LoginRegister

നുണക്കഥകളിലൂടെ വെറുപ്പ് വളര്‍ത്തരുത്‌

നജീബ് മൂടാടി

Feed Back


താന്‍ വായിച്ച സാഹിത്യകൃതികളില്‍ മുസ്‌ലിംകളെ വില്ലന്മാരും മോശക്കാരും അപരിഷ്‌കൃതരുമായ കഥാപാത്രങ്ങളായി നിരന്തരം അവതരിപ്പിച്ചു കണ്ടതിലുള്ള വേദനയാണ് തന്നെ ഒരു എഴുത്തുകാരനാവാന്‍ പ്രേരിപ്പിച്ചത് എന്ന് ബഷീര്‍ എഴുതിയിട്ടുണ്ട്. മലയാളത്തില്‍ മാത്രമല്ല ബങ്കിംചന്ദ്ര ചാറ്റര്‍ജിയുടെ ബംഗാളി നോവലായ ‘ആനന്ദമഠം’ പോലെ പച്ചയായ മുസ്‌ലിംവിരുദ്ധത നിറച്ച സാഹിത്യകൃതികള്‍ക്ക് പണ്ടുമുതലേ ഇന്ത്യയില്‍ ക്ഷാമമുണ്ടായിരുന്നില്ല. ബോധപൂര്‍വം വര്‍ഗീയ വിദ്വേഷം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയും, അങ്ങനെ ഒരു ഉദ്ദേശ്യമില്ലെങ്കിലും അപരിഷ്‌കൃതരും പരിഹാസ്യരുമായ ഒരു വിഭാഗമായി മുസ്‌ലിം സമുദായത്തെ ചിത്രീകരിക്കുന്നതിലും നമ്മുടെ പല സാഹിത്യകാരന്മാര്‍ക്കും മടി ഉണ്ടായിരുന്നില്ല.
സാഹിത്യത്തേക്കാള്‍ ജനകീയ കലാരൂപമായ സിനിമയിലേക്ക് വന്നപ്പോഴും ഈ ഒരു മനോഭാവത്തിന് മാറ്റമുണ്ടായില്ല. വിഡ്ഢിയായും കോമാളിയായും ഇഷ്ടം പോലെ പെണ്ണുകെട്ടുന്നവരായും എണ്ണമില്ലാത്ത സന്താനങ്ങളുള്ളവരായും എത്രയോ മലയാള സിനിമകളില്‍, സമൂഹത്തില്‍ എവിടെയും കാണാത്ത രൂപഭാവങ്ങളോടെയും വര്‍ത്തമാനരീതിയോടെയും മുസ്‌ലിം കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടേയിരുന്നു.
കശ്മീരി തീവ്രവാദികളെ കാണിച്ച ‘റോജ’ സിനിമ മുതലാണെന്നു തോന്നുന്നു, തീവ്രവാദിയായ വില്ലന്‍ സ്ഥാനത്തേക്ക് മുസ്‌ലിം പേരുകളുള്ള കഥാപാത്രങ്ങള്‍ കടന്നുവരാന്‍ തുടങ്ങിയത്. വേള്‍ഡ് ട്രേഡ് സെന്ററിന്റെ തകര്‍ച്ചയ്ക്കു ശേഷം മുസ്‌ലിം = തീവ്രവാദി എന്ന് ആഗോളതലത്തില്‍ തന്നെ മാധ്യമങ്ങള്‍ ഒരു ധാരണ ഉണ്ടാക്കാനും സ്ഥാപിക്കാനും തുടങ്ങിയതോടെ, പഴയ വിഡ്ഢിവേഷങ്ങള്‍ക്ക് പകരം അഭ്യസ്തവിദ്യനായ, ഏറ്റവും നന്നായി വസ്ത്രം ധരിക്കുന്ന, രൂപഭാവങ്ങള്‍ കൊണ്ട് മുസ്‌ലിമാണെന്ന് തിരിച്ചറിയാത്ത, എന്നാല്‍ ബോംബ് നിര്‍മിക്കുകയും കൂട്ടക്കൊലകള്‍ നടത്തുകയും ചെയ്യുന്ന കൊടുംക്രൂരരായ വില്ലന്‍ രൂപങ്ങളിലേക്ക് മുസ്‌ലിം കഥാപാത്രങ്ങള്‍ പറിച്ചുനടപ്പെട്ടു.
കച്ചവട സിനിമകള്‍ക്ക് കൊഴുപ്പുകൂട്ടാനുള്ള ചില വിദ്യകള്‍ എന്നതിനപ്പുറം ഈ തീവ്രവാദി മുസ്‌ലിം വേഷങ്ങളെ കാര്യമായി ആരും കണ്ടിരുന്നില്ല. ഏറക്കുറേ അങ്ങനെയായിരുന്നുതാനും. പക്ഷേ വര്‍ഗീയതയിലൂടെ മനുഷ്യരെ ഭിന്നിപ്പിച്ചുനിര്‍ത്തിയാല്‍ എളുപ്പം അധികാരം നേടാം എന്ന് ചിന്തിക്കുന്ന ക്ഷുദ്രശക്തികള്‍ക്ക് സിനിമയായാലും സാഹിത്യമായാലും അതും തങ്ങളുടെ അജണ്ടകള്‍ നടപ്പാക്കാനുള്ള വിളയിടമാക്കി മാറ്റാന്‍ ശ്രമിക്കുക സ്വാഭാവികം.
തങ്ങളുടെ പ്രസിദ്ധീകരണങ്ങളിലൂടെയും തങ്ങളോട് ചായ്വുള്ള എഴുത്തുകാരിലൂടെയും കാലങ്ങളായി ഇതിനായി ശ്രമിക്കുന്നുണ്ടെങ്കിലും അതത്ര എളുപ്പമായിരുന്നില്ല. എത്ര ക്ഷുദ്രമായ മനസ്സുള്ളവരാണെങ്കിലും അക്ഷരം വായിക്കുന്നവരില്‍ ചിന്തയുടെ ഒരല്‍പമെങ്കിലും ഉള്ളിലുണ്ടാവും എന്നതുകൊണ്ടുതന്നെ സാമാന്യബോധത്തിന് നിരക്കാത്തതൊക്കെ അപ്പടി വിശ്വസിക്കാനോ അതേപടി മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാനോ സാധ്യത കുറവാണ്. എന്നാല്‍ സിനിമ അടക്കമുള്ള ദൃശ്യമാധ്യമങ്ങളുടെ അവസ്ഥ അതല്ല. ഏതൊരു കളവിനെയും വിശ്വസനീയമായ രീതിയില്‍ അവതരിപ്പിക്കാന്‍ ഇതിലൂടെ സാധിക്കും.
മൊബൈല്‍ ഫോണിന്റെ വ്യാപനത്തോടൊപ്പം സോഷ്യല്‍മീഡിയയുടെ വരവും ആശയവിനിമയത്തെ എളുപ്പമാക്കി. മനുഷ്യസമൂഹത്തിന് ഏറ്റവും വലിയ അനുഗ്രഹമായ ഈ മാധ്യമങ്ങളെ, മനുഷ്യരെ ഏറ്റവും അടുപ്പിച്ചു നിര്‍ത്താന്‍ ഉപകരിക്കുന്ന ഈ മാധ്യമങ്ങളെ മനുഷ്യര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ആയുധമായി ഉപയോഗിക്കാം എന്ന് കണ്ടെത്തിയ ഗീബല്‍സിന്റെ ശിഷ്യന്മാര്‍ അത് വളരെ ബുദ്ധിപൂര്‍വം, കൗശലപൂര്‍വം നടപ്പാക്കിത്തുടങ്ങി.
അച്ചടിയുടെ വായനക്കാരെ പോലെയല്ല സോഷ്യല്‍ മീഡിയ വായനക്കാര്‍. വൈകാരികമായ കാര്യങ്ങള്‍ വായിക്കാനാണ് ഇവിടെ ആളുകള്‍ക്ക് താല്‍പര്യം. അവിശ്വസനീയമായ എന്ത് അസംബന്ധം എഴുതിയാലും അത് വിശ്വസിക്കാനും കിട്ടിയ ഉടനെ കൂടുതല്‍ പേരില്‍ എത്തിക്കുന്നതിലും സായൂജ്യം കാണുന്ന മനുഷ്യര്‍. എഴുത്തുകള്‍ മാത്രമല്ല ശബ്ദമായും ദൃശ്യങ്ങളായും അവരുടെ മുന്നിലേക്ക് വന്നതൊക്കെ അപ്പടി വിഴുങ്ങാനും കൂടുതല്‍ പേരിലേക്ക് എത്തിക്കാനും ഉത്സാഹിക്കുന്നവര്‍.
‘സത്യം ചെരിപ്പിടാന്‍ തുടങ്ങുമ്പോഴേക്കും കളവ് ലോകം ചുറ്റി വന്നിരിക്കും’ എന്ന ചൊല്ലിനെ അന്വര്‍ഥമാക്കുന്ന വിധത്തിലാണ് നമ്മുടെ സോഷ്യല്‍ മീഡിയ വ്യവഹാരങ്ങള്‍ ഏറെയും. ഇതിനായി ആളും അര്‍ഥവും ഉപയോഗിച്ചാല്‍ അതിലൂടെ എളുപ്പം നേട്ടം കൊയ്യാം എന്ന് തിരിച്ചറിഞ്ഞ കുത്സിതബുദ്ധികള്‍ ബോധപൂര്‍വം കരുക്കള്‍ നീക്കി.
സമൂഹത്തില്‍ എല്ലാവരുമായും ഇടപഴകി ജീവിക്കുന്ന, സുഖത്തിലും ദുഃഖത്തിലും കൂടെ നില്‍ക്കുന്ന ഒരുവിഭാഗം മനുഷ്യരെ മതത്തിന്റെ പേരില്‍ ഭീകരരായും ക്രൂരന്മാരായും ചതിയന്മാരായും ചിത്രീകരിക്കുക! കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സോഷ്യല്‍ മീഡിയയിലൂടെ മുസ്‌ലിം സമൂഹത്തിനു നേരെ നടക്കുന്ന കുപ്രചാരണങ്ങള്‍ സാമാന്യബുദ്ധിക്കു പോലും നിരക്കാത്തതാണെങ്കിലും അത് വിശ്വസിക്കാനും പ്രചരിപ്പിക്കാനും ആളുണ്ട് എന്നതാണ് ഇത്തരം കളവുകള്‍ പ്രചരിപ്പിക്കുന്നവരുടെ ഊര്‍ജം. യഥാര്‍ഥ സംഭവങ്ങള്‍ എന്ന മട്ടില്‍ വ്യാജ വീഡിയോകളായും വാര്‍ത്തകളായും എത്രയോ കാര്യങ്ങള്‍ പരസ്യമായും അതിന്റെ എത്രയോ ഇരട്ടി രഹസ്യമായും ഇവിടെ വിനിമയം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു.

അങ്ങനെ നിരന്തരമായ നുണപ്രചാരണങ്ങളിലൂടെ മുസ്‌ലിംകള്‍ക്കെതിരെ മോശമായ മനോഭാവം സമൂഹത്തില്‍ ഉണ്ടാക്കിയെടുത്ത ശേഷം അടുത്തപടിയായാണ് ‘കേരള സ്റ്റോറി’ പോലുള്ള സിനിമകളുടെ രംഗപ്രവേശം. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും വളരെ ഉയര്‍ന്ന, നാനാ മതങ്ങളില്‍ പെട്ടവരും സൗഹാര്‍ദത്തോടെ ഇടപഴകി ജീവിക്കുന്ന കേരളം പോലുള്ള ഒരു സംസ്ഥാനം തങ്ങളുടെ ക്ഷുദ്രരാഷ്ട്രീയത്തിന് വളരാന്‍ പറ്റിയ മണ്ണല്ല എന്ന തിരിച്ചറിവാണ് നട്ടാല്‍ മുളക്കാത്ത നുണകള്‍ കൊണ്ട് കെട്ടിയുണ്ടാക്കിയ ഇങ്ങനെ ഒരു സിനിമയ്ക്കു പിന്നിലെ ചിന്ത എന്ന് മനസ്സിലാക്കാന്‍ വലിയ അറിവൊന്നും വേണ്ട.
എല്ലാ വര്‍ഗീയവാദികളും തങ്ങളിലേക്ക് ആളെക്കൂട്ടാന്‍ എളുപ്പമാര്‍ഗമായി കാണുന്ന ഒന്നാണ് ‘നമ്മുടെ കൂട്ടത്തിലെ സ്ത്രീകളെ തട്ടിക്കൊണ്ടുപോകാന്‍ ഗൂഢപദ്ധതികളുമായി നടക്കുന്ന അപരന്‍.’ സ്ത്രീയെ ഒരു വിനിമയവസ്തു പോലെ കാണുന്ന, സ്വന്തമായി ബുദ്ധിയും ചിന്താശേഷിയും ഉള്ളവരാണ് അവരും എന്ന് അംഗീകരിക്കാത്ത ഈ സംരക്ഷകവേഷങ്ങള്‍ക്ക് സാധാരണക്കാരിലേക്ക് എളുപ്പം കയറിച്ചെല്ലാനുള്ള വഴിയാണ് ഇത്തരം ഭീതി പരത്തല്‍. നമ്മോട് പറ്റിക്കൂടി നമ്മുടെ സ്ത്രീകളെ വഴിപിഴപ്പിക്കാനും തട്ടിക്കൊണ്ടുപോകാനും നടക്കുന്ന ഇതര മതക്കാരന്‍! അങ്ങനെ ഒരു കണ്ണിലൂടെ നോക്കുമ്പോള്‍ അവന്‍ ചെയ്യുന്ന നന്മകളൊക്കെ ഇതിനായുള്ള അഭിനയമാണ്. വശീകരിക്കാനുള്ള അടവുകള്‍ മാത്രമാണ്.
പ്രസംഗങ്ങളിലൂടെയോ എഴുത്തുകളിലൂടെയോ ചെറിയ ചെറിയ വീഡിയോ ദൃശ്യങ്ങളിലൂടെയോ ഇങ്ങനെ ഒരു വിഭജനം എളുപ്പമല്ല എന്ന് അറിയുന്നതുകൊണ്ടുതന്നെയാണ് യഥാര്‍ഥ സംഭവത്തിന്റെ സിനിമാ ആഖ്യാനമെന്ന മട്ടില്‍ ഒരു വൃത്തികെട്ട നുണക്കഥ അഭ്രാവിഷ്‌കാരമാവുന്നത്. ഏറ്റവും സാധാരണക്കാരനു പോലും എളുപ്പം ഉള്‍ക്കൊള്ളാനും ആസ്വദിക്കാനും കഴിയുന്ന ജനകീയ കലയായ സിനിമയിലൂടെ സമൂഹത്തെ സ്വാധീനിക്കാന്‍ പെട്ടെന്ന് സാധിക്കും. യാഥാര്‍ഥ്യമാണോ എന്നതോ ലോജിക്കില്ലായ്മയോ സിനിമാ ആസ്വാദനത്തിന് തടസ്സമല്ല. പത്തു പേരെ തല്ലി വീഴ്ത്തുന്ന, ഓടിക്കൊണ്ടിരിക്കുന്ന വാഹനം പിടിച്ചുനിര്‍ത്തുന്ന നായകന്‍ യഥാര്‍ഥ ജീവിതത്തില്‍ ഒരിക്കലും സംഭവ്യമല്ലെങ്കിലും സിനിമയില്‍ കാണുമ്പോള്‍ അവിശ്വസനീയമായി അനുഭവപ്പെടാറില്ല.
വടക്കന്‍പാട്ടിലെ ദുഷ്ടനും മോശക്കാരനുമായ ചന്തുവിനെക്കാളും മലയാളിക്ക് പരിചയം ‘ഒരു വടക്കന്‍ വീരഗാഥ’യിലെ നല്ലവനായ ചന്തുവിനെയാണ്. അതാണ് സിനിമയുടെ മാജിക്. കലാവിഷ്‌കാരത്തിനുമപ്പുറം കൃത്യമായ അജണ്ടയോടെ നിര്‍മിക്കപ്പെടുന്ന സിനിമകള്‍ക്കും ഇത് സാധിക്കും. വിശേഷിച്ചും ആ രീതിയിലുള്ള പ്രചാരണങ്ങളുടെ അകമ്പടിയോടെ സമൂഹത്തിലേക്കെത്തുമ്പോള്‍. ഭരണാധികാരികള്‍ വരെ ഈ സിനിമകളുടെ പ്രോത്സാഹകരാവുമ്പോള്‍ വിശേഷിച്ചും.
സാമ്പത്തിക ലാഭത്തിനുമപ്പുറം വര്‍ഗീയ ധ്രുവീകരണം മാത്രം ലക്ഷ്യമിട്ട് നിര്‍മിക്കുന്ന ഇത്തരം സിനിമകള്‍ തിയേറ്ററില്‍ ആളുകള്‍ കയറിയില്ലെങ്കിലും, ഒടിടിയിലൂടെയും അതും കഴിഞ്ഞു മനുഷ്യരെ വൈകാരികമായി സ്വാധീനിക്കുന്ന രംഗങ്ങള്‍ ചെറിയ ക്ലിപ്പുകളായി സോഷ്യല്‍ മീഡിയകളിലൂടെയും പ്രചരിപ്പിച്ച്, മതത്തിന്റെ പേരില്‍ മനുഷ്യരെ തമ്മിലടിപ്പിക്കുക എന്നതുതന്നെയാണ് ഈ സിനിമകളുടെ പിറകിലെ ലക്ഷ്യം. ഇത്തരം സിനിമകള്‍ക്ക് സെന്‍സര്‍ ബോര്‍ഡിന്റെയോ സര്‍ക്കാരിന്റെയോ യാതൊരു തടസ്സവും ഉണ്ടാവില്ല എന്നതും ഇതൊക്കെ ഏറ്റെടുത്തു വിജയിപ്പിക്കാന്‍ ഒരു വിഭാഗം തയ്യാറാണ് എന്നതും, ലാഭം മാത്രം ലക്ഷ്യമിട്ട് ഇത്തരം സിനിമകള്‍ നിര്‍മിക്കാന്‍ പലരെയും പ്രേരിപ്പിക്കും എന്ന അപകടവും വിവേകമുള്ളവര്‍ കാണേണ്ടതുണ്ട്. താല്‍ക്കാലിക നേട്ടത്തിനു വേണ്ടി സമൂഹത്തില്‍ വിഷം തുറന്നുവിട്ടു രസിക്കുന്നവര്‍ ഭൂതത്തെ കുടത്തിലേക്ക് തിരികെ കൊണ്ടുപോകാന്‍ എളുപ്പമാവില്ല എന്നത് ചിന്തിക്കുന്നുപോലുമില്ല.
ഇത്തരം സിനിമകളും വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുകൊണ്ടുള്ള ഇമ്മാതിരി പ്രചാരണങ്ങളും ഏറ്റവും വേദനയോടെ കാണുന്നത് ഇവിടെ വളര്‍ന്നുവരുന്ന തലമുറയാണ്. ബാലവാടി മുതല്‍ യൂണിവേഴ്സിറ്റികള്‍ വരെ സഹപാഠിയുടെ മതമോ ജാതിയോ എന്തെന്ന് ചിന്തിക്കാതെ ഒരു വയറ്റില്‍ പിറന്ന മക്കളെ പോലെ പരസ്പരം സ്‌നേഹിച്ചും പങ്കുവെച്ചും തോളില്‍ കയ്യിട്ടു വളരുന്ന മക്കളെയാണ് ഏതൊക്കെയോ മുതുക്കന്മാരുടെ കുരുട്ടുമനസ്സില്‍ ഉദിക്കുന്ന വിഷചിന്തകള്‍ കൊണ്ട് അകറ്റാന്‍ ശ്രമിക്കുന്നത്.
സ്‌കൂളിലും കോളജിലുമൊക്കെ ഒന്നിച്ചു പോവുന്ന, പഠനത്തിലും കളിതമാശകളിലും ഒന്നിച്ചുള്ള ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും സങ്കടങ്ങളും പരസ്പരം പങ്കുവെക്കുന്ന, വീട്ടുകാരെക്കാളും താങ്ങും തണലുമായി കൂടെ നില്‍ക്കുന്ന കൂട്ടുകാരെയാണ് ദുഷ്ടതയുടെ മൂര്‍ത്തരൂപങ്ങള്‍ ഇങ്ങനെ പരസ്പരം ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നത്. എത്ര വലിയ ദ്രോഹമാണ് ഇടുങ്ങിയ മനസ്സുള്ള വര്‍ഗീയ ജന്തുക്കള്‍ വളര്‍ന്നുവരുന്ന തലമുറയോട് ചെയ്യുന്നത്.
കൂടപ്പിറപ്പുകളെക്കാളും സഹപാഠികളോടാണ് ഓരോ കുട്ടിക്കും അടുപ്പമുണ്ടാവുക. വീട്ടുകാരോട് പറയാന്‍ പറ്റാത്ത കാര്യങ്ങള്‍ പോലും കൂട്ടുകാരോടാണ് പങ്കുവെക്കുക. ഓണവും പെരുന്നാളും ക്രിസ്മസുമൊക്കെ അവര്‍ക്ക് ഒരുപോലുള്ള ആഘോഷങ്ങളാണ്.
ആണ്‍കുട്ടികളെക്കാളുമേറെ പെണ്‍കുട്ടികള്‍ക്കിടയില്‍ കുറേക്കൂടി ദൃഢമായ സൗഹൃദങ്ങളാണ് ഉണ്ടാവുക. കോളജുകളിലും ഹോസ്റ്റല്‍മുറികളിലും കൂട്ടുകാരികള്‍ പരസ്പരം അഭയകേന്ദ്രങ്ങള്‍ കൂടിയാണ്. കൂട്ടുകാരികളുടെ വീടുകളില്‍ പോയി താമസിക്കുന്നതും സ്വന്തം മക്കളെ പോലെ വീട്ടുകാര്‍ മക്കളുടെ കൂട്ടുകാരെ പരിചരിക്കുന്നതും ഒട്ടും പുതുമയുള്ളതല്ല.
ഇത്രയും ആത്മാര്‍ഥമായ സൗഹൃദങ്ങളെയാണ്, സ്‌നേഹങ്ങളെയാണ് കേവലം വോട്ടുകള്‍ നേടാനും അധികാരം ലഭിക്കാനും വേണ്ടി വിഷം നിറഞ്ഞ മനസ്സുള്ളവര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. ഒരേ പാത്രത്തില്‍ ഉണ്ട്, ഒരു പായയില്‍ ഉറങ്ങുന്ന ആത്മമിത്രത്തെ ചൂണ്ടി ഭീതി പരത്തുന്നവര്‍ എത്ര നികൃഷ്ട ജന്മങ്ങളാണ്!

ചതിച്ചും വഞ്ചിച്ചും മതം മാറ്റി ആളെക്കൂട്ടി ശക്തി തെളിയിക്കേണ്ട ഗതികേട് ഏതു ദൈവത്തിനാണുള്ളത്. ‘ലൗജിഹാദ്’, ‘നാര്‍കോട്ടിക് ജിഹാദ്…’ എത്ര അസംബന്ധവും വിവരക്കേടുമാണ് യാതൊരു ഉളുപ്പുമില്ലാതെ ഈ സമൂഹത്തിനു മുന്നില്‍ വിളമ്പുന്നത്. താല്‍ക്കാലികമായ നേട്ടങ്ങള്‍ക്കു വേണ്ടി നമ്മുടെ മക്കളെ പരസ്പരം അവിശ്വാസത്തിലേക്കും ഭീതിയിലേക്കും തള്ളിവിടുന്ന ഈ ദുഷ്ടതയെ പ്രതിരോധിച്ചില്ലെങ്കില്‍ തകര്‍ന്നുപോവുക ഈ സമൂഹത്തിലെ പരസ്പര സ്‌നേഹവും വിശ്വാസവുമാണ്.
അധികാരത്തിനു വേണ്ടി മനുഷ്യരെ തമ്മിലടിപ്പിച്ച് ഭരണാധികളായി മാറിയവരൊക്കെ ഒടുവില്‍ അതേ ജനങ്ങളെ ഭയന്ന് ഓടി രക്ഷപ്പെട്ടതും ആത്മഹത്യ ചെയ്തതുമൊക്കെയാണ് ചരിത്രം. ഏകാധിപത്യത്തിലൂടെയായാലും ജനാധിപത്യത്തിന്റെ മുഖംമൂടി ഇട്ടായാലും വര്‍ഗീയതയും വംശീയതയുമൊന്നും ഏറെക്കാലം ഭരണത്തില്‍ നീണ്ടുനില്‍ക്കില്ല, തകര്‍ന്നടിയും എന്നതിന് ചരിത്രം സാക്ഷി. പക്ഷേ ഇവര്‍ മനുഷ്യമനസ്സുകളില്‍ കുഴിച്ചിട്ടുപോകുന്ന വര്‍ഗീയ വിഷം നിറച്ച മൈനുകള്‍ നീക്കം ചെയ്യുക എളുപ്പമല്ല. പിന്നെയും പിന്നെയും പൊട്ടിത്തെറിക്കാനും നിരപരാധികളുടെ ജീവനെടുക്കാനും ഇതിലൂടെ സാധിക്കും. അതുകൊണ്ടുതന്നെ കലയുടെയും സാഹിത്യത്തിന്റെയും മറവില്‍ ഒളിച്ചുകടത്തുന്ന ഇത്തരം വിഷമാലിന്യങ്ങളെ കുറിച്ച് തികച്ചും ജാഗ്രത ഉണ്ടാവേണ്ടതുണ്ട്. അതുപോലെത്തന്നെ നമ്മുടെ മക്കളുടെ മനസ്സുകള്‍ മതത്തിന്റെ പേരില്‍ അകന്നുപോകാതിരിക്കേണ്ടതിനെ കുറിച്ചും.
പരസ്പരം കൊണ്ടും കൊടുത്തും സ്‌നേഹവും കരുതലുമായി ജീവിക്കുന്ന മനുഷ്യരെ ഭിന്നിപ്പിക്കാനുള്ള നികൃഷ്ട ശ്രമങ്ങളെ തിരിച്ചറിയേണ്ടതുണ്ട്. ഇനിയുള്ള തലമുറയിലേക്ക് ആ വിഷം പടരാതെ ജാഗ്രത പാലിക്കേണ്ടത് സമൂഹത്തിന്റെ നന്മയും സമാധാനവും ആഗ്രഹിക്കുന്ന ഓരോ മനുഷ്യന്റെയും ധര്‍മമാണ്.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top