയാത്ത ഒരു മൗണ്ടനീയറിന്റെ ഭാവത്തോടെ യല്‍ദ ചുറ്റും നോക്കി. അതിഥികളുടെ മനസ്സിലുള്ളതെന്താണെന്ന് അവരുടെ മുഖഭാവത്തില്‍ നിന്ന് വായിച്ചെടുക്കുക പ്രയാസമായിരുന്നു. വെള്ളി മുത്തുകള്‍ പതിപ്പിച്ച ഇളം പിങ്ക് നിറത്തിലുള്ള ഫാന്‍സി സാരിയുടുത്ത് ഹൈ ഹീലില്ക്കയറി ട്രീസ മാഡം ചുറ്റുമുള്ളവരോട് തമാശകള്‍ പറഞ്ഞു ഉറക്കെ ചിരിച്ചു. ചുറ്റും ഇരുട്ടു മൂടിയ തടാകവും താഴെ മിന്നുന്ന നക്ഷത്രം കണക്കെയുള്ള വിളക്കുകള്‍ക്കും മുന്നില്‍ മുഖം വീര്‍പ്പിച്ചു രാത്രിയില്‍ വെളിച്ചം പരത്തുകയെന്നുള്ളത് തന്റെ അവകാശമെന്ന മട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന ആകാശവും യല്‍ദയെ വീര്‍പ്പുമുട്ടിച്ചു. നടാഷയുടെ നിര്‍ദേശപ്രകാരം വാങ്ങിയ സ്വര്‍ണ നിറത്തില്‍ ഒറ്റപ്പട്ടയുള്ള കാഷ്വല്‍ ചെരിപ്പിന്റെ വശങ്ങളിലൂടെ ട്രിമ്മര്‍ മെഷീനിന്റെ കണ്ണ് വെട്ടിച്ച ചില വിരുതന് പുല്ലിന് നാരുകള്‍ യല്‍ദയെ കുത്തിനോവിച്ചു.
”നീയെന്താ ഇങ്ങനെ? എല്ലാരും ശ്രദ്ധിക്ക്ണ്ട് ട്ടോ,” നടാഷ വന്നു പറഞ്ഞപ്പോഴും യല്‍ദ ലൈവ് പ്രോഗ്രാം ചെയ്യുന്നതിനെക്കുറിച്ചും പറയേണ്ട കാര്യങ്ങളെക്കുറിച്ചും ചിന്തിച്ചു കൊണ്ടിരിക്കുകയായിരുന്നു.
”ഒന്നൂല്ല . കൂടുതല്‍ ഏക്സൈറ്റഡ് ആയാ ഞാനിങ്ങനെയാ,” കുറെ നേരമായി ആലോചിച്ചു കൂട്ടിയ സമ്മര്‍ദമത്രയും കുപ്പി തുറന്നു വിട്ട ഭൂതത്തെപ്പോലെ എവിടെയോ ഓടിയൊളിച്ചു.
”എല്ലാം പഴയത് പോലായോ?” സംശയങ്ങളുടെ നീണ്ട നിരയ്ക്ക് പുറകില്‍ നിന്നു ഒരു ചെറിയ കുട്ടി ഉറക്കെ ചോദിച്ചു.
”നിനക്ക് വട്ടാണ്. അല്ലെങ്കി എന്താണ് മാറിയത്? എല്ലാം നിന്റെ തലയ്ക്കുള്ളിലുള്ളതാ,” മറ്റുള്ളവരുടെ മനസ്സ് മനസ്സിലാക്കിയ തനിക്ക് തന്നെ മനസ്സിലാക്കാന്‍ കഴിയുന്നില്ലല്ലോ എന്നാണ് ആദ്യമൊക്കെ ഇത്തരം ഡയലോഗുകള്‍ കേട്ടാല്‍ യല്‍ദയ്ക്കു തോന്നാറുള്ളത്. മറനീക്കി പുറത്തു വരാന്‍ ശ്രമിക്കുന്ന നിരാശയെ ഒളിപ്പിച്ചു വെക്കാന്‍ ശ്രമിക്കാതെ മുന്നോട്ട് നടന്ന് തടാകത്തില്‍ ഒറ്റയായി അലയുന്ന വെളിച്ചത്തെ നോക്കി നിന്നപ്പോള്‍ യല്ദയ്ക്കെന്തോ ഒരാശ്വാസം തോന്നി.
”ടീ, പ്രോഗ്രാം തുടങ്ങാന്‍ സമയമായി. കട്ട് ചെയ്യാനുള്ള എക്സ്ട്രാ കേക്ക് എടുത്തു വെക്കട്ടെ?”
”കേക്ക് കട്ട് ചെയ്യുന്നത് ലാസ്റ്റ് ആക്കിയാലോ എന്നാലോചിക്കുന്നുണ്ട്. അതൊരു ഷോര്‍ട്ട്സ് ആയി നമുക്ക് അപ്ലോഡ് ചെയ്യാം. ആദ്യം ലൈവ് പ്രോഗ്രാം ചെയ്യാം,” തന്റെ വ്യക്തമായ അഭിപ്രായങ്ങളും അത് പറയുമ്പോഴുള്ള ഉറപ്പും യല്ദയില് കുളിരുണ്ടാക്കി.
പ്രോഗ്രാമിനുള്ള സമയമടുക്കുന്തോറും യല്‍ദയുടെ ഹൃദയതാളം ഉയരുന്നുണ്ടായിരുന്നെങ്കിലും മനസ്സ് ശാന്തമായിരുന്നു. തടാകക്കരയില്‍ കാറ്റിന്റെ പശ്ചാത്തലത്തില്‍ പുല്‍ത്തകിടിയിലിരുന്നു ലൈവ് പ്രോഗ്രാം ചെയ്യാം എന്നാണ് ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും ലൈറ്റിങിന്റെയും വീഡിയോ ക്ലാരിറ്റിയുടെയും കാര്യം വന്നപ്പോള്‍ മറിച്ചു തീരുമാനിക്കുകയായിരുന്നു. വലിയൊരു പാര്‍ട്ടിക്കിടയിലുള്ള ബഹളമൊരു പ്രശ്നമാകുമോ എന്ന സംശയവും യല്‍ദയെ അലയട്ടാന് തുടങ്ങിയിരുന്നു.
”ഓക്കെ. ആഡ് ആയിക്കൊടുത്ത വീഡിയോ വൈറലാണ്. എന്നാലുമൊരു പേടി. ആകെ ബ്ലാങ്ക് ആയിപ്പോകുന്നു. കൊറച്ച് നേരോക്കെ പിടിച്ചു നില്ക്കാം,” യല്‍ദ കൈയിലിട്ട മോതിരം ഊരിയും തിരിച്ചിട്ടും കൊണ്ട് പറഞ്ഞു.
”നിനക്ക് വട്ടാണെടീ. ഫുള്‍ അങ്ങനെ സിന്സിയര് ആകൊന്നും വേണ്ട. ഞാനെന്റെ ലൈവ് ചെയ്തത് നിന്നെക്കൊണ്ടും മാത്യൂസിനെക്കൊണ്ടും വിളിപ്പിച്ചിട്ടല്ലേ?”
”മോളേ, ഇവര്‍ക്ക് ഐസ് ക്രീം കൊടുക്കാലേ?” ചോക്ലേറ്റ് ഡ്രസ്സിലാക്കിയ ഹയയുടെ കൈ കഴുകിച്ചു വന്നപ്പോള്‍ ഉമ്മ ചോദിച്ചു.
”വേണ്ടുമ്മാ, ഫുള്‍ അസുഖാണ്.”
”മമ്മാ, ഐസ്ക്രീം കഴിച്ചോട്ടെ? പ്ലീസ് മമ്മാ,” ഹയയും ഇഷാനയും ഒരുമിച്ച് പാട്ട് പോലെ ചുറ്റും മൂളിപ്പറന്നു.
”ഒന്ന് മിണ്ടാതിരിക്കുന്നുണ്ടോ രണ്ടും. ഒന്നിനും സമ്മതിക്കില്ല. എന്താന്നു വെച്ചാ കഴിക്ക്.”
യല്‍ദ ഹാളിലേക്ക് നടന്നു. മക്കളോട് ദേഷ്യപ്പെട്ടല്ലോ എന്ന മുള്ളു കുറച്ചു നേരം ഹൃദയത്തെ കുത്തിനോവിച്ചു കൊണ്ടിരുന്നപ്പോള്‍ ഒരു പയ്യന് വന്നു,
”മാം, റെഡിയാണ്. ലൈറ്റിങ് ഒക്കെയാണ്.”
സെറ്റ് ചെയ്ത ടേബിളിന് പുറകില്‍പ്പോയി നിന്നപ്പോള്‍ എവിടെ നിന്നോ ഒരു പോസിറ്റീവ് ഊര്‍ജം വന്നു യല്‍ദയെ പൊതിഞ്ഞു. വിവിധ വസ്ത്രങ്ങള്‍ ധരിച്ച വ്യത്യസ്ത പ്രായത്തിലുള്ള യല്ദകളും മൂന്നാലു ജവാരിയകളും വന്നു യല്‍ദയോട് കുശലം ചോദിച്ചു. യല്‍ദ അവരെ നോക്കിച്ചിരിച്ചു.
”വെല്‍ക്കം ടൂ ജവാരിയ പോസിറ്റീവ് വൈബ്സ്. ഇന്ന് നമ്മുടെ ആദ്യത്തെ ലൈവ് പ്രോഗ്രാമാണ്.”
ക്യാമറാമാന്റെ കണ്ണുകളുടെയും പുരികങ്ങളുടെയും ചലനങ്ങളിള് നിന്ന് ഒരു കോള്‍ വരുന്നുണ്ടെന്ന് മനസ്സിലാക്കിയ യല്‍ദ ലൈവ് തുടങ്ങുമ്പോള്‍ വെക്കാന്‍ മറന്നു പോയ ഇയര്‍ ഫോണെടുത്ത് ചെവിയില്‍ വെച്ചു. കമന്റുകള്‍ യാന്ത്രികമായി വായിച്ച് യല്‍ദ കോള്‍ അറ്റന്‍ഡ് ചെയ്തു.
”മാം, ഞാന്‍.. മാഡത്തിന്റെ വലിയ ഫാന്‍ ആണ്,” എന്നൊരു പുരുഷന് വിറയ്ക്കുന്ന ശബ്ദത്തോടെ പറഞ്ഞു.
”ഒന്നിനും ഒരു ധൈര്യമില്ല. ഇത്രയും കാലം ജീവിച്ചിട്ടും ആര്‍ക്കും ഒരു വിലയുമില്ല. എന്നെ എല്ലാവര്ക്കും പുച്ഛാണ്.”
”നിങ്ങള്‍ക്ക് നിങ്ങളെ വിലയുണ്ടോ?”
”അത്.. അത് പിന്നെ. അങ്ങനെ ഇല്ലാതിരിക്കോ?”
”അങ്ങനെയുമാകാം. നിങ്ങളൊരു സ്ഥലത്തു ചെന്നാല്‍ ഇരിക്കോ അതോ നിക്കോ?”
”അത്.. ഞാനൊരു കല്ല് വെട്ടുകാരനല്ലേ? എന്നേക്കാള്‍ വലിയ ആള്ക്കാര് ഇരുന്നു കഴിഞ്ഞാല്‍, ഇരിക്കും,” അയാള്‍ സംശയത്തോടെ മറുപടി പറഞ്ഞു.
”വലിയ ആളുകളെന്ന് പറഞ്ഞാ?”
”എന്നേക്കാള്‍ പണമുള്ള, എന്നേക്കാള്‍ കാണാന്‍ ഭംഗിയുള്ള, വെളുത്ത വലിയ വീട്ടിലെ ആള്ക്കാര്,” അയാള്‍ സംസാരിച്ചു കൊണ്ടേയിരുന്നു.
”നാല്‍പ്പത് വയസ്സായോ?”
”നാല്പത്തിരണ്ട്.”
”എല്ലാം നിങ്ങളുടെ മനസ്സിലെ പ്രശ്നമാണ്. വലിയ ആളാകാന്‍ പണവും സൗന്ദര്യവും വലിയ ജോലിയുമൊന്നും വേണ്ട. മനുഷ്യനായി ജനിച്ചാ മതി. നിങ്ങളാദ്യം നിങ്ങള്‍ക്ക് തന്നെ ഒരു സ്ഥലം കൊടുക്കൂ. കേട്ടിട്ടില്ലേ? എല്ലാ വസ്തുക്കള്‍ക്കും സ്ഥലം ആവശ്യമാണ്. നിങ്ങള്‍ക്കും സ്ഥലം വേണ്ടേ? ആ സ്ഥലം നിങ്ങള്‍ തന്നെ കൊടുക്കണം. എന്നാലേ, മറ്റുള്ളവര്‍ നിങ്ങള്‍ക്ക് സ്ഥലം തരൂ.”
ഫോണ്‍ വെച്ച ഉടനെത്തന്നെ അടുത്ത കോള്‍ വന്നു.
”ഞാന്‍.. കുറച്ചു ദൂരേന്നാ വിളിക്കുന്നേ. ഇത് കണ്ടോ?”
നടാഷയുടെ ഫ്ളാറ്റില്‍ നിന്നിറങ്ങുമ്പോള്‍ വിതുമ്പുന്ന യല്‍ദ, തന്റെ മനസ്സിലെ സമ്മര്‍ദം താങ്ങാനാകുന്നില്ല എന്നു പറഞ്ഞു പൊട്ടിക്കരയുന്ന യല്‍ദ, തന്റെ ഫെയിക്ക് ക്യാരക്ടര്‍ ആരെങ്കിലും കണ്ടുപിടിക്കുമോയെന്ന് നടാഷയോട് ചോദിക്കുന്ന യല്‍ദ…
ആ കോളറുടെ ഫോണില്‍ പ്ലേ ചെയ്ത വീഡിയോ കണ്ട് യല്‍ദയുടെ ചുണ്ട് വിറച്ചു.
ജവാരിയാസ് പോസിറ്റീവ് വൈബ്സ് എന്ന യൂടൂബ് ചാനലിന് വേണ്ടി വീഡിയോ അപ്ലോഡ് ചെയ്തതിനു ശേഷം താനിങ്ങനെയൊന്നുമല്ല.
അത്…
തൊണ്ട വരണ്ടുണങ്ങുന്നത് യല്‍ദ അറിയുന്നുണ്ടായിരുന്നു.
(തുടരും)