താജ്മഹല്‍ തൊട്ട് ഇന്ത്യാഗേറ്റ് വരെ കണ്ടാലും കണ്ടാലും മതിവരാത്ത ഇന്ദ്രപ്രസ്ഥമാണല്ലോ ഡല്‍ഹി. ചരിത്രങ്ങള്‍ ഉള്ളറിഞ്ഞുറങ്ങുന്ന മണ്ണ്. യുദ്ധങ്ങള്‍ കൊണ്ടും വിപ്ലവങ്ങള്‍ കൊണ്ടും ശവകുടീരങ്ങളാലും ഊഷ്മളമായി നിലനില്‍ക്കുന്ന ഭൂമി.
ഇന്ത്യയിലെ ഏറ്റവുമധികം ചരിത്രപ്രാധാന്യമുള്ളതും ലോകത്തില്‍ തന്നെ പഴക്കമുള്ളതുമായ നഗരങ്ങളിലൊന്നാണ് ഡല്‍ഹി. ഏഴു നഗരങ്ങളുടെയും ആയിരം സ്മാരകങ്ങളുടെയും കേന്ദ്രം. പതിനൊന്ന് പ്രധാനപ്പെട്ട ചക്രവര്‍ത്തിമാരുടെ ശവകുടിരങ്ങള്‍ ഡല്‍ഹിയിലുണ്ട്. കുട്ടികളുമായി യാത്ര ചെയ്യുമ്പോള്‍ ലോട്ടസ് ക്ഷേത്രം, ഹ്യുമയൂണിന്റെ ശവകുടീരം, കൊണാട്ട് പ്ലേസ്, അക്ഷര്‍ധാം ക്ഷേത്രം, ഇന്ത്യാഗേറ്റ്, ഇന്ദിരാഗാന്ധി മ്യൂസിയം ( വസതി), രാഷ്ട്രപതി ഭവന്, പാര്‍ലമെന്റ്, സുപ്രീംകോടതി, കുത്തബ്മിനാര്‍, ഫത്തേപൂര്‍ സിക്രി, ജുമാ മസ്ജിദ്, ചെങ്കോട്ട, ആഗ്രയില്‍ താജ്മഹല്‍, ആഗ്ര കോട്ട തുടങ്ങിയവ മിസ്സാവരുത്. ഇതിന്റെയെല്ലാം അതിഗംഭീരമായ ചരിത്രങ്ങള്‍ വിവരിച്ചു നല്കുമ്പോള് ഓരോ കാഴ്ചകളും നിഷ്കളങ്കമായ ആശ്ചര്യങ്ങളിലേക്ക് വഴിമാറുന്നത് കുഞ്ഞു കണ്ണുകളില്‍ കാണാം.
ഡല്‍ഹിയെ കാണണമെങ്കില്‍ ഓരോന്നും അറിഞ്ഞു കാണുക എന്നതാണ് അഭികാമ്യം. ഒന്നുമറിയാതെ ഡല്‍ഹിയെ കാണുന്നവര്‍ക്ക് അത് വെറും നിര്‍മിതി സമുച്ചയങ്ങളുടെ കണ്ടുതീരാവുന്ന കാഴ്ചകള്‍ മാത്രമാവും. ഇവിടെയാണ് കുട്ടികളുമൊത്തുള്ള ഡല്‍ഹി യാത്രയുടെ പ്രാധാന്യം. ജനറല്‍നോളജ് പഠിക്കാന്‍ തുടങ്ങുമ്പോള്‍ മുതല്‍ അവര്‍ ഡല്‍ഹിയെ കുറിച്ച് കേള്‍ക്കുന്നുണ്ട്. നമ്മുടെ തലസ്ഥാനം ഡല്‍ഹിയാണെന്നും അവിടെ പാര്‍ലമെന്റുണ്ട്, പരമോന്നത കോടതിയായ സുപ്രീം കോടതിയുണ്ട്, ഇന്ത്യാഗേറ്റുണ്ട് എന്നൊക്കെ അവര്‍ പഠിക്കുന്നുണ്ട്. ഫോട്ടോകളിലും വീഡിയോകളിലും മറ്റും കണ്ട മങ്ങിയ ചിത്രങ്ങളാണ് അവരുടെ ഉള്ളില്‍ ഇതെല്ലാം. അതെല്ലാം നേരില്‍ കാണുമ്പോഴുള്ള അനുഭൂതിയും തിരിച്ചറിവും എത്രമാത്രമായിരിക്കും.
ചരിത്രത്തെ കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും പുതുതലമുറ ഇന്നേറെ പിറകോട്ടേക്ക് പോകുമ്പോള്‍ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രകള്‍ക്ക് പ്രസക്തിയേറും. ഇന്ത്യയിലുള്ളതുപോലെ ആധുനികതയെ വെല്ലുന്ന ഇത്രയേറെ ചരിത്ര നിര്‍മിതികള്‍ ലോകത്ത് മറ്റേതങ്കിലും രാജ്യങ്ങളില്‍ കാണാനാവുമോ?
കാലം പഴയ പോലെയല്ല. യാത്രാ സൗകര്യങ്ങള്‍ നമ്മുടെ ബഡ്ജറ്റ് ഫ്രണ്ട്ലി ആയി തന്നെപല ട്രാവല്‍ ഏജന്‍സികളും ഭക്ഷണവും അക്കോമഡേഷനോടും കൂടി ഏറ്റെടുത്തു ചെയ്യുന്നുണ്ട്. നമ്മുടെ കുട്ടികളും ചരിത്രങ്ങള്‍ അറിഞ്ഞും ചരിത്ര ഇടങ്ങള്‍ കണ്ടും പഠിക്കട്ടെ.