LoginRegister

സാമ്പത്തിക ഭദ്രത ലഭിക്കാന്‍

നദീര്‍ കടവത്തൂര്‍

Feed Back

”അല്ലാഹുവേ, നീ അനുവദനീയമാക്കിയതുകൊണ്ട് എനിക്ക് തൃപ്തി വരുത്തി, നീ നിഷിദ്ധമാക്കിയതില്‍ നിന്ന് എന്നെ വിട്ടുനിര്‍ത്തേണമേ. നിന്റെ ഔദാര്യം കൊണ്ട് എനിക്ക് സമൃദ്ധി വരുത്തി, നീയല്ലാത്തവരുടെ ഔദാര്യം ചോദിക്കുന്നതില്‍ നിന്ന് എന്നെ വിട്ടുനിര്‍ത്തേണമേ” (തിര്‍മിദി 3563).

സമ്പത്തിനെ മനുഷ്യ നിലനില്‍പിന്റെ ആധാരമായാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. അല്ലാഹു പറയുന്നു: ”അല്ലാഹു നിങ്ങളുടെ നിലനില്‍പിനുള്ള മാര്‍ഗമായി നിശ്ചയിച്ചുതന്നിട്ടുള്ള നിങ്ങളുടെ സ്വത്തുക്കള്‍ വിവേകമില്ലാത്തവര്‍ക്ക് നിങ്ങള്‍ കൈവിട്ടുകൊടുക്കരുത്” (ഖുര്‍ആന്‍ 4:5).
സാമ്പത്തികരംഗത്ത് ഭദ്രത കൈവരിക്കാനും സുരക്ഷിതത്വം ലഭിക്കാനും പ്രവാചകന്‍(സ) പഠിപ്പിച്ച ഒരു പ്രാര്‍ത്ഥന വിശ്വാസിയുടെ നിത്യജീവിതത്തിന്റെ ഭാഗമാവണം.
അധ്വാനിക്കുകയും സാമ്പത്തികമായ അഭിവൃദ്ധി കരസ്ഥമാക്കുകയും ചെയ്യുന്നതിനെ ഏറെ പ്രോത്സാഹിപ്പിച്ച മതമാണ് ഇസ്ലാം. അതോടൊപ്പം സാമ്പത്തിക മേഖലയില്‍ ഒരു വിശ്വാസി സ്വീകരിക്കേണ്ട നിലപാടുകളെ ഇസ്ലാം കൃത്യമായി പഠിപ്പിച്ചിട്ടുണ്ട്. സമ്പത്ത് അല്ലാഹുവിന്റെ ഔദാര്യമാണ്. അല്ലാഹു അനുവദിച്ച മാര്‍ഗങ്ങളിലൂടെ മാത്രമേ സമ്പാദിക്കാനും ചെലവഴിക്കാനും വിശ്വാസിക്ക് അനുവാദമുള്ളൂ. സകാത്ത് കൃത്യസമയത്ത് നല്‍കലും വിശ്വാസിയുടെ ബാധ്യതയാണ്.
ഇതിനെല്ലാം സഹായകമാവുന്ന രീതിയില്‍ ഹലാലായ സമ്പത്തുകൊണ്ട് തൃപ്തിപ്പെട്ട് ജീവിക്കാനും നിഷിദ്ധമായത് സമ്പാദിക്കുന്നതില്‍ നിന്നും അത് തേടിപ്പോവുന്നതില്‍ നിന്നും മോചനം ലഭിക്കാനുമുള്ള തേട്ടമാണ് പ്രാര്‍ഥനയുടെ ആദ്യ ഭാഗം. രണ്ടാം പകുതി സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകാനും, കടമെടുക്കേണ്ടതോ യാചന നടത്തേണ്ടതോ ആയ അവസ്ഥകള്‍ വരാതിരിക്കാന്‍ കൂടി തേടുകയാണ്.
മറ്റെല്ലാ കാര്യങ്ങളിലെയും പോലെ സാമ്പത്തിക മേഖലയിലും അല്ലാഹുവിന്റെ പരീക്ഷണങ്ങള്‍ ഉണ്ടാവുമെന്ന് ഖുര്‍ആന്‍ പ്രസ്താവിച്ചതാണ്. സാമ്പത്തിക നഷ്ടം, കടം, പട്ടിണി എന്നിവയെല്ലാം ഇത്തരം പരീക്ഷണങ്ങളുടെ ഭാഗമാണ്. സാമ്പത്തിക മേഖലയിലെ പരീക്ഷണങ്ങളില്‍ ആളുകള്‍ എന്തു ചെയ്യണമെന്ന് അറിയാതെ പതറിപ്പോവുന്നതാണ് കണ്ടിട്ടുള്ളത്.
സാമ്പത്തിക വരുമാനം പരിഗണിക്കാതെ ചെലവഴിക്കുന്നവരാണ് കൂടുതലും. കടമെടുക്കാന്‍ ഭയമില്ലാതായിരിക്കുന്നു. ഇത് വലിയ സാമ്പത്തിക തട്ടിപ്പുകളിലേക്കു വരെ ആളുകളെ എത്തിക്കുകയും അതിന്റെ പേരില്‍ ആത്മഹത്യകള്‍ വരെ നടക്കുകയും ചെയ്യുന്നു. ഇത്തരം നിഷിദ്ധതയുടെ മേഖലകളിലേക്ക് കടന്നുചെല്ലാതിരിക്കാന്‍ അതീവ ജാഗ്രതയും ശ്രദ്ധയും അനിവാര്യമാണ്. അതോടൊപ്പം പ്രാര്‍ത്ഥനയും.
സാമ്പത്തിക മേഖലയില്‍ ഇസ്ലാം മുന്നോട്ടുവെച്ച നിബന്ധനകള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയതിനു ശേഷമാവണം പ്രാര്‍ഥിക്കേണ്ടത് എന്നതുകൂടി ചേര്‍ത്തുവായിക്കണം.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top