LoginRegister

അതിജീവിച്ചവരുടെ പ്രചോദനങ്ങള്‍

സി ടി ആയിശ

Feed Back


പരിമിതികളെ അതിജീവിച്ചു മികവാര്‍ന്ന ജീവിതം നയിക്കുന്ന ഭിന്നശേഷിക്കാരെ ലോകവനിതാ ദിനത്തോടനുബന്ധിച്ച് ആദരിക്കണമെന്ന ആഗ്രഹത്തോെടയാണ് എം ജി എം മര്‍ക്കസുദ്ദഅ്വ സംസ്ഥാന പ്രതിനിധികള്‍ ഡോ. ഖമറുന്നീസ അന്‍വര്‍ നടത്തുന്ന ‘സ്നേഹവീട്ടി’ലെത്തിയത്.
സ്നേഹവീട്ടിലെ അന്തേവാസികളോടൊന്നിച്ച് കഴിച്ചുകൂട്ടാനും അവരോടൊപ്പം ഉച്ചഭക്ഷണം കഴിക്കാനും അവസരമുണ്ടായി. അതിനുശേഷമായിരുന്നു ഭിന്നശേഷിക്കാരെ ആദരിക്കുന്ന ചടങ്ങ്.
പന്ത്രണ്ടു മണിയോടെ പ്രതിനിധികള്‍ സ്‌നേഹവീട്ടിലെത്തി. അവിടെ ഏറെയും ബുദ്ധി വൈകല്യമുള്ളവരായിരുന്നു. ഡോ. ജുവൈരിയ്യ ടീച്ചര്‍ അവര്‍ക്കായി കരുതിയ മധുരം വിതരണം ചെയ്തു. അതു കഴിക്കുന്നതിനിടയില്‍ പലരുടെയും കൈകളില്‍ നിന്നും മുഴുനായി വായിലെത്തിക്കാനാകാതെ ഉതിര്‍ന്നു വീഴുന്നുണ്ടായിരുന്നു. അലക്ഷ്യമായി ഏതുനേരവും, എവിടേക്കോ നോക്കിയിരിക്കുന്ന ഒരു പെണ്‍കുട്ടി, എപ്പോഴും ശരീരം ചലിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു കുട്ടി, വളയും മാലയും എത്ര കിട്ടിയാലും ഇനിയും വേണമെന്ന് പറയുന്ന വേറെ ഓരാള്‍… ഇങ്ങനെ തികച്ചും വ്യത്യസ്തരായ ആളുകള്‍ അവിടെ സ്നേഹത്തോടെയും അടുപ്പത്തോടെയും കഴിയുന്നത് അടുത്തുനിന്ന് അനുഭവിച്ചറിഞ്ഞു. ആദരവ് സെഷനില്‍ യാതൊരു അസ്വസ്ഥതയും പ്രകടിപ്പിക്കാത്ത, പ്രോഗ്രാം തീരുന്നതുവരെ അവര്‍ അവിടെ ഇരുന്നു. അക്ഷമയൊന്നും കാട്ടാത്ത ഇരുത്തം, യാതൊരു ധൃതിയും അവര്‍ക്ക് ഒരു കാര്യത്തിലുമില്ലെന്ന് പ്രകടമവുന്ന അവരുടെ മുഖഭാവങ്ങള്‍.
ആദരവ് സെഷന്‍ ഡോ. ഖമറുന്നീസ അന്‍വര്‍ ഉദ്ഘാടം ചെയ്തു. സാമൂഹിക സാംസ്‌കാരിക രംഗത്ത് തിളങ്ങി നിന്ന ഖമറുന്നീസ അന്‍വര്‍, സമൂഹത്തില്‍ ഒറ്റപ്പെട്ടു പോയവര്‍ക്കുള്ള അഭയകേന്ദ്രമായി സ്നേഹവീടിനെ ഒരുക്കുകയും, ഏറ്റവും ദയാവായ്പോടെ കൈകാര്യം ചെയ്യുകയും ചെയ്യുന്നത് വലിയ മാതൃകയും പ്രചോദനവുമാണ്. ആദരവ് ഏറ്റുവാങ്ങാനെത്തിയ സി എച്ച് മാരിയത്ത്, ഷര്‍മിള ചെമ്മാട്, സല്‍മ തിരൂര്‍ എന്നിവര്‍ പരിമിതികളെ അതിജീവിച്ചു തോല്‍പിച്ച നിറചിരിയോടെയായിരുന്നു ഇരുന്നത്. മൂന്ന് പേര്‍ക്കും വ്യത്യസ്ത പ്രായങ്ങളില്‍ പനിവന്നു കാലിന്റെ സ്വാധീനം നഷ്ടപ്പെടുകയായിരുന്നു.
ഷര്‍മിള ഇന്ന് തയ്യല്‍ ജോലി ചെയ്തും പഠിപ്പിച്ചും വരുമാനം കണ്ടെത്തുന്നു. പുളിക്കല്‍ എബിലിറ്റിയില്‍ നടന്ന ‘പൊരുത്തം’ പരിപാടിയില്‍ നിന്നാണ് തനിക്കിണങ്ങിയ ഇണയെ കണ്ടെത്തിയത്. സല്‍മ തിരൂര്‍ ഭിന്നശേഷിക്കാരുടെ ഒട്ടനവധി തയ്യല്‍ യൂണിറ്റുകള്‍ക്ക് മേല്‍നോട്ടം നല്‍കുന്നു. വളരെ ധന്യമായ ജീവിതം നയിച്ചുകൊണ്ടിരിക്കുന്നു.
മാരിയത്ത് കാലിക്കറ്റ് യൂണിവേഴ്സിറ്റി ലൈബ്രറിയിലാണ് ജോലി ചെയ്യുന്നത്. മാരിയത്ത് താന്‍ പിന്നിട്ട ജീവിതത്തിന്റെ കനല്‍ വഴികളെ കുറിച്ച് വാചാലയായി. തന്റെ കുട്ടിക്കാലം സങ്കടങ്ങളുടെയും അപകര്‍ഷതാബോധത്തിന്റെതുമായിരുന്നു. കുടുംബത്തിനു ഭാരമായിത്തിരുന്ന ഇത്തരം കുട്ടികളുടെ ഗണത്തില്‍ ചുറ്റുമുള്ളവര്‍ എന്നേയും നോക്കിക്കണ്ടു. മാതാപിതാക്കള്‍ തനിക്കായി എല്ലാവിധ ചികിത്സയും നടത്തി. പക്ഷെ ഒന്നും ഫലവത്തായില്ല. പുസ്തകങ്ങളും ചിത്രരചനയുമായിരുന്നു കൂട്ട്. പതിയെ പ്രതികൂല സാഹചര്യങ്ങളോടു പൊരുതാനുള്ള ആത്മവിശ്വാസത്തിന്റെ കരുത്ത് നേടുകയായിരുന്നു. അതാണ് ഇന്ന് മോട്ടിവേഷന്‍ സ്പീക്കറായി നിങ്ങള്‍ക്കിടയില്‍ എത്താനും കൂടി എന്നെ തുണച്ചത്. പിന്നിട്ട ജീവിത വഴികളില്‍ നിന്ന് ആര്‍ജിച്ചെടുത്ത കരുത്ത് മറ്റുള്ളവര്‍ക്ക് പകര്‍ന്ന് നല്‍കാനാകുന്നു എന്നത് വലിയ സന്തോഷം തന്നെയാണ്.
ഭിന്നശേഷിക്കാരായ മൂന്ന് വനിതകള്‍ പകര്‍ന്നു തന്ന പോസിറ്റീവ് എനര്‍ജി ചെറുതല്ല. അവര്‍ക്കായി ആദരവും സ്നേഹവും നല്‍കാന്‍ സംഘടിപ്പിച്ച പരിപാടി കഴിഞ്ഞു യാത്ര തിരിക്കുമ്പോള്‍ പരിമിതികള്‍ക്കുള്ളില്‍ ജീവിതത്തെ പ്രത്യാശയോടെ നോക്കിക്കാണുന്നവര്‍ പകര്‍ന്നു നല്‍കിയ തിരിച്ചറിവും നവോന്മേഷവും നിസാരമായിരുന്നില്ല. പരിമിതികളെ മികവുകളാക്കിയവര്‍ക്ക് ഹൃദയത്തില്‍ നിന്നൊരു ബിഗ് സല്യൂട്ട്.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top