വീതി കുറഞ്ഞ പൊക്കമുള്ളൊരു കട്ടിലും ഉയരം കുറഞ്ഞ കയറുകട്ടിലും ലംബമായിട്ടിരിക്കുന്ന മരഅലമാരയുമുള്ള വല്യുമ്മയുടെ മുറിയില്‍ നിന്ന് യല്‍ദയെ നോക്കുന്ന ആ കണ്ണാടി പ്രതിബിംബം മാറ്റാരുടെയോ ആണെന്ന് അവള്‍ക്ക് തോന്നി. ജവാരിയ- യല്‍ദ പതിയെ പറഞ്ഞു.
പല തവണകളായി വീട്ടില്‍ നിന്നു കൊണ്ടുപോയ വസ്ത്രങ്ങളും കുട്ടിക്കുപ്പായങ്ങളും കളിക്കോപ്പുകളും താങ്ങി ഒറ്റയ്ക്ക് വീട്ടില്‍ വന്നുകയറുമെന്ന് ഇതുവരെ വിചാരിച്ചിട്ടില്ല. കൈ പിടിച്ചില്ലെങ്കില്‍ തുമ്പികളുടെ പിറകെയോടുന്ന ഇഷാനയെയും കൈ പിടിച്ചാലും വഴിയിലുള്ള തൂണിനോടും തുരുമ്പിനോടും വരെ വിശേഷം ചോദിക്കുന്ന ഹയയെയും കൊണ്ട് അത്തരമൊരു യാത്ര അസാധ്യമാണെന്നു തന്നെയാണ് സാഹിലിന്റെ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ യല്‍ദ വിചാരിച്ചതും. എന്നാല്‍, സാഹിലിന്റെ മണിക്കൂറുകളോളം നീണ്ട നിശ്ശബ്ദതയും അവഗണനയുമാണ് മജീദ്ക്കയുടെ ഓട്ടോ വിളിച്ചു സാധനങ്ങള്‍ കയറ്റി വീട്ടിലേക്കു പോകാനുള്ള ശക്തി യല്‍ദക്ക് പകര്‍ന്നുനല്‍കിയത്.
ഓട്ടോയില്‍ നിന്നിറങ്ങി കുത്തനെയുള്ള സിമന്റ് വഴി കയറി മുറ്റത്തെത്തിയപ്പോഴേക്കും ഉമ്മ ഉമ്മറത്തെത്തിക്കഴിഞ്ഞിരുന്നു. ഫോണിലൂടെയുള്ള സംഭാഷണങ്ങളില്‍ ഒരിക്കല്‍ പോലും തന്റെ സങ്കടങ്ങളോ സാഹിലിന്റെ വീട്ടിലെ പ്രശ്‌നങ്ങളോ പറയാതിരുന്നതിനാല്‍ ഉമ്മ തെല്ലൊരു പരിഭ്രമത്തോടെ ഒരു നോട്ടം നോക്കിയെങ്കിലും വളരെ പക്വതയോടെ അനാവശ്യ ചോദ്യങ്ങളില്ലാതെ കുട്ടികളെ വാരിപ്പുണര്‍ന്നു. അറിയാതെ നിറഞ്ഞ കണ്ണുകള്‍ ഷാളിന്റെ തലപ്പ് കൊണ്ട് നെറ്റി തടവുകയാണെന്ന വ്യാജേന തുടച്ചുനീക്കുമ്പോഴും ഉമ്മയുടെ കണ്ണില്‍ നോക്കാതിരിക്കാന്‍ യല്‍ദ ബദ്ധപ്പെടുന്നുണ്ടായിരുന്നു.
”350, പിന്നെത്തന്നാലും മതി മോളേ” എന്നു മജീദ്ക്ക പറഞ്ഞതു കാര്യങ്ങളുടെ പന്തികേട് തിരിച്ചറിഞ്ഞിട്ടാണെന്ന് യല്‍ദക്കു തോന്നി.
”വേണ്ട മജീദിക്കാ. ഇപ്പൊത്തന്നെ തരാം” എന്നു പറഞ്ഞു മജീദിക്കയുടെ കൈയില്‍ പണം വെച്ചുകൊടുക്കുമ്പോള്‍ താന്‍ മറ്റാരോ ആയി മാറിയതുപോലെ. സഹതാപ വാക്കുകള്‍ ഇഷ്ടപ്പെടാത്ത, അനാവശ്യ ചോദ്യങ്ങള്‍ ഒഴിവാക്കാന്‍ പഠിച്ച, വിശദീകരണങ്ങളെ ഒറ്റവാക്കിലൊതുക്കാന്‍ കഴിവുള്ള ഒരാള്‍.
”രാത്രി ചോറ് കഴിക്കോ ഇവര്? ചപ്പാത്തി ഉണ്ടാക്കാം”- മജീദ്ക്ക ഗേറ്റ് കടന്നുപോയതിനു ശേഷമാണ് ഉമ്മ അത് പറഞ്ഞത്. അടുത്ത നിമിഷം യല്‍ദ യാഥാര്‍ഥ്യത്തിലേക്ക് തിരിച്ചുവന്നു. ഹയയും ഇഷാനയും മുറ്റത്തു നിന്ന് പൂച്ചവാലും തെച്ചിയും പറിച്ചു കളിക്കാന്‍ തുടങ്ങിയപ്പോള്‍ കൊച്ചു യല്‍ദ ഓടി വന്ന് അവരുടെ കൂടെയിരുന്നു. അവള്‍ തെച്ചിപ്പൂക്കള്‍ കൈക്കുമ്പിളിലൊതുക്കി മുകളിലേക്കെറിഞ്ഞ് അവയ്ക്കു നേരെ മുഖം തിരിച്ചു. തെച്ചിപ്പൂക്കള്‍ മുഖത്ത് വന്ന് ഇക്കിളിപ്പെടുത്തിയപ്പോള്‍ കുഞ്ഞുയല്‍ദ വല്യുമ്മയെ ഇടങ്കണ്ണിട്ട് നോക്കി. തൊട്ടപ്പുറത്തു നിന്നിരുന്ന സുനൈനയോട് തന്റെ പൂക്കളെടുത്തുവെന്ന് പറഞ്ഞു വഴക്കിട്ടു. ഹയയെപ്പോലെ കലപില സംസാരിക്കുമായിരുന്നു കുഞ്ഞുയല്‍ദ. പിന്നെ, ജീവിതത്തിലെ ഏതു ഘട്ടത്തിലാണ് വെറുമൊരു നിഴലായി മാറിയത്? യല്‍ദക്ക് ചുറ്റും ഓര്‍മകള്‍ വട്ടമിട്ടു പറന്നുകൊണ്ടിരുന്നു.
”പൊടിയുണ്ടയും ഏത്തപ്പഴവും വെച്ചു നല്ല പായസമുണ്ടാക്കിത്തരാം വല്യുമ്മ നാളെ. ഇങ്ങ് വാ. കുഴിയാനയെ കാണണ്ടേ?” വല്യുമ്മ പറഞ്ഞത് കേട്ട് ഹയയും ഇഷാനയും ഒരുമിച്ച് വല്യുമ്മയുടെ അടുത്തേക്ക് ഓടിയെത്തി. ഇപ്പോ രണ്ടു പേരും ഒന്നിച്ചാണല്ലോ എന്ന് യല്‍ദ അദ്ഭുതപ്പെട്ടു.
ഉമ്മ ഒരു കുഴിയാനയെ പിടിച്ച് പൂഴിമണ്ണിലിട്ടു. അത് പുതുമയുടെ പതര്‍ച്ചയൊന്നുമില്ലാതെ കുഴി നെയ്തുകൊണ്ടിരുന്നു. മനുഷ്യന്‍ മാത്രമാണോ തന്റെ അവസ്ഥയെക്കുറിച്ച് ആവലാതിപ്പെട്ടുകൊണ്ടിരിക്കുന്നത്? ഇനിയങ്ങോട്ട് എന്താണെന്നൊരു നിശ്ചയമില്ലാത്തതുകൊണ്ടാണോ എന്നറിയില്ല, യല്‍ദയുടെ മനസ്സ് ശൂന്യമായിരുന്നു. ഇനിയൊരു വികാരത്തെയും അകത്തേക്കു കടത്തിവിടാനുള്ള ശക്തിയില്ലാതെ അത് നിരാലംബയായി.
”പടച്ചോനേ, ഇനി ഞാനെന്തു ചെയ്യും? ഞാനേറ്റവും പേടിച്ച ഒരു കാര്യമാണല്ലോ എന്റെ ജീവിതത്തില്‍… അതും കണ്ണ് തുറന്നടയ്ക്കുന്ന വേഗതയില്‍…”
മഗ്രിബ് നമസ്‌കാരം കഴിഞ്ഞുള്ള പ്രാര്‍ഥനക്കിടയില്‍ യല്‍ദയുടെ ചിന്തകള്‍ ഭൂതകാലത്തെ കീറിമുറിച്ചു. കൗമാരപ്രായത്തിലെ യല്‍ദ ചുരിദാറിട്ട് വന്നു നിസ്‌കാരപ്പായയിലിരുന്നു.
”എല്ലാ പ്രശ്‌നങ്ങളെയും നേരിടാനുള്ള കരുത്ത് പടച്ച തമ്പുരാനായ അല്ലാഹു തരും. ഇതൊരു പരീക്ഷണമായിരിക്കാം. ഇതെനിക്ക് നേരിടാനുള്ള ശക്തി തരണേ. ഏറ്റവും നല്ല തീരുമാനത്തിലെത്തിച്ചേരാന്‍ കഴിയണേ.”
നമസ്‌കാരപ്പായയില്‍ നിന്നെഴുന്നേറ്റ് ഉമ്മറത്തേക്ക് വന്നപ്പോള്‍ ഹയ അരപ്രയിസിലിരുന്ന് ഉമ്മയോടൊപ്പം കൊത്തങ്കല്ല് കളിക്കുകയായിരുന്നു. ഇഷാന ഏതോ പഴയ ബാലമാസികയെടുത്ത് സ്‌കെച്ച് പെന്‍ കൊണ്ട് നിറം കൊടുക്കുന്നു.
”കഴിക്കാം. ഇവര്‍ക്ക് ഉറക്കം വരുന്നുണ്ടെന്ന് തോന്നുന്നു”- ഉമ്മ യല്‍ദയെ കണ്ടപ്പോള്‍ പറഞ്ഞു. രാത്രിയുടെ നിശ്ശബ്ദതയെ കീറിമുറിച്ച് രണ്ട് ടിപ്പര്‍ലോറികള്‍ വലിയ ശബ്ദത്തോടെ ഗേറ്റിനു മുന്നിലൂടെ പാഞ്ഞുപോയി.
”ഇപ്പോ രാത്രീം സൈ്വര്യം തരില്ല. ചെലപ്പോ പേടിയാകും”- ഒരു നിമിഷത്തെ നോട്ടം കവര്‍ന്ന ആ ശബ്ദത്തിന് വിശദീകരണമെന്നോണം ഉമ്മ പറഞ്ഞു. ഇഷാനയും ഹയയും ഉറങ്ങിയപ്പോള്‍ ഒരു മരവിപ്പ് യല്‍ദയുടെ മസ്തിഷ്‌കത്തെ വന്നുമൂടി. അത് ക്ഷീണത്തെ ചെറുത്തുനിന്നു. വരാനിരിക്കുന്ന നാളുകളും കഴിഞ്ഞുപോയ നാളുകളും മത്സരിച്ചു യല്‍ദയുടെ ചിന്തകളെ കൈയേറിയെങ്കിലും രാവിലെ എഴുന്നേറ്റാല്‍ നൗഫലിനെ വിളിക്കണമെന്ന് അവള്‍ നിശ്ചയിച്ചുറപ്പിച്ചു കഴിഞ്ഞിരുന്നു. ഉത്തരവാദിത്തങ്ങളുടെ ഭാരമേറ്റെടുക്കാനുള്ളതുകൊണ്ടാണോ എന്നറിയില്ല, കുറ്റപ്പെടുത്തലുകള്‍ ഒരുവേള വഴിമാറിനിന്നു.
അടുത്ത പറമ്പില്‍ ഒരു മൂങ്ങ നിര്‍ത്താതെ ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു. ഉറങ്ങുന്ന കുട്ടികളുടെ പ്രകാശം സ്ഫുരിക്കുന്ന മുഖത്തേക്ക് നോക്കിയപ്പോള്‍ കണ്ണുകള്‍ നിറഞ്ഞൊഴുകാനായി മത്സരിച്ചുവെങ്കിലും ഇതിനോടകം ആര്‍ജിച്ച ഒരു ധൈര്യം അതിന് തടയിട്ടു.
”എത്ര നാളായി? ഒരു വിവരോമില്ലല്ലോ”- ഫോണെടുത്ത ഉടനെ നൗഫല്‍ ചോദിച്ചു.
”അത്യാവശ്യമായി ഒരു കാര്യമറിയാനാ. ബാക്കിയൊക്കെ കാണുമ്പോ പറയാം.”
”എന്ത് പറ്റി?”
”അവിടെ ഇപ്പോ ഒഴിവുണ്ടോ? ട്രസ്റ്റില്‍?” യല്‍ദ ധൃതിയോടെ ചോദിച്ചു.
”ഞാന്‍ അവിടന്നു പോന്നു. ഇപ്പോ ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളിലാ. അത് ഞാന്‍ അന്വേഷിച്ചു പറഞ്ഞരാ. നമ്മടെ ഹകീമിനെ ഒന്ന് വിളിച്ചാ മതി. എന്താ പെട്ടെന്ന്?”
”നീ ചോദിച്ചിട്ടു തിരിച്ചു വിളിക്ക്. പഴയ വല്ല പുസ്തകോം ഇരിപ്പ്‌ണ്ടോ?”
”നീ മനുഷ്യനെ തീ തീറ്റിക്കാതെ എന്താണ് കാര്യമെന്ന് പറ”- നൗഫല്‍ അല്‍പം ദേഷ്യത്തോടെത്തന്നെ പറഞ്ഞു.
”എനിക്കൊന്നു തിരിച്ചു ജോലിക്ക് കേറണമെന്ന് തോന്നി. അത്രേയുള്ളൂ” എന്നു പറഞ്ഞു യല്‍ദ ഫോണ്‍ കട്ട് ചെയ്തു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ അറിയുന്നതാണ് നൗഫലിനെ. നൗഫലിന്റെയും അവന്റെ അനിയത്തി സജ്‌നയുടെയും കൂടെയാണ് യല്‍ദ സ്‌കൂളിലേക്ക് നടന്നിരുന്നത്. അതുകൊണ്ട് സജ്‌നയെപ്പോലെ യല്‍ദക്കും നൗഫല്‍ തന്റെ ആങ്ങളയായിരുന്നു.
‘ചിലപ്പോള്‍ സത്യങ്ങളെക്കാള്‍ ഭംഗി നുണകള്‍ക്കാണ്’- യല്‍ദ മന്ത്രിച്ചു.
‘ജവാരിയ’- ഫോണ്‍ കട്ട് ചെയ്തു കഴിഞ്ഞപ്പോള്‍ ആ പേരായിരുന്നു യല്‍ദയുടെ മനസ്സ് നിറയെ. പണ്ട് നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ് നികിത മിസ് ഓരോരുത്തരുടെയും പേരിന്റെ അര്‍ഥം ചോദിച്ചത്. അന്നു വൈകുന്നേരമാണ് യല്‍ദ തന്റെ പേരിന്റെ അര്‍ഥമെന്താണെന്ന് ഉമ്മയോട് ചോദിക്കുന്നതുതന്നെ. അതൊരു പേര്‍ഷ്യന്‍ പേരാണെന്നും അത് ഏറ്റവും നീണ്ട രാത്രിയുടെ പേരാണെന്നും ഉമ്മ യല്‍ദക്ക് പറഞ്ഞുകൊടുത്തു. അയ്യേ, രാത്രിയോ? യല്‍ദക്ക് തന്റെ പേരിനോട് തോന്നിയ പുച്ഛം അവള്‍ മറച്ചുവെച്ചില്ല. അതിനുള്ള പരിഹാരവും അവളുടെ കൈയിലുണ്ടായിരുന്നു. സന്തോഷമെന്ന് അര്‍ഥമുള്ള ജവാരിയ എന്ന പേരായിരുന്നു അത്. നൗഫലിനെക്കൊണ്ടും സജ്‌നയെക്കൊണ്ടും യല്‍ദ കുറേക്കാലം ആ പേര് വിളിപ്പിച്ചു. പിന്നെ എപ്പോഴോ അവരതിനെക്കുറിച്ച് മറന്നു.
ഫോണില്‍ യൂട്യൂബിന്റെ ചുവന്ന ഐക്കണെടുത്ത് പുതിയൊരു ചാനല്‍ തുടങ്ങുമ്പോള്‍ പണ്ടത്തെ ‘ജവാരിയ’ എന്ന പേരായിരുന്നു മനസ്സില്‍. അതുതന്നെ ടൈപ് ചെയ്യുകയും ചെയ്തു.
സാധാരണ വെയില്‍ കനത്താലും എഴുന്നേല്‍ക്കാത്ത ഹയയും ഇഷാനയും പക്ഷികള്‍ കോടമഞ്ഞിനെ മുറിച്ചു പറന്നുതുടങ്ങുമ്പോള്‍ തന്നെ എഴുന്നേറ്റുവന്നത് യല്‍ദയെ അദ്ഭുതപ്പെടുത്തി. വെളിച്ചത്തിന്റെ ആദ്യ കണങ്ങള്‍ ആകാശത്തെ തൊടുമ്പോള്‍ വളരെ വേഗത്തില്‍ വലിയ ശബ്ദമുണ്ടാക്കിക്കൊണ്ട് പറന്നുപോകുന്ന പക്ഷിയെ യല്‍ദ അന്വേഷിച്ചു നടക്കുന്നതിനിടയിലാണ് ഹയ ബ്രഷ് ചോദിച്ചു യല്‍ദയെ തേടിയെത്തിയത്. ബ്രഷ് എടുത്തുകൊടുത്ത് മടങ്ങുമ്പോള്‍ റോസാപ്പൂക്കളുടെ ഇതളുകള്‍ക്കു നടുവിലെ മഞ്ഞക്കുത്ത് നോക്കി നില്‍ക്കുന്ന ഇഷാനയെ കണ്ട് യല്‍ദക്ക് അദ്ഭുതമായി. തങ്ങള്‍ പ്രകൃതിയില്‍ നിന്നു മാറി ഒരു കൂട്ടിനകത്തു താമസിക്കുകയായിരുന്നോ എന്നവള്‍ പരിതപിച്ചു. യല്‍ദ നോക്കിനില്‍ക്കെ തത്തച്ചുണ്ടുള്ള കുന്നിക്കുരുകള്‍ അന്വേഷിച്ചു കുട്ടിയല്‍ദ അവളുടെ അടുത്തുമെത്തി. പഴുത്ത മാങ്ങകള്‍ ചപ്പിക്കുടിക്കുന്ന മറ്റൊരു യല്‍ദ മാങ്ങയന്വേഷിച്ചു മാവിന്‍ചുവട്ടില്‍ നില്‍പുണ്ടായിരുന്നു.
‘ജവാരിയ’- യല്‍ദ അവരെ നോക്കി പറഞ്ഞു. നാനാഭാഗത്തു നിന്നും യല്‍ദയുടെ പ്രതിബിംബങ്ങള്‍ അവളുടെ അടുത്തേക്ക് ഓടിയണഞ്ഞു.
(തുടരും)