ബീരാന് ഹാജിക്ക് മൂന്നു മക്കളാണ്. കേളികേട്ട തറവാട്ടുകാരൊന്നുമല്ല. അത്യാവശ്യം വകയുള്ളവരുമല്ല. എന്നാലും നാട്ടുനടപ്പ് നടത്തണമല്ലോ. ബീരാന് ഹാജി തല പുകഞ്ഞാലോചിച്ചു.
നോമ്പിനു മൂന്നു മാസം മാത്രമേയുള്ളൂ. ഇളയ മോള് സുബൈദാന്റെ കല്യാണം കഴിഞ്ഞിട്ടുള്ള ആദ്യ നോമ്പാണ്. ഒരുപാട് ഒരുക്കാന്‍ ഉണ്ട്. പോരാത്തതിന് ‘നെജ്ജൂട്ടാനും’ കൊടുക്കണം.
കോഴിനെ വിറ്റും ആടിനെ വിറ്റും നെല്ല് കുത്തിയും ഉണ്ടാക്കിയ കുറച്ചു പൈസണ്ട് കദീശൂന്റെ കയ്യില്‍. അത് മുയ്മനും എട്ത്താലും തെകയൂല. ബാക്കി എങ്ങനെങ്കിലും ണ്ടാക്കണം.
”ങ്ങളെന്താ ഈനും മാത്രം ആലോയിക്ക്ണേ…” കദീശു ബീരാനോട് ചോദിച്ചു.
”ആലോയ്ക്കാതെ എങ്ങനാ കദീശൂ? മൂന്നു മാസം കയിഞ്ഞാ റമദാനല്ലേ? തക്കാരത്തിനു എങ്ങനേലും ണ്ടാക്കാന്ന് വെക്ക. നെജ്ജൂട്ടാന് കവറിലിട്ട് കൊട്ക്കാന് ന്ത് ചെജ്ജും?”
”ങ്ങള് മുണ്ടാണ്ട് ഒര് പാത്തിര്ന്നോളി. അതൊക്കെ നടന്നോളും.”
കദീശു കെട്ടിയോനെ സമാധാനിപ്പിച്ചു.
റമദാനെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ എല്ലാ വീട്ടിലും തുടങ്ങി. കദീശുവും നന്നായി വീട്ടില്‍ ഒരുക്കങ്ങള്‍ നടത്തി. പുത്യാപ്ല സല്‍ക്കാരം നടക്കാനുള്ള വീടാണ്. കുറ്റം പറയാന്‍ പറ്റൂല.
മാസപ്പിറവി കണ്ടു. റേഡിയോയില്‍ വാര്‍ത്ത വന്നു. എല്ലാ വീട്ടിലും സന്തോഷം അലതല്ലി. പകല്‍ മുഴുവന്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിക്കേണ്ടി വന്നാലും നോമ്പ് എല്ലാവര്ക്കും സന്തോഷം ഉളവാക്കുന്നതു തന്നെയാണ്.
അത്താഴത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങണം. താളിപ്പിനുള്ള മുരിങ്ങ ഒടിച്ചുകൊണ്ടുവന്ന് ഊരണം. ഇറച്ചി വേവിക്കണം. ചെട്ടിയാര്‍ കൊണ്ടുവന്ന പപ്പടം പൊരിക്കണം.
മുരിങ്ങ താളിപ്പും ഒരു പപ്പടം പൊരിച്ചതും രണ്ടു കഷണം ഇറച്ചി വരട്ടിയതും- തീര്‍ന്നു വിഭവങ്ങള്‍.
ആദ്യത്തെ പത്തിലാണ് പുത്യാപ്ല സല്‍ക്കാരം. നോമ്പ് രണ്ടിനോ മൂന്നിനോ ആയാല്‍ അത്യുത്തമം. ഇതാണ് നാട്ടുനടപ്പ്.
ബീരാനും കദീശുവും പുത്യാപ്ല സല്‍ക്കാരത്തിന്റെ ദിവസം നിശ്ചയിച്ചു.
”ഞമ്മക്ക് രണ്ടിന് തന്നെ ബിളിച്ചാലോ…” കദീശു പറഞ്ഞു.
”അത് പറ്റൂല. റമദാന് ഏഴിനേ ഞമ്മക്ക് പറ്റുള്ളൂ.”
”പടച്ചോനെ, ഏഴിനോ? അത് വരെ ങ്ങക്ക് ന്തേയ്?”
”കദീശോ, ഇക്കരമ്മല് ഒരുപാട് നോമ്പ്തുറ സല്ക്കാരങ്ങള്ണ്ട്. ഒക്കെ ബമ്പന് ബമ്പന് ആണ്. എല്ലാര്ക്കും ഞമ്മളെന്നെ മാണം. ന്താ ചെജ്ജാ…?”
”ന്റെ ഖോജരാജാവായ തമ്പുരാനേ, ആദ്യത്തെ നോമ്പ് സല്‍ക്കാരമാണ്. ന്നട്ടും ങ്ങനെ നീണ്ടാല്‍…” കദീശു നെടുവീര്‍പ്പിട്ടു.
പറഞ്ഞിട്ടും കാര്യല്ല. കാര്യങ്ങള്‍ നന്നായി നടക്കണോങ്കി ബീരാന്‍ക്ക തന്നെ വേണം.
ആദ്യത്തെ നോമ്പിന് തലോല്‍മ്പ് എന്നാണ് പറയുക. അതിന്റെ അടിത്തറ എനിക്ക് ഇന്നും മനസ്സിലായിട്ടില്ല. തലോല്മ്പിന് എല്ലാരും അത്താഴത്തിന് എണീക്കും. ചെറിയ കുട്ടികള്‍ ഉച്ച വരെ നോമ്പെടുക്കും. പിന്നെ മുറിക്കും. പിറ്റേന്നും അങ്ങനെ നോറ്റാല്‍ ഒരു നോമ്പ് പൂര്‍ത്തിയായി എന്ന് ഉമ്മമാര് പറഞ്ഞുകൊടുക്കും. അന്ന് കുട്ടികള്‍ അത് വിശ്വസിച്ചിരുന്നു. ഇന്നത്തെ കുട്ടികളെ അതിനു കിട്ടില്ല.
നോമ്പ് തുടങ്ങി. ഏഴിന് ബീരാന്റെ പൊരേലും നോമ്പ് തുറ ഉറപ്പിച്ചു. ആറ് നോമ്പിനും ബീരാന് പൊരേല് കൂടിയില്ല.
”ഇന്നെങ്കിലും ങ്ങള് ഇബടന്ന് തൊര്ക്കിം”- കദീശു പറഞ്ഞു.
എല്ലാ വിഭവങ്ങളും ഒരുക്കി. ഇനി ബാങ്ക് കൊടുക്കുകയേ വേണ്ടൂ.
ഇളയ മോള് സുബൈദയും ഭര്‍ത്താവും എത്തിയിട്ടില്ല. മൂത്ത മോള് സൂറ വന്നിട്ടുണ്ട്. അവളാണ് കാര്യങ്ങള്‍ തീരുമാനിക്കുക. എല്ലാവരും ഇരുന്നു.
ബാങ്ക് കൊടുത്തു. വെള്ളം കുടിച്ച് നോമ്പ് തുറന്നു. പിന്നെ തരിക്കഞ്ഞി. റവ പാലോ തേങ്ങാപ്പാലോ ചേര്‍ത്ത് ചുവന്നുള്ളി അരിഞ്ഞു നെയ്യില്‍ തൂമിച്ചെടുത്ത നല്ല രസമുള്ള പാനീയമാണ് തരിക്കഞ്ഞി. അത് കഴിഞ്ഞു നമസ്കാരം. നമസ്കാരം കഴിഞ്ഞിട്ടാണ് രണ്ടാം തുറ. കാര്യമായ തീറ്റ അപ്പോഴാണ്. രണ്ടാം തുറയും കഴിഞ്ഞ് എണീറ്റിട്ടാണ് ‘നെജ്ജൂട്ടാന്’ കൊടുക്കുക.
നോമ്പ് തുറക്കാന്‍ വരുന്ന മരുമോന്റെ കയ്യില്‍ അമ്മായി ഒരു സംഖ്യ കവറിലിട്ട് കൊടുക്കും. അതാണ് നെജ്ജൂട്ടാന്.
എല്ലാവരും എണീറ്റു. സൂറ ഭര്‍ത്താവിനെ അകത്തേക്ക് വിളിച്ചു.
നെജ്ജൂട്ടാന് കിട്ട്ണ സമയത്ത് ഇവളെന്താ അകത്തേക്ക് വിളിക്ക്ണത്? എന്തായാലും പോയി നോക്കാം. അയാള്‍ അകത്തേക്ക് വന്നു. പുതിയ മരുമോന് പുറത്തിരുന്നു.
”പിന്നേയ്, നെജ്ജൂട്ടാന്ള്ള പൈസ മ്മ കൊണ്ടരുമ്പോ ങ്ങള് മാണ്ടാന്ന് പറേണം. അപ്പൊ ഓനും മാണ്ടാന്ന് പറയും. ങ്ങളെ പൈസ ഞാന്‍ പിന്നെ മാങ്ങിത്തെരാ.”
പെമ്പ്രന്നോത്തിന്റെ ബുദ്ധി അയാള്‍ ഒന്ന് വിലയിരുത്തി.
…..
ബീരാന്ക്കാന്റെ മോന് സുബൈറിന്റെ കല്യാണം കഴിഞ്ഞു. പാവപ്പെട്ട കുടുംബമാണെങ്കിലും അമ്മാവന്മാര് സഹായിച്ചു 15 പവന് സ്വര്‍ണവുമായാണ് മണവാട്ടി കയറിവന്നത്.
കാതില്‍ നല്ല ജിമിക്കി കമ്മല്‍, കയ്യില്‍ വീതിയുള്ള വളകള്‍, രണ്ടു മാല, നാല് മോതിരം- സൂറക്ക് ആകപ്പാടെ നാത്തൂനെ നന്നായി ബോധിച്ചു. തഞ്ചത്തില്‍ അടുത്ത് കൂടണം. പണിയൊന്നും വല്ലാതെ ചെയ്യിപ്പിക്കണ്ട. സോപ്പിട്ടു നിര്‍ത്താം. കല്യാണത്തിന് പോവുമ്പോള്‍ മാല ഒന്ന് ഇടാന്‍ ചോയ്ക്കാലോ- അതായിരുന്നു സൂറാന്റെ കണക്കുകൂട്ടല്‍.
സൂറാക്ക് കല്യാണത്തിന് പോവാഞ്ഞിട്ട് ഒരു ബേജാറ്. ആരും കല്യാണം പറയുന്നുമില്ല. അങ്ങനെ വിഷമിച്ചിരിക്കുമ്പോഴാണ് ഉമ്മയുടെ കുടുംബത്തില്‍ ഒരു കല്യാണം.
സൂറ ആദ്യം സന്തോഷിച്ചു. അപ്പോത്തന്നെ അത് ഇല്ലാതായി. പുതുപെണ്ണിനീം കൊണ്ടു പോണം. പിന്നെങ്ങനെ ഓളെ മാല വാങ്ങും? ഇനീം ഏതെങ്കിലും കല്യാണം ണ്ടാവും.
സൂറാന്റെ ആഗ്രഹം പോലെ, സൂറാന്റെ പുത്യാപ്ലന്റെ ചങ്ങായിന്റെ പൊരേല് കല്യാണം. അതിനു പോവാന്‍ സൂറ നേരത്തെ തന്നെ മാല ചോദിച്ചു. പാവം നാത്തൂന് സമ്മതിച്ചു. കല്യാണത്തിന്റെ തലേന്ന് മാലക്കൊപ്പം കമ്മല്‍ കൂടി സൂറ വാങ്ങി.
കല്യാണം കഴിഞ്ഞു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും സൂറ കമ്മലും മാലയും തിരിച്ചുനല്‍കിയില്ല. അവസാനം സുബൈര്‍ ഇടപെടേണ്ടിവന്നു രണ്ടും തിരിച്ചുകിട്ടാന്‍.
കമ്മല്‍ ഇടാന്‍ നേരം മുനീറ ഒന്ന് നോക്കി. ഇളകിയാടുന്ന രണ്ടു മുത്തുകള്‍ കാണാനില്ല. ”ചാടിപ്പോയതാവും.” അവള് ആശ്വസിക്കാന്‍ ശ്രമിച്ചു.
മറ്റേ കമ്മല്‍ എടുത്തപ്പോള്‍ അതിലും രണ്ട് മുത്തുകള്‍ കാണാനില്ല. രണ്ടു കമ്മലിലും ഒരേ ഭാഗത്തു നിന്നാണ് മുത്തുകള്‍ പോയിട്ടുള്ളത്.
”ഇത്ത വല്ലതും?”
”ഏയ്, അതുണ്ടാവില്ല. അല്ലെങ്കിലും നാല് മുത്ത് കൊണ്ട് എന്താവാനാ…?” അവള് സമാധാനിച്ചു.
കല്യാണം കഴിഞ്ഞിട്ട് ഒരു മാസമായി. മുനീറക്ക് ഓളെ വീട്ടിക്ക് ഒന്ന് പോണം. ഉപ്പാന്റേം ഉമ്മാന്റേം അടുത്ത് കൊറച്ചീസം നിക്കണം.
അവള് സുബൈറിനോട് പറഞ്ഞു. ”ഉമ്മനോട് ചോയ്ച്ചു പൊയ്ക്കോ.”
അവള് ഉമ്മയോട് ചോയ്ച്ചു. അവര്‍ വേഗം സമ്മതിച്ചു.
മുനീറ വീട്ടിലെത്തി. അവള്‍ക്ക് വല്ലാത്തൊരാശ്വാസം തോന്നി. പിറ്റേന്ന് അയല്പക്കത്തെ അമ്മായീനെ കാണാന്‍ പോയി. അമ്മായിയോട് ഓരോന്ന് പറഞ്ഞിരിക്കുന്നതിനിടയില്‍, അമ്മായീടെ മോന് ചായയും അവിലും കൊണ്ടുവന്നു. പിന്നാലെ അവന്റെ മോളും വന്നു.
ചായകുടി കഴിഞ്ഞിരുന്നപ്പോഴാണ്, അമ്മായി അത് കണ്ടത്: ജിമിക്കി കമ്മലിന്റെ രണ്ടു മുത്തുകള്‍ കാണാനില്ല! എവിടെപ്പോയി എന്ന ചോദ്യത്തിന് മുനീറക്ക് ഉത്തരമുണ്ടായില്ല.
താത്ത കൊണ്ടോയതും തിരിച്ചുതന്നപ്പോള്‍ മുത്ത് കാണാതായതും ഒന്നും അവള് പറഞ്ഞില്ല. എന്നാല്‍ അമ്മായീടെ മരുമോള്‍ക്ക് മനസ്സിലായി. മുനീറയുടെ നാത്തൂന് സൂറ കമ്മല്‍ വാങ്ങിയതും നാല് മുത്തുകള്‍ ഇളക്കിയെടുത്ത്, അവളുടെ മേല്‍ക്കാത് കുത്തിയതും.
അവള് വള്ളിപുള്ളി വിടാതെ ആ കാര്യം മുനീറയോട് പറഞ്ഞു. അമ്മായിയും മുനീറയും അന്തം വിട്ടിരുന്നു.
താത്തയുടെ അല്പബുദ്ധിയെക്കുറിച്ച് ചിന്തിച്ച് മുനീറ അവിടന്നിറങ്ങി.