LoginRegister

ആര്‍ത്തവകാലത്തെ മാനസിക വൈകാരിക പ്രയാസങ്ങള്‍

നൂര്‍ജഹാന്‍ കെ

Feed Back


കൊച്ചിന്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവാവധി പ്രഖ്യാപിച്ചതോടെ ആര്‍ത്തവം വീണ്ടും ചര്‍ച്ചാവിഷയമായിരിക്കുകയാണ്. ആര്‍ത്തവാവധി സ്ത്രീകള്‍ക്ക് ഗുണം ചെയ്യുമോ, അതോ ആര്‍ത്തവമെന്ന പ്രക്രിയയോട് പൊതുവെ സമൂഹത്തില്‍ നിലനില്‍ക്കുന്ന ‘കളങ്കം’ വര്‍ധിപ്പിക്കാനും, അതുവഴി വീണ്ടും ആര്‍ത്തവമുള്ള സ്ത്രീകളെ മാറ്റിനിര്‍ത്താനും അവധി ഒരു വഴിയാവുമോ എന്ന ചര്‍ച്ചകളൊക്കെ നടന്നുകൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ആര്‍ത്തവത്തോടനുബന്ധിച്ചു സ്ത്രീകളില്‍ ഉണ്ടാവുന്ന, എന്നാല്‍ പലപ്പോഴും സ്ത്രീകളും കൂടെ ജീവിക്കുന്നവരും വേണ്ടത്ര ഗൗരവകരമായി പരിഗണിക്കാത്ത മാനസിക പ്രശ്‌നങ്ങളെ കുറിച്ചുകൂടി ചര്‍ച്ച ചെയ്യേണ്ടത് അനിവാര്യമാണ്. ആര്‍ത്തവപൂര്‍വ ലക്ഷണവ്യൂഹം അഥവാ പ്രീമെന്‍സ്ട്ര്വല്‍ സിന്‍ഡ്രോമിനെ കുറിച്ചുള്ള പ്രാഥമിക വിവരങ്ങള്‍ പങ്കുവെക്കുകയാണ് ഇവിടെ.
ആര്‍ത്തവ ചക്രത്തില്‍ ആവര്‍ത്തിച്ചുവരുന്ന പെരുമാറ്റങ്ങളെയും വികാരവിക്ഷോഭങ്ങളെയുമാണ് സാധാരണഗതിയില്‍ പ്രീമെന്‍സ്ട്ര്വല്‍ സിന്‍ഡ്രോം അഥവാ പിഎംഎസ് എന്നു വിളിക്കുന്നത്. വൈകാരിക-പെരുമാറ്റ പ്രശ്‌നങ്ങള്‍ക്കു പുറമേ ശാരീരികമായ ലക്ഷണങ്ങളും ചിന്താഗതിയിലുള്ള മാറ്റങ്ങളും കാണാനാവും. ബന്ധങ്ങളെയും ദൈനംദിന ജീവിതക്രമത്തെയും സാമൂഹിക-വ്യക്തിജീവിത മണ്ഡലങ്ങളെയും പിഎംഎസ് സാരമായി ബാധിക്കും.
ആര്‍ത്തവ സമയത്ത് എപ്പോള്‍ വേണമെങ്കിലും പൊട്ടിപ്പുറപ്പെടാവുന്ന പിഎംഎസ് ആര്‍ത്തവത്തിന് വിരാമമാവുന്നതോടെ അവസാനിക്കുകയുമാണ് പതിവ്. ചിലര്‍ക്ക് ആര്‍ത്തവത്തിനു തൊട്ടുമുമ്പേയുള്ള കുറച്ചു ദിവസങ്ങളോടെ ആരംഭിക്കുമ്പോള്‍, മറ്റു ചിലര്‍ക്ക് ആര്‍ത്തവത്തിന്റെ ആരംഭത്തോടെയോ മധ്യത്തിലോ ഒക്കെ പൊട്ടിപ്പുറപ്പെടാവുന്നതാണ്. ഓരോ ആര്‍ത്തവത്തിലും ഇതിന്റെ കാഠിന്യത്തില്‍ വ്യത്യാസം ഉണ്ടാവാം. എല്ലാ ആര്‍ത്തവ ചക്രത്തിലും നിര്‍ബന്ധമായി ഈ പ്രശ്‌നങ്ങള്‍ ഉണ്ടാവണമെന്നുമില്ല. വ്യക്തികള്‍ക്കനുസരിച്ചു കാഠിന്യത്തിലും ലക്ഷണങ്ങളിലും മാറ്റം വരാവുന്നതുമാണ്. എല്ലാ സ്ത്രീകള്‍ക്കും ആര്‍ത്തവപൂര്‍വ ലക്ഷണങ്ങള്‍ ഉണ്ടാവുകയുമില്ല. സാധാരണഗതിയില്‍ 30കള്‍ക്കു മുമ്പേ തുടങ്ങുകയും ആര്‍ത്തവ വിരാമം അഥവാ മെനൊപോസ് വരെ നീണ്ടുനില്‍ക്കുകയും ചെയ്യുന്ന പ്രീമെന്‍സ്ട്ര്വല്‍ സിന്‍ഡ്രോം ആര്‍ത്തവ വിരാമത്തോടെ അതികഠിനമായി മാറാറുണ്ട്.
ഏതാണ്ട് എല്ലാ സ്ത്രീകള്‍ക്കും ആര്‍ത്തവത്തോടനുബന്ധിച്ചു ചെറിയ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാവാറുണ്ട്. എന്നാല്‍ ഇവരില്‍ തന്നെ മൂന്നു മുതല്‍ എട്ടു ശതമാനം വരെ സ്ത്രീകളില്‍ ദുര്‍ബലപ്പെടുത്തുന്നതോ പ്രവര്‍ത്തനരഹിതമാക്കുന്നതോ ക്ലേശകരമായ വിധത്തിലുള്ളതോ ആയ ലക്ഷണങ്ങള്‍ ഉണ്ടാവുന്നുണ്ട്. രണ്ടു ശതമാനം ആളുകള്‍ക്ക് പ്രീമെന്‍സ്ട്ര്വല്‍ ഡിസ്‌ഫോറിക് ഡിസോര്‍ഡര്‍ എന്ന അസുഖമായി വികസിക്കാറുമുണ്ട്.
എന്തായാലും അസ്വസ്ഥമാക്കുന്നതും ദൈനംദിന ജീവിതത്തിന്റെ പല വശങ്ങളെയും താറുമാറാക്കുന്നതുമായ തരത്തിലുള്ള ശാരീരിക-മാനസിക അസ്വാസ്ഥ്യങ്ങള്‍ ഇതിന്റെ ലക്ഷണങ്ങളാണ്.
തലവേദന, വയറുവേദന, നടുവേദന, മസിലുകളിലും സന്ധികളിലുമുള്ള വേദന, തളര്‍ച്ച, സ്തനങ്ങളിലുള്ള വേദന, ക്ഷീണം തുടങ്ങിയുള്ള ശാരീരിക അസ്വസ്ഥതകള്‍ക്കു പുറമേ അനിയന്ത്രിതമായതും പെട്ടെന്ന് പൊട്ടിപ്പുറപ്പെടുന്നതുമായ ദേഷ്യം, അസ്വസ്ഥത, വിഷാദസമാനമായ ഭാവം, പ്രത്യേകിച്ചു കാരണമില്ലാതെ അടക്കാനാവാതെ വരുന്ന കരച്ചില്‍, ഉത്കണ്ഠ, കുറയുന്ന ഏകാഗ്രത, സാമൂഹിക പിന്മാറ്റം തുടങ്ങിയുള്ള മാനസിക-വൈകാരിക പ്രയാസങ്ങളും ഇതിന്റെ ലക്ഷണങ്ങളാണ്. ഈ വൈകാരിക ലക്ഷണങ്ങള്‍ക്കെല്ലാം പിറകില്‍ ചിന്തകളിലുള്ള മാറ്റങ്ങളും കാണാനാവും.
ഇത്തരം പ്രയാസങ്ങളിലൂടെ കടന്നുപോവുന്ന ആര്‍ത്തവക്കാരികളായ സ്ത്രീകള്‍ കുടുംബങ്ങളിലും തൊഴില്‍-വിദ്യാഭ്യാസ ഇടങ്ങളിലുമെല്ലാം ഈ പ്രയാസങ്ങളെ അതിജീവിച്ചു സാധാരണപോലെ ഇടപെടാനും ജോലി നിര്‍വഹിക്കാനും അങ്ങേയറ്റം പ്രയത്‌നിക്കേണ്ടിവരാറുണ്ട്. കുടുംബവും സമൂഹവും ആര്‍ത്തവത്തെ കളങ്കമായി കാണുന്ന ഒരു സമൂഹത്തില്‍ ഈ പ്രയത്‌നം ഇരട്ടിയാകും. സ്വഭാവത്തിലുള്ള നിയന്ത്രിക്കാനാവാത്ത മാറ്റങ്ങളോ ശാരീരിക വേദനയോ അനുഭവിക്കുമ്പോഴും ആര്‍ത്തവത്തെ തുറന്നു പറഞ്ഞു വെളിപ്പെടുത്താന്‍ പലപ്പോഴും സാമൂഹിക സാഹചര്യം അനുവദിക്കാത്തിനാല്‍, മറച്ചുപിടിക്കാനോ മിണ്ടാതിരിക്കാനോ, അതുമല്ലെങ്കില്‍ വൈകാരികമായ പൊട്ടിത്തെറി ഉണ്ടായാല്‍ പോലും അതിന്റെ പ്രത്യാഘാതം സ്വയം ഏറ്റെടുക്കല്‍ മാത്രമേ സ്ത്രീകള്‍ക്ക് ചെയ്യാനാവൂ. കുടുംബങ്ങളില്‍ പോലും സ്ത്രീകളുടെ ആര്‍ത്തവപൂര്‍വ പ്രയാസങ്ങള്‍ മനസ്സിലാക്കി അതിനോട് ക്രിയാത്മകമായി പെരുമാറുന്ന എത്ര പേരുണ്ടാവും നമ്മുടെ ഇടയില്‍? ചിലപ്പോള്‍ പെട്ടെന്നുള്ള ദേഷ്യപ്പെടലിനും കരച്ചിലിനും സങ്കടത്തിനും പരിഹാരമായി ഒരു ആലിംഗനം തന്നെ മതിയാവും. എന്നാല്‍ അത്രപോലും മനസ്സിലാക്കാന്‍ പാകത്തില്‍ ആര്‍ത്തവ പ്രശ്‌നങ്ങളെക്കുറിച്ച് നമ്മുടെ പല കുടുംബങ്ങളും ബോധ്യമുള്ളവരല്ല. പ്രത്യേകിച്ചും പുരുഷന്മാര്‍ക്ക് ഇത്തരത്തിലുള്ള അവബോധം എത്രത്തോളമുണ്ടെന്നും, അത്തരത്തിലുള്ള അവബോധം സൃഷ്ടിക്കാന്‍ ഓരോ കുടുംബങ്ങളും പുരുഷന്മാരുടെ വിദ്യാഭ്യാസത്തിലൂടെ എത്രത്തോളം ശ്രമിക്കുന്നു എന്നതും പുനരാലോചിക്കേണ്ട വിഷയമാണ്.
ആര്‍ത്തവപൂര്‍വ ലക്ഷണങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന ചോദ്യത്തോളം തന്നെ പ്രസക്തമായ വിഷയമാണ്, ആര്‍ത്തവക്കാരികളെ കൈകാര്യം ചെയ്യാന്‍ കുടുംബത്തെയും സമൂഹത്തെയും എങ്ങനെ തയ്യാറാക്കണം എന്നതും. ആര്‍ത്തവപൂര്‍വ ലക്ഷണങ്ങള്‍ പലപ്പോഴും സ്ത്രീകള്‍ ചികില്‍സിക്കേണ്ടതാണെന്ന ഗൗരവത്തോടെ കാണാറില്ല. ”അതിപ്പോ എല്ലാവര്‍ക്കും വരുന്നതല്ലേ, രണ്ടു ദിവസം കഴിഞ്ഞാല്‍ മാറും” എന്ന നിസ്സാര മനോഭാവത്തോടെയാണ് പലപ്പോഴും ഈ പ്രശ്‌നങ്ങള്‍ കാണാറുള്ളത്. അതുകൊണ്ടുതന്നെ രോഗനിര്‍ണയവും അതിനെ വേണ്ട വിധത്തില്‍ കൈകാര്യം ചെയ്യാന്‍ ശ്രമിക്കുന്നവരുടെയും എണ്ണം, പ്രശ്‌നം അനുഭവിക്കുന്ന ആളുകളെ താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവുമാണ്. എന്നാല്‍ എല്ലാ മാസത്തിലും തന്റെ ജീവിതക്രമത്തെ ശക്തമായി താറുമാറാക്കുന്ന, ബന്ധങ്ങളിലും ആശയവിനിമയത്തിലും തൊഴില്‍-പഠന പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന ഒരു പ്രശ്‌നത്തെ അത്ര നിസ്സാരമായി തള്ളിക്കളയേണ്ടതില്ല. ശാസ്ത്രീയമായി രൂപപ്പെടുത്തിയിട്ടുള്ള മാനേജ്‌മെന്റ് ഇന്ന് നമ്മുടെ നാട്ടില്‍ തന്നെ ലഭ്യമാണ്.
പിഎംഎസ്
ചെയ്യേണ്ട കാര്യങ്ങള്‍

ആര്‍ത്തവപൂര്‍വ ലക്ഷണങ്ങളെ കുറിച്ച് കുടുംബത്തോടും കൂടെ ജീവിക്കുന്നവരോടും ജീവിതപങ്കാളിയോടും കൃത്യമായി സംസാരിക്കുക. അവര്‍ക്ക് അതിനെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കുക എന്നത് പിഎംഎസ് മാനേജ്‌മെന്റില്‍ ചെയ്യാനാവുന്നതും വളരെ അനിവാര്യവുമായ കാര്യമാണ്.
ഇതേ വിഷയം തന്നെ ജോലിസ്ഥലത്തു സ്ഥിരമായി ഇടപെടുന്ന ആളുകളോട് ക്രിയാത്മകമായി അവതരിപ്പിക്കാന്‍ ശ്രമിക്കുക. ഉദാഹരണത്തിന്, തനിക്ക് ദേഷ്യം വരുന്നത്/ കരച്ചില്‍ വരുന്നത് പിഎംഎസ് കൊണ്ടാണെന്നും അനിയന്ത്രിതമായി സംഭവിക്കുന്നതാണെന്നും അവരെ ബോധ്യപ്പെടുത്തുക. പലപ്പോഴും നിങ്ങളുടെ മൂഡ് സ്വിങ്‌സ് അറിയാത്തതുകൊണ്ടുകൂടി ഇടപഴകുന്നവര്‍ ആശയക്കുഴപ്പത്തിലാവുകയും, സാഹചര്യം വീണ്ടും മോശമാവുകയും ചെയ്യും. അതിനാല്‍ തന്നെ കൃത്യമായി ആശയവിനിമയം ചെയ്യുക എന്നത് അനിവാര്യമാണ്. ആശയവിനിമയം ചെയ്താലല്ലാതെ ആര്‍ത്തവവുമായി ബന്ധപ്പെട്ട സ്റ്റിഗ്മ ഇല്ലാതാക്കാന്‍ നമുക്ക് പറ്റില്ല.
കൃത്യമായി പിഎംഎസ് ഡയറി സൂക്ഷിക്കുക. ഇത് പിഎംഎസുമായി ബന്ധപ്പെട്ട ലക്ഷണങ്ങളെയും സമയത്തെയും കുറിച്ച് സ്വയം ബോധമുണ്ടാക്കാന്‍ സഹായിക്കും. അത്തരത്തിലുള്ള ധാരണയുണ്ടായാല്‍, ആ സമയത്തു വരുന്ന സമ്മര്‍ദങ്ങളെയും മറ്റും മനസ്സിലാക്കാന്‍ കഴിയും. സാധിക്കുമെങ്കില്‍ അത്തരം സമ്മര്‍ദങ്ങള്‍ ഉണ്ടാക്കുന്ന സന്ദര്‍ഭങ്ങള്‍ ഒഴിവാക്കാനോ മാറ്റിവെക്കാനോ ശ്രമിക്കാവുന്നതാണ്.
വേണ്ട വിധത്തിലുള്ള ഉറക്കം കിട്ടുന്നുവെന്നും ഭക്ഷണപാനീയങ്ങള്‍, വിശ്രമം എന്നിവ നന്നായി ലഭിക്കുന്നുവെന്നും ഉറപ്പുവരുത്തുക. കഠിനമായ ശാരീരിക-മാനസിക അധ്വാനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ശ്രമിക്കുകയും പ്രയാസരഹിതമായ വ്യായാമങ്ങളോ, റിലാക്‌സിങ് ആക്ടിവിറ്റികളോ ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുക.
വീട്ടില്‍ കുട്ടികളുണ്ടെങ്കില്‍ അവരോട് നിങ്ങളുടെ വൈകാരിക-ശാരീരിക പ്രശ്‌നങ്ങളെക്കുറിച്ചു പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുക. കാരണം നിങ്ങളുടെ പെരുമാറ്റത്തിലുള്ള മാറ്റങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുക അവരെയായിരിക്കും.
പിഎംഎസ് ഉള്ളവരെ
പരിഗണിക്കാം

താന്‍ ഇടപെടുന്ന സ്ത്രീകളുടെ ആര്‍ത്തവസമയം അറിഞ്ഞിരിക്കുക. അതിനോടടുത്തുള്ള ദിവസങ്ങളില്‍ വരുന്ന വൈകാരിക മാറ്റങ്ങളെയും ശാരീരിക പ്രയാസങ്ങളെയും സഹാനുഭൂതിയോടെ നേരിടാന്‍ ശ്രമിക്കുകയും ചെയ്യുക.
അനിയന്ത്രിതമായ ദേഷ്യപ്പെടലുകളെയും സങ്കടങ്ങളെയും മൃദുവായി സമീപിക്കുക. അവര്‍ക്ക് ഒറ്റയ്ക്കുള്ള സമയവും സാഹചര്യവും നല്‍കുക. അവര്‍ വേണ്ടത്ര വിശ്രമിക്കുകയും ഉറങ്ങുകയും ചെയ്യുന്നുണ്ടോ എന്നും വേണ്ട അളവില്‍ വെള്ളം കുടിക്കുകയും, ആരോഗ്യകരമായ ആഹാരം കഴിക്കുകയും ചെയ്യുന്നുണ്ടോ എന്നും ഉറപ്പു വരുത്തുക.
മാനസിക സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കാതെയും അത്തരം സാഹചര്യങ്ങള്‍ കുറയ്ക്കാനും ശ്രമിക്കുക. അങ്ങേയറ്റത്തെ പരിഗണന, സ്‌നേഹപ്രകടനം എന്നിവയെല്ലാം ആവശ്യമാവുന്ന എന്നാല്‍ അവ ആവശ്യപ്പെടാന്‍ കഴിയാത്ത ഒരു സമയം കൂടിയാണ് ആര്‍ത്തവ സമയമെന്നു മനസ്സിലാക്കുകയും യോജിച്ച രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുക.
ആര്‍ത്തവക്കാരികള്‍ക്ക് തൊഴില്‍-വിദ്യാഭ്യാസ ഇടങ്ങളില്‍ അവധി നല്‍കിയതുകൊണ്ട് മാത്രം ഒരു മാറ്റം ഉണ്ടാകില്ല. ആര്‍ത്തവപൂര്‍വ ലക്ഷണങ്ങള്‍ എങ്ങനെ നേരിടുന്നുവെന്നതും, അത്തരം ലക്ഷണങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കാന്‍ എത്രത്തോളം സമൂഹത്തിനു കഴിയുന്നുവെന്നതും കൂടി ‘ആര്‍ത്തവ സൗഹാര്‍ദ’ സമൂഹത്തിന്റെ പരമപ്രധാന ഗുണമാണ്. അതിന് ഓരോ വ്യക്തികളിലും മാറ്റം ഉണ്ടാവേണ്ടത് അനിവാര്യവുമാണ്.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top