രാജ്യത്ത് നൂറു ദിവസത്തിലേറെയായി വംശീയ കലാപം തുടരുന്ന മണിപ്പൂരിലും ഹിന്ദുത്വ തീവ്രസംഘങ്ങള്‍ അഴിഞ്ഞാടിയതിനെ തുടര്‍ന്ന് വര്‍ഗീയ സംഘര്‍ഷം നടന്ന ഹരിയാനയിലെ നൂഹിലും ഇതിന്റെ ഏറിയ ഭാരവും പേറേണ്ടിവന്നത് ഇവിടങ്ങളിലെ സ്ത്രീകളും കുട്ടികളുമാണ്. വിദ്യാഭ്യാസം, ആരോഗ്യം, ഭാവി, സുരക്ഷ എന്നിവയെല്ലാം ഇരുളടയപ്പെടുന്ന ഇവരെ കുറിച്ച് ആരെങ്കിലും ആഴത്തില്‍ ചിന്തിക്കാറുണ്ടോ? ഓരോ സംഘര്‍ഷങ്ങളിലും നിരാലംബരായി എടുത്തെറിയപ്പെടുന്നത് പതിനായിരങ്ങളാണ്. ബന്ധുക്കളും കുടുംബങ്ങളും സ്വന്തം ഭവനങ്ങളും ജീവിതോപാധിയും കണ്‍മുന്നില്‍ എരിഞ്ഞ് ചാമ്പലാകുന്നത് നിസ്സഹായരായി നോക്കിനില്‍ക്കുന്ന കുട്ടികളിലും സ്ത്രീകളിലും ഇത് ഉണ്ടാക്കുന്ന മാനസികാഘാതങ്ങള്‍ അവരെ എത്തിക്കുന്നത് മറ്റൊരു തലത്തിലേക്കാണ്. സംഘര്‍ഷങ്ങളെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളിലും അഭയകേന്ദ്രങ്ങളിലുമായി ശിഷ്ടകാലം കഴിച്ചുകൂട്ടാന്‍ വിധിക്കപ്പെടുന്നവരെ ഭരണകൂടം പോലും ഒരു നിശ്ചിത കാലത്തിനപ്പുറത്തേക്ക് തിരിഞ്ഞുനോക്കാറില്ലെന്നതാണ് വര്‍ത്തമാനകാല യാഥാര്‍ഥ്യം.
മണിപ്പൂരിലെ സ്ത്രീകള്‍
പതിറ്റാണ്ടുകളായി കലാപത്തിന്റെ പിടിയിലായിരുന്ന മണിപ്പൂരിന് അക്രമം അപരിചിതമല്ല. എന്നാല്‍, കഴിഞ്ഞ 90 ദിവസങ്ങളില്‍ സംസ്ഥാനം സാക്ഷ്യം വഹിച്ച ക്രൂരമായ ആക്രമണങ്ങള്‍ തോതിലും ക്രൂരതയിലും അഭൂതപൂര്‍വമാണ്. മണിപ്പൂരില്‍ ജനസംഖ്യയില്‍ ഭൂരിപക്ഷമായ മെയ്തികള്‍ക്ക് പട്ടികവര്‍ഗ പദവി നല്‍കാനുള്ള സംസ്ഥാനത്തെ ബിജെപി സര്‍ക്കാരിന്റെ ശ്രമത്തിനെതിരായ പ്രതിഷേധത്തിന് പിന്നാലെ കലാപം ആരംഭിച്ച മണിപ്പൂരില്‍ 60,000ല്‍ അധികം പേരാണ് ഭവനരഹിതരായി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. ഇതില്‍ ന്യൂനപക്ഷമായ കുക്കികളാണ് ഏറെയും. ഇവരില്‍ ഏറെയും സ്ത്രീകളും കുട്ടികളും പ്രായമായവരുമാണ്. കലാപത്തീ അണയാതെ കത്തുന്ന സംസ്ഥാനത്ത് 4,000ലധികം വീടുകളും നൂറുകണക്കിന് സ്‌കൂളുകളും ക്രിസ്ത്യന്‍ ദേവാലയങ്ങളുമാണ് അക്രമകാരികള്‍ അഗ്നിക്കിരയാക്കിയത്. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ പങ്കുവെക്കുന്നത് നിസ്സഹായതയുടെയും വിലാപത്തിന്റെയും കണ്ണീരിന്റെയും കഥകള്‍ മാത്രമാണ്. ലൈംഗിക പീഡനത്തിനിരയായവരും ക്രൂരമര്‍ദനത്തിനിരയായവരും പരിക്കേറ്റവരുമെല്ലാം ക്യാമ്പുകളിലുണ്ട്. റോഡുകളിലും കാറുകളിലും വെച്ചാണ് പല സ്ത്രീകളും കുഞ്ഞുങ്ങളെ പ്രസവിച്ചത്. നിരവധി ഗര്‍ഭിണികളും മുലയൂട്ടുന്ന സ്ത്രീകളും വൈദ്യസഹായമോ പോഷകാഹാരമോ ഇല്ലാതെ ദുരിതാശ്വാസ കേന്ദ്രങ്ങളിലാണ്. ഇതര സമുദായക്കാര്‍ പെട്ടെന്ന് തങ്ങളുടെ വീടുകള്‍ ആക്രമിച്ചത് എന്തുകൊണ്ടെന്നോ ദുരിതാശ്വാസ ക്യാമ്പുകളില്‍ റേഷന്‍ തീര്‍ന്നാല്‍ എങ്ങോട്ട് പോകുമെന്നോ ഇവരില്‍ പലര്‍ക്കും അറിയില്ല. സര്‍ക്കാര്‍ തങ്ങള്‍ക്ക് സുരക്ഷയും പുനരധിവാസവും നല്‍കുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. പക്ഷേ, അവരുടെ പ്രതീക്ഷകള്‍ പലതും അസ്ഥാനത്താണ്. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന അന്തേവാസികളില്‍ പലരും ഉത്കണ്ഠയും വിഷാദവും പ്രകടിപ്പിക്കുന്നു. കലാപത്തിന്റെ ദൈര്‍ഘ്യമേറിയ ആഘാതം മണിപ്പൂരിലെ യുവജനങ്ങള്‍ക്കും അനുഭവപ്പെടും. മണിപ്പൂരില്‍ വിദ്യാഭ്യാസം തുടരാന്‍ കഴിയാത്തതിനാല്‍ ഇവരുടെ ഭാവി ഇരുളടയുന്നതോടെ ഇത് അവരുടെ കുടുംബത്തെയും പിന്നോട്ടടിപ്പിക്കും. മണിപ്പൂരിലെ മലയോര മേഖലകളില്‍ നല്ല ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇല്ലാത്തതിനാല്‍ മെയ്തികള്‍ക്കു ഭൂരിപക്ഷമുള്ള ഇംഫാലിലാണ് കുക്കികളിലേറെയും വിദ്യാഭ്യാസത്തിനായി എത്തുന്നത്. എന്നാല്‍ വംശീയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതോടെ ഇനി എന്ന് തിരിച്ചുവരാനാകുമെന്നുപോലും അറിയാതെ ഇവരെല്ലാം സ്വന്തം ഭവനങ്ങളിലേക്ക് മടങ്ങിയിരിക്കുകയാണ്. പ്രായമായവര്‍ക്കും മനോരോഗികള്‍ക്കും ഈ സംഘര്‍ഷം ചെറുതല്ലാത്ത ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുന്നത്. തങ്ങളുടെ അയല്‍വാസികള്‍ എന്തിനാണ് വഴക്കിട്ടതെന്ന് അവരില്‍ പലര്‍ക്കും മനസ്സിലാകുന്നില്ല. ഇംഫാലിലെ മെയ്തികള്‍ കുക്കി കോളനി ആക്രമിച്ചപ്പോള്‍ ഖോങ്സായ് വെംഗില്‍ നിന്ന് രക്ഷപ്പെട്ട ഡിമെന്‍ഷ്യ ബാധിച്ച 78 വയസ്സുകാരന്‍ പറയുന്നത് എന്താണ് സംഭവിച്ചതെന്ന് തനിക്ക് അറിയില്ല എന്നാണ്. എനിക്ക് ശരിയായി നടക്കാന്‍ കഴിയില്ല, അതിനാല്‍ തന്നെ ഇംഫാലില്‍ നിന്ന് ഇവിടെ വരെ കൊണ്ടുപോരേണ്ടിവന്നു. ഏതാനും യുവാക്കള്‍ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ മരിച്ചേനെ- അദ്ദേഹം പറയുന്നു. എന്റെ ഹൃദയം പൂര്‍ണമായും തകര്‍ന്നിരിക്കുന്നു. എന്തുകൊണ്ടാണ് ഞങ്ങളുടെ സഹോദരങ്ങള്‍ ഞങ്ങളെ ആക്രമിച്ചതെന്ന് എനിക്കറിയില്ല- അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
മൊയ്റാംഗിലെ ഖോയോള്‍ കെയ്തെല്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന ലെയ്ചാന്‍ ഇച്ചന്‍ ദേവിയെന്ന 36കാരിക്ക് മാസങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും നേരാംവണ്ണം ഉറങ്ങാനാവുന്നില്ല. മെയ്തി വിഭാഗക്കാരിയായ ഇവരടക്കം 400 പേരാണ് ഇവിടെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നത്. ഓരോ തവണയും കണ്ണടച്ച് ഉറങ്ങാന്‍ ശ്രമിക്കുമ്പോഴെല്ലാം തന്റെ മുമ്പില്‍ തീ ആളിപ്പടരുന്ന സ്വന്തം വീടാണ് എത്തുന്നതെന്ന് അവര്‍ പറയുന്നു. വീടിനെ മാത്രമല്ല, ഗ്രാമത്തെയാകെ ദഹിപ്പിച്ച തീയാണ് എപ്പോഴും ദുഃസ്വപ്‌നമായി വരുന്നത്. ചുരാചന്ദ്പൂരിന്റെയും ബിഷ്ണുപൂരിന്റെയും അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ടോര്‍ബംഗിലേക്ക് അക്രമകാരികളായ ജനക്കൂട്ടം ഇറങ്ങിയതും, വീടുകള്‍ കൊള്ളയടിക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തതെങ്ങനെയെന്നും അവള്‍ ഓര്‍ക്കുന്നു. ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള യാത്രയിലും ഇച്ചന്‍ ദേവി ആക്രമിക്കപ്പെട്ടു. ഭര്‍ത്താവിനെ അടിച്ചു; ഞങ്ങളുടെ നാല് കൊച്ചുകുട്ടികള്‍ എല്ലായിടത്തും ചിതറിപ്പോയി. അവരെല്ലാം മരിക്കുമെന്ന് ഞാന്‍ ഭയന്നുവെന്നും അവള്‍ കരച്ചിലിനിടയില്‍ പറയുന്നു. ക്യാമ്പിലെത്താന്‍ അഞ്ച് ദിവസമെടുത്തു. പക്ഷേ ഇപ്പോള്‍ അവള്‍ക്ക് സുരക്ഷിതത്വം തോന്നുന്നില്ല. ചുരാചന്ദ്പൂര്‍ അതിര്‍ത്തിയോട് വളരെ അടുത്താണ് മൊയ്റാംഗ്. അതിര്‍ത്തി ഗ്രാമങ്ങളില്‍ ഇപ്പോഴും രാത്രിയില്‍ വെടിവെപ്പ് നടക്കുന്നുണ്ട് എന്ന് അവള്‍ പറയുന്നു. ഭര്‍ത്താവും ക്യാമ്പിലെ മറ്റ് പുരുഷന്മാരും ചേര്‍ന്ന് രാത്രിയില്‍ കൂടുതല്‍ ആക്രമണങ്ങളില്‍ നിന്ന് ഗ്രാമത്തെ സംരക്ഷിക്കാന്‍ പ്രദേശവാസികളെ സഹായിക്കുന്നു. സന്നദ്ധപ്രവര്‍ത്തകരും സാധാരണക്കാരും നടത്തുന്ന ഇത്തരം സായുധ ജാഗരണങ്ങള്‍ അക്രമബാധിത ജില്ലകളില്‍ ഇപ്പോള്‍ സാധാരണമാണ്. എങ്കിലും ഇച്ചന്‍ ദേവിയും ക്യാമ്പിലുള്ള മറ്റുള്ളവരും മറ്റൊരു ആക്രമണത്തിന്റെ നിരന്തരമായ ഭയത്തിലാണ് കഴിയുന്നത്. 8-10 ദിവസമായി ഞാന്‍ കുളിച്ചിട്ടില്ല; എന്റെ കുട്ടികള്‍ ബിസ്‌കറ്റ് കഴിച്ചാണ് ജീവിക്കുന്നത്. ദിവസങ്ങള്‍ കഴിയുമ്പോള്‍ അവര്‍ക്ക് അതുപോലും ഉണ്ടാകില്ല- ഇച്ചന്‍ ദേവി ആറ് വയസ്സുള്ള മൂത്ത മകനെ ചൂണ്ടിക്കാണിച്ച് പറയുന്നു.
ഇംഫാലിലെ മറ്റൊരു ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന തേരാപൂര്‍ നിവാസിയായ ലിപ്ചങ് എന്ന 55കാരി വിവരിക്കുന്നത് ഇങ്ങനെ: ”മെയ് 3ന് യെങ്ഖോമാങിലുള്ള മകളുടെ ഫോണ്‍ വന്നതായി ഓര്‍ക്കുന്നു. രക്ഷിക്കാനായി സഹായം തേടുകയായിരുന്നു അവള്‍. അവളുടെ ഗ്രാമം ആക്രമണത്തിനിരയായെന്ന് പറഞ്ഞു. ഞാന്‍ ഒരു വൃദ്ധയാണ്, എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയില്ല. ഞാന്‍ പൊലീസിനെ വിളിച്ചു, പക്ഷേ, ആരും ഉത്തരം നല്‍കിയില്ല. ഒടുവില്‍ മെയ് 4 വരെ താരതമ്യേന സുരക്ഷിതമായിരുന്ന മകള്‍ക്ക് തേരാപൂരിലേക്ക് മടങ്ങാന്‍ കാര്‍ ക്രമീകരിക്കാന്‍ സഹായിച്ചത് ചില അയല്‍ക്കാരാണ്. ഒടുവില്‍ ആള്‍ക്കൂട്ടം എന്റെ വീട്ടിലും എത്തി. ഞങ്ങള്‍ക്ക് അവിടം വിട്ട് ഓടേണ്ടിവന്നു. ഞങ്ങളുടെ വീട്ടില്‍ ആളില്ലായിരുന്നു. ആക്രമിക്കാന്‍ വന്നവരെല്ലാം ആയുധധാരികളായിരുന്നു. ഞങ്ങള്‍ വല്ലാതെ ഭയപ്പെട്ടു.”
മുതിര്‍ന്നവരെപ്പോലും വെറുതെ വിട്ടിട്ടില്ലെന്ന് ചുരാചന്ദ്പൂരില്‍ നിന്ന് രക്ഷപ്പെട്ട വൃദ്ധയായ സാവിത്രി പറയുന്നു. മണിപ്പൂരില്‍ ഞാന്‍ മുമ്പ് അക്രമങ്ങള്‍ കണ്ടിട്ടുണ്ട്, പക്ഷേ, ഇത്രയും പച്ചയായ നിയമലംഘനം ഞാന്‍ കണ്ടിട്ടില്ല- അവര്‍ പറഞ്ഞു.
സ്ത്രീകള്‍ക്ക് വീട് നഷ്ടപ്പെടുന്നത് മാത്രമല്ല, അവരുടെ പ്രിയപ്പെട്ടവരെയെല്ലാം അക്രമികള്‍ കൊല്ലുന്നു. തന്റെ ഭര്‍ത്താവായ ചുരാചന്ദ്പൂരിലെ സെഹ്‌ഖൊഹാവോ ഹാവോകിപിന്റെ ചിത്രം ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ 33കാരിയായ നെങ്ജഹോയ് കിപ്ജെന്റെ കണ്ണീര്‍ ഒഴുകുന്നു. ”കര്‍ഷകനും പ്രാദേശിക ആദിവാസി അവകാശ പ്രവര്‍ത്തകനുമായ ഹാവോകിപ് മെയ് 3ന് കാങ്ബാക്ക് സമീപം മെയ്തി ആക്രമണത്തില്‍ കൊല്ലപ്പെട്ടതാണ്. സംസ്ഥാനത്ത് ഇന്റര്‍നെറ്റ് നിശ്ചലമായിട്ടും ആള്‍ക്കൂട്ടക്കൊലകളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അങ്ങനെയാണ് അവന്‍ കൊല്ലപ്പെട്ടതായി ഞങ്ങള്‍ മനസ്സിലാക്കിയത്. എനിക്ക് വീഡിയോ കാണാന്‍ കഴിഞ്ഞില്ല, പക്ഷേ, എന്റെ അമ്മായിയമ്മയ്ക്ക് സ്ഥിരീകരിക്കാന്‍ കഴിഞ്ഞു.” നാല് ചെറിയ കുട്ടികളുള്ള നെങ്ജഹോയിക്ക് ഇനി എങ്ങനെ കുടുംബം മുന്നോട്ടു കൊണ്ടുപോകുമെന്ന് അറിയില്ല.
”എന്റെ ഭര്‍ത്താവ് പോയി, ഞങ്ങളുടെ വീട് പോയി, ഞങ്ങളുടെ ഭൂമി പോയി” – കണ്ണീരോടെ അവള്‍ പറയുന്നു. ”ആറു വയസ്സുള്ള എന്റെ മകള്‍ എന്നോട് ചോദിക്കുന്നു, അവളുടെ പിതാവിന് എന്ത് സംഭവിച്ചുവെന്ന്; എന്തുകൊണ്ടാണ് ഞങ്ങള്‍ അയല്‍വാസിയുടെ വീട്ടില്‍ താമസിക്കുന്നത്? അവളോട് എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല.”
സംസ്ഥാനത്തുടനീളം കുട്ടികളെ കൂട്ടത്തോടെ മാറ്റിപ്പാര്‍പ്പിക്കുന്നുണ്ടെന്നും അവര്‍ക്ക് ശ്രദ്ധ നല്‍കുന്നില്ലെന്നും സംഘര്‍ഷബാധിതര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റ് കുമം ഡേവിഡ്‌സണ്‍ സിങ് പറയുന്നു. ”അക്രമത്തെത്തുടര്‍ന്ന് മണിപ്പൂരിലെ സ്‌കൂളുകളും കോളജുകളും അടച്ചിട്ടിരിക്കുകയാണ്. കര്‍ഫ്യൂ സമയങ്ങളില്‍ ഇളവ് നല്‍കിയിട്ടുണ്ടെങ്കിലും, സംസ്ഥാനം പൂര്‍ണമായും സാധാരണ നിലയിലേക്ക് മടങ്ങാന്‍ ഇനിയും ആഴ്ചകളോ മാസങ്ങളോ എടുത്തേക്കാം. ഞാന്‍ നോക്കുന്ന ക്യാമ്പില്‍ 60-70 കുട്ടികളുണ്ട്. വീടും പുസ്തകങ്ങളും കളിപ്പാട്ടങ്ങളും വളര്‍ത്തുമൃഗങ്ങളും വരെ നഷ്ടപ്പെട്ടതിന്റെ വേദന ഇവിടെ കുട്ടികള്‍ പങ്കുവെക്കുന്നുണ്ട്. അവരുടെ ജീവിതം പൂര്‍ണമായും താറുമാറായിരിക്കുന്നു; തങ്ങളുടെ ഗ്രാമങ്ങള്‍ കത്തിയെരിയുന്നതിനിടയില്‍ പലരും ആക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.”
ക്രൂരമായ ആക്രമണങ്ങള്‍ക്ക് വിധേയമാകുന്നത് കുട്ടികളില്‍ ദീര്‍ഘകാല മാനസികാഘാതം ഉണ്ടാക്കുമെന്നു സിങ് പറയുന്നു. സിങും മറ്റു ചിലരും ചേര്‍ന്ന് സംഘര്‍ഷബാധിതരായ കുട്ടികള്‍ക്കും യുവാക്കള്‍ക്കും വേണ്ടിയുള്ള ഒരു കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. അവിടെ അവര്‍ കുട്ടികള്‍ക്ക് പുസ്തകങ്ങളും ക്ലാസുകളും കളിപ്പാട്ടങ്ങളും ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും നല്‍കുന്നു. ട്രോമ ബാധിച്ചവര്‍ക്ക് കൗണ്‍സലിങ് സെഷനുകളും മാനസിക പിന്തുണയും ക്രമീകരിക്കാനും ശ്രമിക്കുന്നുണ്ട്.
”കൊച്ചുകുട്ടികള്‍ പെട്ടെന്ന് തോക്കുകളാണെന്ന മട്ടില്‍ വടികള്‍ ഉപയോഗിച്ച് കളിക്കുകയോ മോക് റെയ്ഡുകള്‍ നടത്തുകയോ ചെയ്യുന്നത് വളരെ ആശങ്കാജനകമാണ്. കുട്ടികള്‍ അത് അബോധാവസ്ഥയില്‍ ഉള്‍ക്കൊള്ളുമ്പോള്‍, യുവാക്കള്‍ യഥാര്‍ഥ തോക്കുകള്‍ എടുക്കുന്നു, അത് ഭയത്തിന്റെയോ സ്വയം പ്രതിരോധത്തിന്റെയോ അര്‍ഥത്തിലായാലും”- സിങ് കൂട്ടിച്ചേര്‍ക്കുന്നു.
വയോധികരും ഗര്‍ഭിണികളും മനോരോഗികളും ഏറെ ബുദ്ധിമുട്ടിയെന്ന് കാങ്പോക്പിയിലെ ഗ്രാമീണരെ പുനരധിവസിപ്പിക്കാനായി പ്രവര്‍ത്തിക്കുന്ന മണിപ്പൂരിലെ കുക്കി ഇന്‍പി അംഗം എല്‍ ഹാവോകിപ് പറയുന്നു. പ്രത്യുല്‍പാദന-പ്രസവ സേവനങ്ങളെ സാരമായി ബാധിച്ചു. നിരവധി സ്ത്രീകള്‍ റോഡുകളിലും കാറുകളിലും കുഞ്ഞുങ്ങളെ പ്രസവിച്ചിട്ടുണ്ട്. നിരവധി ഗര്‍ഭിണികളും മുലയൂട്ടുന്ന സ്ത്രീകളും വൈദ്യസഹായമോ പോഷകാഹാരമോ ഇല്ലാതെ ദുരിതാശ്വാസ കേന്ദ്രങ്ങളിലാണെന്ന് അദ്ദേഹം പറഞ്ഞു. ചരക്കുകളുടെയും സേവനങ്ങളുടെയും വില കുതിച്ചുയരുന്നതിലേക്ക് നയിക്കുന്ന പ്രതിസന്ധിയോടെ, സാനിറ്ററി നാപ്കിനുകളുടെയും ശുചിത്വ ടോയ്ലറ്റുകളുടെയും ലഭ്യത അസ്തമിച്ചു. കാങ്പോക്പി, സേനാപതി ജില്ലകളിലെ റെഡ്ക്രോസ് സൊസൈറ്റിയുമായി സഹകരിച്ച് ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ മൂന്നു മാസത്തേക്കുള്ള സാനിറ്ററി നാപ്കിനുകള്‍ വിതരണം ചെയ്യുന്നുണ്ട്.
ലൈംഗികാതിക്രമങ്ങളുടെ
ഇരകള്‍
മനോഹരമായ വടക്കുകിഴക്കന്‍ സംസ്ഥാനമാണ് മണിപ്പൂര്‍. അക്ഷരാര്‍ഥത്തില്‍ ‘രത്‌നങ്ങളുടെ നാട്.’ എന്നാല്‍ കഴിഞ്ഞ മൂന്ന് മാസമായി സ്ഥിതി പാടേ മാറി. അക്രമാസക്തമായ വംശീയ സംഘട്ടനത്തില്‍ മുങ്ങിയിരിക്കുകയാണ് ഈ കൊച്ചു സംസ്ഥാനം. രണ്ട് യുവതികളെ നഗ്നരാക്കി മെയ്തി അക്രമികള്‍ റോഡിലൂടെ നടത്തുകയും പിന്നീട് ലൈംഗിക അതിക്രമത്തിന് വിധേയരാക്കുന്നതിന്റെയും ഭയാനകമായ വീഡിയോ വൈറലാകുന്നതുവരെ മെയ് മുതല്‍ സംസ്ഥാനത്ത് നടന്ന കൊലപാതകങ്ങളും ബലാത്സംഗങ്ങളും കലാപങ്ങളും ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധയിലേക്കു പോലും വന്നിരുന്നില്ല. 26 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ക്ലിപ്പ് ഈ അതിക്രമം നടന്ന് രണ്ട് മാസം കഴിഞ്ഞാണ് പുറത്തുവന്നത്. പിന്നാലെ രാജ്യവ്യാപകമായി ജനരോഷം ഉയര്‍ന്നു. 90 ദിവസത്തെ രക്തരൂഷിതമായ സംഘട്ടനത്തിന് ചെയ്യാന്‍ കഴിയാത്തത് രണ്ട് സ്ത്രീകളുടെ അങ്ങേയറ്റം അസ്വസ്ഥമാക്കുന്ന വീഡിയോക്ക് കഴിഞ്ഞു. മണിപ്പൂരില്‍ നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങള്‍ തടയുന്നതില്‍ അധികാരികളുടെ നിഷ്‌ക്രിയത്വം ചര്‍ച്ചയാവാന്‍ ഇതിനായി. മണിപ്പൂരിലെ അക്രമത്തില്‍ മോദി സര്‍ക്കാരില്‍ നിന്ന് ഉത്തരം ആവശ്യപ്പെടുന്ന പ്രതിപക്ഷം പാര്‍ലമെന്റ് സമ്മേളനത്തില്‍ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം പോലും അവതരിപ്പിച്ചു.
മെയ് 4നാണ് ദാരുണമായ സംഭവം. നഗ്‌നരായി നടത്തിയ രണ്ട് കുക്കി സ്ത്രീകളില്‍ മൂത്തയാള്‍ ഇപ്പോള്‍ ദുരിതാശ്വാസ ക്യാമ്പിലാണ് കഴിയുന്നത്. അസാമാന്യമായ ധൈര്യം പ്രകടിപ്പിച്ചുകൊണ്ട്, സ്‌ക്രോള്‍ ന്യൂസ് പോര്‍ട്ടലിന്റെ റിപോര്‍ട്ടറോട് അവള്‍ തന്റെ ആഘാതം വിവരിച്ചിരുന്നു.
രക്ഷപ്പെട്ട 44കാരി ഗ്രാമത്തലവന്റെ ഭാര്യയും രണ്ടാമത്തെ സ്ത്രീ 21 വയസ്സുള്ള അയല്‍വാസിയുമാണ്. വീടുകള്‍ മെയ്തികള്‍ അഗ്നിക്കിരയാക്കുന്നതിനു മുമ്പ് ഇരുവരും വീടു വിട്ട് പലായനം ചെയ്തിരുന്നുവെങ്കിലും, മെയ്തി ജനക്കൂട്ടത്തിന്റെ പിടിയിലായി. പുരുഷന്മാര്‍ ആദ്യം ഇളയ പെണ്‍കുട്ടിയുടെ പിതാവിനെ മര്‍ദിച്ചു. തുടര്‍ന്ന് സഹോദരിയെ സംരക്ഷിക്കാന്‍ ശ്രമിച്ച അവളുടെ സഹോദരനെ തല്ലിക്കൊന്നു. അതിനു ശേഷം ജനക്കൂട്ടം രണ്ട് സ്ത്രീകളെയും നഗ്‌നരാക്കി റോഡിലൂടെ നടത്തുകയും ലൈംഗികമായി ആക്രമിക്കുകയും ചെയ്തു. ഇവരുടെ പേടിസ്വപ്‌നം അവസാനിക്കാത്തതായിരുന്നു. രണ്ടു തവണ വസ്ത്രം അഴിക്കാന്‍ നിര്‍ബന്ധിക്കുകയും എതിര്‍ത്തപ്പോള്‍ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. രണ്ടാഴ്ചക്കു ശേഷം കൂട്ടബലാത്സംഗത്തിന്റെ പ്രഥമ വിവര റിപോര്‍ട്ട്, കണ്ടാല്‍ അറിയാത്ത ഏതാനും പേരെ പ്രതി ചേര്‍ത്ത് രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ മാസം വീഡിയോ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെടുന്നതുവരെ അന്വേഷണത്തില്‍ കൂടുതല്‍ പുരോഗതി ഉണ്ടായില്ല. രണ്ട് സ്ത്രീകളും സഹായത്തിനായി പൊലീസ് വാഹനത്തിലേക്ക് ഓടിക്കയറിയെങ്കിലും പൊലീസ് അവരെ കൈയൊഴിഞ്ഞു എന്നതാണ് ഏറ്റവും ഞെട്ടിപ്പിക്കുന്ന കാര്യം. പൊലീസ് നിശ്ശബ്ദരായ കാഴ്ചക്കാരായിരുന്നു.
കുക്കി-സോ ഗോത്രവര്‍ഗക്കാര്‍ സംഘടിപ്പിച്ച ഗോത്ര സോളിഡാരിറ്റി മാര്‍ച്ചിനു ശേഷം മെയ് 3നാണ് ഭൂരിപക്ഷം വരുന്ന മെയ്തികളും കുക്കികളും തമ്മില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. സംസ്ഥാനത്തെ ജനസംഖ്യയുടെ 53 ശതമാനം വരുന്ന മെയ്തികള്‍ക്ക് പട്ടികവര്‍ഗ പദവി നല്‍കാനുള്ള നിര്‍ദേശത്തിനെതിരെ കുക്കികള്‍ പ്രതിഷേധിച്ചിരുന്നു. ഇംഫാല്‍ താഴ്വരയില്‍ സ്ഥിരതാമസമാക്കിയ മെയ്തികളില്‍ ഭൂരിഭാഗവും ഹിന്ദുക്കളാണെങ്കില്‍, കുന്നുകളില്‍ താമസിക്കുന്ന കുക്കി-സോ ഗോത്രവര്‍ഗക്കാര്‍ ക്രിസ്ത്യാനികളാണ്. കലാപത്തിന്റെ പ്രാരംഭത്തില്‍ തന്നെ കൊലപാതകങ്ങളും ബലാല്‍സംഗങ്ങളും വ്യാപകമായി നടന്നു. മണിക്കൂറുകള്‍ക്കകം പള്ളികളും വീടുകളും ഗ്രാമങ്ങളും അഗ്നിക്കിരയാക്കപ്പെട്ടു. പ്രത്യേകിച്ച് സ്ത്രീകള്‍ ഏറ്റവും ഭയാനകമായ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കു വിധേയരായി. പരസ്യമായി വസ്ത്രം വലിച്ചുകീറി, ലൈംഗികമായി ആക്രമിക്കപ്പെട്ടു, കൂട്ടബലാത്സംഗത്തിന് ഇരയായി. ക്രൂരമായി കൊല ചെയ്യപ്പെട്ടു. സംസ്ഥാനത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. സത്യം ലോകം അറിയാതിരിക്കാനായിരുന്നു ഇന്റര്‍നെറ്റ് നിരോധനം.
കലാപം പൊട്ടിപ്പുറപ്പെട്ട ശേഷം മണിപ്പൂര്‍ സന്ദര്‍ശിച്ച സിപിഐ വനിതാ നേതാവ് ആനി രാജ പറയുന്നു: ”ഇൗ അതിക്രമങ്ങളില്‍ ഏറ്റവും പ്രകടമാകുന്നത് സ്ത്രീശരീരത്തിനു മേലുള്ള ആക്രമണങ്ങളാണ്. സ്ത്രീകളെ മറ്റ് സമുദായത്തോട് പ്രതികാരം ചെയ്യാനുള്ള ഉപകരണമായി ഉപയോഗിച്ചു. ഇതെല്ലാം ഒരു ആധുനിക സമൂഹത്തില്‍ സംഭവിക്കുന്നു എന്നത് ഞെട്ടിക്കുന്നതാണ്. ഇത് അംഗീകരിക്കാനാവില്ല.”
സംസ്ഥാനത്തെ കൂട്ടക്കൊല തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും മുഖ്യമന്ത്രിയുടെ പങ്ക് നിഷേധിക്കാനാവാത്തതാണെന്നും സംസ്ഥാന സര്‍ക്കാരാണ് ഉത്തരവാദിയെന്നും രാജ ആരോപിച്ചു. തുടര്‍ന്ന് രാജക്കും രണ്ട് സഹപ്രവര്‍ത്തകര്‍ക്കും എതിരെ സംസ്ഥാന പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി.
രണ്ട് കുക്കി സ്ത്രീകള്‍ക്കെതിരായ അതിക്രമത്തില്‍ വീഡിയോ വൈറലായ ജൂലൈ 20നു ശേഷം മാത്രമാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. അതിഭയാനകമായ വീഡിയോ പുറത്തുവന്നതിനു ശേഷം, സംഘര്‍ഷത്തിനിടെ സ്ത്രീകള്‍ക്കെതിരായ ക്രൂരമായ അതിക്രമങ്ങളുടെ മറ്റ് നിരവധി സംഭവങ്ങള്‍ വെളിച്ചത്തു വന്നു. മെയ് 4നു തന്നെ മറ്റൊരു സംഭവത്തില്‍, രണ്ട് യുവ കുക്കി നഴ്സിങ് വിദ്യാര്‍ഥിനികളെ അവരുടെ ഹോസ്റ്റലില്‍ നിന്ന് വലിച്ചിഴച്ച് മെയ്തി ജനക്കൂട്ടം ആക്രമിച്ചു. ചുരാചന്ദ്പൂരിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന അതിജീവിതകള്‍ അവരുടെ അനുഭവം വേദനയോടെ വിവരിക്കുന്നു. വടികളും കത്തികളും തോക്കുകളുമായെത്തിയ ജനക്കൂട്ടം കുക്കി പെണ്‍കുട്ടികളെ തേടി ഹോസ്റ്റലിലേക്ക് ഇരച്ചുകയറി. 19ഉം 20ഉം വയസ്സുള്ള രണ്ട് പെണ്‍കുട്ടികളെ അവരുടെ ഹോസ്റ്റല്‍ മുറികളില്‍ നിന്ന് വലിച്ചിഴച്ച്, ദയാരഹിതമായി മര്‍ദിക്കുകയും രക്തം വാര്‍ന്നു റോഡരികില്‍ ഉപേക്ഷിക്കുകയും ചെയ്തു. അവിടെ നിന്നാണ് പിന്നീട് ക്യാമ്പില്‍ എത്തിയത്.
സ്ത്രീകള്‍ക്കെതിരായ ഈ ക്രൂരമായ കുറ്റകൃത്യങ്ങളുടെ ഏറ്റവും അസ്വസ്ഥജനകമായ ഒരു വശം, കുറ്റവാളികളില്‍ പുരുഷന്‍മാര്‍ മാത്രമല്ല, സ്ത്രീകള്‍ കൂടി ഉണ്ടെന്നതാണ്. അക്രമങ്ങളില്‍ സ്ത്രീകള്‍ പുരുഷന്മാരെ ബലാത്സംഗം ചെയ്യാനും കൊല്ലാനും പ്രേരിപ്പിച്ചതിന്റെയും നിരവധി സംഭവങ്ങള്‍ അതിജീവിച്ചവര്‍ വിവരിച്ചിട്ടുണ്ട്. മറ്റൊരു സംഭവത്തില്‍, 19 വയസ്സുള്ള കുക്കി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാനും കൊല്ലാനും അവളുടെ ജീവനെടുക്കാനും മെയ്തി സ്ത്രീകള്‍ നിര്‍ബന്ധിച്ചത് എങ്ങനെയെന്ന് യുവ നഴ്‌സിങ് വിദ്യാര്‍ഥിനി വിവരിക്കുന്നുണ്ട്. അതിജീവിച്ച നിരവധി വിവരണങ്ങള്‍ കാണിക്കുന്നതുപോലെ, സിവില്‍ സമൂഹത്തിന്റെ സംരക്ഷകരെന്ന നിലയില്‍ നേരത്തെ പ്രസിദ്ധമായ മെയ്‌റ പൈബിസ് എന്ന സ്ത്രീകളുടെ കൂട്ടായ്മ ഇപ്പോള്‍ കുറ്റവാളികളായി മാറിയിരിക്കുന്നു. യുവ കുക്കി പെണ്‍കുട്ടികളെ ആക്രമിക്കുന്നതിലും മെയ്തി പുരുഷന്മാരെ ബലാത്സംഗത്തിന് പ്രേരിപ്പിക്കുന്നതിലും വരെ മെയ്‌റ പൈബിസും ഒരുപോലെ കുറ്റക്കാരിയാണെന്ന് അതിജീവിച്ചവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
സ്ത്രീകള്‍ക്കെതിരായ യുദ്ധം
മണിപ്പൂരിലെ ഇംഫാലിന് വടക്ക് സ്ഥിതി ചെയ്യുന്ന കാങ്പോക്പി ജില്ലയിലെ കുക്കി-സോമി സമുദായത്തിലെ കുടിയൊഴിപ്പിക്കപ്പെട്ട ആളുകള്‍ക്കായി പരിശീലന സ്ഥാപനമായി മാറിയ ദുരിതാശ്വാസ ക്യാമ്പിലാണ് 18കാരിയായ റെയ്ന ഹാവോകിപ് കഴിയുന്നത്. എല്ലാ വശങ്ങളിലും നെല്‍വയലുകളാല്‍ ചുറ്റപ്പെട്ട ക്യാമ്പില്‍ ഇപ്പോള്‍ 30ഓളം കുക്കി-സോമി കുടുംബങ്ങളാണ് താമസിക്കുന്നത്.
അവളുടെ മുറിവുകള്‍ പരിചരിക്കുന്നതിനും മെയ്തികള്‍ ലൈംഗികമായി ആക്രമിച്ചതിന്റെ ഭയാനകമായ ഓര്‍മകളെ അതിജീവിക്കുന്നതിനുമായി ഹാവോകിപ് ദിവസങ്ങള്‍ കൂടുതലായി ചെലവഴിക്കുന്നു. ചില രാത്രികളില്‍, തലയില്‍ തോക്ക് പിടിച്ചിരിക്കുന്ന പുരുഷന്മാരെ അവള്‍ സ്വപ്‌നം കണ്ട് അലറിവിളിക്കുന്നു. അവളുടെ ചര്‍മത്തിലെ മുറിവുകള്‍ ഏകദേശം ഭേദമായെങ്കിലും ഉള്ളിലെ പാടുകള്‍ അവശേഷിക്കുന്നതായി അവള്‍ പറയുന്നു. ഇംഫാലിലെ ന്യൂ ചെക്കോണ്‍ ഏരിയയില്‍ ജനിച്ച് കുക്കി-സോമികള്‍, നാഗന്മാര്‍, മെയ്തികള്‍, നേപ്പാളികള്‍, മറ്റ് സമുദായങ്ങള്‍ എന്നിവരെല്ലാം വര്‍ഷങ്ങളോളം സമാധാനപരമായി ജീവിച്ച ഒരു സമ്മിശ്ര അയല്‍പക്കത്താണ് ഹാവോകിപ് താമസിച്ചത്. എന്നാല്‍ ഇത്തരമൊരു വംശീയ ആക്രമണത്തിന് ഇരയാകേണ്ടി വരുമെന്ന് ഹാവോകിപ് ഒരിക്കലും കരുതിയിരുന്നില്ല. അക്രമം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ താന്‍ ഒരു പംഗല്‍ പ്രദേശത്തെ കുക്കി സുഹൃത്തിന്റെ സ്ഥലത്തായിരുന്നുവെന്ന് ഹാവോകിപ് ഓര്‍ക്കുന്നു. എല്ലാ മുസ്‌ലിംകളെയും സൂചിപ്പിക്കാന്‍ മെയ്തികള്‍ ചരിത്രപരമായി ഉപയോഗിക്കുന്ന പദമാണ് പംഗല്‍.
കുടുംബം ഇംഫാലില്‍ നിന്ന് പലായനം ചെയ്തപ്പോള്‍ ഹാവോകിപിന് അവരോടൊപ്പം പോകാന്‍ കഴിഞ്ഞില്ല. ഏകദേശം രണ്ടാഴ്ചയോളം വീട്ടില്‍ നിന്ന് ഒരു മണിക്കൂര്‍ യാത്രാദൈര്‍ഘ്യമുള്ള സുഹൃത്തിന്റെ സ്ഥലത്ത് അവള്‍ ഒളിച്ചു. പംഗലുകള്‍ അക്രമത്തില്‍ പങ്കാളികളല്ലാത്തതിനാല്‍ ഇവിടെ സുരക്ഷിതയായിരിക്കുമെന്ന് അവള്‍ക്ക് ഉറപ്പുണ്ടായിരുന്നു. സുരക്ഷിതമായ വീടിന് പുറത്തുള്ള ലോകത്തു നിന്ന്, അവളുടെ സുഹൃത്തിന്റെ പംഗല്‍ ഭര്‍ത്താവ് അതിക്രമങ്ങളുടെ കഥകള്‍ക്കൊപ്പം അവശ്യവസ്തുക്കളും തിരികെ കൊണ്ടുവരും. എന്നിരുന്നാലും, ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ എന്തെങ്കിലും ചെയ്യുമെന്ന് അവള്‍ വിശ്വസിച്ചു. എന്നാല്‍ കാര്യങ്ങള്‍ മെച്ചപ്പെടുന്നതിന്റെ ലക്ഷണമില്ലാതിരുന്നപ്പോള്‍ സുഹൃത്തുക്കള്‍ അവരുടെ സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാന്‍ തുടങ്ങി. അപ്പോഴാണ് തന്റെ കുടുംബത്തിലേക്ക് എത്താനുള്ള വഴി കണ്ടെത്താന്‍ അവള്‍ തീരുമാനിച്ചത്.
യാത്രയ്ക്കായി കുറച്ച് പണം പിന്‍വലിക്കാന്‍ ഹാവോകിപ് തീരുമാനിച്ചു. അവളും അവളുടെ സുഹൃത്തും ന്യൂ ചെക്കോണിലെ ഒരു എടിഎമ്മിലേക്ക് പോകുമ്പോള്‍, ബൊലേറോയിലെത്തിയ ഒരുകൂട്ടം മെയ്തി പുരുഷന്മാര്‍ അവരെ വളഞ്ഞു. ആധാര്‍ കാര്‍ഡ് കാണിക്കാന്‍ അവര്‍ ആവശ്യപ്പെട്ടു.
”എനിക്ക് അഭയം നല്‍കിയതിന് അവര്‍ എന്റെ സുഹൃത്തിനെ മര്‍ദിക്കാന്‍ തുടങ്ങി. എന്നിട്ട് അവര്‍ എന്നെ തല്ലാനും അസഭ്യം പറയാനും തുടങ്ങി. അവര്‍ എന്റെ സുഹൃത്തിനെ ഒഴിവാക്കി. എന്നെ ബലപ്രയോഗത്തിലൂടെ ബൊലേറോയിലേക്ക് തള്ളിയിടുകയും, മെയ്തി ആധിപത്യമുള്ള പ്രദേശമായ വാങ്ഖേയ് അയാങ്പെലിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. കാറിനുള്ളില്‍ വെച്ച് പുരുഷന്മാര്‍ ആക്രമിക്കുന്നത് തുടര്‍ന്നു. അവര്‍ എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. എല്ലാ കുക്കികളെയും വേട്ടയാടുമെന്ന് അവര്‍ പറഞ്ഞു” – ഹാവോകിപ് പറഞ്ഞു.
പെലിയിലെത്തിയപ്പോള്‍ പുരുഷന്മാരും സ്ത്രീകളും അവളെ പിടികൂടിയവരോടൊപ്പം ചേര്‍ന്നു. മെയ്‌റാ പൈബിസ് ആയിരുന്നു ആ സ്ത്രീകള്‍. ഇംഫാല്‍ താഴ്വരയിലെ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള മെയ്തി സ്ത്രീകളാണ് മെയ്‌റാ പൈബിസ് എന്നറിയപ്പെടുന്ന ‘വനിതാ ടോര്‍ച്ച് വാഹകര്‍.’ മദ്യപാനം, മയക്കുമരുന്ന് ഉപയോഗം, മനുഷ്യാവകാശ ലംഘനങ്ങള്‍, സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ എന്നിവക്കെതിരെ പോരാടുന്നതിന് 1970കളില്‍ രൂപീകരിച്ച സംഘടിത സാമൂഹിക പ്രസ്ഥാനമാണ് മെയ്‌റാ പൈബിസ്. പക്ഷേ അവര്‍ അക്രമികള്‍ക്കൊപ്പം കൂടുന്ന ഞെട്ടിക്കുന്ന കാഴ്ചയാണ് അവള്‍ കണ്ടത്.
ക്രൂരമര്‍ദനത്തിനു ശേഷം ഇംഫാലിന്റെ വടക്കന്‍ ഭാഗത്തുള്ള ലാംഗോള്‍ കുന്നുകളിലേക്കാണ് സംഘം അവളെ കണ്ണുകളും കൈകളും കെട്ടിയിട്ട് കൊണ്ടുപോയത്.
”തങ്ങളുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചില്ലെങ്കില്‍ വെറുതെ വിടില്ലെന്ന് അവര്‍ പറഞ്ഞു. അവര്‍ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. വിട്ടയക്കാന്‍ അവരോട് കേണപേക്ഷിച്ചു. തോക്കിന്റെ പാത്തി കൊണ്ട് അടിയേറ്റതിനാല്‍ കണ്ണില്‍ നിന്നും ചെവിയില്‍ നിന്നും രക്തം ഒഴുകാന്‍ തുടങ്ങി. വഴങ്ങാതിരുന്നപ്പോള്‍ പുരുഷന്മാര്‍ ചാടിവീണു.”
കുറച്ച് സമയത്തിനു ശേഷം, ഹാവോകിപിന് ബോധം നഷ്ടപ്പെട്ടു. ബോധം തെളിഞ്ഞപ്പോള്‍ അവള്‍ വിവസ്ത്രയായ നിലയിലായിരുന്നു.
”ഞാന്‍ ഉണര്‍ന്നപ്പോള്‍ ഏകദേശം നേരം പുലര്‍ന്നിരുന്നു. മൂത്രമൊഴിക്കാനായി പുറത്ത് പോകണമെന്ന് പറഞ്ഞപ്പോള്‍ അവസാനത്തെ ആഗ്രഹമെങ്കില്‍ അങ്ങനെയാകട്ടെ എന്ന് പറഞ്ഞ് പുറത്തിറക്കി. പുറത്തിറങ്ങിയ ഞാന്‍ ഓടുകയായിരുന്നു. എന്റെ ശരീരം അഴുക്കും ചെളിയും രക്തവും കൊണ്ട് മൂടിയിരുന്നു. പച്ചക്കറിയുമായി പോകുന്ന പംഗല്‍ ഓട്ടോ ഡ്രൈവര്‍ എന്നെ കണ്ടു. വെളുത്ത ബൊലേറോ ഞങ്ങളെ പിന്തുടരുന്നത് കണ്ടപ്പോള്‍ അദ്ദേഹം എന്നെ അടുത്തുള്ള പൊലീസ് സ്റ്റേഷനായ ബിഷ്ണുപൂര്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഞാന്‍ ഒരു പൊലീസ് സ്റ്റേഷനു മുന്നില്‍ നില്‍ക്കുന്നത് കണ്ടപ്പോള്‍ സംഘം തിരിച്ചുപോയി.”
എന്നാല്‍ അവളെ ന്യൂ ചെക്കോണില്‍ ഡ്രോപ് ചെയ്യാന്‍ ഹാവോകിപ് ഡ്രൈവറോട് ആവശ്യപ്പെട്ടു. അവള്‍ക്ക് മെയ്തി പൊലീസിനെ വിശ്വാസമില്ലായിരുന്നു.
ദുരിതാശ്വാസ ക്യാമ്പില്‍ കുടുംബവുമായി ഒന്നിക്കും മുമ്പ് ഇംഫാലില്‍ നിന്ന് ഏകദേശം 136 കിലോമീറ്റര്‍ അകലെയുള്ള കൊഹിമയിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഹാവോകിപ്.
നൂഹിലെ ബുള്‍ഡോസര്‍ രാജ്
തകര്‍ത്ത ജീവിതങ്ങള്‍
മണിപ്പൂരില്‍ വംശീയ കലാപമാണ് ആയിരങ്ങളെ തെരുവിലിറക്കിയതെങ്കില്‍ സംഘ്പരിവാര്‍ സംഘടനകളുടെ ആസൂത്രിത കലാപത്തിനു പിന്നാലെ ഭരണകൂടം ബുള്‍ഡോസര്‍ രാജിലൂടെ തെരുവിലേക്ക് എടുത്തെറിഞ്ഞവരുടെ കഥയാണ് ഹരിയാനയിലെ നൂഹില്‍ കാണുന്നത്. നൂഹില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടായി ഏതാനും ദിവസത്തിനകം ഏകപക്ഷീയമായ നീക്കത്തിലൂടെയാണ് പലരുടെയും വീടുകളും വ്യാപാരസ്ഥാപനങ്ങളും പൊളിച്ചെറിഞ്ഞത്. ഇതില്‍ പലതും പതിറ്റാണ്ടുകളായി അവിടെ ഉണ്ടായിരുന്നതാണ്. ഇവിടെ ഭരണകൂടത്തിന്റെ അക്രമത്തിനിരയായവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണ്.
18 മാസം പ്രായമുള്ള മകന്‍ സീഷാന്‍ പാലിനായി കരയുമ്പോള്‍ പര്‍മീനയുടെ(27) മൂത്ത മകന്‍(5) വീട്ടിലേക്ക് പോകണമെന്നു പറഞ്ഞ് കരയുന്നു. എന്നാല്‍ വീട് എവിടെ എന്നതിന് ഉത്തരമില്ലാതെ പര്‍മീന കണ്ണീര്‍ തുടയ്ക്കുന്നു. നല്‍ഹാറിലെ ആരവലിസിന്റെ താഴ്വരയിലുള്ള വീട് ഭരണകൂടം ബുള്‍ഡോസര്‍ കൊണ്ട് തകര്‍ത്തതിനെ തുടര്‍ന്ന് പര്‍മീനയും കുടുംബവും തെരുവിലാണ്. ജൂൈല 31നു നൂഹില്‍ നടന്ന വര്‍ഗീയ കലാപത്തില്‍ ഉള്‍പ്പെട്ടവരുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്നവരുടെ സ്വത്തുക്കള്‍ പൊളിച്ചുനീക്കുന്നതിനിടയില്‍ അവരുടെ ഭര്‍ത്താവ് ധാന്യം വില്‍ക്കാന്‍ ഉപയോഗിച്ചിരുന്ന വണ്ടിയും പിടിച്ചെടുത്തു. ബുള്‍ഡോസറുകള്‍ വന്ന് കോണ്‍ക്രീറ്റ് ഇടിക്കാന്‍ തുടങ്ങിയപ്പോള്‍ പര്‍മീനക്കും അവളുടെ അമ്മായിയമ്മ ഫസ്രിക്കും (80) വീട്ടില്‍ നിന്ന് രണ്ട് കട്ടിലുകളും ഒരു പായയും വലിച്ചെറിയാന്‍ മാത്രമേ സമയമുണ്ടായുള്ളൂ. ഇപ്പോള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ വീണ്ടെടുത്ത കട്ടിലുകളില്‍ ഉറങ്ങുന്നു.
”എനിക്ക് ഭക്ഷണം കഴിക്കാതെ ജീവിക്കാന്‍ കഴിയും. പക്ഷേ ഭക്ഷണം പരിമിതമായാല്‍ കുട്ടികള്‍ക്ക് ബുദ്ധിമുട്ടാണ്. എന്റെ മക്കള്‍ സീഷനും അയനും രാവിലെ ആറു മണിക്ക് ഉണരും. അവര്‍ക്ക് ആദ്യം വേണ്ടത് പാലാണ്. ഞങ്ങള്‍ക്ക് ഒരു വലിയ കുടുംബമുണ്ട്. അതിനാല്‍ എന്റെ ഭര്‍തൃപിതാവ് പാല്‍ സംഘടിപ്പിക്കുന്നതു വരെ ഞാന്‍ അവര്‍ക്ക് പഞ്ചസാര കലര്‍ത്തിയ വെള്ളം നല്‍കുന്നു.”
മൂന്നു പതിറ്റാണ്ടോളം താനീ വീട്ടില്‍ താമസിച്ചുവെന്നും നിര്‍മാണം അനധികൃതമാണെന്ന അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ഫസ്രി പറയുന്നു.
”ഞങ്ങള്‍ ഭവനരഹിതരായ രാത്രിയില്‍ മഴ പെയ്തു. അതിനാല്‍, നിലത്ത് കണ്ടെത്തിയ പോളിത്തീന്‍ ബാഗുകള്‍ ഉപയോഗിച്ച് ഞങ്ങള്‍ തല മറച്ചു. ദരിദ്രര്‍ക്ക് അവരുടെ ജീവിതം പുനര്‍നിര്‍മിക്കാന്‍ പ്രയാസമാണ്… ദാരിദ്ര്യത്തിന് മതമില്ല.”
തങ്ങള്‍ക്ക് വൈദ്യുതി മീറ്റര്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ഭരണതലത്തില്‍ നിന്ന് ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്യുന്ന ഫസ്രിയുടെ മകന്‍ ആസ് മുഹമ്മദ് പറയുന്നു. ”ഈ വീട് 1996ലാണ് നിര്‍മിച്ചത്. നിര്‍മാണം അനധികൃതമാണെങ്കില്‍ അവര്‍ ഞങ്ങള്‍ക്ക് ആദ്യം ഒരു മീറ്റര്‍ നല്‍കരുതായിരുന്നു. പൊളിക്കുന്നതിനെക്കുറിച്ച് ഞങ്ങള്‍ക്ക് ഒരു മുന്‍കൂര്‍ അറിയിപ്പ് പോലും നല്‍കിയിട്ടില്ല. ശനിയാഴ്ച വൈകീട്ട് നാലിന് അവര്‍ വന്ന് ഇറക്കി. എന്റെ കുടുംബത്തിലെ ചിലര്‍ നൂഹിലെ ഒരു ബന്ധുവിന്റെ വീട്ടില്‍ അഭയം പ്രാപിച്ചിട്ടുണ്ട്. പക്ഷേ, എന്റെ മാതാവ് ഇവിടെ നിന്ന് പോകാന്‍ ആഗ്രഹിക്കുന്നില്ല”- അദ്ദേഹം പറയുന്നു.
രണ്ട് കിടപ്പുമുറികളുള്ള അവരുടെ വീടിന് എതിര്‍വശത്തുള്ള മുഹമ്മദിന്റെ ഇളയ സഹോദരനെ ഒഴിവാക്കി, പക്ഷേ അത് എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ പര്യാപ്തമല്ല. റോഡിന് തൊട്ടുതാഴെയുള്ള വീട് തകര്‍ന്ന റാബിയയും (45) അഞ്ച് മക്കളോടൊപ്പം തെരുവിലാണ് താമസിക്കുന്നത്.
”എന്റെ ഇളയ മകന് ഏഴു വയസ്സായി. എന്റെ ഭര്‍ത്താവ് ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുന്നു. ഇപ്പോള്‍ തമിഴ്‌നാട്ടില്‍ എവിടെയോ ആണ്. പൊളിക്കല്‍ നടന്നപ്പോള്‍ എനിക്ക് സ്വന്തമായി എല്ലാം കൈകാര്യം ചെയ്യേണ്ടിവന്നു. എന്റെ ബന്ധുക്കളുടെ വീട്ടിലേക്ക് മാറേണ്ടി വന്നു”- അവര്‍ പറയുന്നു. ഇനി എന്ത് ചെയ്യും എന്ന ചോദ്യത്തിന്, മറ്റൊരാളുടെ വീട്ടില്‍ താമസിക്കാന്‍ പ്രയാസമാണെന്ന് റാബിയ പറയുന്നു.
ജില്ലാ ഭരണകൂടം പറയുന്നതനുസരിച്ച്, ആഗസ്ത് 3 മുതല്‍ 6 വരെയുള്ള നാല് ദിവസങ്ങളില്‍ 150ലധികം കോണ്‍ക്രീറ്റ് കെട്ടിടങ്ങളും നൂറുകണക്കിന് കുടിലുകളും തകര്‍ത്തു. കലാപത്തില്‍ ഉള്‍പ്പെട്ട നിരവധി പേര്‍ ഈ സ്ഥലങ്ങളില്‍ താമസിക്കുന്നുണ്ടെന്ന് ആരോപിച്ചാണ് ഭരണകൂടം അനധികൃതമെന്നു പറഞ്ഞ് ഇവരെ തെരുവിലേക്ക് വലിച്ചെറിയുന്നത്.