LoginRegister

പണം കൊടുത്താല്‍ കിട്ടാത്തത്

ഷെരീഫ് സാഗര്‍

Feed Back


കോടീശ്വരനായ ഒരു മനുഷ്യന്റെ കഥ പറയാം. സ്വന്തം അധ്വാനം കൊണ്ട് അദ്ദേഹം പലതും നേടി. സ്വന്തമായ ബിസിനസ് സാമ്രാജ്യം. വലിയ കെട്ടിടങ്ങള്‍. ആഡംബര വീട്. ആഡംബര കാറുകള്‍. എന്ത് നേടിയാലും മനുഷ്യന്‍ ഒരു ദിവസം മരിക്കും. അങ്ങനെ കോടീശ്വരന്‍ മരണക്കിടക്കയിലായി. എല്ലാ പ്രൗഢിയോടെയും അച്ഛനെ ശ്മശാനത്തിലേക്ക് കൊണ്ടുപോകണമെന്ന് മക്കള്‍ ചര്‍ച്ച ചെയ്തു.
‘റോള്‍സ് റോയ്‌സ് കാറില്‍ പോകാ’മെന്ന് ഒരു മകന്‍ പറഞ്ഞു. ‘മരിച്ച ആള്‍ക്ക് എന്ത് റോള്‍സ് റോയ്‌സ്, ഫോര്‍ഡ് കാര്‍ മതി’യെന്ന് മറ്റൊരു മകന്‍ പറഞ്ഞു. ‘ഒരു ലോറി വാടകക്കെടുത്ത് കൊണ്ടുപോയാല്‍ പോരേ’ എന്നായിരുന്നു മൂന്നാമത്തെ മകന്റെ നിര്‍ദേശം. ‘മരിച്ചുകഴിഞ്ഞാല്‍പ്പിന്നെ ഇതിന്റെയൊന്നും ആവശ്യമില്ല. മുനിസിപ്പാലിറ്റിയുടെ മാലിന്യക്കൂമ്പാരത്തില്‍ ജഡം ഉപേക്ഷിക്കാ’മെന്ന് നാലാമത്തെ മകന്‍ പറഞ്ഞു. ഒരു ചെലവുമില്ലാതെ മുനിസിപ്പാലിറ്റിക്കാര്‍ തന്നെ എടുത്തോളും.
ഇതെല്ലാം കേട്ട അച്ഛന്‍ ”എനിക്കൊരു ചെരുപ്പ് തരുമോ” എന്ന് മക്കളോട് ചോദിച്ചു. ”ഈ അന്ത്യനിമിഷങ്ങളില്‍ നിങ്ങള്‍ക്കെന്തിനാണ് ചെരുപ്പ്” എന്നായി മക്കള്‍. ”എനിക്ക് ശ്മശാനം വരെ നടന്നുപോകാനാണ്” എന്നായിരുന്നു അച്ഛന്റെ മറുപടി. അങ്ങനെ ചെരുപ്പ് ധരിച്ച് ആ അച്ഛന്‍ ശ്മശാനത്തില്‍ പോയി മരിച്ചുവെന്നാണ് കഥ.
മരണത്തില്‍ പോലും ലാഭവും നഷ്ടവും കണക്കുകൂട്ടുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്. പണം കൊടുത്താല്‍ എന്തും കിട്ടുമെന്ന് കരുതുന്നവര്‍ക്കുള്ള പാഠമാണ് ഈ കഥ. പണം കോരിച്ചൊരിഞ്ഞ് മക്കളെ വളര്‍ത്തിയതുകൊണ്ട് ആ മക്കള്‍ പിതാവിനെ പരിചരിക്കണമെന്നില്ല. പണം കൊടുത്താല്‍ കിട്ടാത്ത പലതും ഈ ലോകത്തുണ്ടെന്ന പാഠം മനുഷ്യജീവിതത്തില്‍ അനിവാര്യമാണ്. എന്നാല്‍ ജീവിക്കാന്‍ പണം മതി എന്ന ചിന്ത പുതിയ കാലത്ത് ശക്തമാണ്. പണമുണ്ടാക്കാനും പണം സ്വപ്‌നം കാണാനും പഠിപ്പിക്കുന്ന ലൈഫ് കോച്ചുമാര്‍ ധാരാളം നമുക്ക് ചുറ്റുമുണ്ട്. കുമിഞ്ഞുകൂടിയ പണത്തിന് മീതെ സ്വപ്‌നജീവിതം നയിക്കാമെന്ന് പലരും കരുതുന്നു.
ഇതൊരു മിഥ്യാധാരണയാണ്. ജീവിക്കാന്‍ പണം വേണം എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ പണമാണ് മറ്റെല്ലാം തരുന്നത് എന്ന ചിന്ത തെറ്റാണ്. ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം പണത്തിന്റെ കൂമ്പാരമോ ബാങ്ക് ബാലന്‍സോ അല്ല. പണം കൊണ്ട് നമുക്ക് ക്ലോക്ക് വാങ്ങാം. പക്ഷേ, സമയം വാങ്ങാനാവില്ല. പണം കൊണ്ട് ബെഡ് വാങ്ങാം. പക്ഷേ, ഉറക്കം വിലകൊടുത്താല്‍ കിട്ടില്ല. പണം കൊണ്ട് ഡോക്ടറെ കാണാം. പക്ഷേ, ആരോഗ്യം വിലയ്ക്ക് വാങ്ങാനാവില്ല. പണം കൊണ്ട് ഇന്‍ഷുറന്‍സ് എടുക്കാം. പക്ഷേ, സുരക്ഷ ഉറപ്പാക്കാനാവില്ല. പണം കൊടുത്ത് പുസ്തകം വാങ്ങാം. അറിവ് വാങ്ങാനാവില്ല. അറിവും വിവരവുമുള്ളവന് പണമുള്ളവനെ പേടിക്കേണ്ട കാര്യവുമില്ല. പണം കൊണ്ട് രക്തം വാങ്ങാം, ആയുസ്സ് വാങ്ങാനാവില്ല. പദവികളും പണം കൊണ്ട് കിട്ടും. ചില പണക്കാര്‍ പണം കൊടുത്ത് ഡോക്ടറേറ്റ് വാങ്ങുന്നത് പതിവാണ്. പക്ഷേ, ഡോക്ടറേറ്റ് കിട്ടിയതുകൊണ്ട് ആദരവ് കിട്ടണമെന്നില്ല. പണം കൊടുത്ത് ഡോക്ടറേറ്റ് എടുത്തവന്‍ എന്ന ആക്ഷേപം മരിക്കുന്നതുവരെയും മരിച്ചാലും കേള്‍ക്കേണ്ടി വരും. പണം വിനിമയത്തിനുള്ള ഒരു ഭൗതിക വസ്തു മാത്രമാണ്. അത് നമുക്ക് വേണം. പക്ഷേ, അത് മാത്രമാണ് ജീവിതമെന്ന് കരുതുന്നത് മഹാ വിഡ്ഢിത്തമാണ്.
”വിത്തമെന്തിന്നു മര്‍ത്യന്ന്
വിദ്യ കൈവശമാകുകില്‍?
വെണ്ണയുണ്ടെങ്കില്‍ നറുനെയ്
വേറിട്ട് കരുതേണമോ?”
എന്നാണ് മഹാകവി ഉള്ളൂര്‍ ചോദിക്കുന്നത്. വിദ്യ കൈവശമുള്ളവന് പണത്തിന്റെ ആവശ്യമില്ല. പണവും പദവിയുമൊക്കെ പിന്നെ താനെ കൈവരുന്നതാണ്.
”കൊണ്ടുപോകില്ല ചോരന്മാര്‍
കൊടുക്കുന്തോറുമേറിടും
മേന്മ നല്‍കും മരിച്ചാലും
വിദ്യ തന്നെ മഹാ ധനം”
എന്ന് കവി തുടര്‍ന്ന് പാടുന്നു. കള്ളന്മാര്‍ക്ക് കൊണ്ടുപോകാന്‍ കഴിയാത്ത, കൊടുക്കും തോറും ഏറിടുന്ന, മരിച്ചാലും മേന്മ നല്‍കുന്ന വിദ്യ തന്നെയാണ് വലിയ ധനമെന്നാണ് കവി പറയുന്നത്.
ആരോഗ്യമുള്ള കാലത്ത് നമുക്ക് പണമുണ്ടായിരുന്നില്ല. പണമുണ്ടായപ്പോള്‍ ആരോഗ്യവും നഷ്ടമായി. പണം കൊടുത്ത് വാങ്ങാത്ത ആരോഗ്യം പണം കൊടുത്താല്‍ കിട്ടാത്ത ആരോഗ്യമായി. കൗമാരത്തില്‍ ആരോഗ്യമുണ്ടെങ്കിലും പണമുണ്ടായില്ല. യൗവനത്തില്‍ പണവും ആരോഗ്യവുമുണ്ടായിട്ടും അതൊന്നും ആസ്വദിക്കാനുള്ള സമയമുണ്ടായില്ല. വാര്‍ധക്യത്തില്‍ സമയവും പണവുമുണ്ട്. പക്ഷേ, ആസ്വദിക്കാനുള്ള ആരോഗ്യമില്ല.
കണ്ണടച്ചൊന്ന് ചിന്തിച്ചാലറിയാം, പണം കൊണ്ട് വാങ്ങാന്‍ കഴിയാത്ത പതിനായിരം കാര്യങ്ങള്‍. അച്ഛനും മക്കളും ഭാര്യയും ഭര്‍ത്താവുമെല്ലാം ആത്മബന്ധത്തിന്റെ ഇഴകളില്‍ കോര്‍ത്തവരാണെങ്കില്‍ പണം അവരുടെ ബന്ധങ്ങളെ ഉലയ്ക്കുന്നില്ല. പല കുടുംബങ്ങളിലും പണവും സ്വത്തും കൂടുമ്പോഴാണ് കുടുംബവഴക്കുകളും പെരുകുന്നത്. അച്ഛന്റെ ഓഹരിക്കായി കേസ് കൊടുത്ത് മരണം വരെ സ്വത്ത് അനുഭവിക്കാന്‍ കഴിയാത്ത എത്രയോ മക്കള്‍ നമുക്കു ചുറ്റുമുണ്ട്.
കോഴിക്കോട് ഞാന്‍ താമസിക്കുന്ന വീടിന് തൊട്ടടുത്ത് കാടുകയറി പാതി നശിച്ചുതുടങ്ങിയ വലിയൊരു വീടുണ്ട്. ആരും ഉപയോഗിക്കാതെ അടഞ്ഞുകിടക്കുന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന പ്രേതാലയം. അന്വേഷിച്ചപ്പോള്‍ മക്കള്‍ തമ്മിലുള്ള കേസാണ് അത് ഉപയോഗശൂന്യമായി കിടക്കാനുള്ള കാരണം. ആര്‍ക്കും അനുഭവിക്കാനാവാതെ ആ വലിയ വീട് ഏകാന്തമായി നില്‍ക്കുന്നു. അച്ഛനും അമ്മയും ആശിച്ചു മോഹിച്ചുണ്ടാക്കിയ വീട്ടില്‍ ഒരു നേരം പോലും സമാധാനമായി കിടക്കാന്‍ കഴിയാത്ത മക്കള്‍ നല്‍കുന്ന സന്ദേശം വ്യക്തമാണ്: സമാധാനത്തിന്റെ അടിസ്ഥാനം സ്വത്തും പണവുമല്ല. വിട്ടുവീഴ്ച ചെയ്യാനും സ്‌നേഹിക്കാനുമുള്ള മനസ്സാണ്. ഉടപ്പിറപ്പുകള്‍ പോലും സ്വത്തിനു വേണ്ടി വെട്ടിക്കൊല്ലുന്നത് പണമുള്ളതുകൊണ്ടാണ്, ഇല്ലാത്തതുകൊണ്ടല്ല.
ജീവിതത്തില്‍ ഇന്നുവരെ പണം കൈകൊണ്ട് തൊട്ടിട്ടില്ലാത്ത എത്രയോ ആദിവാസി ഗോത്രസമൂഹങ്ങള്‍ നമ്മുടെ ലോകത്തുണ്ട്. അവരും സമാധാനത്തോടെ ജീവിക്കുന്ന ഭൂമിയാണിത്. ഒരിക്കല്‍ പോലും പണം ആവശ്യമാണെന്ന് തോന്നാത്തവര്‍. അവര്‍ അധ്വാനിക്കുന്നു. അന്നന്നത്തെ അന്നം കണ്ടെത്തുന്നു. തിന്നുകയും കുടിക്കുകയും ആനന്ദിക്കുകയും ചെയ്യുന്നു.
സ്‌നേഹിക്കപ്പെടുക എന്ന അനുഭവം പണം കൊടുത്താല്‍ കിട്ടാത്ത ഒന്നാണ്. മാസശമ്പളം കൊടുത്ത് സ്‌നേഹിക്കാന്‍ ആളെ നിയമിക്കുക അസാധ്യമാണ്. പുതിയ കാലത്ത് സൈക്കോളജിസ്റ്റുകളുടെയും മന്ത്രവാദികളുടെയും എണ്ണം കൂടിക്കൊണ്ടിരിക്കുന്നതിന്റെ പ്രധാന കാരണം പണമുള്ളവര്‍ കൂടിയതാണ്. അവര്‍ക്ക് മനഃസമാധാനമില്ല. അവരെ കേള്‍ക്കാനും മനസ്സിലാക്കാനും ആളില്ല. എന്നാലോ, പണം ധാരാളമുണ്ട്. അപ്പോള്‍ അവര്‍ മന്ത്രവാദികളെ സമീപിക്കുന്നു. അതല്ലെങ്കില്‍ ഏതെങ്കിലും സിദ്ധന്മാരെ. അതുമല്ലെങ്കില്‍ സൈക്കോളജിസ്റ്റുകളെ. ഇവര്‍ പറയുന്നതെല്ലാം അവര്‍ കേള്‍ക്കുന്നു. പറയുന്നതെല്ലാം കേള്‍ക്കുന്ന ഒരാളെ കിട്ടുമ്പോള്‍ തന്നെ അവരുടെ പകുതി പ്രശ്‌നങ്ങള്‍ തീരുന്നു.
‘എല്ലാം പണം നടത്തും ഇന്ദ്രജാല പ്രകടനങ്ങളാ’ണെന്ന് വിലപിക്കുന്ന ഒരു ചലച്ചിത്ര ഗാനമുണ്ട്. യേശുദാസ് പാടിയ മനോഹര ഗാനം. ബന്ധങ്ങളേക്കാള്‍ പണത്തിന് പ്രാധാന്യം നല്‍കുന്നവര്‍ക്കിടയിലാണ് ബന്ധുവാര്, ശത്രുവാര് എന്ന് തിരിച്ചറിയാത്ത അവസ്ഥയുണ്ടാകുന്നത്.
”ഇവിടെ സ്‌നേഹമെന്നാല്‍ സ്വര്‍ണമാണ് കിളിമകളേ
പ്രണയവും പരിണയവും വ്യാപാരം കിളിമകളേ
എല്ലാം പണം നടത്തും ഇന്ദ്രജാല പ്രകടനങ്ങള്‍”
എന്ന് പാടിത്തീരുന്ന ദുഃഖഗാനമാണിത്.
പ്രണയത്തിലും പരിണയത്തിലുമെല്ലാം ലാഭനഷ്ടങ്ങള്‍ മാത്രം കണക്കാക്കുമ്പോഴാണ് ദുഃഖത്തിന്റെ നീരാളി നമ്മെ പിടികൂടുന്നത്. നഷ്ടങ്ങളുടെ കണക്കെടുപ്പിന് പകരം നേട്ടങ്ങളുടെ കണക്കുകൂട്ടുമ്പോള്‍ കിട്ടിയതെല്ലാം സൗഭാഗ്യങ്ങളാണെന്ന് തിരിച്ചറിയാന്‍ കഴിയും. ചിലപ്പോഴൊക്കെ അര്‍ഹിച്ചതില്‍ കൂടുതല്‍ കിട്ടിയിട്ടുണ്ടെന്ന് മനസ്സിലാകും. അതിനൊക്കെ ദൈവത്തോട് നന്ദി പറയാനാകും. അപ്പോള്‍ ഹൃദയം സന്തോഷത്താല്‍ തുടിക്കും.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top