LoginRegister

അവരും സാദാ മനുഷ്യര്‍

സഹീറാ തങ്ങള്‍

Feed Back


ഈയടുത്ത് തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ വളരെ ഗൗരവമേറിയ ഒരു പരാതിയുമായി പോവേണ്ടിവന്ന സന്ദര്‍ഭം ഉണ്ടായി. മാന്യമായിട്ടാണ് അവര്‍ സ്വീകരിച്ചത്. ഒരുപാട് പേര്‍ പരാതിയുമായി വരുകയും പോവുകയും ചെയ്യുന്നു. പൊലീസുകാര്‍ ഓരോരുത്തരോടും വളരെ വിനയത്തോടെ, എന്താണ് പ്രശ്നം എന്ന് തിരക്കുന്നു. പ്രായമായവര്‍ക്ക് പുറത്തുള്ള ഇരിപ്പിടം കാണിച്ചുകൊടുക്കുന്നു. കുറേ നേരമായി കാത്തിരിക്കുന്ന വൃദ്ധയോട്, അമ്മ ഭക്ഷണം കഴിച്ചതാണോ, ചായ വേണോ എന്ന് വന്ന് അന്വേഷിക്കുന്ന വനിതാ പൊലീസ്.
പരാതി കൊടുത്തു രണ്ടു മണിക്കൂര്‍ കൂടിയായില്ല, പൊലീസുകാര്‍ കുറ്റം ചെയ്ത ആളുമായി പൊലീസ് സ്റ്റേഷനില്‍ ഹാജര്‍. മറ്റുള്ള കേസുകളും ഏറക്കുറേ അങ്ങനെയൊക്കെ തന്നെയാണ് അവര്‍ കൈകാര്യം ചെയ്യുന്നത്. ‘സാധാരണക്കാരന്റെ കോടതിയും നിയമവുമെല്ലാം ഈ പൊലീസ് സ്റ്റേഷനാണ്’ എന്ന് അരക്കിട്ടുറപ്പിക്കുന്ന കാഴ്ചകള്‍!
എന്നാല്‍ നമ്മുടെ നാട്ടില്‍ ഏറ്റവും കൂടുതല്‍ തെറ്റിദ്ധരിക്കപ്പെടുന്നതും ബലിയാടുകളാവുന്നതും ഈ പൊലീസുകാര്‍ തന്നെ എന്നോര്‍ത്തുപോകുന്നു. പ്രതിയെ പിടിക്കുന്നില്ല, എഫ്‌ഐആറില്‍ വെള്ളം ചേര്‍ത്തു, പ്രതികളോട് ക്രൂരമായി പെരുമാറി, പരാതിക്കാരനെ വിരട്ടി വിട്ടു, വേണ്ട രീതിയില്‍ ഗൗനിച്ചില്ല തുടങ്ങി പൊലീസ് എന്ന സാധാരണ മനുഷ്യനു നേരെ നീളുന്ന ഒരു നീണ്ട ലിസ്റ്റുണ്ട്. പ്രമാദമായ ഒരു കേസ് തെളിഞ്ഞാല്‍ അതിന്റെ ക്രെഡിറ്റ് അപ്പോഴത്തെ ഭരണപക്ഷത്തിന്. തെളിഞ്ഞില്ലെങ്കില്‍ കുറ്റം പൊലീസിന്, നിയമവ്യവസ്ഥയ്ക്ക്.
മേല്‍പറഞ്ഞ ആരോപണങ്ങള്‍ ഓരോന്നും മാറിനിന്ന് നിരീക്ഷിക്കുമ്പോള്‍ നമുക്കു മനസ്സിലാകുന്ന ഒരു കാര്യമുണ്ട്. നിയമവ്യവസ്ഥയെ അട്ടിമറിക്കാന്‍ ശക്തമായ ഇടപെടലുകള്‍ നടക്കുമ്പോള്‍, ഒരു ഡെമോക്രാറ്റിക് രാജ്യത്തെ പ്രോട്ടോകോള്‍, സുപ്പീരിയോറിറ്റിയും ബഹുമാനവും അനുസരണവും, രാഷ്ട്രീയവും അധികാരവും പണത്തിനോടൊപ്പം പിന്നാമ്പുറം കൈകോര്‍ക്കുമ്പോള്‍, കൃത്യനിര്‍വഹണത്തില്‍ കണിശതയുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പോലും മാനസിക സമ്മര്‍ദത്തിന് അടിപ്പെടുന്നു.
നിയമം പാലിക്കുക എന്നുതന്നെയാണ് പൊലീസില്‍ അധിക പേരും ആഗ്രഹിക്കുന്നത്. എന്നാല്‍ പാലിക്കുന്നതിന് തടസ്സമാവുന്ന ‘ഇടപെടലുകളാ’ണ് നമ്മുടെ സമൂഹത്തിലെ വില്ലന്‍.
കസ്റ്റഡി മരണങ്ങളും സൈക്കോപാത്ത് സ്വഭാവ വൈകല്യങ്ങളും ഷൂട്ട് അറ്റ് സൈറ്റ് ദുരുപയോഗങ്ങളും കൃത്രിമ ഏറ്റുമുട്ടലിലൂടെയുള്ള ഇല്ലാതാക്കലുകളും തെളിവുകള്‍ തേച്ചുമായ്ച്ചു വാദിയെ പ്രതിയാക്കുന്നവരും ഈ ഡിപാര്‍ട്ട്‌മെന്റിലുണ്ട് എന്ന നഗ്നസത്യം ഇത് എഴുതുമ്പോഴും കാണാതെപോകുന്നില്ല.
ഭൂരിഭാഗം പൊലീസ് ഉദ്യോഗസ്ഥരും ഒരു കുറ്റം റിപോര്‍ട്ട് ചെയ്യപ്പെട്ടാല്‍, രാത്രിയോ പകലോ ഭേദമില്ലാതെ, സ്വന്തം കുടുംബത്തെ പോലും ഓര്‍ക്കാതെ, സ്വജീവന്‍ പോലും വകവെക്കാതെ ധീരരായി മുന്നിട്ടിറങ്ങുന്നവരാണ്.
ജോലിയില്‍ കൂറുള്ള ഒരു പൊലീസുകാരന്‍ അത് ചെയ്യുന്നില്ലെങ്കില്‍ അതിനു പിറകില്‍ പുറംലോകം അറിയാത്ത ഒരു കാരണവും കാണും. ഒരു പൊലീസുകാരനു നേരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനു മുമ്പേ ഒളിഞ്ഞിരിക്കുന്ന ആ കാരണം കണ്ടെത്താന്‍ കൂടി പൊതുസമൂഹത്തിനു ബാധ്യതയുണ്ട്.
‘അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്’ എന്ന് പറയും പോലെ, മീഡിയയുടെയും പൊതുജനത്തിന്റെയും വായടപ്പിക്കുന്നതിനായി ഭരണനേതാക്കള്‍ മിക്കപ്പോഴും കരുവാക്കുന്നതും ഈ കാവലാളുകളെ തന്നെ.
രാഷ്ട്രീയ ഗൂഢലക്ഷ്യമുള്ള ലഹളകളും കുതികാല്‍ വെട്ടുകളും മാറിവരുന്ന ഭരണകര്‍ത്താക്കളുടെ മുന്‍ വൈരാഗ്യവുമെല്ലാം ഇവരുടെ ജീവിതത്തെ അട്ടിമറിക്കുന്നത് നമ്മള്‍ കണ്ടിട്ടുള്ളത് സിനിമയില്‍ മാത്രമാവും. എന്നാല്‍ സിനിമയേക്കാള്‍ ഭയാനകമാണ് യാഥാര്‍ഥ്യം.
ഇന്ത്യന്‍ നിയമം ശക്തമാണ്, ഉറച്ചതാണ്. എന്നാല്‍ ജാതിയും മതവും ലിംഗവും രാഷ്ട്രീയവും പണവുമെല്ലാം നിയമവ്യവസ്ഥയെ അട്ടിമറിക്കാന്‍ കച്ചകെട്ടി ഇറങ്ങിയാല്‍ ഒരു മുതിര്‍ന്ന പൊലീസ് ഓഫീസര്‍ക്കു പോലും ഒന്നും ചെയ്യാനാകാതെ പ്രതിമ പോലെ നില്‍ക്കേണ്ടി വരുന്നു.
എതിര്‍ക്കുന്നവരെ കാസര്‍കോഡ് മുതല്‍ കന്യാകുമാരി വരെ തട്ടിക്കളിക്കുന്നു. എന്നിട്ടും വഴങ്ങുന്നില്ലെങ്കില്‍ തലയില്‍ തൊപ്പിയോ തല തന്നെയോ കാണാതാവുന്നു.
മാറേണ്ടത് സിസ്റ്റമാണ്. നിയമം പാലിക്കപ്പെടാനുള്ളതാണെന്ന ഉറച്ച നിയമം എന്നാണ് നമ്മുടെ രാജ്യത്ത് നടപ്പില്‍വരിക?

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top