”വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ തീര്‍ച്ചയായും അല്ലാഹു, താഴ്ഭാഗത്തിലൂടെ നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകളില്‍ പ്രവേശിപ്പിക്കുന്നതാണ്. അവിശ്വാസികളാവട്ടെ ഇവിടെ ക്ഷണികമായ ഭൗതിക സുഖങ്ങള്‍ ആസ്വദിച്ചുകൊണ്ടിരിക്കുകയാണ്. അവര്‍ കാലികളെപ്പോലെ തിന്ന് കുടിച്ച് കഴിയുന്നു. അവരുടെ അന്തിമവസതി നരകത്രേ” (വി.ഖുര്‍ആന്‍: 47:2).
പ്രപഞ്ചത്തിലെ ഉന്നത സൃഷ്ടികളായ മനുഷ്യര്‍, സ്രഷ്ടാവില്‍ വിശ്വാസമുള്ളവരും സ്രഷ്ടാവ് വിശ്വസിക്കാന്‍ പറഞ്ഞ കാര്യങ്ങളില്‍ വിശ്വാസപരമായ ഉറപ്പ് വെച്ച് പുലര്ത്തുന്നവരമായിരിക്കും. വിശ്വാസ പൂര്‍വം നന്മകളും സല്‍പ്രവര്‍ത്തനങ്ങളും നിരന്തരം പ്രവര്‍ത്തിക്കുന്നവരുമാണവര്‍. പ്രവാചകന്മാരിലൂടെ പഠിപ്പിക്കപ്പെട്ട എല്ലാ സല്‍കര്‍മങ്ങളും ജീവിതത്തിന്റെ ഭാഗമാക്കിയിട്ടുള്ളവര്ക്ക് സ്രഷ്ടാവായ അല്ലാഹു വാഗ്ദാനം ചെയ്തിട്ടുള്ളത്, മനസിനും ശരീരത്തിനും കുളിര്‍മയും സന്തോഷവം ലഭിക്കുന്ന സ്വര്‍ഗത്തോപ്പുകളാണ്. സമൃദ്ധമായി നീരൊഴുക്കുള്ള നദികള്‍ സ്വര്‍ഗത്തോപ്പുകളുടെ ഒരു പ്രത്യേകതയുമായിരിക്കും.
എന്നാല്‍ നിഷേധികളും അവിശ്വാസികളുമായവര്‍ക്ക് ഇത്തരത്തിലുള്ള ഒരു അനുഗ്രഹവും നാളെ ലഭിക്കാന്‍ പോകുന്നില്ല. കാരണം ഈ ലോകത്തെ അവരുടെ ജീവിതം സ്രഷ്ടാവിനെ മറന്നുകൊണ്ടുള്ളതായിരുന്നു. വളരെ കുറഞ്ഞ കാലത്തെ ഈ ജീവിതം മാത്രമാണ് അവരുടെ മുമ്പിലുള്ളത് എന്നാണ് അവര്‍ കരുതിയത്.
കന്നുകാലികളെപ്പോലെ തിന്നുക, കുടിക്കുക, സുഖഭോഗങ്ങളനുഭവിക്കുക എന്നതില്‍ കവിഞ്ഞ ലക്ഷ്യമൊന്നും അവര്‍ക്കുണ്ടായിരുന്നില്ല. ദുന്യാവില് വളരെ കുറഞ്ഞ കാലം മാത്രം അവര്‍ക്ക് അവരുടെ ലക്ഷ്യം നേടാനാവുകയും ചെയ്തു. എന്നാല്‍ ശാശ്വതമായ ജീവിത സുഖമാണ് ഇതിലൂടെ അവര്‍ക്ക് നഷ്ടമായത്.
ജന്തുക്കള്‍ക്ക് ലഭിക്കുന്ന ആഹാരം, എവിടെ നിന്ന് വന്നു? ആരുണ്ടാക്കി? അത് തന്നവനോട് തനിക്ക് കടപ്പാടുണ്ടോ? എന്നൊന്നും മൃഗങ്ങള്‍ ആലോചിക്കാറില്ല. കിട്ടുന്നതെല്ലാം തിന്നുക എന്നതില്‍ കവിഞ്ഞ ഒരു ലക്ഷ്യവും അവക്കില്ല. സത്യനിഷേധികളും ഇതുപോലെ തന്നെയാണ്. ഹറാമും ഹലാലും പരിഗണിക്കാതെ അവര്‍ ഭക്ഷണം കഴിക്കും. വിശ്വാസി ഒരു ആമാശയം നിറക്കുമ്പോള്‍ അവിശ്വാസി നാല് ആമാശയം നിറക്കുന്ന രീതിയായിരിക്കും പിന്തുടരുക. ഇത്തരം നിഷേധികള്‍ക്ക് ശാശ്വതമായ നരകമാണുള്ളത് എന്നാണ് അല്ലാഹുവിന്റെ മുന്നറിയിപ്പ്.
ഒരു വിശ്വാസിയുടെ ഭക്ഷണം ഹലാലായതും മിതത്വമുള്ളതുമായിരിക്കണം. ഹറാമായ ഭക്ഷണം കഴിച്ച്, റബ്ബിനോട് പ്രാര്‍ഥിച്ചാല്‍ ആ പ്രാര്‍ഥന പോലും സ്വീകരിക്കപ്പെടുകയില്ല എന്ന് നബി(സ) മുന്നറിയിപ്പ് നല്കുന്നു. അതിനാല്‍ മൃഗതുല്യരായി, നന്മ തിന്മകളെ വിവേചിച്ചറിയാതെ പ്രവര്‍ത്തിക്കുന്നവര്‍, താല്‍ക്കാലികമായി ചില സുഖാനുഭവങ്ങള്‍ നേടുമെങ്കിലും ശാശ്വതമായ നരകം ഏറ്റുവാങ്ങേണ്ടി വരും എന്നുറപ്പാണ്.