പ്രാചീന കാലം മുതലേ വിദേശ രാജ്യങ്ങളുമായി വ്യാപാരബന്ധമുള്ള നാടായിരുന്നു കോഴിക്കോട്. യവനന്മാരും അറബികളും പിന്നീട് പാശ്ചാത്യരും കോഴിക്കോടിനെ വ്യാപാരകേന്ദ്രമായി തിരഞ്ഞെടുത്തു. അറബികള്‍ കോഴിക്കോടിനെ തിരഞ്ഞെടുക്കാന്‍ കാരണമായ പല കഥകളുണ്ട്.
അതിലൊന്നിങ്ങനെ: സ്വര്‍ണം നിറച്ച കപ്പലുമായി ഒരു വ്യാപാരക്കപ്പല്‍ സമുദ്രത്തിലൂടെ സഞ്ചരിക്കുകയാണ്. കോഴിക്കോട്ട് എത്തിയപ്പോള്‍ സ്വര്‍ണത്തിന്റെ ഭാരക്കൂടുതല്‍ കാരണം കപ്പല്‍ മുങ്ങുമെന്ന സ്ഥിതിയായി. കപ്പല്‍ കോഴിക്കോട്ട് നങ്കൂരമിട്ടു. സ്വര്‍ണപ്പെട്ടികളില്‍ നിന്ന് ഒരു പെട്ടിയെടുത്ത് വ്യാപാരി സാമൂതിരിയെ ഏല്‍പിച്ചു. സാമൂതിരി അറയ്ക്കുള്ളില്‍ അത് ഭദ്രമായി പൊതിഞ്ഞുവെച്ചു. വ്യാപാരി ഉടനെ മടങ്ങുകയും ദൂരദേശങ്ങള്‍ താണ്ടി വര്‍ഷങ്ങള്‍ക്കു ശേഷം കോഴിക്കോട്ടേക്ക് തിരിച്ചെത്തുകയും ചെയ്തു. കൊടുത്തത് എങ്ങനെയാണോ അതുപോലെ സ്വര്‍ണത്തിന്റെ പെട്ടി സാമൂതിരിയുടെ നിലവറയില്‍ സൂക്ഷിച്ചതാണ് അദ്ദേഹം കണ്ടത്. സന്തോഷത്തോടെ ആ പെട്ടി തുറന്ന് കുറച്ച് സ്വര്‍ണമെടുത്ത് വ്യാപാരി രാജാവിന് കൊടുത്തു. അപ്പോള്‍ സാമൂതിരി പറഞ്ഞു:
”നിന്റെ സമ്പാദ്യമൊന്നും എനിക്ക് വേണ്ട. അതിനു മാത്രം പ്രശ്‌നങ്ങളൊന്നും ഞങ്ങള്‍ക്കിവിടെയില്ല.”
ഈ മറുപടി കേട്ട് വ്യാപാരി അദ്ഭുതപ്പെടുകയും കോഴിക്കോടിനെ പ്രധാന വ്യാപാരകേന്ദ്രമായി തിരഞ്ഞെടുക്കുകയും ചെയ്തു എന്നതാണ് കഥ.
മറ്റൊരു കഥ ഇങ്ങനെ:
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപാരത്തിന് പോയ ഒരറബി ആ പ്രദേശങ്ങള്‍ വ്യാപാരത്തിന് പറ്റിയതാണോ എന്ന് പരീക്ഷിക്കാന്‍ തീരുമാനിച്ചു. അതിന്റെ ഭാഗമായി സാമൂതിരിയെ പരീക്ഷിക്കാന്‍ സ്വര്‍ണം നിറച്ച ഭരണികള്‍ നല്‍കി. ഈ ഭരണികളില്‍ നിറയെ ഉപ്പിലിട്ട അച്ചാറാണെന്ന് ധരിപ്പിച്ചു. തിരിച്ചുവരുന്നതുവരെ അത് സൂക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. പല ദേശങ്ങളിലും ഈ പരീക്ഷണം ആവര്‍ത്തിച്ചു. കോഴിക്കോട് ഒഴികെയുള്ള നഗരങ്ങളിലെ രാജാക്കന്മാര്‍ ഭരണികളില്‍ നിന്ന് സ്വര്‍ണമെടുത്ത് പകരം അച്ചാര്‍ നിറച്ചുവെച്ചു. എന്നാല്‍ കോഴിക്കോട് സാമൂതിരി മാത്രം ആ ഭരണികള്‍ തുറന്നുനോക്കിയതേയില്ല. സൂക്ഷിക്കാന്‍ ഏല്‍പിച്ച അതേ രൂപത്തില്‍ അത് തിരിച്ചുകൊടുത്തു. അറബികള്‍ കോഴിക്കോടിനെ വ്യാപാരകേന്ദ്രമായി തിരഞ്ഞെടുത്തത് ഈ കാരണം കൊണ്ടാണെന്ന് പറയപ്പെടുന്നു. പിന്നീടുള്ള കാലം വ്യാപാരികളുടെ പറുദീസയായി കോഴിക്കോട് മാറി. സത്യത്തിന്റെ നഗരം എന്ന് കോഴിക്കോട് വിൡക്കപ്പെട്ടു. സാമൂതിരിയുടെ തുറമുഖാധിപനായി (ഷാ ബന്ദര്‍) അറബി വ്യാപാരപ്രമുഖര്‍ നിയമിക്കപ്പെട്ടു. സാമൂതിരിയുടെ ഭരണത്തില്‍ ഷാ ബന്ദര്‍ കോയമാര്‍ മന്ത്രിപദം വരെ അലങ്കരിച്ചു. നാടിന്റെ അഭിവൃദ്ധിയില്‍ അവര്‍ വലിയ പങ്കുവഹിച്ചു.
കോഴിക്കോട്ടെ സാമൂതിരി ലോകത്തെ ഏറ്റവും സത്യസന്ധനായ രാജാവാണെന്നും കോഴിക്കോടിനെപ്പോലെ നിര്‍ഭയം ജീവിക്കാന്‍ കഴിയുന്ന മറ്റൊരു നാട് ലോകത്ത് എവിടെയുമില്ലെന്നും ലോകസഞ്ചാരി ഇബ്നു ബത്തൂത്ത എഴുതുന്നുണ്ട്. കോഴിക്കോട് തീരത്ത് ഏത് കപ്പലടിഞ്ഞാലും അതിലെ ചരക്കുകള്‍ ഉടമസ്ഥര്‍ക്ക് തിരിച്ചുകൊടുക്കും. മറ്റ് രാജ്യങ്ങളിലാകട്ടെ അവ ആ രാജ്യത്തിന്റെ പൊതുഖജനാവിലേക്കുള്ളതാണെന്നും ഇബ്‌നു ബത്തൂത്ത പറയുന്നു.
വ്യാപാരത്തിലും ഇടപാടുകളിലും സത്യസന്ധതയും മനുഷ്യത്വവും മര്യാദയും ഉണ്ടാവുക എന്നത് ഏതൊരു സമൂഹത്തിന്റെയും അഭിവൃദ്ധിയുടെ ആണിക്കല്ലാണ്. എന്നാല്‍ വ്യാപാരത്തില്‍ വലിയ മനുഷ്യത്വം വേണ്ടെന്ന് പഠിപ്പിക്കുന്ന ചില സെയില്‍സ് മോട്ടിവേഷന്‍ സ്പീക്കര്‍മാര്‍ ഈയിടെ ഇറങ്ങിയിട്ടുണ്ട്. മൂല്യം നോക്കി വ്യാപാരം ചെയ്താല്‍ കച്ചവടം പൊളിയുമെന്നാണ് ഇവരുടെ വാദം. മനുഷ്യത്വമില്ലാതെ വില കൂട്ടണമെന്നും ബിസിനസില്‍ മറ്റുള്ളതൊക്കെ കേവലം മെറ്റീരിയലുകളാണെന്നും ഇവര്‍ പഠിപ്പിക്കുന്നു. ബിസിനസ് മോട്ടിവേഷന്‍ എന്നാണ് പേര്. പതിനായിരങ്ങള്‍ നല്‍കിയാണ് ചില ബിസിനസുകാര്‍ ഇവരുടെ ക്ലാസില്‍ പോയി ഇരിക്കുന്നത്.
ഒരു നാടിനെ മാറ്റിമറിക്കാന്‍ സാധിക്കുന്ന സാമൂഹിക വിഭാഗങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നവരാണ് വ്യാപാരികള്‍. ലാഭക്കണ്ണോടെ മാത്രം ബിസിനസ് ചെയ്തവര്‍ അധിക കാലം മുന്നോട്ടുപോയിട്ടില്ല എന്നതിന് ചരിത്രത്തില്‍ ഏറെ ഉദാഹരണങ്ങളുണ്ട്. എന്നാല്‍ ലാഭത്തിനപ്പുറത്ത് സാമൂഹിക നന്മ കൂടി ഉദ്ദേശിച്ച് ബിസിനസ് ചെയ്തവരെല്ലാം കാലങ്ങള്‍ക്കു ശേഷവും നിലനിന്നതായാണ് ചരിത്രം.
”വീണുപോയവനെയും നഷ്ടം പറ്റിയവനെയും ഒരിക്കലും പിടിച്ചെഴുന്നേല്‍പിച്ച് ജയിപ്പിക്കാന്‍ നോക്കരുത്. അവന്‍ ഭൂലോക തോല്‍വിയാണ്. അവനെ ജയിപ്പിക്കാന്‍ നിന്നാല്‍ അവന്‍ നിങ്ങളെ കൂടി വലിച്ചു താഴെയിടും”- നേരത്തെ സൂചിപ്പിച്ച ബിസിനസ് മോട്ടിവേറ്ററുടെ ക്ലാസിലെ വാക്കുകളാണിത്. എത്ര മനുഷ്യത്വവിരുദ്ധമായിട്ടാണ് അയാള്‍ സംസാരിക്കുന്നത്! ഏതോ ഇംഗ്ലീഷുകാരന്‍ എഴുതിവെച്ച പുസ്തകത്തിലെ വാക്കുകള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുകയാണ്. നാടിന് നന്മ ചെയ്യേണ്ട ഒരു വ്യാപാരിസമൂഹത്തെ ഒന്നടങ്കം കണ്ണില്‍ച്ചോരയില്ലാത്ത കച്ചവടക്കാരാക്കി മാറ്റുകയാണ്.
”നിങ്ങളുടെ സ്ഥാപനത്തില്‍ ഒരിക്കലും റിക്രൂട്ട്‌മെന്റ് പ്രോസസ് നിര്‍ത്തിവെക്കരുത്. വെറുതെയെങ്കിലും പരസ്യം കൊടുത്തു സി വി ക്ഷണിക്കണം. കൂടെ ജോലി ചെയ്യുന്ന ജീവനക്കാര്‍ പണി പോകുമോ എന്ന് പേടിച്ച് പേടിച്ച് ഇരിക്കണം”- ഇതാണ് ഈ മഹാന്റെ മറ്റൊരു ഉപദേശം. ജോലി അന്വേഷിക്കുന്ന നൂറുകണക്കിന് ചെറുപ്പക്കാരെ കോട്ടും ടൈയും കെട്ടിച്ച് ഓഫീസ് കയറിയിറങ്ങാനുള്ള സൗകര്യം ചെയ്തുകൊടുക്കണമെന്നാണ് പറയുന്നത്. ജോലി ചെയ്ത് കുടുംബം പോറ്റുന്ന സഹപ്രവര്‍ത്തകരെ പേടിപ്പിച്ച് നിര്‍ത്തണമെന്നും. ആത്മാഭിമാനമുള്ള ആരെങ്കിലും ആ കമ്പനിയില്‍ ജോലി ചെയ്യുമോ?
സാധനങ്ങളുടെയും സേവനങ്ങളുടെയും വില കൂട്ടണമെ’ന്നും എന്നാലേ വിലയുണ്ടാകൂ എന്നും ഇയാള്‍ പറയുന്നുണ്ട്. അതായത്, ‘സാധാരണക്കാരെ പരിഗണിക്കരുത്. അവരുടെ താല്‍പര്യങ്ങളോ ജീവിതാവസ്ഥകളോ നിങ്ങളെ അലട്ടരുത്. വില കുറച്ച് വില കളയരുത്. വിലപേശിയാല്‍ ഗൗനിക്കരുത്. എത്ര വില കൂട്ടിയാലും ആവശ്യമുണ്ടെങ്കില്‍ അവര്‍ വാങ്ങും’ എന്നൊക്കെയാണ് അദ്ദേഹത്തിന്റെ സെയില്‍സ് സിദ്ധാന്തങ്ങള്‍.
അറേബ്യയിലെ ഒട്ടക ഖാഫിലകളോടൊപ്പം മുഹമ്മദ് നബി(സ) ബാല്യത്തിലേ കച്ചവടത്തിന് പോയിരുന്നു. ശാമിലേക്കുള്ള ഒരു വ്യാപാര യാത്രക്കിടയിലാണ് പ്രവാചകന്റെ പിതാവ് അബ്ദുല്ല മരിച്ചത്. ചെറുപ്പത്തിലേ പ്രവാചകന്‍ മാന്യനും സത്യസന്ധനുമായ കച്ചവടക്കാരനായി പേരെടുത്തു. അങ്ങനെയാണ് ഖദീജ(റ)യുടെ കച്ചവട ദൗത്യം ഏറ്റെടുക്കുന്നത്. പ്രവാചകന്റെ കച്ചവടത്തിലെ പ്രാവീണ്യവും സത്യസന്ധതയും ചരിത്രത്തിലെ സുവര്‍ണാധ്യായമാണ്. ലോകത്തെ മാറ്റിമറിച്ച വ്യാപാരികള്‍ ആരും മൂല്യങ്ങള്‍ പണയം വെച്ചിരുന്നില്ല. മനഃസാക്ഷി വില്‍പനക്ക് വെച്ചിരുന്നുമില്ല.
ബിസിനസില്‍ വിജയിക്കാന്‍ മൂല്യങ്ങളെ മുന്‍നിര്‍ത്തേണ്ടത് അനിവാര്യമാണ്. അതല്ലെങ്കില്‍ ജീവിതവും ബിസിനസും നാശത്തിലാകും. ആത്മനിന്ദയോടെ ജീവിക്കേണ്ടി വരും. ആളുകളെ പറ്റിച്ച് സമ്പാദിക്കുന്ന പണത്തിന് അധികകാലം നിലനില്‍ക്കാനാവില്ലെന്ന സാമാന്യബോധമുണ്ടാകണം. കച്ചവടത്തോടൊപ്പം ജനത്തിന്റെ വിശ്വാസ്യത കൂടിയുണ്ടെങ്കില്‍ ആ വ്യാപാരത്തെ തലമുറകളിലേക്ക് കൈമാറ്റം ചെയ്യാനാവുമെന്ന തിരിച്ചറിവ് വേണം. കുറേ സമ്പാദിക്കുക എന്നതിനപ്പുറം സമൂഹത്തിന്റെ നന്മയും ബിസിനസിന്റെ അജണ്ടയാകണം. ജനത്തിന് നല്‍കുന്ന ഒരു സാധനമോ സേവനമോ അവര്‍ക്ക് ഉപകാരപ്പെടുമ്പോള്‍ ലഭിക്കുന്ന സംതൃപ്തിയാകണം ബിസിനസുകാരന്റെ ഏറ്റവും വലിയ സമ്പാദ്യം. അതാണ് വ്യാപാരത്തിന്റെ സൗന്ദര്യം. അതിനാണ്, അതിന് മാത്രമാണ് നിലനില്‍ക്കാന്‍ സാധിക്കുക. മറ്റുള്ളതൊക്കെയും താല്‍ക്കാലിക ഭ്രമങ്ങള്‍ മാത്രം.