25 വര്‍ഷം നീണ്ടുനിന്ന മധുരോദാരവും സ്മരണാസമ്പന്നവുമായ ദാമ്പത്യത്തിന് തിരശ്ശീലയിട്ട് തിരുദൂതരുടെ പ്രിയതമ ഖദീജ വിടവാങ്ങി. തന്റെ യൗവനത്തിന് നിറവും സുഗന്ധവും നല്‍കിയ ആദ്യ ജീവിതസഖിയുടെ വേര്‍പാട് തിരുനബിയെ മഹാദുഃഖത്തിലാഴ്ത്തി. ഒരു തുണയുടെ തണല്‍ ഏറെ ആവശ്യമുണ്ടായിരുന്ന നബിക്ക്, വീട്ടില്‍ ഖദീജയും നാട്ടില്‍ അബൂത്വാലിബുമാണ് അത് നല്‍കിയിരുന്നത്. ആ രണ്ട് തണലുകളും തുടരെത്തുടരെയായാണ് അല്ലാഹു തിരികെയെടുത്തത്. ഖദീജ മരിച്ച് ഏതാനും മാസം മാത്രമേ അബൂത്വാലിബ് ജീവിച്ചിരുന്നുള്ളൂ.
ദുഃഖവര്‍ഷത്തിന്റെ നോവില്‍ നിന്ന് അല്പം മോചിതനായ തിരുനബിയെ തേടി ഒരു വിരുന്നുകാരി വീട്ടില്‍ വന്നു. ഉസ്മാനുബ്‌നു മള്ഊനിന്റെ ഭാര്യ ഖൗല. ഖദീജയുടെ അടുത്ത കൂട്ടുകാരിയായിരുന്ന ഖൗലയും അവരുടെ ഭര്‍ത്താവ് ഉസ്മാനും തിരുനബിയുടെ അടുപ്പക്കാരായിരുന്നു. ആ വീട്ടിലെ നിത്യസന്ദര്‍ശകയുമായിരുന്നു ഖൗല. ഇപ്പോഴത്തെ സന്ദര്‍ശനത്തില്‍ അവര്‍ക്ക് ഒരു ലക്ഷ്യമുണ്ടായിരുന്നു.
”ഖദീജയുടെ മരണം താങ്കളെ വല്ലാതെ ഉലച്ചിട്ടുണ്ട് എന്നറിയാം. എന്തു ചെയ്യാം, ദൈവവിധിയല്ലേ”- ഖൗല സംസാരത്തിന് തുടക്കമിട്ടു.
”അതെ, ഖദീജ ഈ വീടിന്റെ വിളക്കായിരുന്നു. എന്റെ മക്കളുടെ ഉമ്മയുമാണല്ലോ അവര്‍”- നബി പറഞ്ഞു.
”എനിക്ക് താങ്കളോട് ഒരു കാര്യം പറയണമെന്നുണ്ട്. വിഷമം തോന്നില്ലെങ്കില്‍ പറയാം”- ഖൗല വിഷയത്തിലേക്ക് വന്നു.
നേരിയ ആകാംക്ഷയോടെ നബി അവരെ നോക്കി. ”പറയൂ ഖൗലാ, എന്താണ് കാര്യം?”
”മറ്റൊന്നുമല്ല… ഒരു വിവാഹാലോചനയാണ്. താങ്കള്‍ ഇഷ്ടപ്പെടുന്നുവെങ്കില്‍ ഞാനൊരു ബന്ധം അന്വേഷിക്കാം”- അവള്‍ പറഞ്ഞു.
നബിയുടെ മുഖത്ത് പുഞ്ചിരി വിരിഞ്ഞു. ”നിങ്ങള്‍ സ്ത്രീകളുടെ കാര്യം അദ്ഭുതം തന്നെ. ഇത്തരം കാര്യങ്ങളില്‍ നിങ്ങള്‍ സമര്‍ഥകളാണല്ലോ”- നബി അല്‍പം നര്‍മത്തോടെ പറഞ്ഞു.
”അതിരിക്കട്ടെ… ആരെയാണ് നീ കണ്ടുവെച്ചിരിക്കുന്നത്?”- ദൂതര്‍ ആരാഞ്ഞു.
”രണ്ടു പേരുണ്ട്. ഒരാള്‍ വിധവയാണ്. രണ്ടാമത്തവള്‍ കന്യകയുമാണ്”- ഖൗലയുടെ മറുപടി.
”ഇവരൊക്കെ ആരാണെന്നു കൂടി പറയൂ”- നബി ആവശ്യപ്പെട്ടു.
ഖൗല വിശദീകരിച്ചു: ”താങ്കളുടെ ഇഷ്ടതോഴന്‍ അബൂബക്കറിന്റെ മകള്‍ ആയിശയാണ് കന്യക. വിധവ സംഅയുടെ മകള്‍ സൗദയും.”
”എന്നാല്‍ നീ പോയി അന്വേഷിക്കൂ. എന്നിട്ട് വിവരം അറിയിക്കൂ”- സമ്മതമെന്നോണം തിരുദൂതര്‍ മൊഴിഞ്ഞു. വന്ന കാര്യം സഫലമായതിലെ സന്തോഷത്തോടെ ഖൗല വീട്ടില്‍ നിന്നിറങ്ങി.
ഭര്‍ത്താവ് സക്‌റാനുബ്‌നു അംറിന്റെ മരണത്തോടെ വിധവയായ സൗദ ഒറ്റപ്പെട്ട് കഴിയുന്ന കാലം. കുടുംബത്തിന്റെ എതിര്‍പ്പ് അവഗണിച്ചാണ് സൗദ ഇസ്‌ലാം സ്വീകരിച്ചതും ഭര്‍ത്താവുമൊത്ത് അബിസീനിയയിലേക്ക് ഹിജ്‌റ പോയതും. അവിടെ നിന്ന് മദീനയില്‍ തിരികെയെത്തിയതിനു പിന്നാലെ സക്‌റാന്‍ മരിച്ചു. സൗദ സൗന്ദര്യവതിയല്ല. യൗവനത്തുടിപ്പും അസ്തമിച്ചുതുടങ്ങി. തടിച്ച പ്രകൃതക്കാരിയുമാണ്.
കൂട്ടുകുടുംബക്കാരാവട്ടെ അകന്നുകഴിയുകയുമാണ്. ദാമ്പത്യജീവിതത്തെക്കുറിച്ച നിറമുള്ള സ്വപ്‌നങ്ങളൊക്കെ മാറ്റിവെച്ച് ഏകാകിനിയായി കഴിയവെയാണ് സന്തോഷവുമായി ഒരു മാലാഖയെ പോലെ ഖൗല സൗദയെ തേടിയെത്തുന്നത്.
”സൗദാ… സന്തോഷിക്കുക. തിരുനബി നിങ്ങളെ ഇണയായി സ്വീകരിക്കാന്‍ ഒരുക്കമാണ്.”
ഖൗലയുടെ മുഖവുരയില്ലാത്ത വാക്കുകള്‍ സൗദയെ സ്തബ്ധയാക്കി. ആശ്ചര്യമിഴികളോടെ ഖൗലയെ നോക്കി അവര്‍ ഉറപ്പിച്ചു: ”സത്യമായും?”
”അതേ, ദൂതരാണ് എന്നെ ഇങ്ങോട്ടയച്ചത്”- ഖൗല പറഞ്ഞു.
”എങ്കില്‍ പ്രിയ നബിയെ സേവിക്കാന്‍ ഞാന്‍ ഒരുക്കമാണ്”- സൗദ സമ്മതിച്ചു.
”എങ്കില്‍ രക്ഷാകര്‍ത്താവായി ഒരാളെ നീ കണ്ടെത്തുക. മണവാട്ടിയാവാന്‍ ഒരുങ്ങുക”- ഖൗല നിര്‍ദേശിച്ചു.
ഭര്‍തൃസഹോദരനായ ഹാതിബുബ്‌നു അംറിനെ രക്ഷിതാവാക്കി സൗദ തിരുനബിയെ വരിച്ചു. ഖദീജയുടെ പിന്‍ഗാമിയായി അവര്‍ നബിയുടെ വീട്ടിലെത്തി. ആ വീട് വീണ്ടും ഉണര്‍ന്നു. തിരുനബിയുടെ പെണ്‍മക്കളും വളര്‍ത്തുമക്കളായ അലിയും സെയ്ദും ഉമ്മയുടെ സ്‌നേഹവായ്പറിഞ്ഞു. ഖൗലയുടെ സാമര്‍ഥ്യത്തിന് അവര്‍ നന്ദിയര്‍പ്പിക്കുകയും ചെയ്തു.
അധികം വൈകാതെ മറ്റൊരു ദിവസം ഖൗല അബൂബക്കര്‍ സിദ്ദീഖി(റ)ന്റെ വീട്ടിലുമെത്തി. വിശേഷങ്ങള്‍ പങ്കിടവെ ഉമ്മു റൂമാനോട് അവര്‍ വിഷയം പറഞ്ഞു: ”നിങ്ങള്‍ക്ക് സമ്മതമാണെങ്കില്‍ മകള്‍ ആയിശയെ മണവാട്ടിയാക്കാന്‍ തിരുനബിക്ക് ആഗ്രഹമുണ്ട്. ദൂതരില്‍ നിന്ന് സമ്മതം വാങ്ങിയാണ് ഞാന്‍ വന്നിരിക്കുന്നത്.”
ഖൗലയുടെ വാക്കുകള്‍ ഉമ്മു റൂമാനെ അമ്പരപ്പിച്ചു. പെട്ടെന്ന് ഒരു മറുപടി പറയാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.
”അബൂബക്കറുമായി സംസാരിക്കട്ടെ. അതുവരെ കാത്തിരിക്കൂ”- ഉമ്മു റൂമാന്‍ പറഞ്ഞു. അബൂബക്കറും ആയിശയും ആ ആലോചനയെ ഹൃദയം കൊണ്ട് സ്വീകരിച്ചു. ജുബൈറുബ്‌നു മുത്ഇമിന് ആയിശയെ ഇഷ്ടമായിരുന്നു. അബൂബക്കറിനും എതിര്‍പ്പുണ്ടായിരുന്നില്ല. എന്നാല്‍ നബിയില്‍ നിന്നുള്ള ആലോചന വന്നപ്പോള്‍ അബൂബക്കര്‍ ജുബൈറിനെ പോയി കണ്ടു വിഷയം പറഞ്ഞു. ആ അഭ്യര്‍ഥന ഉള്‍ക്കൊണ്ട് ജുബൈര്‍ തന്റെ ആഗ്രഹം മാറ്റിവെക്കുകയും ചെയ്തു. അങ്ങനെയാണ് ആയിശ തിരുനബിയുടെ പത്‌നീപദത്തിലെത്തുന്നത്. ദൂതരുടെ മണവാട്ടിയായെത്തിയ ഏക കന്യക കൂടിയാണ് ആയിശ. ഹിജ്‌റക്ക് ശേഷമാണ് ആയിശ നബിയോടൊപ്പം താമസം തുടങ്ങിയത്. ഈ വിവാഹത്തോടെ സിദ്ദീഖ് കുടുംബത്തിന്റെയും വിശേഷിച്ച് ആയിശയുടെയും ഇഷ്ടക്കാരിയായി മാറാനും ഖൗലക്ക് സാധിച്ചു.
ഹകീമുബ്‌നു ഉമയ്യയുടെയും ദഈഫ ബിന്‍ത് ആസിമിന്റെയും മകളായി മക്കയിലാണ് ഖൗലയുടെ ജനനം. ഖദീജയുടെ വീടുമായി അടുപ്പമുള്ളതിനാല്‍ പ്രവാചകത്വത്തിനു മുമ്പുതന്നെ ഖൗല നബിയെ അടുത്തറിഞ്ഞു.
സദ്ഗുണസമ്പന്നയായ അവള്‍ ഇസ്ലാമിന്റെ ആരംഭകാലത്ത് തന്നെ വിശ്വാസം പ്രഖ്യാപിക്കുകയും ചെയ്തു. ഇതേ കാലത്ത് തന്നെയാണ് ഉസ്മാനുബ്‌നു മള്ഊനും ഇസ്‌ലാം സ്വീകരിക്കുന്നത്. തിരുനബിയെ അങ്ങേയറ്റം ഇഷ്ടപ്പെട്ടിരുന്ന ഉസ്മാന്‍ ആരാധനകളിലും കര്‍ശനമായ നിഷ്ഠ പാലിച്ചിരുന്നു. ആദര്‍ശപ്പൊരുത്തവും സ്വഭാവവും സൗന്ദര്യവും ഒത്തിണങ്ങിയ ഖൗലയെ നബിയുടെ നിര്‍ദേശപ്രകാരമാണ് ഉസ്മാന്‍ ജീവിതസഖിയാക്കുന്നത്. ഹിജ്‌റ വഴിയില്‍ മദീനയണഞ്ഞ നബിക്ക് പിന്നാലെ ഈ ദമ്പതിമാരും മക്ക വിട്ടു.
മാസങ്ങള്‍ കടന്നുപോയി. ഖൗല വീട്ടില്‍ വരുമ്പോള്‍ സൗദ അവളെ ശ്രദ്ധിക്കുമായിരുന്നു. പലപ്പോഴും മുഷിഞ്ഞ വസ്ത്രമാണ് അവള്‍ ധരിച്ചിരുന്നത്. മുഖത്തെ പ്രസരിപ്പിനും കുറവുണ്ട്. സൗദ സ്വകാര്യമായി കാര്യമാരാഞ്ഞു.
തന്റെ സങ്കടം ഖൗല തിരുപത്‌നിയുമായി പങ്കുവെച്ചു: ”ഉസ്മാന്‍ പകല്‍വേള മുഴുക്കെ നോമ്പുകാരനാണ്. രാത്രി പുലരും വരെ ആരാധനകളിലുമാണ്. എന്നോടൊന്നും വലിയ താല്‍പര്യമില്ല. പിന്നെ ആര്‍ക്കു വേണ്ടിയാണ് ഞാന്‍ അണിഞ്ഞൊരുങ്ങുന്നത്?”
ഖൗലയുടെ സങ്കടം വൈകാതെ സൗദ നബിയുമായി പങ്കുവെച്ചു. ഉടനെ തിരുനബി ഉസ്മാനെ പോയി കണ്ടു. ഖൗലയുടെ സങ്കടഹരജി സത്യമാണെന്ന് ബോധ്യപ്പെട്ട നബി ഉസ്മാനുബ്‌നു മള്ഊനെ ഉപദേശിച്ചു: ”താങ്കള്‍ക്ക് എന്റെ ചര്യ പോരേ? കണ്ണിനോടും ശരീരത്തോടും ഭാര്യയോടും നമുക്ക് കടമകളുണ്ട്. അതിനാല്‍ രാത്രി നമസ്‌കരിക്കുക, ഉറങ്ങുകയും ചെയ്യുക. പകല്‍ നോമ്പെടുക്കാം. ചില ദിവസങ്ങളില്‍ ഒഴിവാക്കുകയും വേണം. അതാണ് എന്റെ ചര്യ.”
ദിവസങ്ങള്‍ക്കു ശേഷം ഖൗല സൗദയെ കാണാനെത്തി. അന്ന് പുതുവസ്ത്രമണിഞ്ഞ് മണവാട്ടിയെ പോലെയായിരുന്നു അവള്‍. അവളെ കണ്ട സൗദ പുഞ്ചിരിച്ചു. അത് ഖൗലയെ ലജ്ജാവതിയാക്കി.
ഹിജ്‌റ രണ്ടാം വര്‍ഷത്തിന്റെ അന്ത്യത്തിലാണ് ഉസ്മാനുബ്‌നു മള്ഊന്‍ മരിക്കുന്നത്. മദീനയില്‍ വെച്ച് ആദ്യമായി മരിക്കുന്ന മുഹാജിറായിരുന്നു ഉസ്മാന്‍. തിരുനബിയുടെ ചുംബനമേറ്റുവാങ്ങിയാണ് അദ്ദേഹം അന്ത്യശ്വാസം വലിച്ചത്.
വിധവയായ ഖൗല മറ്റൊരു വിവാഹത്തെ കുറിച്ച് ആലോചിച്ചില്ല. മക്കളായ ഇസ്വാബ, അബ്ദുറഹ്മാന്‍ എന്നിവരെ പരിചരിച്ചും ഇസ്‌ലാമിനെ സേവിച്ചും ശിഷ്ടകാലം കഴിക്കാനായിരുന്നു തീരുമാനം. ഉമ്മുല്‍ മുഅ്മിനീന്‍ പദവിയിലെത്താന്‍ ഖൗല കൊതിച്ചിരുന്നു. ഇക്കാര്യം തിരുനബിയുടെ മുമ്പില്‍ ചിലരെ കൊണ്ട് അവതരിപ്പിച്ചു. പക്ഷേ, ഖദീജക്ക് ശേഷം മറ്റൊരു സ്ത്രീയില്‍ നിന്നും വിവാഹാലോചന സ്വീകരിക്കാന്‍ നബി ഒരുക്കമല്ലായിരുന്നു. എന്നാല്‍ സൗദയും ആയിശയുമടങ്ങുന്ന നബിപത്‌നിമാരുമായുള്ള ഊഷ്മള ബന്ധം ഖൗല മരണം വരെ നിലനിര്‍ത്തി.