വരണ്ടുണങ്ങി വിളറിയ മണ്ണിന്
മാറിടങ്ങളെ ഉള്പ്പുളകമണിയിച്ച്,
കള്ളച്ചിരിയോടെ, ശൃംഗാര
ഭാവമാല് ചന്നംപിന്നമായും
പിന്നെ തോരാതെയൊഴുകി-
യെത്തിയ പുതുമഴയില്‍
മണ്ണിന് സിരകളിലെല്ലാം
ഹര്‍ഷോന്മാദപുളകം വിരിഞ്ഞു.
അവളുടെ ഉദരത്തിലെ
പുതുബിന്ദു ജീവന് തുടിപ്പായ്
വളര്‍ന്നു പുഷ്പിച്ച പോല്‍,
നനഞ്ഞൊലിച്ച മണ്ണില്‍
മുളയിട്ട കുഞ്ഞുപുല്നാമ്പുകള്
ഭൂമിയെ ഹരിതാഭയാലൊരുക്കി.
പൂന്തോട്ടത്തില്‍ കൂട്ടമായ്
വിരുന്നെത്തിയ ചിത്രശലഭം പോല്‍
പാഴ്മരുഭൂമിയാം ഊഷരമനമില്
സുന്ദര കിനാവുകള്‍ വിരുന്നിനെത്തി.
വരണ്ട ഉഷ്ണക്കാറ്റില്‍ തപിച്ച
ധരണിയില്‍, പൊടുന്നനെയെത്തും
തണുത്ത ഈറന്‍ കാറ്റിന് കുളിര്‍മ പോല്‍
‘അരുതു’കളുടെ അധിക്ഷേപത്തിന്
തെറിയഭിഷേകത്താല്‍ നീറിയ,
തപിച്ച കര്ണപുടങ്ങളില്
സ്നേഹത്തിന് മാസ്മരികമാം
മധുരശബ്ദത്തിന് താലോടലിനാല്
മനം ഹര്ഷോന്മാദപുളകിതമായപ്പോള്
ഹൃത്തില്‍ പുത്തന്‍ പ്രതീക്ഷകളുടെ
പുല്‍നാമ്പുകള്‍ മുളയിട്ടു.
കൊടിയ പ്രഹരത്താല്‍
നീലിച്ചു ശുഷ്കിച്ച ഞരമ്പുകളില്‍
സ്നേഹ സ്വാന്തനത്തിന്,
പ്രണയത്തിന് തൂവല്‍സ്പര്‍ശമായ്
കരുതലിന് തലോടലിനാല്‍
ഉള്‍ത്തടം പുളകമണിഞ്ഞു.
ഹൃത്തടം ആത്മഹര്ഷത്താല്
പ്രതീക്ഷയുടെ പുതുലോകം
തേടി ചിറകു വിരിച്ചു പറന്നു.