കുടുംബമായി ജീവിക്കുക എന്നത് മനുഷ്യപ്രകൃതിയാണ്. മറ്റു ജീവികളില്‍ നിന്ന് വ്യത്യസ്തമായി വംശവര്‍ധനയ്ക്ക് ആധാരമായി ഇണചേരുക എന്നതിലുപരിയായി, ഇണയുമായി ജീവിതകാലം മുഴുവനും ജീവിക്കുകയും മക്കളെ വളര്‍ത്തുകയും ചെയ്യുക എന്നു തുടങ്ങി ഇണയുമായുള്ള ബന്ധം തുടര്‍ന്നുപോവുന്നതാണ് മനുഷ്യരുടെ രീതി. ഇങ്ങനെ ഇണയെ ജീവിതപങ്കാളിയാക്കുന്ന നിയമവ്യവസ്ഥയാണ് വിവാഹം.
ലോകത്ത് വിവിധ രൂപത്തില്‍ വൈവാഹിക സങ്കല്‍പത്തെ നോക്കിക്കാണുന്നവരുണ്ട്. വൈവാഹിക ജീവിതം തന്നെ ത്യജിച്ച് ബ്രഹ്മചര്യം സ്വീകരിക്കുന്നവരും, ധാര്‍മിക ചിന്തയോ സദാചാരബോധമോ ഇല്ലാതെ സ്വതന്ത്ര ലൈംഗിക ജീവിതം നയിക്കുന്നവരുമുണ്ട്. ഇസ്ലാം ഇവ രണ്ടും നിരാകരിക്കുന്നു. ആത്മീയതയിലേക്കുള്ള മാര്‍ഗം ബ്രഹ്മചര്യമാണെന്ന ചിന്ത ഇസ്ലാം അംഗീകരിക്കുന്നില്ല. അതോടൊപ്പം കയറൂരിവിട്ട ലൈംഗികതയും അനുവദിക്കുന്നില്ല. പകരം ഇസ്ലാം വിവാഹമെന്ന സംവിധാനം ഏര്‍പ്പെടുത്തുകയും അത് പവിത്രമായി നിശ്ചയിക്കുകയും ചെയ്തു.
മാമൂലുകളുടെ ലോകം
ഇസ്ലാം പഠിപ്പിച്ചിട്ടുള്ള വിവാഹവുമായി ബന്ധപ്പെട്ട കര്‍മങ്ങള്‍ വളരെ ലളിതവും ചുരുങ്ങിയതുമാണ്. എന്നാല്‍ സമൂഹത്തില്‍ ഏറെ ഭാരമുള്ളതും ചടങ്ങുകളാലും നാട്ടാചാരങ്ങളാലും ഏറെ ബുദ്ധിമുട്ടുള്ളതുമായ ഒരു കാര്യമായും വിവാഹം മാറിയിട്ടുണ്ട്. മുമ്പ് പെണ്‍കുട്ടികളെ കെട്ടിച്ചുവിടുന്നതില്‍ ബുദ്ധിമുട്ടുന്ന രക്ഷിതാക്കളായിരുന്നു വിവാഹത്തെ ഏറെ ഭയത്തോടുകൂടി കണ്ടിരുന്നതെങ്കില്‍ ഇന്നത്തെ അവസ്ഥ അതല്ല. വിവാഹം നടത്താന്‍ ലക്ഷങ്ങളും കോടികളും കണ്ടെത്താന്‍ വേണ്ടി പുരുഷന്മാരും അവരുടെ രക്ഷിതാക്കളും നെട്ടോട്ടമോടുന്ന അവസ്ഥയുമുണ്ട്. അതിലുപരിയായി നാട്ടാചാരങ്ങളുടെ പേരിലും മാമൂലുകളുടെ പേരിലും നടക്കുന്ന പേക്കൂത്തുകളും അതിലൂടെ ഉണ്ടാവുന്ന തലവേദനകളും വേറെയും.
വിവാഹാലോചനകള്‍ ആരംഭിക്കുന്നതോടെ മാമൂലുകള്‍ ആരംഭിക്കുന്നു. പെണ്ണുകാണല്‍ ചടങ്ങെന്ന പേരില്‍ ഭക്ഷണവിഭവങ്ങള്‍ നിരത്തി വലിയ മാമാങ്കങ്ങള്‍ അരങ്ങേറുന്നുണ്ട്. സ്ത്രീയും പുരുഷനും കണ്ട് ഇഷ്ടപ്പെട്ടാല്‍ മിഠായി കൊടുക്കലെന്ന പേരില്‍ പതിനായിരങ്ങളും ലക്ഷങ്ങളും മുടക്കി മിഠായികളുമായി വരന്റെ കൂട്ടര്‍ വധുവിന്റെ വീട്ടിലെത്തുന്നു. അവര്‍ കൊണ്ടുവരുന്ന കാഴ്ചവസ്തുക്കളുടെ എണ്ണത്തിനനുസരിച്ച് പെണ്ണിന്റെ വീട്ടുകാര്‍ ഭക്ഷണമൊരുക്കുന്നു. ഇതിലുപരിയായി മോതിരമിടലും ഫോണ്‍ കൊടുക്കലും തുടങ്ങി കല്യാണത്തിനു മുമ്പുതന്നെ പല പേരില്‍ പല ചടങ്ങുകള്‍ ആവര്‍ത്തിക്കും. കൂടാതെ കല്യാണവസ്ത്രമെടുക്കല്‍, സേവ് ദ ഡേറ്റ് വീഡിയോ, പ്രമോ വീഡിയോ തുടങ്ങി പല പേരില്‍ പലതും വേറെയും വരാനുണ്ട്. ഇതില്‍ പലതും സദാചാര മൂല്യങ്ങളെ മുഴുവന്‍ തച്ചുടച്ച് പണക്കൊഴുപ്പിന്റെ പ്രകടനവേദികളായി മാറിക്കൊണ്ടിരിക്കുകയാണ്.
കല്യാണനിശ്ചയം, നിക്കാഹ്, കല്യാണം തുടങ്ങി പല ചടങ്ങുകളായാണ് ഇപ്പോള്‍ കല്യാണങ്ങള്‍ നടക്കുന്നത്. ഓരോ ചടങ്ങുകള്‍ക്കും ആളുകളെ ക്ഷണിച്ച് ധൂര്‍ത്തിന്റെയും അഹങ്കാരത്തിന്റെയും ശക്തിപ്രകടനമായി അവ മാറുന്ന സങ്കടകരമായ കാഴ്ച ഇന്നുണ്ട്. ജെസിബിയുടെ കൈയിലും മയ്യിത്ത് കട്ടിലിലും ഇരുത്തി വരനെയും വധുവിനെയും ആനയിക്കുന്ന, പുതിയാപ്ല വരവെന്ന പേരില്‍ കോലങ്ങള്‍ കെട്ടിയാടി സ്വയം പരിഹാസ്യരാവുന്ന രീതിയിലേക്ക് മുസ്ലിം വിവാഹവീടുകള്‍ മാറുന്ന കാഴ്ച ഖേദകരമാണ്. കൃത്യവും വ്യക്തവുമായി വിവാഹച്ചടങ്ങുകള്‍ പഠിപ്പിച്ച ഇസ്ലാമിന്റെ വക്താക്കള്‍ അതെല്ലാം വലിച്ചെറിഞ്ഞ് പേക്കൂത്തുകളായി വിവാഹത്തെ മാറ്റുകയാണ്. ഏറ്റവും കൂടുതല്‍ മതാധ്യാപനങ്ങള്‍ ലഭിക്കുന്ന മുസ്ലിംകള്‍ക്കിടയിലാണ് വൈവാഹിക രംഗത്തെ ഈ അധഃപതനം സംഭവിക്കുന്നതെന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.
ഇസ്ലാം പഠിപ്പിച്ച വിവാഹ കര്‍മവും അതിനോടനുബന്ധിച്ചുള്ള മറ്റു കാര്യങ്ങളും എന്തൊക്കെയാണെന്ന് വിശദമായി സമൂഹത്തെ പഠിപ്പിക്കേണ്ടതും വൈവാഹിക രംഗത്തെ മൂല്യച്യുതിക്കുള്ള പരിഹാരങ്ങള്‍ കണ്ടെത്തേണ്ടതും അത്യാവശ്യമായി മാറിയിട്ടുണ്ട്.
വിവാഹ കര്‍മം
ഏറെ ലളിതമായ വിവാഹച്ചടങ്ങാണ് ഇസ്ലാം പഠിപ്പിക്കുന്നത്. സ്ത്രീയും പുരുഷനും പരസ്പരം കണ്ട് ഇഷ്ടപ്പെടണം. ഇഷ്ടപ്പെട്ട് കഴിഞ്ഞാല്‍ വിവാഹത്തിന് കളമൊരുങ്ങുന്നു. സ്ത്രീയുടെ രക്ഷിതാവ് ‘ഇന്ന സ്ത്രീയെ ഞാന്‍ നിനക്ക് ഇണയാക്കിത്തരുന്നു, വിവാഹം ചെയ്തുതരുന്നു’ എന്ന് പറയുകയും, പുരുഷന്‍ ‘ഞാന്‍ അത് അംഗീകരിച്ചു’ എന്ന് പറയുകയും ചെയ്യുന്നതോടുകൂടി വിവാഹം പൂര്‍ണമാവുന്നു. വിശ്വാസികളും വിശ്വസ്തരുമായ രണ്ട് സാക്ഷികള്‍ വിവാഹത്തിന് ഉണ്ടാവല്‍ അനിവാര്യമാണ്. അതോടൊപ്പം വരന്‍ വധുവിന് വിവാഹമൂല്യം അഥവാ മഹ്ര്‍ കൈമാറലും നിര്‍ബന്ധമാണ്.
വിവാഹ സല്‍ക്കാരം
വിവാഹം ഒരു സന്തോഷ സന്ദര്‍ഭമായാണ് ഇസ്ലാമിക വീക്ഷണം. അതിനാല്‍ വിവാഹത്തോടനുബന്ധിച്ച് വരന്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഭക്ഷണം നല്‍കുന്നത് ഇസ്ലാം പുണ്യകര്‍മമായാണ് പഠിപ്പിക്കുന്നത്. വലീമ എന്നാണ് ഇതിന് പറയുക.
അബ്ദുറഹ്മാനുബ്‌നു ഔഫ്(റ) വിവാഹിതനായെന്ന് അറിഞ്ഞപ്പോള്‍ നബി(സ) പറഞ്ഞു: ”ഒരാടിനെ അറുത്തിട്ടെങ്കിലും സദ്യ നല്‍കുക” (സ്വഹീഹുല്‍ ബുഖാരി). വിവാഹദിനത്തിലോ അതിനു ശേഷമോ വലീമ നടത്താവുന്നതാണ്. വിവാഹസദ്യയൊരുക്കേണ്ടത് അവരവരുടെ സാമ്പത്തിക ശേഷിയനുസരിച്ചാണ്. ആര്‍ഭാടവും ധൂര്‍ത്തും പൊങ്ങച്ചവും കൂടിക്കലര്‍ന്ന വേദി കൂടിയാക്കി വിവാഹസദ്യയെ മാറ്റാന്‍ മതം അനുവാദം നല്‍കുന്നില്ല. നബി(സ) സൈനബി(റ)നെ വിവാഹം ചെയ്തപ്പോള്‍ മാംസവും റൊട്ടിയുമാണ് വിവാഹസദ്യ നല്‍കിയത് (സ്വഹീഹുല്‍ ബുഖാരി 5168). നബി(സ) സഫിയ(റ)യെ വിവാഹം ചെയ്തപ്പോള്‍ ഒരുതരം ഹല്‍വ കൊണ്ട് സല്‍ക്കാരമുണ്ടാക്കി (സ്വഹീഹുല്‍ ബുഖാരി 5169). സാമ്പത്തികമായ കഴിവും സാധ്യതയും പരിഗണിച്ചുകൊണ്ടാണ് വലീമത്ത് നല്‍കേണ്ടതെന്ന് ഈ നബിവചനങ്ങളില്‍ നിന്ന് മനസ്സിലാക്കാം.
വിവാഹവും ആഘോഷവും
വിവാഹത്തെ ഇസ്ലാം സന്തോഷവേളയായാണ് കാണുന്നത് എന്ന് സൂചിപ്പിച്ചല്ലോ. വിവാഹത്തിന്റെ ആനന്ദം പങ്കുവെക്കുന്നതിന്റെ ഭാഗമായി വിനോദങ്ങളില്‍ ഏര്‍പ്പെടുന്നത് ഇസ്ലാം അനുവദിക്കുകയും പ്രോത്സാഹനം നല്‍കുകയും ചെയ്ത കാര്യമാണ്. എന്നാല്‍ ഇസ്ലാം അനുവദിച്ച വിനോദങ്ങളില്‍ മുഴുകുന്നതുപോലും വിലക്കുന്ന വിവാഹവീടുകള്‍ കാണാം. ഇസ്ലാം നിഷിദ്ധമാക്കിയ വിനോദങ്ങളിലേക്കും ആഭാസങ്ങളിലേക്കും കടന്നുചെല്ലാതിരിക്കാന്‍ അനുവദനീയമായ വിനോദങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ട്.
വിവാഹസദസ്സില്‍ പാട്ടുപാടുന്നത് നബി(സ) പ്രോത്സാഹിപ്പിച്ചിരുന്നു. മുഅവ്വദിന്റെ പുത്രി റുബയ്യിഅ്(റ) പറയുന്നു: ”ഞാന്‍ വിവാഹിതയായ സന്ദര്‍ഭത്തില്‍ നബി(സ) എന്റെ അടുത്തു കയറിവന്നു. എന്റെ വിരിപ്പില്‍ ഇരുന്നു. അപ്പോള്‍ ഞങ്ങളുടെ കൂട്ടത്തിലെ കൊച്ചുപെണ്‍കുട്ടികള്‍ ദഫ് മുട്ടി ബദ്ര്‍ യുദ്ധത്തില്‍ വധിക്കപ്പെട്ട എന്റെ പിതാക്കന്മാരെ അനുസ്മരിച്ചുകൊണ്ട് പാട്ടുപാടുകയായിരുന്നു. നബി(സ)യെ കണ്ടപ്പോള്‍ അവരില്‍ ഒരുവള്‍ ഇപ്രകാരം പാടി: ‘നാളത്തെ കാര്യം അറിയാവുന്ന ഒരു പ്രവാചകന്‍ ഞങ്ങളില്‍ നിയോഗിക്കപ്പെട്ടിരിക്കുന്നു.’ അപ്പോള്‍ നബി പറഞ്ഞു: ‘ഈ വര്‍ണന നീ ഉപേക്ഷിക്കുക. മുമ്പ് നീ പാടിയത് പാടിക്കൊള്ളുക” (ബുഖാരി 4750).
ആമിറുബ്‌നു സഅ്ദി(റ) പറയുന്നു: ”ഞാന്‍ ഒരിക്കല്‍ ഖുറഇ(റ), ഇബ്‌നു മസ്ഊദില്‍ അന്‍സാരി(റ) എന്നിവരുടെ അടുത്ത് ഒരു കല്യാണ സദസ്സില്‍ പ്രവേശിച്ചു. അപ്പോള്‍ പെണ്‍കുട്ടികള്‍ പാട്ടു പാടുന്നത് ഞാന്‍ കേട്ടു. ഞാന്‍ പറഞ്ഞു: മുഹമ്മദ് നബി(സ)യുടെ അനുചരന്മാരും ബദ്‌റില്‍ പങ്കെടുത്തവരുമായ ഞങ്ങളുടെ അടുത്തുവെച്ച് പാട്ടു പാടുകയോ? അപ്പോള്‍ അദ്ദേഹം പറഞ്ഞു: നീ ഉദ്ദേശിക്കുന്നുവെങ്കില്‍ ഞങ്ങളുടെ കൂടെ ഇരുന്ന് പാട്ട് ശ്രവിച്ചുകൊള്ളൂ. അല്ലെങ്കില്‍ പുറത്തുപോയ്‌ക്കൊള്ളുക. നിശ്ചയമായും വിവാഹത്തില്‍ വിനോദങ്ങള്‍ ഞങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിട്ടുണ്ട്” (സ്വഹീഹുന്നസാഈ, പേജ് 3383).
മറ്റൊരു സംഭവം ഇങ്ങനെയാണ്: അന്‍സാരിയായ പുരുഷന്റെ അടുത്തേക്ക് ഒരു സ്ത്രീയെ വധുവായി അയച്ചപ്പോള്‍ നബി(സ) പ്രിയപത്‌നി ആയിശ(റ)യോട് ചോദിച്ചു: ”ആയിശാ, നിങ്ങളുടെ കൂടെ വിനോദമുണ്ടായിരുന്നില്ലേ? അന്‍സാരികള്‍ക്ക് വിനോദം ഇഷ്ടമാണ്” (സ്വഹീഹുല്‍ ബുഖാരി 5162). മറ്റൊരു റിപോര്‍ട്ടില്‍ ”ദഫ് മുട്ടി പാട്ടുപാടുന്ന പെണ്‍കുട്ടിയെ അയച്ചില്ലേ” എന്ന് പ്രവാചകന്‍ ചോദിച്ചതായും കാണാം.
ഇസ്ലാം അനുശാസിക്കുന്ന രീതിയിലുള്ള വിവാഹ കര്‍മങ്ങളെയും വിനോദങ്ങളെയും തിരികെ കൊണ്ടുവരുകയും ആഭാസങ്ങള്‍ക്കെതിരില്‍ ശക്തമായി നടപടിയെടുക്കാന്‍ മഹല്ലുകള്‍ തയ്യാറാവുകയും ചെയ്യുക എന്നതാണ് വൈവാഹികരംഗത്ത് മുസ്ലിം സമുദായം പേറുന്ന അപമാനത്തിന് പരിഹാരമായുള്ളത് എന്ന് ചുരുക്കം.